അല്ലാഹുവിന്റെ ചില വിശേഷണങ്ങളെയും നിഷേധിക്കുന്നു!

മൂസ സ്വലാഹി കാര

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

(ആദര്‍ശത്തിനു പരിക്കേല്‍പിച്ചവര്‍ ആര് 3)

കാന്തപുരം വിഭാഗം സമസ്തയുടെ പ്രസിദ്ധീകരണമായിരുന്ന സെന്‍സിംഗിന് സുല്ലമി നല്‍കിയ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ പുറംചട്ടയില്‍ കൊടുത്തിരുന്ന തലക്കെട്ട് ‘മൗലവി വിഭാഗക്കാര്‍ മുശ്‌രിക്കുകള്‍-സലാം സുല്ലമി’ എന്നായിരുന്നു. അതില്‍ ഇതേ വാദമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ശബാബ് ലേഖകന്‍ അതിനെ രസകരമായി സംരക്ഷിക്കുന്നത് കാണുക: “സെന്‍സിംഗ് മാസികയില്‍ സുല്ലമിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തില്‍നിന്ന് സമാനമായ മറ്റൊരു വരിയും അടര്‍ത്തിക്കൊണ്ടുവന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ‘നേര്‍പഥ’ത്തിലെ പ്രസ്തുത ലേഖനത്തില്‍” (പേജ് 36).

സമസ്തക്കാര്‍ അവരുടെ പ്രസിദ്ധീകരണത്തിന്റെ ചട്ടയില്‍ സുല്ലമിയുടെ ഫോട്ടോ സഹിതം പുറത്തു‌വിട്ടതിനെപ്പറ്റിയാണ് ഈ പറയുന്നത്. അദ്ദേഹം പറയാത്തതാണ് അതെങ്കില്‍ എന്തുകൊണ്ടത് തുറന്നുപറയുകയോ പിന്‍വലിപ്പിക്കുകയോ ചെയ്തില്ല? അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഒരു പ്രസ്താവന പോലും സംഘടന നടത്തിയിട്ടില്ല. അദ്ദേഹത്തിനു ശേഷവും ഈ പ്രശ്‌നം മുഴച്ച് നില്‍ക്കുമ്പോള്‍ അത് ഔദ്യോഗികമായി നീക്കേണ്ടത് നേതൃത്വത്തിന്റെ കടമയല്ലേ?

സുല്ലമിക്ക് ശേഷം വ്യതിയാനം വന്ന ‘ഭൗതിക’സിദ്ധാന്തം പ്രചരിപ്പിക്കാന്‍ ഇവര്‍ അവതരിപ്പിച്ച കുഴിപ്പുറം സുല്ലമി ഈ വാദത്തിന് അടിവരയിടുന്നത് നോക്കൂ: “ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും മനസ്സിലാവുന്ന വസ്തുക്കള്‍ക്കും ശക്തികള്‍ക്കുമാണ് ഭൗതികം എന്നു പറഞ്ഞു വരുന്നത്. ആ രണ്ടു നിലയിലും ഉള്‍ക്കൊള്ളാവുന്നയല്ല ജിന്നുകള്‍. അതിനാല്‍ ജിന്നുകള്‍ തീര്‍ത്തും അഭൗതികമാണ്’’ (അത്തൗഹീദ് ദ്വൈമാസിക / 2014 ജനുവരി-ഫെബ്രുവരി / പേജ് 36).

അമാനി മൗലവി ജിന്നുകളെ കുറിച്ച് ‘അവര്‍ നമ്മെ സംബന്ധിച്ചിടത്തോളം അഭൗതിക ജീവികളാണ്’ എന്നു പറഞ്ഞതിനെ മറയാക്കി ശബാബുകാരന്‍ പറയുന്നു: “പിശാചും അവന്റെ ഉപദ്രവവും നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്നതുകൊണ്ടാണ് അവനില്‍നിന്ന് ദുഷ്‌പ്രേരണയുണ്ടാവുമ്പോള്‍ അല്ലാഹുവിനോട് ശരണം തേടാന്‍ പറയുന്നത്. വിസ്ഡംകാര്‍ പറയുന്നതുപോലെ ജിന്ന് ഭൗതികമാണെങ്കില്‍ ഇങ്ങനെയല്ലല്ലോ പരിഹാരം നിര്‍ദേശിക്കുക’’ (പേജ് 38).

അമാനി മൗലവിയുടെ കനപ്പെട്ട ക്വുര്‍ആന്‍ വിവരണം അരിച്ചുപെറുക്കിയാല്‍ പോലും ഇക്കൂട്ടര്‍ പാകപ്പെടുത്തിയെടുത്ത ആശയം കാണാന്‍ കഴിയില്ല, അഥവാ ദര്‍ശിക്കാന്‍ കഴിയാത്തതിനെയെല്ലാം തൗഹീദും ശിര്‍ക്കും വേര്‍തിരിക്കുന്ന അഭൗതികമാക്കുക എന്നതിന് തെളിവ് കിട്ടില്ല. മൗലവിയുടെ വിശ്വാസം കാണുക: “എന്നാല്‍ സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും അദൃശ്യമാര്‍ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമെ സഹായം തേടാവൂ എന്നതില്‍ സംശയം ഇല്ല. അത്തരം കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ഥിക്കുന്നത് കേവലം നിരര്‍ഥകമാണെന്ന് മാത്രമല്ല, അത് ശിര്‍ക്കും സൃഷ്ടികള്‍ക്ക് ദിവ്യത്വം കല്‍പ്പിക്കലുമാകുന്നു’’ (വി.ഖു. വിവരണം/വാള്യം 1/പേജ് 113).

അല്ലാഹുവിന്റെ ‘ഇറക്കം’ എന്ന വിശേഷണത്തെ സുല്ലമി പരിഹസിച്ചെഴുതിയത് ഇവരുടെ വ്യതിയാനമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘കട്ടുമുറികള്‍ കൊണ്ട് ഗൂഢലക്ഷ്യം നേടാനാവില്ല’ എന്നു പറഞ്ഞ് ശബാബുകാരന്‍ വികാരഭരിതനാകുന്നത് കാണുക: “ഈ വരികള്‍ മാത്രം വായിക്കുന്ന ഒരാള്‍ക്ക് എന്തൊക്കെയായിരിക്കും മനസ്സില്‍ വരിക? സുല്ലമിയെ കുറിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിലും നിലപാടിലും പ്രമാണങ്ങളോടുള്ള സമീപനത്തിലും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധാരണ പടര്‍ത്തി, അതുവഴി അദ്ദേഹത്തിന്റെ പ്രമാണബദ്ധമായ പ്രബോധനങ്ങള്‍ നിരാകരിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം കട്ടുമുറികള്‍ക്ക് പിന്നിലുള്ളതെന്ന് വ്യക്തമാണല്ലോ. ഇവരുടെ അന്ധവിശ്വാസ പ്രചാരണത്തിന് അത്രമാത്രം ഭീഷണിയായിരുന്നു അബ്ദുസ്സലാം സുല്ലമി എന്ന് മരിച്ചിട്ടും മാറാത്ത ഈ പക കാണുമ്പോള്‍ തന്നെ മനസ്സിലാക്കാം’’ (ശബാബ് 2024 ആഗസ്റ്റ് 20/പേജ് 33).

തെറ്റുപറ്റി എന്ന് സമ്മതിക്കാനുള്ള വിവേകമില്ലായ്മയാണ് ഈ വരികളില്‍ നിഴലിക്കുന്നത്. പിഴവുകളെ പ്രാമാണികമായി ചൂണ്ടിക്കാണിക്കുന്നത് ‘പക കാണിക്കല്‍‘ ആകുന്നതെങ്ങനെ?

രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനത്തില്‍ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും എന്നതിനെ സുല്ലമി പരിധിവിട്ട് പരിഹസിച്ചത് ഇങ്ങനെയാണ്: “ഇരുപത്തിനാലു മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോള്‍ ഇറക്കം(നുസൂല്‍) എന്നതിന് ഇവര്‍ നല്‍കുന്ന ബാഹ്യാര്‍ഥ പ്രകാരം സിംഹാസനത്തില്‍ ആരോഹണം ചെയ്യാന്‍ അല്ലാഹുവിന് സമയമുണ്ടായിരിക്കുകയില്ല’ (ശബാബ് 2009 ജൂലൈ 10/പേജ് 29)

ഈ പരിഹാസം മുജാഹിദുകള്‍ പിടികൂടിയപ്പോള്‍ ഇമാമുമാരായ ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹ്), നവവി(റഹ്) എന്നിവര്‍ ഈ ഹദീസിനെ വിശദീകരിച്ചത് കൂട്ടിക്കലമ്പി അന്ന് സുല്ലമി ഒപ്പിച്ച മറുപടി എടുത്തെഴുതി രക്ഷപ്പെടാന്‍ ശബാബുകാരന്‍ ശ്രമിച്ചതല്ലേ തെറ്റിദ്ധരിപ്പിക്കല്‍? ഹദീസുകളെ വിശദീകരിക്കുമ്പോള്‍ അതിനെപ്പറ്റിയുള്ള എല്ലാത്തരം ചര്‍ച്ചകളും പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കൊണ്ടുവരും. മുശബ്ബിയാക്കള്‍, ഖവാരിജുകള്‍, മുഅ്തസിലിയാക്കള്‍ എന്നീ പിഴച്ച വിഭാഗങ്ങളുടെ അഭിപ്രായങ്ങളെപ്പറ്റി ഈ ഇമാമുമാര്‍ പറഞ്ഞതിലേക്ക് മാത്രം ഇവരുടെ ശ്രദ്ധ പോയത് എന്തു കൊണ്ടാണ്? അഹ്‌ലുസ്സുന്നയുടെ പ്രാമാണികരായ ഇമാമുമാരുടെ ‘അല്ലാഹുവിന്റെ വിശേഷണങ്ങള്‍ക്ക് രൂപം പറയാനോ, വ്യാഖ്യാനിക്കാനോ, സാദൃശ്യപ്പെടുത്താനോ, അതിരുവിടാനോ പാടില്ല’ എന്ന ശരിയും പ്രബലവുമായ നിലപാട് സ്വീകരിക്കാന്‍ എന്തേ ഇവര്‍ മടിക്കുന്നു? ഈ രണ്ട് ഇമാമുമാരുടെ വിശദമായ ചര്‍ച്ചകളെ ദുരുപയോഗം ചെയ്ത് അല്ലാഹുവിന്റെ സ്വിഫത്തിനെ പരിഹസിച്ചത് പ്രമാണബദ്ധമായ പ്രബോധനമാകുമോ?

മര്‍ക്കസുദ്ദഅ്‌വയുടെ പ്രസിഡന്റായി ഇപ്പോഴും തുടരുന്ന ഇ.കെ അഹ്‌മദ് കുട്ടി സാഹിബ് ‘ആകാശത്തുള്ളവന്‍’ എന്ന അല്ലാഹുവിന്റെ വിശേഷണത്തെ തള്ളിപ്പറഞ്ഞത് ലേഖനത്തില്‍ ഉദ്ധരിച്ചതിനെപ്പറ്റി ശബാബുകാരന്‍ ഒന്നും മിണ്ടാതെ പോയതെന്താണ്! അല്ലാഹുവിന്റെ അസ്തിത്വത്തെ വെല്ലുവിളിക്കുന്ന നിഷേധമല്ലേ അത്! ‘പ്രസ്തുത വിഷയത്തില്‍ ഇപ്പോഴും അതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിനുള്ളത് എന്ന് സാന്ദര്‍ഭികമായി പറയട്ടെ’ എന്ന് ‘വെളിച്ചം’ സമ്മേളന സുവനീറില്‍ എഴുതിയത് മുജാഹിദുകളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നും ‘സാന്ദര്‍ഭികമായി’ ഉണര്‍ത്തട്ടെ! മുജാഹിദുകള്‍ ചോദിക്കുന്നത് ഇതിനുള്ള സ്വീകാര്യയോഗ്യമായ തെളിവാണ്.

അറിവിനെ ആയുധമാക്കി പ്രബോധനരംഗത്ത് വിപ്ലവം സൃഷ്ടിച്ച, തൗഹീദിന്റെ ഉറച്ച ശബ്ദമായിരുന്ന കെ. ഉമര്‍ മൗലവി(റഹ്) ഈ വിഭാഗത്തിന്റെ വഴിപിഴച്ച പോക്ക് കണ്ടിട്ട് ഇവരെ ‘സയണിസം’ പെട്ടെന്ന് പിടികൂടിയല്ലോ എന്ന് തന്റെ ‘ഓര്‍മകളുടെ തീര’ത്തില്‍ പറഞ്ഞതിനെ ശബാബുകാരന്‍ സൂത്രത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നത് കാണുക: “ശബാബില്‍ വന്ന മുകളില്‍ സൂചിപ്പിച്ച മുഖപ്രസംഗത്തെയും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ‘നേര്‍പഥ’ത്തിലെ ലേഖകന്‍ ഉദ്ധരിച്ചത് ഉമര്‍ മൗലവിയുടേതെന്ന് ഉറപ്പില്ലാത്തതും അദ്ദേഹത്തിന്റെ പേരിലുള്ളതുമായ വരികളാണല്ലോ’’ (പേജ് 37).

ശബാബുകാരേ, കരണം മറിയാതെ വ്യക്തമായ മറുപടി തരിക. ‘ഓര്‍മകളുടെ തീരത്ത്’ എന്ന ഗ്രന്ഥം ആരെങ്കിലും തോന്നിയത് കുത്തിക്കുറിച്ചുണ്ടാക്കിയതല്ല. ഉമര്‍ മൗലവി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണത്. നിങ്ങള്‍ ഒളിപ്പിച്ചുവെച്ചിരുന്ന ആദര്‍ശവ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങളെ തന്റെ ‘സല്‍സബീലി’ല്‍ ‘മനസ്സാക്ഷി’ എന്ന ലേഖനത്തിലൂടെ ഉമര്‍ മൗലവി പുറത്തിട്ടപ്പോള്‍ വെറുപ്പ് മൂത്ത് നിങ്ങള്‍ അതിനെ ‘സില്‍സില്‍ ബൗല്‍’ എന്ന് പരിഹസിച്ച് വിശേഷിപ്പിച്ചതൊക്കെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ? ശബാബ്കാരന്‍ പറയുന്നത് നോക്കൂ: “ആ ഉമര്‍ മൗലവി പ്രബോധന വിജയത്തിന് പൊതു താല്‍പര്യമേഖല കണ്ടെത്തുക എന്ന ഒരു തലക്കെട്ട് കാണുമ്പഴേക്ക് സമണിസത്തിന് നീരും വളവും നല്‍കി സംരക്ഷിക്കുന്ന അമേരിക്കയുമായി ഈ ആശയത്തിന് ബന്ധമുണ്ടെന്ന് കരുതുകയും ഞെട്ടിപ്പോവുകയും ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല’’ (പേജ് 38).

അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം തെറ്റിയിട്ടില്ല. 2024 ജനുവരി രണ്ട് ചൊവ്വാഴ്ച മലപ്പുറത്തുവെച്ച് നടന്ന സിഹ്‌റ് സംവാദത്തില്‍ ഇമാം ബുഖാരി(റഹ്)യുടെ സ്വഹീഹുല്‍ ബുഖാരി പ്രചരിപ്പിക്കുന്നത് സയണിസമാണെന്ന് നിങ്ങള്‍ തട്ടിവിട്ടത് കേട്ടാല്‍ ഇസ്‌ലാമിനോട് ആത്മാര്‍ഥതയുള്ളവര്‍ എങ്ങനെ ഞെട്ടാതിരിക്കും.

‘ഇസ്‌ലാമുമായി മനസ്സ് ഇണക്കപ്പെട്ടവര്‍’ എന്ന, സകാത്തിനെ അവകാശികളില്‍പെട്ട ഒരു വിഭാഗത്തെപ്പറ്റി അമാനി മൗലവി നല്‍കിയ വിശദീകരണത്തില്‍ നിന്ന് പ്രബോധനരംഗത്ത് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്ന ‘പൊതുതാല്‍പര്യ മേഖല’ക്ക് അഥവാ ‘സോപ്പിംഗ് പ്രബോധന’ത്തിന് തെളിവ് തപ്പിയെടുക്കാന്‍ കുറെ വരികള്‍ ശബാബുകാരന്‍ എഴുതിക്കൂട്ടുന്നുണ്ട്. എന്നാല്‍ മൗലവി പറഞ്ഞതില്‍ അങ്ങനെയൊരാശയം കണ്ടെത്താന്‍ സാധ്യമല്ല.

സാമൂഹിക മേഖലകളില്‍ ഇസ്‌ലാം ശ്രദ്ധിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ മുജാഹിദുകള്‍ നിരാകരിച്ചിട്ടുമില്ല. ചെറിയമുണ്ടം 2002ല്‍ പറഞ്ഞത് ഒരുപക്ഷേ, ഇവരെ ഉന്നംവെച്ചുതന്നെയാകാം: “ഒരു നൂറ്റാണ്ടില്‍ ലോകത്തുടനീളം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തന നിരതരായ ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ ശ്രമഫലമായി കുറെയൊക്കെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു വലിയ വിഭാഗം മുസ്‌ലിംകള്‍ ഇപ്പോഴും നെല്ലും പതിരും തിരിച്ചറിയാന്‍ കഴിവില്ലാത്തവരായി തുടരുകയാണ്. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ വ്യതിയാനം നേരിടാത്ത ആദ്യ തലമുറകളുടെ വിശ്വാസപരവും കര്‍മപരവുമായ നിലപാടിലേക്ക് ഇന്നത്തെ തലമുറ തിരിച്ചുപോവുക അനിവാര്യമാണെന്നാണ് ഇസ്‌ലാഹീ പ്രസ്ഥാനം കരുതുന്നത്’’ (ശബാബ് 2002 ഡിസം 20/പേജ് 4).