ആക്ഷേപങ്ങളിൽ ആശ്വാസമടയുന്ന സമസ്തക്കാർ
മൂസ സ്വലാഹി കാര
2024 ജനുവരി 13, 1445 റജബ് 01

ആദർശ സംസ്‌കരണവും പ്രമാണസംരക്ഷണവും ഏറ്റവും വലിയ ബാധ്യതയായിക്കണ്ട്, അഹ്‌ലുസ്സുന്ന വൽജമാഅയുടെ യഥാർഥ പാരമ്പര്യം സമൂഹത്തിൽ നിലനിർത്തുന്നവരാണ് സലഫികൾ. ആശയവ്യതിയാനങ്ങളെ പ്രാമാണികമായി കൈകാര്യം ചെയ്യുന്നതിനാൽതന്നെ അനുഭാവികൾ സത്യത്തെ തിരിച്ചറിവോടെ സ്വീകരിക്കുകയും ശത്രുക്കൾ അമർഷത്തോടെ എതിർക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ ഇന്നുവരെയുള്ള ചരിത്രത്തിൽ എതിർപ്പുകൾക്ക് മുമ്പിൽ പരിഭ്രമിച്ച് നന്മനിറഞ്ഞ പ്രവർത്തനങ്ങൾ നിർത്തി വെച്ച സന്ദർഭമുണ്ടായിട്ടില്ല. അഹ്‌ലുസ്സുന്നയുടെ പേരിൽ അഭിനയിക്കുകയും ശിയാ പാരമ്പര്യത്തിലൂന്നി അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സമസ്തയുടെ പുരോഹിതന്മാർ സലഫികളുടെ ആദർശമുന്നേറ്റത്തെ തകർക്കാൻ ആവതും പരിശ്രമിക്കുന്നവരാണ്. അതിക്രമകാരികളെ സംബന്ധിച്ച് ക്വുർആൻ നൽകിയ താക്കീതാണ് അവരോടായി ഉണർത്താനുള്ളത്. അല്ലാഹു പറയുന്നു: “അതിക്രമകാരികളുടെ കൽപന നിങ്ങൾ അനുസരിച്ചുപോകരുത്; ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നന്മ വരുത്താ തിരിക്കുകയും ചെയ്യുന്നവരുടെ (കൽപന)’’ (ക്വുർആൻ 26:151,152).
ഇബ്‌നു കസീർ(റഹ്) ഇതിന്റെ വിശദീകരണത്തിൽ പറയുന്നു: “ശിർക്കിലേക്കും അവിശ്വാസത്തി ലേക്കും സത്യത്തെ എതിർക്കുന്നതിലേക്കും അവരെ വിളിക്കുന്ന നേതാക്കളും പ്രമുഖരുമാണിതിന്റെ ഉദേശ്യം.’’
2024 ജനുവരി 1-15 ലക്കം ‘സുന്നിവോയ്‌സി’ൽ പ്രമുഖനായ ഒരു മുസ്‌ലിയാർ എഴുതിയ ‘വഹാബിസത്തിന്റെ അപനിർമിതികൾ’ എന്ന ലേഖനം ശുദ്ധ അസംബന്ധവും ആക്ഷേപാർഹവുമാണ്. സലഫികളെ ഇകഴ്ത്തുവാൻ വേണ്ടി, തനിച്ച സൂഫി ആചാര്യനായ മുഹമ്മദ് സഈദ് റമദാൻ അൽബൂത്വി എഴുതിയ ‘അസ്സലഫിയ്യ’ എന്ന പുസ്തകം വായിച്ചതിന്റെ ഓർമയായി ലേഖകൻ പറയുന്നത് കാണുക:
“നാൽപത് വർഷങ്ങൾക്ക് മുമ്പാണെന്നോർക്കണം. സലഫികൾ അഴിച്ചുവിടുന്ന തീവ്രവാദ ശ്രമങ്ങളെയോർത്ത് പ്രബോധകർ വേപഥുപ്പെടുന്നു. ഇസ്‌ലാമിന്റെ സൽപ്പേര് കളങ്കപ്പെടുന്നതോർത്ത് ദുഃഖിക്കുന്നു. എന്തു ചെയ്യും? ലോകമാകെ ഇന്ന് ഇതാണ് സ്ഥിതി! ഇസ്‌ലാമിക ദർശനത്തിന്റെ സൗന്ദര്യം പ്രബോധിതജനത കാണാതെ പോകുന്നു. ആക്രമണോത്സുകമെന്നും യുദ്ധോത്സുകമെന്നും ആ സമാധാന സന്ദേശം മുദ്രകുത്തപ്പെടുന്നു. സ്വാഭാവികമായ പ്രബോധന പ്രക്രിയക്ക് ആഘാതമേൽക്കുന്നു. മുരടിച്ചു നിൽക്കുന്ന ഇസ്‌ലാമാണല്ലോ ശത്രുവിന് പഥ്യം. നിർഭാഗ്യകരമെന്ന് പറയാം, സലഫികൾ അത് നേടിക്കൊടുക്കുന്നു. ഇസ്‌ലാംഭീതി പരത്തുന്നത് സാമ്രാജ്യത്വം മാത്രമല്ല, സലഫികളും ചേർന്നാണ്’’ (പേജ് 8,9).
മുസ്‌ലിയാർ ശിയാവിശ്വാസത്തിലായതുകൊണ്ട് വ്യാജം പറയാൻ ബൂത്വിയുടെ ഗ്രന്ഥത്തെ അവലംബിച്ചതിൽ അത്ഭുതമൊന്നുമില്ല. അദ്ദേഹത്തിനും അദ്ദേഹത്തെ പോലുള്ളവർക്കും അഹ്‌ലുസ്സുന്ന വൽജമാഅയുമായി ബന്ധമില്ലല്ലോ എന്നതിലാണ് സലഫികൾ ആശ്വസിക്കുന്നത്. സത്യം തുറന്നു പറഞ്ഞതിനാൽ നബി(സ്വ)യെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത മുശ്‌രിക്കുകളുടെയും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർക്കെതിരെ അക്രമം അഴിച്ചുവിട്ട ശിയാക്കളുടെയും പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടേ ഇതിനെ കാണാനാകൂ. കാരണം, ആദർശരംഗത്ത് സമസ്തയുടെ മാതൃക ഇവരൊക്കെയാണ്. ഇത്തരക്കാർക്ക് നേർവഴി കണ്ടെത്താനോ രക്ഷപ്രാപിക്കാനോ കഴിയില്ല. അല്ലാഹു പറയുന്നു: “(നബിയേ,) നോക്കൂ; എങ്ങനെയാണ് അവർ നിനക്ക് ഉപമകൾ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവർ പിഴച്ചുപോയിരിക്കുന്നു. അതിനാൽ അവർക്ക് ഒരു മാർഗവും പ്രാപിക്കാൻ സാധിക്കുകയില്ല’’ (17:48).

മുസ്‌ലിയാർ കളവിലൂടെ കാര്യം സാധിക്കുന്നത് കാണുക: “ശാം രാജ്യങ്ങൾ അനുഗൃഹീതമായിരുന്നു. തിരുനബി(സ) ആ നാടിനും നാട്ടുകാർക്കും വേണ്ടി പ്രാർഥിച്ചല്ലോ. എന്നാൽ നജ്ദിനുവേണ്ടി അവിടുന്ന് പ്രാർഥിച്ചില്ലെന്നു മാത്രമല്ല, അവിടെ പിൽക്കാലത്ത് പിശാചിന്റെ കൊമ്പ് പ്രത്യക്ഷമാകുമെന്ന് പ്രവചിക്കുകയും ചെയ്തു. വഹാബ് എന്നത് അല്ലാഹുവിന്റെ വിശുദ്ധ നാമമാണ്. നജ്ദിൽ പിറന്ന ഇബ്‌നു അബ്ദിൽ വഹാബ് ഈ പേരു സ്വീകരിച്ചതോടെ അത് വഹാബിയായി, വഹാബിസമായി. ഇപ്പോൾ ആഗോള ഭീകരവാദത്തിന്റെ വിളിപ്പേരായി മാറി. മുജാഹിദ്, സലഫി തുടങ്ങിയ മനോഹര പദങ്ങളും ഇങ്ങനെ അർഥപരിണാമങ്ങൾ സംഭവിച്ചവയാണ്’’ (പേജ് 9).
എന്താണ് നജ്ദ്? നബി(സ്വ) തന്റെ പ്രാർഥനയിൽ ആ പ്രദേശത്തെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല? ഇതൊന്നും ഇവർ പഠിക്കുന്നില്ല. അല്ലെങ്കിൽ വസ്തുത മനസ്സിലാക്കിയിട്ടും അത് മൂടിവെക്കുകയാണ്. അതുമല്ലെങ്കിൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണ്.
‘നജ്ദ്’ എന്ന് ഭൂമിയിൽനിന്ന് ഉയർന്നുനിൽക്കുന്ന എല്ലാ ഭാഗങ്ങൾക്കും പൊതുവായി പറയുമെന്ന വിവരം പോലും മുസ്‌ലിയാർക്കില്ല. മദീനയുടെ കിഴക്കുഭാഗത്തിനുവേണ്ടിയാണ് നബി(സ്വ) പ്രാർഥിക്കാതിരുന്നത്. അവിടെനിന്നാണ് വലിയരൂപത്തിലുള്ള കുഴപ്പങ്ങൾക്ക് തുടക്കമാവുക. ദജ്ജാലിന്റെ പുറപ്പെടൽ, പ്രവാചകത്വവാദികളുടെ വരവ്, പിഴച്ചവിഭാഗങ്ങളായ ഖവാരിജുകൾ, ശിയാക്കൾ, റാഫിദികൾ, കറാമികൾ, ഖാദിയാനികൾ, ബഹായികൾ എന്നിവയെല്ലാം ഉടലെടുത്തത് അവിടെനിന്നാണ്.
മദീനയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള നജ്ദിലെ യമാമയിലുള്ള ഉയയ്‌ന എന്ന ഗ്രാമത്തിൽ ജനിച്ച ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്(റഹ്) തൗഹീദിന്റെ മാർഗത്തിലെ പടയാളിയായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാസമരം നടത്തിയ മഹാനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇവർക്കു കണ്ടുകൂടാ. അന്ധവിശ്വാസങ്ങളെ ചെറുക്കുന്നതിൽ മുമ്പിൽ നിന്ന, മദീനയുടെ കിഴക്കുഭാഗത്ത് ജനിച്ച ഇമാമുമാരായ സുഫ്‌യാനുസ്സൗരി(റഹ്), അബൂ ഹനീഫ(റഹ്), അഹ്‌മദുബ്‌നു ഹമ്പൽ(റഹ്) എന്നിവരെയും ഇവർ കുറ്റപ്പെടുത്തുമോ? അവരെയും ശൈത്വാന്റെ കൊമ്പുകളാക്കി പരിചയപ്പെടുത്തുമോ?
സലഫികളെ ആഗോള ഭീകരവാദികളാക്കി മുദ്രകുത്തുന്ന കളികളെ തിരിച്ചറിവ് നഷ്ടപ്പെട്ടിട്ടില്ലാത്തവർ വിലയിരുത്തിയിട്ടുണ്ട്. 2001 ഒക്ടോബർ മാസം സെൻസിംഗ് മാസികയിൽ ഇക്കൂട്ടർ ഉസാമ ബിൻലാദനെ ‘കനൽപഥങ്ങളിലെ സിംഹം’ എന്ന് പ്രകീർത്തിച്ചത് മറന്നുപോയോ? 1992 മുതൽ കേരളത്തിൽ ‘സുന്നി ടൈഗർ ഫോഴ്‌സ് ജംഇയ്യത്തിൽ ഇഹ്‌സാനിയ്യ’ എന്ന പേരിൽ സാക്ഷാൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവന്ന ഭീകരസംഘടനയെയും അത് നടത്തിയ അക്രമങ്ങളെയും അതിൽ കുടുങ്ങിയ മുസ്‌ലിയാക്കന്മാരെയും എന്തു പേരിട്ട് വിളിക്കും? ഇരുവിഭാഗം സമസ്തകളുടെയും പള്ളികൾ, മദ്‌റസകൾ, ജാറങ്ങൾ, ആഘോഷ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടന്ന സംഘർഷങ്ങളെയും കൊലപാതകങ്ങളെയും സമാധാന പ്രവർത്തനങ്ങളിലാണോ ഉൾപെടുത്തേണ്ടത്? മുസ്‌ലിംകൾക്കിടയിൽ വിഭാഗീയത സൃഷ്ടിച്ചുകൊണ്ട് ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാത്തിയടക്കമുള്ളവർ 1930ൽ എഴുതി പാസ്സാക്കിയ ‘ബന്ധവിച്ഛേദന പ്രമേയം’ ഓർക്കുന്നതും നല്ലതാണ്. ഇതെല്ലാം സമസ്ത മുശാവറയിൽ ചർച്ചക്ക് വെക്കുന്നത് നല്ലതാണ്. അന്ധമായ വിരോധത്താൽ മുസ്‌ലിയാക്കന്മാർ അസത്യങ്ങൾ എഴുതിവിടുമ്പോൾ ഇതെല്ലാം ഓർമപ്പെടുത്താൻ നിർബന്ധിതമാവുകയാണ്.
മുസ്‌ലിയാരുടെയുള്ളിലെ അസഹിഷ്ണുത പുറത്തേക്ക് തികട്ടിവരുന്നത് കാണുക: “വിശുദ്ധ ക്വുർആൻ 2:11ൽ പരിചയപ്പെടുത്തിയ അറേബ്യൻ കപടവിശ്വാസികളുടെ അവകാശവാദങ്ങൾ സമാന സ്വഭാവമുള്ളതാണെന്ന് വന്നതോടെ ജിഹാദിലേക്കും വഹാബിയിലും മുജാഹിദീനിലും തീവ്രവാദം മണത്തതോടെ സലഫിയിലേക്കും ആഗോള തീവ്രവാദം സലഫിസത്തിന്റെ തോലണിഞ്ഞതോടെ ഇപ്പോൾ വിസ്ഡം ഉൾപ്പെടെയുള്ള ആങ്കലേയ സ്വാതന്ത്ര്യത്തിലേക്കും ഈ നാമപരിണാമങ്ങൾ പടരുകയാണ്’’ (പേജ് 9).
ഇതിന് മറുപടിയായി ആദ്യം പറയാനുള്ളത് ‘അസൂയാലു അസൂയപ്പെടുമ്പോൾ അവന്റെ കെടുതിയിൽനിന്നും’ (113:5) കാവൽ തേടാൻ അല്ലാഹു പഠിപ്പിച്ച വചനമാണ്. മുസ്‌ലിം സമൂഹത്തിൽ മത-ഭൗതിക രംഗത്ത് നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചവരും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയവരുമാണ് സലഫികൾ. ഇടക്ക് വലിഞ്ഞുകയറിവന്ന് നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെട്ട വിഭാഗമാണ് സമസ്ത. തങ്ങളുടെ കഴിഞ്ഞകാല അറുപിന്തിരിപ്പൻ നിലപാടുകൾ പുതുതലമുറ അറിയുന്നത് ഇവർക്ക് നാണക്കേടുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് സമുദായത്തിൽ ഇന്നു കാണപ്പെടുന്ന അഭിവൃദ്ധിയുടെയെല്ലാം കാരണക്കാർ തങ്ങളാണെന്നു വരുത്തിത്തീർക്കാൻ സമസ്തക്കാർ പരിശ്രമിക്കുന്നത്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും അതിന്റെ പോഷക ഘടകങ്ങളും തുടരെത്തുടരെ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളും വൈജ്ഞാനിക പരിപാടികളും സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങൾ ചെറുതല്ല. തങ്ങളുടെ ആത്മീയ ചൂഷണ പദ്ധതികൾ അതുവഴി മുരടിക്കുന്നത് നേരിൽ കാണുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് മുസ്‌ലിയാർ വിസ്ഡത്തിനെതിരെ നടത്തിയിട്ടുള്ളത്. പേരു മാറ്റമാണ് മുസ്‌ലിയാരുടെ മറ്റൊരു പരാതി. സലഫികൾ മതവിരുദ്ധമായി ഒരു പേരും സ്വീകരിച്ചിട്ടില്ല. ആദ്യത്തെ കൂട്ടായ്മയുടെ പേര് ‘കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്നത്തി വൽജമാഅ’ എന്നായിരുന്നു. ആ പേരിന്റെ ആശയത്തിന്റെ തനിമ ചോരാതെതന്നെയാണ് ഇന്നും പ്രവർത്തിച്ചുവരുന്നത്.
(അവസാനിച്ചില്ല)

