സങ്കൽപവീട്ടിലെ സ്വപ്‌നജീവികൾ
മൂസ സ്വലാഹി കാര
2024 ഫെബ്രുവരി 10, 1445 റജബ് 29

ഭാഗം: 04
(മൗദൂദി സാഹിബിന് പിഴവു സംഭവിച്ചത് തൗഹീദിൽതന്നെ! - 2)
മൗദൂദി സാഹിബിന്റെ വീക്ഷണപ്രകാരമുള്ള റുബൂബിയ്യത്ത് വിശ്വാസം കാണുക: “എന്നാൽ, റബ്ബ് എന്ന പദത്തിന്റെ വിധിവിലക്കുകൾക്ക് അധികാരമുള്ളവൻ, പരമാധികാരി, സന്മാർഗസ്രോതസ്സ്, നിയമത്തിന്റെ ഉദ്ഭവസ്ഥാനം, രാഷ്ട്രത്തിന്റെ തലവൻ, സമൂഹത്തിന്റെ കേന്ദ്രം എന്നീ ആശയങ്ങളുടെ നേരെ അവർ തികച്ചും വ്യത്യസ്തമായ മറ്റൊരു സമീപനമാണ് കൈക്കൊണ്ടത്. ഈ ആശയങ്ങളിൽ അല്ലാഹുവിനു പകരം കേവലം മനുഷ്യരെപ്പോലും അവർ റബ്ബായി അംഗീകരിച്ചിരുന്നു. അഥവാ, താത്വികമായി അല്ലാഹു റബ്ബാണെന്നംഗീകരിക്കുന്നതോടൊപ്പം കർമരംഗത്ത്, സദാചാര - നാഗരിക - രാഷ്ട്രീയ രംഗങ്ങളിൽ മനുഷ്യരുടെ റുബൂബിയ്യത്തിനുമുന്നിൽ അവർ തലകുനിച്ചിരുന്നു. ഈ മാർഗഭ്രംശം ദൂരീകരിക്കാനാണ് ആദ്യം മുതലേ പ്രവാചകന്മാർ വന്നുകൊണ്ടിരുന്നത്. അവസാനം മുഹമ്മദ് നബി നിയോഗിക്കപ്പെട്ടതും ഇതിനുതന്നെ. ഈ എല്ലാ അർഥങ്ങളിലും റബ്ബ് ഏകനാകുന്നു. അവനാണ് സർവശക്തനായ അല്ലാഹു. റുബൂബിയ്യത്ത് അവിഭാജ്യമാണ്, വിഭജിക്കാവതല്ല.
അതിന്റെ ഒരു വശവും ഒരർഥത്തിലും അല്ലാഹു അല്ലാത്ത ഒന്നിനും ലഭിക്കുകയില്ല. ഒരേയൊരു ദൈവമാണ് പ്രാപഞ്ചികവ്യവസ്ഥ ഉണ്ടാക്കിയത്. ഒരേയൊരു ദൈവമാണ് അതിൽ ഭരണം നടത്തുന്നത്. അതിൽ അഖിലാധികാരങ്ങളുടെയും ആധിപത്യത്തിന്റെയും ഉടമ ഒരേയൊരു ദൈവമാണ്. പ്രപഞ്ചവ്യവസ്ഥയുടെ നിർമാണത്തിൽ അവനല്ലാത്ത മറ്റാർക്കും ഒരു സ്വാധീനവുമില്ല. അതിന്റെ ആസൂത്രണത്തിലും നിയന്ത്രണത്തിലും ആർക്കും പങ്കില്ല. അതിന്റെ ഭരണനടത്തിപ്പിൽ അവന്ന് മറ്റൊരു പങ്കാളിയില്ല. പരമാധികാരത്തിന്റെ ഉടമ എന്ന നിലയിൽ നിങ്ങളുടെ പ്രകൃത്യതീതനായ റബ്ബും സദാചാര-നാഗരിക-രാഷ്ട്രീയ രംഗങ്ങളിലെ റബ്ബും അതേ ഏകനായ ദൈവമാകുന്നു’’ (ക്വുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ, പേജ് 80).
പ്രവാചകന്മാരോ പ്രമാണങ്ങളോ പറഞ്ഞിട്ടില്ലാത്ത, പൂർവികർക്ക് പരിചയമില്ലാത്ത മതരാഷ്ട്ര വാദത്തെ ഇങ്ങനെ വളഞ്ഞ് ഞെരുങ്ങി പ്രയാസപ്പെട്ടേ സ്ഥാപിക്കാൻ ശ്രമിക്കാനാവൂ. ക്വുർആൻ പഠിപ്പിച്ച ‘റബ്ബ്’ ആരെന്നത് വ്യക്തമാണ്. അല്ലാഹു പറയുന്നു:’’ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയില്ലാതെ നിർമിച്ചവനാണവൻ. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിച്ചതാണ്. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു’’(6:101,102).
ഉലൂഹിയ്യത്തിന്റെ കാര്യത്തിലും ഇദ്ദേഹം കൈകടത്തൽ നടത്തിയത് കാണുക: “അധികാരത്തിന്റെ ഈ ശാഖയിലും അവന്ന് യാതൊരു പങ്കുകാരുമുണ്ടായിരിക്കാൻ ന്യായമില്ല. അവന്റെ ഈ അധികാര പരിധിയിൽ അവനല്ലാതെ മറ്റാരെങ്കിലും പ്രാർഥനക്ക് ഉത്തരം നൽകുന്നവനും ആവശ്യങ്ങൾ പൂർത്തീകരിക്കുന്നവനും അഭയം നൽകുന്നവനും ആകുന്നത് എവ്വിധം തെറ്റാണോ അവ്വിധം തന്നെ തെറ്റാണ് മറ്റാരെങ്കിലും സ്വന്തം നിലക്ക് വിധികർത്താവും സ്വേഛാധിപതിയും സ്വതന്ത്രമായ നിയമനിർമാതാവും ആവുക എന്നതും. സൃഷ്ടിക്കുക, ആഹാരം നൽകുക, ജീവിപ്പിക്കുക, മരിപ്പിക്കുക, സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തുക, രാപ്പകലുകൾ കുറയ്ക്കുക എന്നിവയും വിധിനിർണയവും ഭരണാധികാരവും രാജത്വവും ശാസനാധികാരവും നിയമനിർമാണാധികാരവും എല്ലാംതന്നെ ഒരേയൊരു സമഗ്രാധിപത്യ ഭരണകർതൃത്വത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാണ്. ഈ സമഗ്രാധിപത്യ ഭരണകർതൃത്വം വിഭജനത്തിന് വിധേയമല്ല... ഉലൂഹിയ്യത്തിന്റെ അർഥത്തിൽ രാജത്വം, ഭരണകർതൃത്വം എന്നീ ആശയങ്ങൾ കൂടി ഉൾപ്പെട്ടിരിക്കുന്നുവെന്നും ഇലാഹിന്റെ ഏകത്വത്തിൽ ഈ അർഥത്തിലും അല്ലാഹുവിന് പങ്കുകാരെ സമ്മതിക്കാതിരിക്കണം എന്നും ഈ പരാമർശം തെളിയിക്കുന്നു’’ (ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ, പേജ് 35).
എത്രവലിയ വ്യതിചലനമാണിത്! ഇതിന്റെ അടിസ്ഥാനത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ശഹാദത്തിന്റെ ഉദ്ദേശ്യം ‘രാജത്വവും ഭരണകർത്താവുമായി അല്ലാഹുവല്ലാതെ മറ്റാരുമില്ല’ എന്നാക്കി മാറ്റുമോ? ആരാധനയുടെ യഥാർഥ താൽപര്യത്തെ വിദൂരത്താക്കി ഫലശൂന്യമായൊരു വിശ്വാസമാണ് ഇതു മുഖേന സൃഷ്ടിക്കപ്പെട്ടത്. പ്രവാചകന്മാർ ശിർക്കിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തെ സംസ്‌കരിക്കാനായിരുന്നു, അല്ലാതെ ഭരണത്തിനും അധികാരത്തിനും വേണ്ടിയായിരുന്നില്ല. അല്ലാഹു പറയുന്നു: “ഇത് മനുഷ്യർക്കുവേണ്ടി വ്യക്തമായ ഒരു ഉൽബോധനമാകുന്നു. ഇതുമുഖേന അവർക്കു മുന്നറിയിപ്പ് നൽകപ്പെടേണ്ടതിനും അവൻ ഒരേയൊരു ആരാധ്യൻ മാത്രമാണെന്ന് അവർ മനസ്സിലാക്കുന്നതിനും ബുദ്ധിമാൻമാർ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉൽബോധനം)’’ (14:52).
മതരാഷ്ട്രമെന്ന ലക്ഷ്യത്തിനായി നേതാവ് നടത്തിയ വ്യാഖ്യാനക്കസർത്തുകൾക്ക് ശക്തമായ പിന്തുണയാണ് ജമാഅത്ത് നൽകിയത്: “അതിനാൽ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി, അവന്നു മാത്രം വിധേയമായി ജീവിക്കുക. മറ്റാർക്കും ആരാധനയും അനുസരണവും അടിമത്തവും അർപ്പിക്കാതിരിക്കുക. പരിധിലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകൻമാരിലൂടെ അല്ലാഹു നൽകിയ ശാസന.’’
“ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക. കാരണം തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികർത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികർതൃത്വത്തിനുമുള്ള അവകാശം വാസ്തവത്തിൽ അവന്നല്ലാതെ മറ്റാർക്കുമില്ല’’ (ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 60,65).
ഇത്തരം വ്യതിയാന ചിന്തകളിൽ കാലം തീർത്ത മൗദൂദിയൻ ആശയക്കാർക്ക് നഷ്ടപ്പെട്ട വിവേകം കുറേശെ തിരിച്ചുവരുന്നുണ്ട്. എതിർപ്പും മുറുമുറുപ്പും അവർക്കിടയിൽ പുകയുന്നുണ്ടെങ്കിലും ഭരണഘടനയൊക്കെ നന്നായി പുതുക്കി. രാഷ്ട്രീയവും കോടിതി കേറലും ഗവൺമെന്റ് ജോലിയുമൊക്കെ അത്യാവശ്യമാണെന്ന നിലപാടിലേക്കവർ വന്നു. മൗദൂദിയുടെ വീക്ഷണപ്രകാരമുള്ള തൗഹീദ് പ്രചരിപ്പിച്ചതിനും അത് ഗോപ്യമാക്കി പുതിയ ‘കേരളഘടകം തൗഹീദ്’ ഉണ്ടാക്കിയതിനും എന്താണ് പ്രമാണമെന്ന ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും ബാക്കിയാണ്! നിർഭയത്വം നഷ്ടപ്പെടുത്തുന്ന ശിർക്കിനെതിരെയും ജാറവ്യവസായത്തിനെതിരെയും ആത്മീയ ചൂഷണങ്ങൾക്കെതിരെയും ഇക്കൂട്ടർക്ക് ആർജവത്തോടെ ശബ്ദിക്കാൻ കഴിയാത്തതിന്റെയും ഭരണകൂട ദൂഷ്യത്തിനെതിരെ മാത്രം ആയിരം നാക്കാൽ അലറിവിളിക്കാൻ കഴിയുന്നതിന്റെയും കാരണം ഇതുതന്നെയാണ്.
അല്ലാഹുവിന് ഏറ്റവും ഉൽകൃഷ്ട നാമങ്ങളും ഉത്തമവിശേഷണങ്ങളുമുണ്ട്. പ്രമാണങ്ങൾ പഠിപ്പിച്ച പ്രകാരംതന്നെ അവയിൽ വിശ്വസിക്കുക എന്നതാണ് അഹ്‌ലുസ്സുന്ന വൽജമാഅയുടെ നിലപാട്. ക്വുർആ നിലെ ഏറ്റവും ശ്രേഷ്ഠവചനമായ ‘ആയത്തുൽ കുർസിയ്യ്’ ഊന്നൽ നൽകിയിട്ടുള്ളത് ഈ വിഷയത്തിനാണ്.
ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) പറയുന്നു: “അല്ലാഹുവോ അവന്റെ പ്രവാചകനോ അല്ലാഹുവിനുണ്ടെന്ന് പറഞ്ഞ എല്ലാ നാമവിശേഷണങ്ങളും അതുപോലെ അംഗീകരിക്കണം എന്നത് ഉത്തമ തലമുറയിൽപെട്ട സ്വഹാബിമാരും താബിഉകളും ശേഷക്കാരായ പണ്ഡിതന്മാരും ഉൾപ്പെടെ എല്ലാവരും ഏകോപി ച്ച കാര്യമാണ്. പ്രമാണങ്ങളിൽ വന്നപ്രകാരം അവയെ നിഷേധിക്കാതെയും ചോദ്യംചെയ്യാതെയും സാദൃശ്യപ്പെടുത്താതെയും അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിക്കുംവിധം അതിനെ നടപ്പിലാക്കുന്നു. നബി ﷺ അരുളിയത് പ്രകാരം അവരാണ് ഈ ഉമ്മത്തിലെ ഏറ്റവും ഉത്തമ തലമുറ. അവർ ഒരു വിഷയത്തിൽ ഏകോപിച്ചുകഴിഞ്ഞാൽ അതുതന്നെ ഏറ്റവും വലിയ തെളിവാണ്. കാരണം അതായിരിക്കും ക്വുർആനി ന്റെയും സുന്നത്തിന്റെയും നിലപാട്’’(ക്വവാഇദുൽ മുസ്‌ലാ).
അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിക്കുന്ന മതവിരോധികളും അവയെ പരിഹസിക്കുന്നവരും സ്വന്തം വകയായി വ്യാഖ്യാനിച്ചൊപ്പിക്കുന്നവരും സമൂഹത്തിലുണ്ട്. മൗദൂദി സാഹിബ് അല്ലാഹുവിന്റെ പല വിശേഷണങ്ങളെയും വ്യാഖ്യാനിച്ച് തൗഹീദിന്റെ തനിമയിൽനിന്ന് വ്യതിചലിച്ചതായി കാണാം. വിശുദ്ധ ക്വുർആനിൽ ആറ് സ്ഥലങ്ങളിൽ പറഞ്ഞ കാര്യമാണ് ‘എന്നിട്ടവൻ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു’ എന്നത്. ഇതിന് മൗദൂദി നൽകിയ വ്യാഖ്യാനം കാണുക:’’അല്ലാഹുവിന്റെ ഈ സിംഹാസനാരോഹണം ഏതു തരത്തിലുള്ളതാണെന്നു മനസ്സിലാക്കുക നമ്മെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ഒരുപക്ഷേ, അവൻ പ്രപഞ്ചത്തെ സൃഷ്ടിച്ചശേഷം വല്ല സ്ഥലവും തന്റെ അനന്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിശ്ചയിച്ചിരിക്കാം. അവിടം അവന്റെ വെളിപാടുകളുടെ കേന്ദ്രമായി അംഗീകരിച്ചിരിക്കുകയുമാവാം. ആ വിശിഷ്ടസ്ഥാനത്തിനാവണം അർശ് (സിംഹാസനം) എന്നു നാമകരണം ചെയ്തത്. സമസ്തലോകത്തിന് അസ്തിത്വത്തിന്റെയും ശക്തിയുടെയും അനുഗ്രഹം ചൊരിയുന്നതും പ്രപഞ്ചകാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നതും അവിടെനിന്നാവാം. അഥവാ ഭരണാധിപത്യമെന്ന് മാത്രമാവാം സിംഹാസനത്തിന്റെ വിവക്ഷ. സിംഹാസനത്തിൽ ഉപവിഷ്ടനാവുക എന്നാൽ പ്രപഞ്ച സൃഷ്ടിക്കുശേഷം അല്ലാഹു ഭരണാധിപത്യത്തിന്റെ കടിഞ്ഞാൺ കൈയിലെടുക്കുകയെന്നർഥം. അല്ലാഹുവുമായി ബന്ധപ്പെടുത്തുമ്പോൾ സിംഹാസനാരോഹണത്തിന്റെ അർഥവിശദീകരണങ്ങൾ എന്തുമാവട്ടെ ക്വുർആനിൽ ആ പരാമർശത്തിന്റെ ഉദ്ദേശ്യമിതാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംവിധായകനും മാത്രമല്ല അല്ലാഹു അതിന്റെ നിയന്താവും ഭരണാധിപനും കൂടിയാണ്. പ്രപഞ്ചസൃഷ്ടിക്കുശേഷം അതുമായി ഒരു ബന്ധവും പുലർത്താതെ എവിടെയോ സ്വസ്ഥമായി കഴിഞ്ഞുകൂടുകയല്ല അവൻ. അഖില പ്രപഞ്ചത്തിൽ അതിന്റെ വിശദാംശങ്ങളിലോളം ഫലത്തിൽ ആധിപത്യം വാഴുന്നത് അവനാണ്. ഭരണാധിപത്യത്തിന്റെ എല്ലാ അധികാരാവകാശങ്ങളും സ്ഥിതിചെയ്യുന്നത് അവന്റെ ബലിഷ്ഠ ഹസ്തത്തിലാണ്’’ (തഫ്ഹീമുൽ ക്വുർആൻ).
ഇസ്‌ലാമിക ഭരണമെന്ന സ്വപ്നം മാത്രം ഉള്ളിലുള്ളതിനാൽ അഹ്‌ലുസ്സുന്നയിൽനിന്ന് വേറിട്ട മുഅ്തസിലിയാക്കളുടെ മുഖമാണിദ്ദേഹം സ്വീകരിച്ചത്. അല്ലാഹു ആരിൽനിന്നോ അധികാരം പിടിച്ചെടുത്തു എന്ന് തോന്നിപ്പിക്കുന്ന ‘ഭരണാധിപത്യം’ എന്ന പ്രയോഗം യഥാർഥത്തിൽ അല്ലാഹുവിനെ അധിക്ഷേപി ക്കലും അവമതിക്കലുമാണ്. പൂർവകാല ഇമാമുമാരിൽ ആർക്കാണ് ഈ വിശ്വാസമുള്ളത്?
അല്ലാഹുവിന്റെ സ്ഥിരപ്പെട്ട വിശേഷണങ്ങളിൽ പെട്ടതായി പ്രമാണങ്ങളിൽ കാണുന്നതാണ് അവന്റെ ‘കണങ്കാൽ’ എന്നത്. ഈ വചനം വിശേഷണങ്ങളിൽപെടുമോ ഇല്ലയോ എന്ന സ്വഹാബികൾക്കിടയിലെ ചർച്ചയെ തിരിച്ചറിയാതെ മൗദൂദി പറഞ്ഞത് വായിക്കാം: “ഒരു കൂട്ടം സ്വഹാബികളും താബിഉകളും പറയുന്നു ഇതൊരു ശൈലിയായി ഉപയോഗിക്കപ്പെട്ടതാണ് എന്ന്. വിഷമാവസ്ഥ വന്നുചേരുന്നതിനെ സൂചിപ്പിക്കുന്നതിന് അറബിഭാഷയിൽ കണങ്കാൽ വെളിപ്പെട്ടാൽ എന്നു പ്രയോഗിക്കാറുണ്ട്. ഭാഷാപ്രയോഗങ്ങളിൽനിന്നു ള്ള സാക്ഷ്യങ്ങൾ ചൂണ്ടിക്കാണിച്ച് ഹ.ഇബ്‌നു അബ്ബാസും പ്രകൃതവാക്യത്തിന് ഈ അർഥമാണ് കൊടു ത്തിട്ടുള്ളത്. ഇബ്‌നു അബ്ബാസിൽനിന്നും റബീഉബ്‌നു അനസിൽനിന്നും ഉദ്ധരിക്കപ്പെട്ട മറ്റൊരു നിവേദന പ്രകാരം കശ്ഫുശ്ശഖിന്റെ ഉദ്ദേശ്യം യാഥാർഥ്യങ്ങളിൽനിന്നു മറ നീക്കം ചെയ്യപ്പെടുക എന്നാകുന്നു. ഈ വ്യാഖ്യാന പ്രകാരം വാക്യത്തിന്റെ താൽപര്യം യാഥാർഥ്യങ്ങൾ അനാവൃതമാവുകയും മനുഷ്യരുടെ മുന്നിൽ അവരുടെ കർമങ്ങളെല്ലാം തെളിഞ്ഞു പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന നാൾ എന്നാകുന്നു’’ (തഫ്ഹീ മുൽ ക്വുർആൻ).
അല്ലാഹുവിന്റെ വിശേഷണമാണെന്ന് ഉറപ്പായതിനെ സ്വഹാബികളിൽ ആരും ഇങ്ങനെ വ്യാഖ്യാനിച്ചിട്ടില്ല. ശൈഖ് നാസിറുസ്സഅദി(റഹി) പറയുന്നു: “അങ്ങനെ ഒന്നിനോട് സാദൃശ്യപ്പെടുത്താൻ പറ്റാത്ത തന്റെ കണങ്കാൽ അല്ലാഹു വെളിവാക്കുകയും വിവരിക്കാൻ സാധിക്കാത്ത അവന്റെ മഹത്ത്വത്തെ സൃഷ്ടി കൾ കാണുകയും ചെയ്യും.’’
അല്ലാഹുവിന്റെ ‘വരവ്’ എന്ന വിശേഷണത്തെ മൗദൂദി വ്യാഖ്യാനിക്കുന്നത് കാണുക: “ഒരു സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുക എന്ന സംഗതി അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇല്ലല്ലോ. അതുകൊണ്ട് ഇതിനെ ഒരു സദൃശശൈലിയിലുള്ള പ്രസ്താവനയായി മാത്രമെ മനസ്സിലാക്കാവൂ. അനുവാചകരെ ഇപ്രകാരം ഗ്രഹിപ്പിക്കലാണ് അതിന്റെ ലക്ഷ്യം. അന്ന് അല്ലാഹുവിന്റെ ശക്തിയുടെയും ഭരണത്തിന്റെയും സർവാധിപത്യത്തിന്റെയും ലക്ഷണങ്ങൾ പ്രകടമാകും. ഭൗതികലോകത്തെ ചക്രവർത്തി തിരുമ നസ്സ് കേസുകൾ വിചാരണ ചെയ്യാൻ സൈനികദളങ്ങളാലും ഉദ്യോഗസ്ഥവ്യൂഹത്തിലും പരിസേവിത നായി ദർബാറിൽ നേരിട്ടെഴുന്നള്ളുമ്പോഴുണ്ടാകുന്ന ഭയവും ഭീതിയും ഉണ്ടാവുകയില്ലല്ലോ, അദ്ദേഹം തനിയെ രാജധാനിയിലാഗതനാകുമ്പോൾ’’ (തഫ്ഹീമുൽ ക്വുർആൻ).
തൗഹീദിന് പുതിയ വ്യാഖ്യാനം തേടിപ്പോയതിന്റെ ഫലമാണിത്. അല്ലാഹു പറഞ്ഞതിനെ സ്വതാൽപര്യമനുസരിച്ച് വിശദീകരിക്കലാണോ ഇസ്‌ലാം? അന്ത്യനാളിൽ അടിമൾക്കിടയിൽ വിധി നടപ്പിലാക്കുന്നതിനായി അല്ലാഹു വരുന്നതിനെയാണ് ‘ശക്തി,’ ‘ഭരണം,’ ‘സർവാധിപത്യം’ എന്നൊക്കെ അർഥം നൽകി വ്യാഖ്യാനിച്ചിരിക്കുന്നത്. ഇതിന് ഇസ്‌ലാമിന്റെ ശരിയായ പാരമ്പര്യത്തിൽ ആരാണിവർക്ക് മാതൃക കാട്ടിയിട്ടുള്ളത്?
അല്ലാഹുവിന്റെ വിശേഷണങ്ങളിലുള്ള വിശ്വാസികളുടെ സൂക്ഷ്മനിലപാടിനെക്കുറിച്ച് ഇമാം ബുഖാ രി(റഹി)യുടെ ശൈഖ് നുഐം ഇബ്‌നു ഹമ്മാദ് അൽഖുസാഇ(റഹി) പറഞ്ഞത് ഇവിടെ സൂചിപ്പിക്കട്ടെ: “ആരെങ്കിലും അല്ലാഹുവിനെ അവന്റെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തുകയോ അവനുള്ളതായ വിശേഷണങ്ങളെ നിഷേധിക്കുകയോ ചെയ്താൽ അവൻ അവിശ്വാസിയായി. അല്ലാഹുവും റസൂലും പറഞ്ഞ വിശേഷണത്തിൽ സാദൃശ്യപ്പെടുത്തലില്ല. വ്യക്തമായ ആയത്തുകളിലും സ്വീകാര്യമായ ഹദീസുകളിലും വന്നതിനെ അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിക്കുംവിധം സ്ഥിരപ്പെടുത്തി ന്യൂനതകളെ അവനെത്തൊട്ട് ഒഴിവാക്കുന്നതാരാണോ അവൻ നേർമാർഗികളുടെ വഴിയിൽ പ്രവേശിച്ചു.’’
തൗഹീദിൽ മൗദൂദി സാഹിബിന് സംഭവിച്ച പിഴവുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അതൊന്നും ജമാഅ ത്തെ ഇസ്‌ലാമിയുടെ ആശയമല്ലെന്ന് പറഞ്ഞ് കൈകഴുകാൻ നോക്കിയാൽ നേതൃത്വം രക്ഷപ്പെടില്ല. ‘തഫ്ഹീമുൽ ക്വുർആൻ’ വിവർത്തനം നടത്തിയ കേരളഘടകം നേതാക്കളായ ടി.കെ അബ്ദുല്ല, ടി. ഇസ്ഹാഖലി, ടി.കെ ഉബൈദ് എന്നിവരും മറ്റു ഗ്രന്ഥങ്ങൾ മൊഴിമാറ്റം നടത്തിയവരും ഇത്തരം വിശ്വാസങ്ങൾ ഞങ്ങൾക്കില്ലെന്നും ഇതെല്ലാം അദേഹത്തിന്റ വീഴ്ചകളാണെന്നും ഒരടിക്കുറുപ്പിലൂടെയെങ്കിലും വ്യക്തമാക്കിയത് എവിടെയും കണ്ടിട്ടില്ല. ഈ ഗ്രന്ഥങ്ങളെല്ലാം ഇപ്പോഴും അച്ചടിച്ച് വിൽപന നടത്തുന്നതിന്റെ ലക്ഷ്യം ആദർശ പ്രചരണമല്ലാതെ മറ്റെന്താണ്? മൗദൂദിയുടെ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥത്തിന് പ്രബോധനം നൽകുന്ന പോരിശകൾ കൂടി കാണുക: “വിശുദ്ധ ക്വുർആന് വിവിധതരം തർജമകളും തഫ്‌സീറുകളും ലഭ്യമാണിപ്പോൾ. എന്നാൽ അവയിൽനിന്നെല്ലാം വ്യതിരിക്തമായ ഒരു ഗ്രന്ഥമാണ് മർഹൂം സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുൽ ക്വുർആൻ. വിശുദ്ധ ക്വുർആനിന്റെ സന്ദേശം അനുവാചകഹൃദയത്തിൽ ആഴത്തിൽ വേരോടാൻ സഹായകമാണ് തഫ്ഹീമിന്റെ ശൈലി’’(1998 സെപ്റ്റംബർ, പേജ് 12).
പ്രാമാണിക തഫ്‌സീറുകൾ പ്രാമുഖ്യം നൽകിയ ഇസ്‌ലാമിന്റെ വിശ്വാസ വിവരണത്തിൽനിന്ന് വേറിട്ട് പുതിയ വിശ്വാസം മെനഞ്ഞെടുത്തു എന്നതാണ് മൗദൂദിയുടെ ‘വ്യതിരിക്തത’ എന്ന് പറയാതെ വയ്യ!
കെ. ഉമർ മൗലവി(റഹി) ഇവരെക്കുറിച്ച് പറഞ്ഞത് ഇവിടെ ഓർക്കാതെ വയ്യ: “ഇസ്‌ലാമിന്റെ തൗഹീദിൽ ജമാഅത്തെ ഇസ്‌ലാമി ഒരു പൊളിച്ചെഴുത്തുതന്നെ നടത്തിയിരിക്കുന്നു. തൗഹീദിൽ അതിഭയങ്കരമായ ബിദ്അത്ത് അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ സഹോദരന്മാരാകട്ടെ സാഹിത്യത്തിന്റെ മിനുക്കത്തിൽ കണ്ണുമയങ്ങി വേണ്ടവിധം പരിശോധിക്കാതെ ഇസ്‌ലാമിന്റെ ഭരണം നടപ്പിൽവന്നാൽ വളരെ നല്ലതല്ലേ എന്ന അതിമോഹത്തിന്റെ കനൽ കണ്ട് ഓടാൻ തുടങ്ങി. ഓടിയോടി കുഴയുകയല്ലാതെ ഒരിറ്റ് വെള്ളത്തിന്റെ നനവ് അനുഭവിക്കാൻ കഴിയുകയില്ല. എന്നാൽ ആരാധനാപരമായ ശിർക്കിനെ എതിർക്കുകയും തൗഹീദ് സ്ഥാപിക്കുകയും ചെയ്താൽ ഇവിടെ യാതൊരു കെട്ടിക്കുടുക്കുമില്ല. പക്ഷേ, അത് കേവലം ശാഖാപരവും നിസ്സാരവുമായി കരുതി സാധ്യമല്ലാത്ത സംഗതി ലക്ഷ്യംവെച്ച് അവർ വട്ടംകറങ്ങുകയും നട്ടംതിരിയുകയും ചെയ്യുന്നു. വിശദാംശങ്ങൾ ഒട്ടേറെയുണ്ട്.
ചുരുക്കത്തിൽ ‘സങ്കൽപവീട്ടിലെ സ്വപ്‌നജീവികൾ’ എന്ന വിശേഷണം ഇവർക്ക് അനുയോജ്യമാകുന്നു. ഈ പിഴവിൽനിന്നും അവരെ ഉണർത്താൻവേണ്ടി ഞാൻ പലേ മാർഗങ്ങളിലും പ്രവേശിച്ചു. ഒന്നും ശരിയായില്ല’’ (ഓർമകളുടെ തീരത്ത്, പേജ് 288).

