പ്രമാണങ്ങളെ സ്വീകരിക്കുന്നത് ‘അക്ഷരവായന’യോ?
മൂസ സ്വലാഹി കാര
2024 നവംബർ 23, 1446 ജു. ഊലാ 21

സത്യമതത്തോട് വെറുപ്പും വിദ്വേഷവുമുള്ള പലരും അതിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കു മേൽ കടന്നാക്രമണം നടത്തിയാണ് അവരുടെ വിമർശനങ്ങളിൽ വിജയം നേടാൻ മുതിർന്നിട്ടുള്ളത്. ജൂതന്മാർ ശിയാക്കളിലൂടെ ആവിഷ്‌ക്കരിച്ച ഇഖ്‌വാനിസമെന്ന മതവിരുദ്ധ സിദ്ധാന്തം അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ പറ്റും വിധം കണ്ടെത്തിയ പല വഴികളിൽ ഒന്നായിരുന്നു ഒരു നന്മ പറഞ്ഞ് സുഖിപ്പിച്ച് അതിനോട് ചേർന്നുള്ള മറ്റു പലതിനെയും താറടിച്ച് കാണിക്കുക എന്നത്.
കേരളത്തിൽ ‘രാഷ്ട്രീയ ഇസ്‌ലാമു’മായി രംഗത്തു വന്ന ജമാഅത്തെ ഇസ്‌ലാമിക്കാർ നിരവധി ഹദീസുകളെ അവമതിക്കാൻ അവരുടെ പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിച്ച പ്രയോഗമാണ് ‘അക്ഷര വായന’ എന്നത്. ഹദീസുകളിൽ പറയുന്ന കാര്യങ്ങൾ അതേപടി അനുവർത്തിക്കുന്നതിനാലാണ് ഈ ആക്ഷേപം!
ഇഖ്‌വാനിസത്തിൽ ഇഷ്ടം പൂണ്ട് ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ ആശയധാരയിൽനിന്ന് വർഷങ്ങളായി വേറിട്ട് സഞ്ചരിക്കുന്ന മർകസുദ്ദഅ്‌വക്കാർ ഇതേ വാക്കുകൾ ഉപയോഗിച്ചും അല്ലാതെയും ധാരാളം ഹദീസുകളെ പരസ്യമായി നിഷേധിക്കുന്നവരായി മാറി. തെളിവുകളോട് കൃത്യമായ നിലപാട് പുലർത്തുന്നവരെ കുറ്റപ്പെടുത്താൻ അവരുടെ മുഖപത്രമായ ശബാബിൽ വന്നത് കാണുക.
അവരുടെ പ്രസിഡന്റ് ഡോ. ഇ.കെ അഹമദ്കുട്ടി എഴുതുന്നു: “മുജാഹിദുകളിലെ നവയാഥാസ്ഥിതിക വിഭാഗം മുമ്പ് മുജാഹിദ് പ്രസ്ഥാനം സമുദായത്തിൽ വളർത്തിയെടുക്കാൻ ശ്രമിച്ച ചിന്താപരമായ ഉൽബുദ്ധതക്ക് കടകവിരുദ്ധമായി പണ്ഡിതാഭിപ്രായങ്ങളോടുള്ള അന്ധമായ പ്രതിബദ്ധതയും മതപ്രമാണങ്ങളോടുള്ള അക്ഷരപൂജയും വെച്ചുപുലർത്തുന്നവരായി മാറിയിരിക്കുന്നു’’ (2009 ഫെബ്രുവരി 27/പേജ് 24).
ഡോ. സുഫ്‌യാൻ അബ്ദുസ്സത്താർ എഴുതിയത് കാണുക: “പ്രമാണങ്ങളുടെ അക്ഷരവായന ആന്തരികവത്കരിച്ച പ്രസ്തുത രീതിശാസ്ത്രം സാമൂഹിക രംഗങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിനും കാർക്കശ്യത്തിലേക്കും വഴിതെളിയിച്ചു’’ (2023 ജനുവരി 27/പേജ് 25).
വിവേകമുള്ള വിശ്വാസികളുടെ നിലപാടായ ‘ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു’ (24:51) എന്നതിൽനിന്ന് കപടമനോഭാവത്തിലേക്ക് മാറ്റപ്പെട്ടവർക്ക് മാത്രമെ പ്രമാണത്തെ പിൻപറ്റുന്നവരെ ഈ നിലയ്ക്ക് പരിചയപ്പെടുത്താനാകൂ.
2024 നവംബർ 8ന് പുറത്തിറങ്ങിയ ശബാബിൽ ഡോ. ഇ.കെ അഹ്‌മദ് കുട്ടി സാഹിബ് തന്നെ എഴുതിയ ‘സുന്നത്ത് അനുധാവനം അക്ഷരവായനയാകുമ്പോൾ’ എന്ന ലേഖനത്തിൽ ഹദീസ് നിഷേധം നിറഞ്ഞാടുന്നതിനാൽ അത് അവരുടെ സംഘടനക്കകത്തും പുറത്തും വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് ഇപ്പോൾ മർക്കസുദ്ദഅ്‌വക്കാരുടെ നിലപാട് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലാണ്.
ഇടതു കൈകൊണ്ട് വെള്ളം കുടിച്ച അനുഭവം പങ്കുവവച്ച് പ്രബലമായൊരു സുന്നത്തിനെ അദ്ദേഹം തള്ളിക്കളയുന്നത് കാണുക: “വലതു കൈ കൊണ്ട് തിന്നലും കുടിക്കലുമെല്ലാം സുന്നത്ത് തന്നെ. പക്ഷേ ചോറും കറിയും മത്സ്യമാംസാംദികളും മറ്റും ഒന്നിച്ച് കുഴച്ച് ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ അവശിഷ്ടങ്ങൾ എന്റെ വലതു കൈയിൽ പുരണ്ട് കിടക്കുന്നതുകൊണ്ടാണ് വൃത്തിയുള്ള മറ്റേ കൈ കൊണ്ട് വെള്ളം കുടിച്ചത്. വൃത്തിയും ശുദ്ധിയും ഈമാനിന്റെ പകുതിയാണെന്നല്ലേ പ്രവാചകൻ(സ) പറഞ്ഞത്...’’
“ഈ സംഭവം ഞാൻ ഉദ്ധരിച്ചത് പ്രവാചകചര്യ അഥവാ സുന്നത്തിന്റെ ആന്തരാർത്ഥവും തത്വവും മനസ്സിലാക്കാതെ അതിന്റെ വാക്കുകളുടെയും അക്ഷരങ്ങളുടെയും ബാഹ്യാർഥം മാത്രം പരിഗണിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിലെ അനൗചിത്യവും പരിഹാസ്യതയും ചൂണ്ടിക്കാണിക്കാനാണ്’’ (പേജ് 22, 23).
വൃത്തിയുടെ കാര്യം പഠിപ്പിച്ച നബിﷺ ഭക്ഷണ മര്യാദയുടെ ഭാഗമായി വലതു കൈകൊണ്ട് കുടിക്കണമെന്ന ആഹ്വാനവും ഇടതു കൈ കൊണ്ട് കുടിക്കരുതെന്ന നിരോധനവും നടത്തിയതിനെ ‘അനൗചിത്യവും പരിഹാസ്യതയു’മായി കാണുന്നത് ഹദീസിനോടുള്ള ഇഷ്ടമോ അതോ വിരോധമോ? ഇമാം ബുഖാരി(റഹി), മുസ്‌ലിം(റഹി) എന്നിവർ ഉദ്ധരിച്ച ഹദീസുകളാണവ.
ഏതവസ്ഥയിലും ഈ കൽപനയെ അക്ഷരാർഥത്തിൽ പാലിക്കുക എന്നതാണ് വിശ്വാസികളുടെ ഔചിത്യവും മര്യാദയും. വലിയ ശാസ്ത്രബോധവും യുക്തിചിന്തയും അവകാശപ്പെടുന്ന കൂട്ടരല്ലേ മർകസുകാർ! ഭക്ഷണം കഴിക്കുന്നതോടൊപ്പം വെള്ളം കുടിക്കാതിരിക്കലും ഭക്ഷണത്തിന് അര മണിക്കൂർ മുമ്പോ ശേഷമോ വെള്ളം കുടിക്കലുമാണ് നല്ലതെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. ഇതങ്ങ് പാലിക്കുന്നതല്ലേ നബിവചനത്തെ നിഷേധിക്കുന്നതിനെക്കാൾ ഉചിതമായത്?
ക്വുർആനിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ പോലുമുള്ള ഇദ്ദേഹത്തിന്റെ യുക്തിചിന്ത കാണുക: “ഉപരിപ്ലവവും വിവേചനരഹിതവുമായ അന്ധമായ അനുകരണം മതപ്രമാണങ്ങൾക്കും മനുഷ്യബുദ്ധിക്കും വിരുദ്ധമാണ്. ദൈവികഗ്രന്ഥമായ വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ(ആയത്തുകൾ) പോലും അവയുടെ യഥാർത്ഥ ഉദ്ദേശ്യവും പൊരുളുമറിയാതെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യരുതെന്നാണ് ദൈവ കൽപന (25:73). ഖുർആൻ വചനങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കിൽ പ്രവാചക വചനങ്ങളുടെ(ഹദീസ്) കാര്യത്തിൽ അക്ഷരവായന ഉണ്ടാകാതിരിക്കാൻ നാം എത്രമാത്രം സൂക്ഷ്മത പുലർത്തണമെന്ന് പറയേണ്ടതില്ലല്ലോ’’(പേജ് 23).
അവിശ്വാസികൾക്ക് അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന സ്വഭാവമല്ല വിശ്വാസികളുടേത് എന്ന് പഠിപ്പിച്ചതിനെയാണ് ഈ നിലയ്ക്ക് ദുരുപയോഗം ചെയ്തിരിക്കുന്നത്. മർകസുദ്ദഅ്‌വ നേതാക്കൾ അവരുടെ അണികളെ ചേകനൂരിസത്തിലേക്ക് അടുപ്പിക്കുന്നതിന്റെ വലിയ തെളിവാണിത്. ഇതേ ആയത്ത് വെച്ച് ചേകനൂരികൾ പ്രചരിപ്പിക്കുന്നത് കാണുക:
“ദൈവവചനമായ ഖുർആൻ ആയാൽ പോലും കേൾക്കുന്ന മാത്രയിൽ അതേപടി വിഴുങ്ങുകയല്ല വേണ്ടത്. ചിന്തിച്ചു ഗ്രഹിക്കണം. ഇതാണ് ഖുർആൻ തത്വങ്ങളുടെ യുക്തി വിചാരവും’’ (ഖുർആൻ ദർശനം, 2008 ആഗസ്റ്റ്/പേജ് 9).
സമുദായ മധ്യത്തിൽ കൂടുതൽ വഷളാകുമെന്ന പേടികൊണ്ടാകാം അടുത്ത ലക്കം ശബാബ് പേജ് 5 ൽ ‘ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ യഥാർഥ ഉദ്ദേശ്യവും പൊരുളും മനസ്സിലാക്കേണ്ടത്’ എന്നൊരു കുറിപ്പു കൊടുത്തത് കാണാനിടയായി.
ഏഴ് അജ്‌വകാരക്ക രാവിലെ കഴിക്കുക എന്ന പ്രത്യേകമായ സുന്നത്തിനെ കേവലം പതിവുശീലമായി വ്യാഖ്യാനിക്കുന്നത് കാണുക:
“എന്നാൽ റസൂലിനുള്ള നമ്മുടെ അനുസരണം അഥവാ സുന്നത്ത് അനുധാവനം പലപ്പോഴും പരിഹാസ്യമാംവിധം അക്ഷരവായനവും അക്ഷരപൂജയുമാകാറുണ്ട്. മതപരമായ പ്രാധാന്യമോ പ്രസക്തിയോ ഇല്ലാത്ത നബി(സ)യുടെ ദൈനംദിന ജീവിതത്തിലെ ചില പതിവുശീലങ്ങൾ പിണ്യകരമായ സുന്നത്തായി കരുതി അതിനെ അനുകരിച്ച് പ്രവർത്തിക്കുന്ന പലരെയും നമുക്ക് കാണാം...അദ്ദേഹം ഭക്ഷിച്ചിരുന്നുവെന്ന് പറയപ്പെടുന്ന അജ്‌വ എന്ന വർഗത്തിൽപ്പെടുന്ന ഈന്തപ്പഴം ഭക്ഷിക്കുന്നത് തുടങ്ങിയ ഉദാഹരണങ്ങൾ’’ (പേജ് 23,24).
ഹദീസുകളെപ്പറ്റി ശരിയായ ധാരണയില്ലാത്തതുകൊണ്ടാണല്ലോ അജ്‌വയുടെ ശ്രേഷ്ഠത പറയുന്ന ഹദീസുകളെപ്പറ്റി ‘മതപരമായ പ്രാധാന്യമോ പ്രസക്തിയോ ഇല്ലാത്ത,’ ‘അദ്ദേഹം ഭക്ഷിച്ചിരുന്നുവെന്ന് പറയപ്പെടുന്ന’ എന്നെല്ലാം എഴുതേണ്ടി വന്നത്!
താടി നീട്ടി വളർത്തുകയെന്ന സുന്നത്തിനെയും കളിയാക്കുന്നു: “താടി എത്ര വളർന്ന് വലുതായി വികൃതമായി മാറിയാലും അത് വെട്ടി വൃത്തിയാക്കാതെ അങ്ങനെത്തനെ നിലനിർത്താൻ അനുയായികളെ പ്രേരിപ്പിക്കുകവഴി വൃത്തിയും വെടിപ്പും ഈമാനിന്റെ പകുതിയാണെന്ന പ്രവാചകവചനത്തെ നിഷേധിക്കുകയല്ലേ ആ പണ്ഡിതന്മാർ ചെയ്യുന്നത്?’’(പേജ് 24).
ഒരേ അർഥം വരുന്ന ഏകദേശം അഞ്ചോളം പദങ്ങൾ താടിയെ അതിന്റെ അവസ്ഥയിൽ വിടണമെന്നതിന് ഇമാം ബുഖാരിയും മുസ്‌ലിമുമടക്കം ഉദ്ധരിച്ച ഹദീസുകളിൽ കാണാം. അതിലൊന്നും താടി വെട്ടിമാറ്റണമെന്നോ നീക്കം ചെയ്യണമെന്നോ ഇല്ല. വൃത്തിയും വെടിപ്പും ഇല്ലാത്തതിനെയല്ല ഇദ്ദേഹം ആക്ഷേപിക്കുന്നത്. താടി നീട്ടിവളർത്തുക എന്ന കാര്യത്തെയാണ് വൃത്തിയില്ലാത്ത പ്രവർത്തനമായി വിശേഷിപ്പിക്കുന്നത്. നബിﷺയും സ്വഹാബിമാരും സമൃദ്ധമായി താടി വളർത്തിയവരായിരുന്നു.
നമസ്‌കാരത്തിൽ സ്വഫ്ഫ് ശരിപ്പെടുത്തുന്നത് നബിചര്യ പ്രകാരമാകുന്നതിനെയും ഇദ്ദേഹം നിരാകരിക്കുന്നത് കാണുക: “എന്നാൽ പ്രവാചക നിർദേശത്തെ അക്ഷര വായന നടത്തിക്കൊണ്ട് നമസ്‌കാരത്തിന്റെ അണികളിൽ വിടവുണ്ടായാൽ അതിലൂടെ പിശാച് പ്രവേശിക്കാതിരിക്കാൻ അടുത്ത് നിന്ന് നമസ്‌കരിക്കുന്നവന്റെ കാൽപാദത്തിൽ സ്വന്തം പാദം ഉരസി നിർത്തി പ്രയാസം സൃഷ്ടിക്കുന്ന തീവ്ര ഭക്തന്മാരെ ഇപ്പോൾ കണ്ടുവരുന്നുണ്ട്. സുന്നത്തിന്റെ പൊരുളും ലക്ഷ്യവും ഉൾക്കൊള്ളാതെ നമസ്‌കരിക്കുന്നവർക്ക് ശല്യമാകുന്ന ഈ കൂട്ടർ എന്ത് പ്രവാചക സ്‌നേഹമാണ് പ്രകടിപ്പിക്കുന്നത്?’’(പേജ് 24,25).
സ്വഹാബത്ത് നബി(സ)യിൽ നിന്ന് നേരിട്ട് മനസ്സിലാക്കി ചെയ്‌തൊരു സുന്നത്തിനെയാണ് ഇത്തരത്തിൽ അവമതിക്കുന്നത്. അവരൊക്കെ മർകസുദ്ദഅ്‌വക്കാരുടെ പ്രസിഡന്റിന്റെ വീക്ഷണത്തിൽ സുന്നത്തിന്റെ അക്ഷരവായന നടത്തിയവരും ‘തീവ്ര ഭക്തന്മാരു’മാണോ? എത്ര ഗുരുതരമാണ് ഈ ആരോപണം! അവർ ചുമലും കാൽപാദവും ചേർത്തുവച്ചിരുന്നു എന്ന ഹദീസിനെ എങ്ങനെയാണ് ഇക്കൂട്ടർ മനസ്സിലാക്കുന്നത്?
സ്വുബ്ഹി ജമാഅത്ത് പാഴാക്കുന്നതിന്റെ ഗൗരവവും അന്ധനായ അബ്ദുല്ലാഹ് ബിൻ ഉമ്മിമഖ്തൂ(റ)മിനോട് ജമാഅത്തിന് വരേണ്ടതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിയതുമായ കാര്യങ്ങളെ വളരെ മോശമായിട്ടാണ് ലേഖകൻ കാണുന്നത്:
“നമ്മുടെ കൂട്ടത്തിലെ ഏതെങ്കിലും അക്ഷരപൂജകരായ തീവ്രനിലപാടുകാർ ഈ രണ്ട് ഹദീസുകളും പ്രാവർത്തികമാക്കാൻ തുനിഞ്ഞാൽ എത്ര ഭയാനകമായിരിക്കും അതിന്റെ ഫലം എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. ഒന്ന് നമ്മുടെ മഹല്ലുകളിലെ പല മുസ്‌ലിം വീടുകളും കത്തിച്ചാമ്പലായി ഇല്ലാതാകും. രണ്ട് നമ്മുടെ പള്ളികളിൽ വരാൻ കഴിയാത്ത കണ്ണു കാണാത്ത പാവങ്ങളായ വ്യക്തികളെ ബലം പ്രയോഗിച്ച് കൊണ്ടുവന്ന് അവരെ കഷ്ടപ്പെടുത്തും’’ (പേജ് 25).
ഇമാമുരായ ബുഖാരി(റഹി), മുസ്‌ലിം(റഹി), അബൂദാവൂദ്(റഹി), ഇബ്‌നുമാജ(റഹി), അഹ്‌മദ്(റഹി) എന്നിവർ ഉദ്ധരിച്ച ഈ രണ്ട് ഹദീസുകളുടെയുടെയും പൊരുൾ മുൻഗാമികൾ വിശദീകരിച്ചത് മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ അനാവശ്യമായ ആലോചനകളിലൂടെ തെറ്റിദ്ധാരണ പരത്തേണ്ട ഗതികേട് വരില്ലായിരുന്നു. കാരണങ്ങൾ ഉള്ളവർക്ക് അതനുസരിച്ചുള്ള ഇളവും അലസത കാണിക്കുന്നവർക്ക് ശക്തമായ താക്കീതും ജമാഅത്ത് നിസ്‌കാരത്തിന്റെ വിഷയത്തിൽ ഇസ്‌ലാം നൽകിയിട്ടുണ്ട്. നബിﷺയുടെ മാതൃകാജീവിതത്തെ അവമതിക്കാൻ മതവിരോധികൾ ഇത്തരം വരികൾ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയെങ്കിലും ഇവർക്കില്ലാതെപോയല്ലോ!
മരണം ആസന്നമായൊരു മുസ്‌ലിമിന് ശഹാദത്ത് കലിമ ഓർമപ്പെടുത്തിക്കൊടുക്കൽ അടുത്തുള്ളവർ ശ്രദ്ധിക്കേണ്ട മര്യാദയും സുന്നത്തുമാണ്. അതിനോടും ഇദ്ദേഹം വിമുഖത കാണിക്കുന്നത് നോക്കൂ: “അക്ഷരവായനയുടെ അനൗചിത്യം അനുഭവപ്പെടുന്ന വേറെയും സന്ദർഭങ്ങളുണ്ട്. മൻകാന ആഖിറു കലാമിഹീ ലാഇലാഹ ഇല്ലല്ലാഹ് ദഖലൽ ജന്ന എന്ന ഹദീസ് പ്രാവർത്തികമാക്കാൻ മരണാസന്നനായി ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ട് വെപ്രാളപ്പെട്ട് കിടക്കുന്ന വ്യക്തിയുടെ ചുറ്റും നിന്നുകൊണ്ട് ബന്ധുക്കളും സ്‌നേഹജനങ്ങളും ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചത്തിൽ ചൊല്ലിക്കൊടുത്ത് ആ വ്യക്തിയെ അങ്ങനെ ചൊല്ലാൻ നിർബന്ധിച്ച് കഷ്ടപ്പെടുത്തുന്നത് ഒരു സാധാരണ കാഴ്ചയാണ്’’ (പേജ് 25,26).
ഈ വിഷയത്തിൽ ആരെങ്കിലും തെറ്റായ നിലപാട് സ്വീകരിക്കുന്നുവെങ്കിൽ അത് ചൂണ്ടിക്കാണി ക്കാമെന്നല്ലാതെ ഹദീസിന്റെ ആശയത്തെ നിരാകരിക്കുന്നതിൽ എന്ത് ഔചിത്യമാണുള്ളത്?
ലേഖകന്റെ വീക്ഷണത്തിൽ ഇസ്‌ലാമിന്റെ പ്രമാണങ്ങൾ ഏതൊക്കെയാണെന്ന് കൂടി വായിക്കാം: “ഇസ്‌ലാമിന്റെ രീതി വഹ്‌യും അഖ്‌ലും അഥവാ അഖ്‌ലും നഖ്‌ലും സംയോജിച്ചുകൊണ്ടുള്ളതാണ്. എന്റെ അഭിപ്രായത്തിൽ ഇസ്‌ലാമിന്റെ മുഖ്യ പ്രമാണങ്ങൾ ഖുർആനും അഖ്‌ലുമാകുന്നു എന്നു പറയാം’’ (വെളിച്ചം സുവനീർ, 2024 ഫെബ്രുവരി/പേജ് 61).
ക്വുർആനും സുന്നത്തുമാണ് ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങൾ എന്നതിൽ അട്ടിമറി നടത്തുകയാണ് മർകസുദ്ദഅ്‌വക്കാരുടെ പ്രസിഡന്റ്! സുന്നത്തിനോടുള്ള ഇവരുടെ വെറുപ്പ് എത്രത്തോളമെന്ന് ഇതെല്ലാം തെളിയിക്കുന്നു.
“അവർ പറയുന്നു; ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷം അവരിൽ ഒരു വിഭാഗമതാ പിൻമാറിപ്പോകുന്നു. അവർ വിശ്വാസികളല്ല തന്നെ. അവർക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും അവർ വിളിക്കപ്പെട്ടാൽ അപ്പോഴതാ അവരിൽ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു’’ (ക്വുർആൻ 24:47,48). വിശ്വാസ ദുർബലത, അറിവിലെ ദൗർബല്യം, മനസ്സിനെ പിടികൂടുന്ന രോഗം, പറയുന്നത് നിലനിർത്താതിരിക്കൽ എന്നിവയാണ് ഇതിനുള്ള കാരണങ്ങളെന്ന് ശൈഖ് നാസ്വിറുസ്സഅദി(റ) വിശദീകരിച്ചതായി കാണാം.

