സെഷൻസ് കോടതി

അബൂആദം അയ്മൻ

2023 മെയ് 06 , 1444 ശവ്വാൽ 14

(നമ്മുടെ രാജ്യത്തെ കോടതികൾ - 26)

ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കമ്മിറ്റ് ചെയ്ത ഒരു കേസ് സെഷൻസ് കോടതിയിൽ വിചാരണക്ക് വന്നാൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് പബ്ലിക് പ്രോ സിക്യൂട്ടറും പ്രതിഭാഗത്തേക്ക് പ്രതിയുടെ അഭിഭാഷകനുമായിരിക്കും ഹാജരാവുക. പ്രോസിക്യൂട്ടർ ആദ്യമായി പ്രതിക്കെതിരായ കുറ്റാരോപണങ്ങളും പ്രതി കുറ്റക്കാരനാണെന്നതിനുള്ള തെളിവുകളും സംബന്ധിച്ച വിശദവിവരങ്ങൾ കോടതിയെ ധരിപ്പിക്കുന്നതാണ്. കേസ് രേഖകളും ഹാജരാക്കപ്പെട്ടിട്ടുള്ള മറ്റു രേഖകളും പരിശോധിക്കുകയും പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ ഭാഗം വാദവും കേൾക്കുകയും ചെയ്യുന്ന കോടതി കുറ്റാരോപണങ്ങൾക്ക് എന്തെങ്കിലും അടിസ്ഥനമുണ്ടോ എന്ന് പരിശോധിക്കുന്നതായിരിക്കും. കുറ്റാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു കാണുന്നതായാൽ പ്രതിയെ വിട്ടയച്ചുകൊണ്ട് കോടതി ഉത്തരവാകും.

കുറ്റാരോപണങ്ങൾ അടിസ്ഥാനമുള്ളവതന്നെയെന്നും, എന്നാൽ സെഷൻസ് കോടതിയിൽ മാത്രം വിചാരണ ചെയ്യേണ്ട കേസുകളിൽ ഈ കേസ് ഉൾപ്പെടുന്നതല്ലെന്നും കാണുന്നതായാൽ, കേസ് വിചാരണയ്ക്കായി ബന്ധപ്പെട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനോ സെഷൻസ് ജഡ്ജി എത്തിച്ചുകൊടുക്കുന്നതാണ്. സെഷൻസ് കോടതിയിൽ മാത്രം വിചാരണ ചെയ്യേണ്ട കേസാണിതെങ്കിൽ, ഏതെല്ലാം വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നു പരിശോധിച്ച് കോടതി പ്രതിക്കെതിരായ കുറ്റപത്രം തയ്യാറാക്കുന്നതായിരിക്കും. കോടതിയിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപിക്കുന്നതാണ്. അതിൽ പറയുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് കോടതി പ്രതിയോടു ചോദിക്കും. കുറ്റം ചെയ്തതായി പ്രതി നിരുപാധികം സമ്മതിക്ഷിക്കുന്നപക്ഷം, കോടതിക്ക് ഉടൻതന്നെ പ്രതിക്കുള്ള ശിക്ഷ വിധിക്കാവുന്നതാണ്. പ്രതി കുറ്റം നിഷേധിക്കുകയും കേസ് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നപക്ഷം, കോടതി സാക്ഷിവിസ്താരത്തിനുള്ള തീയതി നിശ്ചയിക്കുന്നതും പ്രസ്തുത തീയതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് സാക്ഷികൾക്ക് അയക്കുന്നതുമാണ്.

കേസിലെ അടുത്ത ഘട്ടം സാക്ഷികളുടെ വിസ്താരമാണ്. വാദിഭാഗം സാക്ഷികളുടെ മുഖ്യവിസ്താരം പ്രോസിക്യൂട്ടർ നടത്തുന്നു. തുടർന്ന് ഈ സാക്ഷികളുടെ എതിർവിസ്താരം പ്രതിഭാഗം അഭിഭാഷകൻ നടത്തുന്നതാണ്. പ്രതിക്ക് ആവശ്യമെങ്കിൽ പ്രതിഭാഗം സാക്ഷിയാകാം. പ്രോസിക്യൂഷൻ ഭാഗം തെളിവുകൾ പൂർത്തിയായാൽ, പ്രതിക്കെതിരെ തെളിവിൽ വന്നിട്ടുള്ള വസ്തുതകളെയും സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കോടതിക്ക് പ്രതിയോട് വിശദീകരണം ആവശ്യപ്പെടാം. അനന്തരം പ്രോസിക്യൂഷൻ ഭാഗത്തെയും പ്രതിഭാഗത്തെയും വാദങ്ങൾ കേൾക്കുന്ന കോടതിക്ക്, പ്രതിക്കെതിരെ തെളിവില്ലെന്നു തോന്നുന്നപക്ഷം പ്രതിയെ വെറുതെ വിടാം. മറിച്ച് പ്രതിക്കെതിരെ തെളിവുണ്ടെന്ന് കോടതിക്ക് തോന്നുന്നപക്ഷം അതു പരിഗണിക്കാനായി കേസ് അവധിക്ക് വയ്ക്കാവുന്നതാണ്.

പ്രതിക്ക് എന്തെങ്കിലും വിശദീകരണങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ ആയത് കോടതിക്ക് രേഖാമൂലം നൽകാം. പ്രതിഭാഗത്തേക്ക് ഏതെങ്കിലും സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി അപേക്ഷിക്കുന്നതായാൽ കോടതി അതു പരിഗണിക്കേണ്ടതാണ്. പ്രതിഭാഗം തെളിവുകൾ പൂർത്തിയായാൽ പ്രോസിക്യൂട്ടർ കേസിനെ സംബന്ധിച്ചുള്ള തന്റെ വാദം കോടതിയിൽ നടത്തുന്നതും പ്രതിഭാഗം അഭിഭാഷകൻ തന്റെ വാദത്തിലൂടെ അതിനുള്ള മറുപടി നൽകുന്നതുമായിരിക്കും. വാദം കേൾക്കലിനെ തുടർന്ന് കോടതി കേസിലെ വിധി പ്രഖ്യാപിക്കുന്നതാണ്. പ്രതിക്ക് വധശിക്ഷയാണ് കോടതി നൽകുന്നതെങ്കിൽ ഹൈക്കോടതി ആ ശിക്ഷ സ്ഥിരീകരിക്കേണ്ടതുണ്ട്. സെഷൻസ് കോടതിയുടെ വിധിയിന്മേൽ പ്രതിക്ക് ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

(അവലംബം)