പൊലീസ് സ്റ്റേഷനും പൊതുജനങ്ങൾക്കുള്ള അവകാശങ്ങളും

അബൂ ആദം അയ്മൻ

2023 നവംബർ 11 , 1445 റ.ആഖിർ 27

സ്റ്റേഷനിൽനിന്ന് നിയമാനുസൃതസേവനം ലഭിക്കുന്നതിനും ഏതു പൊലീസ് സ്റ്റേഷനിലും ഏതു സമയത്തും സമാധാനപൂർവം കടന്നുചെല്ലുന്നതിനും സ്വീകരിക്കപ്പെടുന്നതിനും ഏവർക്കും അവകാശം ഉണ്ടായിരിക്കും. ന്യായമായ നിയന്ത്രണങ്ങൾക്കു വിധേയമായി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ (സ്റ്റേഷൻ ഹൗസ് ഓഫീസർ) കാണുന്നതിനും കാര്യങ്ങൾ അറിയിക്കുന്നതിനുമുള്ള അവകാശം ഏവർക്കുമുണ്ടായിരിക്കുന്നതാണ്. മതിയായ കാരണങ്ങൾ കൂടാതെ ഈ അവകാശം നിഷേധിക്കാൻ പാടില്ല. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ സ്ത്രീകൾക്ക് സ്വകാര്യതയോടെ പരാതി നൽകുന്നതിനുള്ള സൗകര്യം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കണം. ഏതൊരാൾക്കും അയാൾ നൽകിയ പരാതിയെ സംബന്ധിച്ച കൈപ്പറ്റുരസീത് ലഭിക്കുന്നതിതും പരാതിയിന്മേലുള്ള പൊലീസ് നടപടിയുടെയോ അന്വേഷണത്തിന്റെയോ അവസ്ഥ അറിയുന്നതിനും അവകാശമുണ്ട്. ഏതൊരാളും പൊലീസ് സ്റ്റേഷനിൽ വാക്കാലോ രേഖാമൂലമോ നൽകിയ ഏതൊരു പരാതിയുടെയും ചുരുക്കം സ്റ്റേഷനിൽ വച്ചുപോരുന്നതായ സ്ഥിരം രജിസ്റ്ററിൽ തത്സമയം രേഖപ്പെടുത്തിയിരിക്കണം. ഏതെങ്കിലും ഒരു പ്രത്യേക ആൾ പൊലീസ് സ്റ്റേഷനിൽ ഉണ്ടോയെന്ന് അറിയാൻ ഏതൊരാൾക്കും അവകാശമുണ്ടായിരിക്കും.

പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി

പൊലീസ് സൂപ്രണ്ടിന്റെയും അതിനുമുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും എല്ലാത്തരത്തിലുമുള്ള നടപടിദൂഷ്യങ്ങളെക്കുറിച്ചുള്ള പരാതികളും, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ, ആരുടെയെങ്കിലും മരണത്തിനു കാരണമാകൽ, ആരെയെങ്കിലുമുള്ള ഗുരുതരമായ പരുക്കേല്പിക്കൽ, ആരെയെങ്കിലുമുള്ള ബലാൽസംഗം എന്നിവ സംബന്ധിച്ച് മറ്റു പദവികളിലുള്ള പൊലീസുദ്യോഗസ്ഥർക്കെതിരായ പരാതികളും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നിനുമായി ഗവൺമെന്റ് ഒരു പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി രൂപവൽക്കരിക്കേണ്ടതാണെന്ന്, കേരള പൊലീസ് ആക്ട് (2011ലേത്) 110ാം വകുപ്പിൽ വ്യവസ്ഥചെയ്തിട്ടുണ്ട്.

പൊലീസ് സുപ്രണ്ട് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ സംസ്ഥാനതലത്തിലുള്ള പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയും, ഡിവൈഎസ്‌പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ ജില്ലാതലത്തിലുള്ള പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയും ആണ് പരിഗണിക്കുന്നത്. ഒരു റിട്ട. ഹൈക്കോടതി ജഡ്ജി ചെയർമാനായുള്ള സംസ്ഥാന അതോറിറ്റിയിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നൽകുന്ന പൊലീസ് ഐജിയുടെ റാങ്കിൽ കുറയാത്ത പദവിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ മൂന്നംഗ പാനലിൽനിന്നും, സംസ്ഥാന ലോകായുക്ത നൽകുന്ന റിട്ട. ജില്ലാ ജഡ്ജിമാരുടെ മുന്നംഗ പാനലിൽനിന്നും, പ്രതിപക്ഷനേതാവുമായി ആലോചിച്ച് ഗവണ്മെന്റ് നിശ്ചയിക്കുന്നതായ ഓരോ വ്യക്തിയും അംഗങ്ങളായിരിക്കുന്നതാണ്. ഒരു റിട്ട. ജില്ലാ ജഡ്ജി ചെയർമാനായുള്ള ജില്ലാഅതോറിറ്റിയിൽ ജില്ലാ കലക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടും അംഗങ്ങളായിരിക്കും. ത്രിതല പഞ്ചായത്തു പ്രസിഡന്റുമാർ, നഗരസഭാധ്യക്ഷന്മാർ, കോർപ്പറേഷൻ ചെയർമാന്മാർ, എംഎൽഎമാർ, എംപിമാർ എന്നിവർക്ക് അവരുടെ ശ്രദ്ധയിൽ പെടുന്നതോ, ആരെങ്കിലും അവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതോ ആയ പരാതികൾ, ബന്ധപ്പെട്ട അതോറിറ്റിക്ക് നൽകാവുന്നതാണ്.

(അവലംബം)