കുറ്റസമ്മതമൊഴി

അബൂ ആദം അയ്മൻ

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

(നമ്മുടെ രാജ്യത്തെ കോടതികൾ - 29)

പ്രതിയുടെ കുറ്റസമ്മതമൊഴി (confession)ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മജിസ്‌ട്രേറ്റ് മുമ്പാകെയോ, കേസ് നടപടികൾക്കിടയിലോ ക്രിമിനൽ കേസ് പ്രതി നടത്തുന്ന കുറ്റസമ്മതം കോടതിയിൽ സ്വീകാര്യമായ തെളിവാണ്. പ്രതി മജിസ്‌ട്രേറ്റ് മുമ്പാകെയോ, കേസ് നടപടികൾക്കിടയിൽ കോടതിയിലോ അല്ലാതെ, കോടതിക്കു വെളിയിൽ പൊലീസ് ഒഴികെ മറ്റാരോടെങ്കിലും ഭീഷണിക്കുവിധേയമായോ, പണം നൽകപ്പെട്ടു സ്വാധീനിച്ചിട്ടോ അല്ലാതെ സ്വമേധയാ നടത്തുന്ന കുറ്റസമ്മതം (extra judicial confession) തെളിവിലേക്ക് സ്വീകാര്യയോഗ്യമായിരിക്കും. എന്നാൽ പ്രതി പൊലിസിനോട് നടത്തുന്ന കുറ്റസമ്മതം (confession to police) കോടതി തെളിവായി സ്വീകരിക്കുന്നതല്ല.

ക്രിമിനൽ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയെ കസ്റ്റഡിയിലെടുത്താൽ, 24 മണിക്കൂറിനകം ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയിരിക്കണം. കേസ് നടപടികൾ എഴുതി സൂക്ഷിച്ചിരിക്കുന്ന ഡയറിയുടെ പകർപ്പും ഒപ്പം സമർപ്പിച്ചിരിക്കേണ്ടതാണ്. തെളിവെടുപ്പ് പൂർത്തിയാക്കാൻ പ്രതിയെ വിട്ടുകിട്ടണമെന്ന് പൊലീസ് അപേക്ഷിച്ചാൽ, കോടതിക്ക് യുക്തമെന്നു തോന്നുന്നപക്ഷം പൊലീസ് കസ്റ്റഡിയിൽ പ്രതിയെ വിട്ടുകൊണ്ട് ഉത്തരവാകാവുന്നതാണ്. ഈ നടപടിക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ റിമാന്റ് ചെയ്യുകയെന്നാണ് പറയുക. ഇതിലേക്കായി അപേക്ഷിച്ചുകൊണ്ട് പൊലീസ് കോടതിയിൽ സമർപ്പിക്കുന്ന പ്രസക്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് റിമാൻഡ് റിപ്പോർട്ട് (remand report). ക്രിമിനൽ കേസ് പ്രതികളെ റിമാൻഡ് ചെയ്യുന്നതു സംബന്ധിച്ച വ്യവസ്ഥകൾ ക്രിമിനൽ നടപടി നിയമം 167ാം വകുപ്പിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏതൊരു കേസിലായാലും പ്രതിയെ 15 ദിവസത്തിലധികം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തുകൂടാത്തതാകുന്നു. ഈ കാലാവധിക്കുശേഷം കോടതിയിൽ ഹാജരാക്കപ്പെടുന്ന പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കോടതിയുടെ നിയന്ത്രണത്തിലുള്ള ജയിലിലേക്കായിരിക്കും അയക്കുക. അന്വേഷണഘട്ടം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് തടയുന്നതിനായി വധശിക്ഷയോ, ജീവപര്യന്തം തടവുശിക്ഷയോ, പത്തുവർഷത്തിൽ കുറയാത്ത തടവുശിക്ഷയോ നൽകാവുന്ന കേസുകളിൽ പരമാവധി തൊണ്ണൂറു ദിവസങ്ങളായും മറ്റു കേസുകളിൽ പരമാവധി അറുപതു ദിവസങ്ങളായും റിമാൻഡ് കാലാവധി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ഈ കാലാവധി പൂർത്തിയാകുമ്പോൾ ജാമ്യമെടുക്കാൻ തയ്യാറെങ്കിൽ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടയയ്‌ക്കേണ്ടതാണ്.

മാപ്പു നൽകൽ

വധശിക്ഷ വിധിക്കപ്പെടുന്ന കേസുകളിലും, പാർലമെന്റ് നിർമിക്കുന്നതായ നിയമങ്ങൾ പ്രകാരമുള്ള മറ്റു കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വിധിക്കപ്പെടുന്ന കേസുകളിലും, കോർട്ട് മാർഷൽ ശിക്ഷ വിധിക്കുന്ന കേസുകളിലും പ്രതിക്ക് മാപ്പു നൽകുന്നതിനോ, പ്രതിയുടെ ശിക്ഷ ഇളവുചെയ്യുന്നതിനോ ഭരണഘടന 12ാം വകുപ്പുപ്രകാരം രാഷ്ട്രപതിക്ക് അധികാരമുണ്ടായിരിക്കും. സംസ്ഥാനങ്ങളുടെ ഭരണനിർവഹണാധികാര പരിധിയിൽ പെടുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വിധിക്കപ്പെടുന്ന കേസുകളിൽ പ്രതിക്ക് മാപ്പു നൽകുന്നതിനോ, പ്രതിയുടെ ശിക്ഷ ഇളവുചെയ്യുന്നതിനോ ഭരണഘടന 16ാം വകുപ്പു പ്രകാരം ഗവർണർക്കും അധികാരമുണ്ടായിരിക്കുന്നതാണ്.

(അവലംബം)