അന്വേഷണത്തെ സഹായിക്കുന്ന അടയാളങ്ങൾ

അബൂ ആദം അയ്മൻ

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സംശയാസ്പദ മരണങ്ങളിൽ മരണകാരണം കണ്ടുപിടിക്കുന്നതിനുവേണ്ടി, സിവിൽ സർജനോ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ പൊലീസ് സർജനോ മൃതദേഹം ശസ്ത്രക്രിയചെയ്‌തോ അല്ലാതെയോ പരിശോധിച്ച് തയ്യാറാക്കുന്നതായ റിപ്പോർട്ട് (Postmortem Report)തെളിവായി കോടതി സ്വീകരിക്കുന്നതാണ്.

വിരലടയാളം

വിരലടയാളം (Finger-Print) അടിസ്ഥാനമാക്കി കുറ്റവാളിയെ തിരിച്ചറിയുന്നതായ പ്രക്രിയയാണ് ഫിംഗർ പ്രിന്റിംഗ്. ബ്രിട്ടീഷ് മാനവവംശശാസ്ത്രജ്ഞനായ സർ ഫ്രാൻസിസ് ഗാൾട്ടൺ ആണ് 1881 കളിൽ ഈ പ്രക്രിയ വികസിപ്പിച്ചെടുത്തത്. ആളെ തരിച്ചറിയുന്നതിന് ഏറ്റവും ആശ്രയിക്കാവുന്ന ഒരു തെളിവാണ് അയാളുടെ വിരലടയാളം. ഒരാളുടെ വിരലടയാളം എപ്പോഴും മറ്റൊരാളുടേതിൽനിന്ന് വിഭിന്നമായിരിക്കുമെന്നതാണ് ഇതിനു കാരണം. മാത്രമല്ല, ഒരാളുടെ കൈവിരലുകളുടെ അഗ്രഭാഗത്തെ അകവശത്തുള്ള തൊലിയുടെ ചുളിവുപാടുകൾക്ക്, ശസ്ത്രക്രിയയോ പരുക്കോ രോഗമോ മൂലമല്ലാതെ ജീവതകാലത്ത് മാറ്റം സംഭവിക്കുകയില്ലെന്നതിനാൽ, സാധാരണഗതിയിൽ അയാളുടെ ആയുഷ്‌കാലമത്രയും വിരലടയാളത്തിന് മാറ്റമൊന്നുമുണ്ടാകുന്നതല്ല. കുറ്റാന്വേഷണ ഉദ്യോഗസ്ഥർ കുറ്റകൃത്യസ്ഥലത്തുനിന്ന് ലഭിക്കുന്ന വിരലടയാളങ്ങൾ കുറ്റവാളികളെ കണ്ടുപിടിക്കാൻ ഫലപ്രദമായി ഉപയോഗപ്പെടുത്തിപ്പോരുന്നുണ്ട്. കൂടാതെ പൊലീസ് സ്റ്റേഷനുകളിൽ കുറ്റവാളികളുടെ വിരലടയാളങ്ങൾ സൂക്ഷിച്ചുപോരുകയും ചെയ്യുന്നു. അവിടെ സൂക്ഷിച്ചിരിക്കുന്ന ഒരു വിരലടയാളത്തിൽനിന്ന് വിഭിന്നമല്ലാത്തതായ ഒരു വിരലടയാളം ഒരു കുറ്റകൃത്യസ്ഥത്തുനിന്നോ ബന്ധപ്പെട്ട മറ്റൊരു സ്ഥലത്തുനിന്നോ ലഭിക്കുന്നതായാൽ കോടതി അത് ശക്തമായ തെളിവായി സ്വീകരിക്കുന്നതാണ്.

കാൽപാദാടയാളം

കാൽപാദാടയാളം പാദത്തിന്റെ അടിഭാഗത്തെ തൊലിയുടെ ചുളിവുപാടുകളുടെ പകർപ്പാണ്. കൈവിരലടയാളം പോലെത്തന്നെ ഒരാളുടെ കാൽപാദാടയാളവും (Foot-Print)എപ്പോഴും മറ്റൊരാളുടെതിൽനിന്ന് വിഭിന്നമായിരിക്കും. കാൽപാദാടയാളം അടിസ്ഥാനമാക്കി കുറ്റവാളിയെ തിരിച്ചറിയുന്ന പ്രക്രിയയായ ഫൂട്ട് പ്രിന്റിംഗ് കുറ്റവാളികളെ കണ്ടുപിടിക്കാൻ പല രാജ്യങ്ങളിലും കുറ്റാന്വേഷണ ഉദ്യോഗസ്ഥന്മാർ ഉപയോഗപ്പെടുത്തുന്നുണ്ടങ്കിലും ഇന്ത്യൻ തെളിവുനിയമം കാൽപാദാടയാളം ഖണ്ഡിതമായ തെളിവായി അംഗീകരിക്കുന്നില്ല.

ബുള്ളറ്റ് ഫിംഗർ പ്രിന്റിംഗ്

ബുള്ളറ്റ് ഫിംഗർ പ്രിന്റിംഗ് (Bullet Finger Printing) തോക്കിൽനിന്നും തൊടുത്തുവിടുന്ന വെടിയുണ്ടകളിലുണ്ടാകുന്ന പോറലുകളെ അടിസ്ഥാനമാക്കി വെടിവയ്ക്കാൻ കുറ്റവാളി ഉപയോഗിച്ച തോക്ക് തിരിച്ചറിയുന്നതായ പ്രക്രിയയാണ്. ഒരു തോക്കിൽനിന്നും പായിച്ച വെടിയുണ്ടയിലെ പോറലു കൾ മറ്റൊരു തോക്കിൽനിന്നും പായിക്കുന്ന വെടിയുണ്ടയിലെ പോറലുകളിൽനിന്ന് എപ്പോഴും വിഭിന്നമായിരിക്കുമെന്ന വസ്തുതയാണ് ഈ പ്രക്രിയയിൽ ബാലിസ്റ്റിക്‌സ് വിദഗ്ധർ പ്രയോജനപ്പെടുത്തുന്നത്.

കുറ്റകൃത്യ സ്ഥലത്തുനിന്ന് കണ്ടെടുത്തതോ ശരീരത്തിൽനിന്നോ മൃതദേഹത്തിൽനിന്നോ വീണ്ടെടുത്തതോ ആയ വെടിയുണ്ടയിലെ പോറലുകളും, കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളുടെ തോക്ക് ഉപയോഗിച്ച് പരീക്ഷണാർഥം വെടിവച്ചപ്പോൾ വെടിയുണ്ടയിലുണ്ടായ പോറലുകളും മൈക്രോസ്‌കോപ്പിലൂടെ നോക്കി നടത്തുന്ന സൂക്ഷ്മമായ താരതമ്യപഠനത്തിൽ, ആദ്യത്തേതിനു സമാനമായ പോറലുകളാണ് രണ്ടാമത്തേതിലുമെന്ന് കണ്ടെത്തുന്നതായാൽ, ആ തോക്കുതന്നെയാണ് കുറ്റവാളി വെടിവയ്ക്കാൻ ഉപയോഗിച്ചതെന്ന് തീരുമാനിക്കാനാവുന്നതാണ്.

വെടിവയ്ക്കുമ്പോൾ തോക്കിന്റെ ഫയറിംഗ് പിൻ തുടങ്ങിയ ഭാഗങ്ങൾ കാർട്രിജ് കെയ്‌സിൽ പാടുകൾ വീഴ്ത്തുന്നുണ്ട്. ഒരു തോക്കിൽനിന്ന് ഇപ്രകാരം വീഴ്ത്തപ്പെടുന്ന പാടുകൾ മറ്റൊരു തോക്കിൽനിന്ന് വീഴ്ത്തപ്പെടുന്ന പാടുകളിൽനിന്ന് എപ്പോഴും വിഭിന്നമായിരിക്കും. കുറ്റകൃത്യസ്ഥലത്തുനിന്ന് കണ്ടെടുത്ത കാർട്രിജിലെ പാടുകളും, കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്നയാളുടെ തോക്ക് ഉപയോഗിച്ച് പരീക്ഷണാർഥം വെടിവച്ചപ്പോൾ കാർട്രിജിലുണ്ടായ പാടുകളും സമാനങ്ങളാണെന്ന് മേൽപറഞ്ഞ പ്രകാരം നടത്തുന്ന താരതമ്യപഠനത്തിൽ കണ്ടെത്തുന്നതായാലും, ആ തോക്കുതന്നെയാണ് കുറ്റവാളി വെടിവയ്ക്കാൻ ഉപയോഗിച്ചതെന്ന് തീരുമാനിക്കാവുന്നതാണ്. കൂടാതെ ശരീരത്തിൽ വെടിയുണ്ട തുളച്ചുകയറിയുണ്ടായ മുറിവിനു ചുറ്റുമായി പറ്റിപ്പിടിച്ചിരിക്കുന്ന കാരീയനിക്ഷേപം അടിസ്ഥാനപ്പെടുത്തി. അക്രമി എന്തകലത്തിൽനിന്നാണ് വെടിവച്ചതെന്ന് കണക്കാക്കിയെടുക്കുന്നതിനും ബാലിസ്റ്റിക്‌സ് വിദഗ്ധർക്ക് കഴിയുന്നതാണ്.

മൊബൈലും സിംകാർഡും

മൊബൈൽ ഫോൺ ഉടമയെ തിരിച്ചറിയുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമെന്ന നിലയിൽ, ആ ഫോണിൽ നിക്ഷേപിക്കുന്ന അയാളുടെ ഫോൺ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള മെമ്മറി ചിപ്പ് ആണ് സിംകാർഡ് (sim card). ഈ ഫോണിലേക്ക് വരുന്നതും ഇതിൽനിന്ന് പോകുന്നതുമായ കോളുകൾ സംബന്ധിക്കുന്ന വിവരങ്ങൾ സിംകാർഡിൽ രേഖപ്പെടുത്തിയിരിക്കും. അതിനാൽ കുറ്റവാളിയെ പിടികൂടുന്ന കാര്യത്തിൽ, കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളുടെ പക്കൽനിന്നോ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഥലത്തുനിന്നോ ലഭിക്കുന്ന മൊബൈൽ ഫോണോ സിംകാർഡോ കുറ്റാന്വേഷിക്ക് വളരെയേറെ സഹായകമായിരിക്കുന്നതാണ്.

(അവലംബം)