മാപ്പുസാക്ഷിയും മരണമൊഴിയും

അബൂആദം അയ്മൻ

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

മാപ്പുസാക്ഷി

സെഷൻസ് കോടതികളിലും അസിസ്റ്റന്റ് സെഷൻസ് കോടതികളിലും സ്‌പെഷൽ കോടതികളിലും വിചാരണചെയ്യുന്നതും, പ്രതിക്ക് ഏഴോ അതിലധികമോ വർഷത്തെ തടവുശിക്ഷ നൽകാവുന്നതുമായ കേസുകളിൽ, ആവശ്യമായ തെളിവുകൾ ലഭിക്കുക പ്രയാസമായിവരുമ്പോൾ, കുറ്റകൃത്യത്തിൽ പങ്കുള്ളവരെന്നു സംശയിക്കപ്പെടുന്നവർക്കു മാപ്പുനൽകി, അവരെ സാക്ഷികളായി വിസ്തരിക്കാറുണ്ട്. അറിവിൽപ്പെട്ട എല്ലാ വസ്തുതകളും സാഹര്യങ്ങളും പൂർണമായും സത്യസന്ധമായും ബോധിപ്പിച്ചുകൊള്ളണമെന്ന വ്യവസ്ഥയിന്മേൽ മാപ്പുനൽകപ്പെടുന്ന ഇവർ വ്യവസ്ഥകൾ ലംഘിച്ചാൽ ഇവരെ പ്രതികളാക്കി കേസ് വിചാരണ നടത്തുന്നതിനും നിയമവ്യവസ്ഥയുണ്ട്.

ക്രിമിനൽ കേസ് പ്രതിക്കെതിരായ കുറ്റം പ്രോസിക്യൂഷൻ ഭാഗത്തിന് സംശയാതീതമായി (beyond the shadow of doubt) തെളിയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമെ, പ്രതി കുറ്റക്കാരനെന്നു വിധിക്കാൻ കോടതിക്ക് ആവുകയുള്ളു. മാത്രമല്ല, സംശയത്തിന്റെ ആനുകൂല്യം (benefit of doubt) പ്രതിക്ക് ലഭിക്കുന്നതുമാണ്. ഈ ആനുകൂല്യം സിവിൽ കേസ് പ്രതിക്ക് ലഭിക്കുന്നതല്ല.

വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന സ്ത്രീയുടെ, താൻ ഗർഭിണിയാണെന്ന വാദം (plea of pregnancy) ശരിയെന്നുവന്നാൽ, ഹൈക്കോടതി ക്രിമിനൽ നടപടിനിയമം 416ാം വകുപ്പുപ്രകാരം വധശിക്ഷ ജീവപര്യന്തം തടവായി ലഘുകരിച്ചിരിക്കേണ്ടതാണ്.

മരണമൊഴി

ക്രിമിനൽ കേസിൽ കൊല്ലപ്പെട്ടയാളിൽനിന്ന് മരണത്തിനുമുമ്പായി ലഭിച്ചുകഴിഞ്ഞ മൊഴി വളരെ വിലപ്പെട്ട ഒരു തെളിവാണ്. ഒരാൾ അത്യാസന്നനിലയിൽ മരണവും പ്രതീക്ഷിച്ചു കഴിയവെ, തന്റെ മരണത്തിനിടയാക്കുന്നതോ ഇടയാക്കിയേക്കാവുന്നതോ ആയ ആ സംഭവത്തെയും അതിനിടയാക്കിയ സാഹചര്യങ്ങളെയും മറ്റും പറ്റി മജിസ്‌ട്രേറ്റിനോ, തന്നെ ചികിത്സിക്കുന്ന ഡോക്ടർക്കോ, രണ്ടുപേരുടെ സാന്നിധ്യത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനോ നൽകുന്ന മൊഴിയാണ് മരണമൊഴി (dying declaration).

ഇന്ത്യയിൽ ഇപ്രകാരം ഒരു അവസരത്തിൽ അയാൾ മരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും, കോടതി ആ മൊഴി സംഗതമായ തെളിവായി സ്വീകരിക്കുന്നതാണ്. ഒരാളുടെ മരണം പ്രശ്‌നമായിവരുന്ന ക്രിമിനൽ കേസുകളിൽ മാത്രമല്ല, സിവിൽ കേസുകളിലും (ഉദാ: റയിൽവേ അപകടത്തിൽ മരണപ്പെട്ടയാളുടെ അവകാശികൾ ബോധിപ്പിക്കുന്ന നഷ്ടപരിഹാരക്കേസ്) അയാളുടെ ഇത്തരം മൊഴി സംഗതമായ തെളിവായിരിക്കും.

അത്യാസന്നനിലയിൽ കഴിയുന്ന ഒരാൾ ഇതുപോലൊരു സന്ദർഭത്തിൽ സത്യം പറയാൻ നിർബന്ധിതമാകുമെന്നും സംഭവത്തിന്റെ മുഖ്യസാക്ഷി കൂടിയായ അയാളുടെ ആ മൊഴി സത്യം ചെയ്തു നൽകുന്ന മൊഴിക്കു തുല്യമാകുമെന്നുമുള്ള അനുമാനമാണ് ഇത്തരം മൊഴിയുടെ സ്വീകാര്യതയ്ക്കുള്ള അടിസ്ഥാനം.

(അവലംബം)