അന്വേഷണ ഏജൻസികൾ

അബൂ ആദം അയ്മൻ

2023 ജൂലൈ 29 , 1444 മുഹറം 11

സിബിഐ

ഡൽഹി ആസ്ഥാനമായാണ് കേന്ദ്ര കുറ്റാന്വേഷണവകുപ്പ് (Central Bureau of Investigation - CBI) പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ ഉത്തരവാകുന്നതായ ക്രിമിനൽ കേസുകളുടെയും രാജ്യതാൽപര്യം പരിഗണിച്ചും കേസിന്റെ ഗൗരവം കണക്കിലെടുത്തും പൊതുജനങ്ങളുടെ വികാരങ്ങൾ മുൻനിർത്തിയും മറ്റും, സംസ്ഥാന ഗവണ്മെന്റുകൾ നടത്തുന്ന അഭ്യർഥനയെ അടിസ്ഥാനമാക്കി കേന്ദ്രഗവണ്മെന്റ് ഉത്തരവാകുന്നതായ ക്രിമിനൽ കേസുകളുടെയും അന്വേഷണച്ചുമതല സിബിഐക്കായിരിക്കും. ക്രിമിനൽ കുറ്റാന്വേഷണകാര്യങ്ങൾ സംബന്ധിച്ച് ഇന്റർപോളുമായും വിദേശരാജ്യങ്ങളിലെ പൊലീസുമായും സമ്പർക്കം പുലർത്തുന്നതിനും സഹകരിച്ചു പ്രവർത്തിക്കുന്നതിനുമുള്ള ചുമതലയും സിബിഐക്കുണ്ട്. ഡയറക്ടർ മേധാവിയായുള്ള സിബിഐക്ക് സംസ്ഥാനം തോറും യൂണിറ്റുകളുമുണ്ട്.

എൻഐഎ

ഭീകരപ്രവർത്തന വിരുദ്ധനിയമം നടപ്പിലാക്കുന്നതിനും ഭീകരപ്രവർത്തനങ്ങളോടു ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുതിനും അധികാരപ്പെട്ടതാണ് ദേശീയ കുറ്റാന്വേഷണവകുപ്പ് (National Investigation Agency-NIA). രാജ്യത്തെമ്പാടുമുള്ള തീവ്രവാദ ബന്ധ കേസുകളെപ്പറ്റി അതത് സംസ്ഥാനങ്ങളുടെ പ്രത്യേകാനുമതിയൊന്നും കൂടാതെ തന്നെയോ, അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനം ആവശ്യപ്പെടുന്നതായാലോ അന്വേഷിക്കുന്നതിന് എൻഐഎക്ക് അധികാരമുണ്ട്.

രാജ്യത്തിന്റെ പരമാധികാരത്തെയോ അഖണ്ഡതയെയോ ചോദ്യം ചെയ്യുക, ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകുക, ഭീകരപ്രവർത്തനങ്ങൾക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് അതിലേക്കുള്ള പരിശീലനം നൽകുക, ബോംബുകൾ, ഡൈനാമൈറ്റുകൾ തുടങ്ങിയവ പ്രയോഗിക്കുക, തീവയ്പു നടത്തുക, വിമാനങ്ങൾ റാഞ്ചുക മുതലായവ ഉൾപ്പെടെ രാജ്യത്തിന്റെ ഏതു ഭാഗത്തും ഉണ്ടാകുന്ന ഇത്തരം ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎയെക്കൊണ്ട് അന്വേഷിപ്പിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവണ്മെന്റിന് അധികാരമുണ്ട്. ഇവയ്ക്കു പുറമെ കള്ളനോട്ടു കേസുകൾ, ആണവോർജ നിയമലംഘനക്കേസുകൾ മുതലായവയെക്കുറിച്ച് അന്വേഷിക്കുന്നതിനും എൻഐഎക്ക് അധികമുണ്ട്. എൻഐഎയുടെ അന്വേഷണങ്ങൾക്ക് സംസ്ഥാനങ്ങൾ എല്ലാവിധ സഹായങ്ങളും നൽകിയിരിക്കണം. തീവ്രവാദക്കേസുകളോ ഇതര കേസുകളോ അന്വേഷിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനുള്ള സംസ്ഥാന ഗവണ്മെന്റുകളുടെ അധികാരങ്ങളെ എൻഐഎ നിയമത്തിലെ അന്വേഷണവ്യവസ്ഥകൾ ഒരുവിധത്തിലും ബാധിക്കുന്നതല്ല.

വിപുലമായ അധികാരങ്ങളോടുകൂടിയ ഈ ദേശീയ കുറ്റാന്വേഷണ വകുപ്പ് 2008 ഡിസംബറിലാണ് നിലവിൽ വന്നത്. മുംബൈയിൽ 2008 നവംബർ 26ന് അരങ്ങേറിയ ഭീകരാക്രമണപരമ്പരയാണ് ഇത്തരം ദേശീയ കുറ്റാന്വേഷണവകുപ്പ് രൂപവൽക്കരിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. എൻഐഎയുടെ മേധാവി ഡയറക്ടർ ജനറലാണ്. ഡൽഹിയാണ് ആസ്ഥാനം.

ഇന്റർ പോൾ

അംഗരാജ്യങ്ങളിലെ പൊലീസി നെ, രാജ്യാന്തരതലത്തിൽ നടത്തുന്ന കുറ്റാന്വേഷണങ്ങളിൽ സഹായിക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള രാജ്യാന്തര ക്രിമിനൽ പൊലീസ് സംഘടനയാണ് ഇന്റർ പോൾ (Inter Pol). വിയന്ന ആസ്ഥാനമായി 1923ൽ രൂപവൽക്കരിക്കപ്പെട്ട ഇന്റർ പോൾ, പാരീസ് നഗരത്തിലുള്ള സെന്റ് കൗഡിലേക്ക് 1946ൽ ആസ്ഥാനം മാറ്റി. എന്നാൽ 1986 മെയ് മാസത്തിൽ നടന്ന ബോംബ് സ്‌ഫോടനത്തെത്തുടർന്ന് ഇന്റർ പോൾ ആസ്ഥാനം ഫ്രാൻസിലെതന്നെ ലിയോൺ നഗരത്തിലേക്ക് മാറ്റുകയുണ്ടായി.

ക്രിമിനൽ കേസുകൾ തെളിയിക്കുന്നതിലുള്ള തന്ത്രങ്ങളിലൂടെയും വൈദഗ്ധ്യത്തിലൂടെയും നൈപുണ്യത്തിലൂടെയും ലോക പ്രസിദ്ധിയാർജിക്കാൻ കഴിഞ്ഞിട്ടുള്ള ബ്രിട്ടനിലെ സ്‌കോട്ട്‌ലൻഡ് യാഡി (ScotlandYard)നെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. ലണ്ടൻ സിറ്റി പൊലീസിന്റെ ഈ സിഐഡി വിഭാഗം, സിറ്റി പൊലീസ് ആസ്ഥാനമായ ലണ്ടനിലെ സ്‌കോട്ട്‌ലൻഡ് യാഡിന്റെ പേരിലാണ് അറിയപ്പെടുന്നത്. ബ്രിട്ടനിലെമ്പാടുമുള്ള പൊലീസ്, ലണ്ടൻ നഗരത്തിലെ കുറ്റാന്വേഷണത്തിന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്ന ഈ സിഐഡി വിഭാഗത്തിന്റെ സഹായം വിഷമകരമായ കേസുകളിൽ തേടാറുണ്ട്.

സിവിസി

കേന്ദ്ര ഗവണ്മെന്റ്, കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾ മുതലായവയിലെ ഉദ്യോഗസ്ഥന്മാർക്കെതിരായ അഴിമതിയാരോപണങ്ങളെപ്പറ്റിയും അവർക്കെതിരായ പരാതികളെക്കുറിച്ചും അഴിമതിനിരോധന നിയമവും ഇന്ത്യൻ ശിക്ഷാനിയമവും പ്രകാരമുള്ള അന്വേഷണം നടത്തി, ഗവണ്മെന്റിന് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായിട്ടുള്ള സമിതിയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ (Central Vigilance Commission- CVC). കേന്ദ്ര വിജിലൻസ് കമ്മീഷണർ അധ്യക്ഷനായുള്ള ഈ സമിതിയിൽ, രണ്ടു വിജിലൻസ് കമ്മീഷണർമാർ അംഗങ്ങളായുമുണ്ടായിരിക്കും. ഡൽഹിയാണ് കമ്മീഷന്റെ ആസ്ഥാനം.

വിഎസിബി

സംസ്ഥാന ഗവണ്മെന്റിന്റെ അഴിമതിനിരോധന-അഴിമതി വിരുദ്ധ പ്രവർത്തന വകുപ്പ് (Vigilance and Anti-Corruption Bureau- VACB). വിജിലൻസ് വകുപ്പ് എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ മുതലായവരുടെ അഴിമതി, പെരുമാറ്റദൂഷ്യം, അവർക്കെതിരായ പരാതികൾ മുതലായവയെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ഈ വകുപ്പിന്റെ മുഖ്യചുമതല. വിജിലൻസ് വകുപ്പിന്റെയും ആന്റി കറപ്ഷൻ ബ്യൂറോയുടെയും മേധാവിയായ വിജിലൻസ് ഡയറക്ടറാണ് വകുപ്പധ്യക്ഷൻ. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് ഈ വകുപ്പിന്റെ പ്രവർത്തനം.

സിഇഐബി

രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളെപ്പറ്റി രഹസ്യാന്വേഷണം നടത്തുന്ന മൂന്നു മുഖ്യവകുപ്പുകളിൽ ഒന്നാണ് കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ വകുപ്പ് (Central Economic Intelligence Bureau E IB). കള്ളക്കടത്ത്, നികുതിവെട്ടിപ്പ്, കുഴൽപ്പണം ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക വഞ്ചന മുതലായ, രാജ്യത്ത് നടമാടുന്ന വിവിധങ്ങളായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശേഖരിച്ച്, സാമ്പത്തിക ധനകാര്യവകുപ്പിലെ, ഇത്തരം കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾക്ക് ഇവയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുക, സാമ്പത്തിക കുറ്റങ്ങളോടും അതിൽ ഏർപ്പെടുന്നവരോടും പൊരുതുക, ഇത്തരം കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തു നടത്തുക, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, വിദേശനാണ്യസംരക്ഷണവും കള്ളക്കടത്തു നിരോധനവും സംബന്ധിച്ച നിയമം (കോഫെപോസ) പൂർണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക മുതലായവ സിഇഐബിയുടെ ചുമതലകളിൽപ്പെടുന്നു. ഡയറക്ടർ ജനറൽ ആണ് മേധാവി. ഡൽഹിയാണ് ആസ്ഥാനം.

(അവലംബം)