നമ്മുടെ രാജ്യത്തെ കോടതികൾ - 24

അബൂആദം അയ്മൻ

2023 ജനുവരി 28, 1444 റജബ് 5

ക്രിമിനൽ കേസുകൾ

ക്രിമിനൽ കേസുകൾക്ക് അടിസ്ഥാനമായ കുറ്റങ്ങൾ പലവിധമുണ്ട്. കോടതിയുടെ വാറന്റ് കൂടാതെ പ്രതിയെ അറസ്റ്റുചെയ്യാനും പ്രതിക്കെതിരെ നേരിട്ട് കേസെടുക്കാനും പൊലീസിന് കഴിയുന്ന കുറ്റം (cognisable offence) ആണ് ഇവയിൽ ഒരിനം. മറ്റൊന്ന് കോടതിയുടെ വാറന്റ് കൂടാതെ പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാനാവാത്തതായുള്ള കുറ്റവും (non-cognisable offence). മേൽപറഞ്ഞ തരംതിരിവുകൾ കുറ്റകൃത്യങ്ങളുടെ ലഘുത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഇതരവിഭാഗം കുറ്റങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

ജാമ്യം അനുവദിക്കപ്പെടാവുന്നതായ കുറ്റം (bailable offence), ശാരീരികമായ ഉപദ്രവം ഏൽപിക്കുകയെന്ന കുറ്റം (offence against person), വസ്തുവിന് നാശമോ നഷ്ടമോ വരുത്തുകയെന്ന കുറ്റം (Offence against propetry), സമൂഹത്തിന്റെ പൊതുവായ പ്രശാന്തതയെയും സമാധാനത്തെയും കുഴപ്പത്തിലാക്കുകയെന്ന കുറ്റം (offence against public order), പൂർത്തീകരിക്കപ്പെടാത്ത കുറ്റങ്ങൾ- കുറ്റശ്രമം, പ്രേരണക്കുറ്റം, ഗൂഢാലോചന മുതലായവ (inchoate offences), കോടതിയിൽ വിചാരണ ചെയ്യാവുന്ന ഗുരുതരമായ കുറ്റം indictable offence), മജിസ്‌ട്രേറ്റ് കോടതിയിൽ മാത്രം വിചാരണ ചെയ്യാവുന്ന ലഘുവായുള്ള കുറ്റം (summary offence), വധശിക്ഷക്ക് അർഹമായ കുറ്റം (capital offence or capital crime).

വിവരസാങ്കേതികവിദ്യാമേഖലയിലെ കുറ്റകൃത്യങ്ങൾ (cyber crime) എന്ന ഒന്ന് ഉള്ളതിനെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്റർനെറ്റ് സന്ദേശം ചോർത്തിയെടുത്ത് അതിൽ കൃത്രിമം കാട്ടുക, വ്യാജസന്ദേശം നൽകി ബാങ്കിൽനിന്ന് പണം തട്ടുക, അനധികൃതമായി അന്യരുടെ വെബ് വിലാസങ്ങളും പാഡുകളും കൈക്കലാക്കുക, ഏതെങ്കിലും പ്രശസ്ത വ്യക്തിയെ വധിക്കുമെന്നോ ഏതെങ്കിലും ഗവൺമെന്റ് മന്ദിരം ബോംബുവച്ച് തകർക്കുമെന്നോ മറ്റോ കാണിച്ചുള്ള വ്യാജഭീഷണി സന്ദേശങ്ങൾ ഇന്റർനെറ്റിലൂടെ അയക്കുക, ഇന്റർനെറ്റിലൂടെ അശ്ലീലം പ്രചരിപ്പിക്കുകയോ വ്യക്തികളുടെ-പ്രത്യേകിച്ചും പെൺകുട്ടികളുടെ- ഫോട്ടോകളിൽ കൃത്രിമം കാണിച്ച് അവരെ നഗ്‌നരാക്കിയോ മറ്റു മോശമായ രീതിയിലോ പ്രദർശിപ്പിക്കുകയോ ചെയ്യുക, സോഫ്റ്റ് വെയർ ഉൽപന്ന നിർമാതാക്കളുടെ അനുമതിയോ അംഗീകാരമോ കൂടാതെയും യാതൊരുവിധ അവകാശവുമില്ലാതെയും സോഫ്റ്റ് വെയറിന്റെ വ്യാജകോപ്പികൾ വൻതോതിലെടുത്ത് അനധികൃതമായി (താണവിലയ്ക്ക്) വിറ്റ് വമ്പിച്ച ലാഭമുണ്ടാക്കുക മുതലായവ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതാണ്.

കുറ്റവാളി തനിക്കെതിരായ കേസിൽ കോടതിയിൽ ഹാജരാകാതെ വരുന്നപക്ഷം അയാളെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുന്നതായിരിക്കും. ക്രിമിനൽ നടപടി നിയമപ്രകാരം, കുറ്റവാളിയെയോ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളെയോ അറസ്റ്റ് ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതിയോ സിവിൽനടപടി നിയമപ്രകാരം വിധിനടത്തലിൽ വിധികടക്കാരനെയോ സിവിൽ കേസിൽ വിധിക്കു മുമ്പായി ആവശ്യമെങ്കിൽ പ്രതിയെയോ അറസ്റ്റ് ചെയ്യാൻ സിവിൽ കോടതി പൊലിസിനോ ഉദ്യോഗസ്ഥർക്കോ അധികാരം നൽകിക്കൊണ്ട് പുറപ്പെടുവിക്കുന്ന രേഖാമൂല ഉത്തരവാണ് അറസ്റ്റ് വാറന്റ് (arrest warrant or warrant of arrest). എന്തെങ്കിലും നിർവഹിക്കുന്നതിനുള്ള നിയമാനുസൃത അധികാര പത്രമാണല്ലോ വാറന്റ്. അറസ്റ്റ് വാറന്റ് കൂടാതെ വേറെയും പലതരം വാറന്റുകളുണ്ട്. യലിരവ ംമൃൃമി-േകുറ്റാരോപണങ്ങൾക്ക് സമാധാനം ബോധിപ്പിക്കാൻ കോടതിയിൽ ഹാജറാകാൻ കൂട്ടാക്കാത്ത പ്രതിയെ അറസ്റ്റുചെയ്യാൻ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്, committal warrant കുറ്റക്കാരനെന്നു കണ്ട് തടവു ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ ജയിലിലേക്ക് അയച്ചുകൊണ്ടുള്ള കോടതി ഉത്തരവ്, death warrant (black warrant) മരണ വാറന്റ്, മരണശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നടപ്പാക്കാനുള്ള കോടതി ഉത്തരവ്, distraint warrant-ജംഗമങ്ങൾ ജപ്തി ചെയ്യുന്നതിനുള്ള കോടതി ഉത്തരവ്, exstradition warrant- ഒരു രാജ്യത്ത് കുറ്റം ചെയ്തശേഷം അവിടെനിന്നും രക്ഷപ്പെട്ട് മറ്റൊരു രാജ്യത്തേക്കു കടന്ന പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റവിചാരണക്കായി കുറ്റകൃത്യം നടന്ന രാജ്യത്തെ ഏൽപിക്കുന്നതിനായി ആ രാജ്യത്തെ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്, production warrant ജയിലിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതിയെ തന്റെ പേരിലുള്ള കുറ്റങ്ങൾക്ക് സമാധാനം ബോധിപ്പിക്കുന്നതിനു വേണ്ടി കോടതിയിൽ ഹാജറാക്കാൻ പൊലീസിനു നിർദേശം നൽകിക്കൊണ്ടുള്ളതായ ആ കോടതിയുടെ ഉത്തരവ്, release warrant-തടങ്കലിൽ കഴിയുന്നയാളെ മോചിപ്പിക്കാൻ നിർദേശിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്, search warrant കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവരെ തിരയുന്നതിനോ, മോഷണസാധനങ്ങളോ നിരോധിക്കപ്പെട്ടിട്ടുള്ളതോ അപകടകരമായതോ ആയ വസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടോയെന്നു കണ്ടുപിടിക്കുന്നതിനോ, സമൻസ് പ്രകാരം ഹാജരാകാത്ത കക്ഷിയെ കണ്ടുപിടിച്ച് കോടതിയിൽ ഹാജരാക്കുന്നതിനോ, ഹാജരാക്കാതെ വരുന്ന പ്രമാണങ്ങളോ സാധനങ്ങളോ കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കുന്നന്നതിനോ, അന്യായത്തടങ്കലിൽ കഴിയുന്നയാളെ മോചിപ്പിക്കുന്നതിനോ വേണ്ടി, വീടുകളിലും കെട്ടിടങ്ങളിലും പരിസരങ്ങളിലും പ്രവേശിച്ച് തെരച്ചിലോ പരിശോധനയോ നടത്താൻ പൊലീസിന് അനുമതി നൽകിക്കൊണ്ട് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റോ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയോ സിവിൽ കോടതിയോ നൽകുന്ന രേഖാമൂല ഉത്തരവ്, transit warrant-പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്ന ക്രിമിനൽ കേസ് പ്രതിയെ വേറൊരു കേസിലേക്കായി ഒരു നിർദിഷ്ട തീയതിക്കകം മറ്റൊരു സ്ഥലത്തുള്ള വിചാരണക്കോടതിയിൽ ഹാജരാക്കാൻ പ്രസ്തുത പൊലീസിന് അനുമതി നൽകിക്കൊണ്ട് ആ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്, warrant of commitment--ഒരു ക്രിമിനൽ കേസ് ഫയലിൽ സ്വീകരിക്കുന്ന മജിസ്‌ട്രേറ്റ്, പ്രതിക്കെതിരായ കേസ് സെഷൻസ് കോടതിയിൽ വിചാരണചെയ്യേണ്ടതാണെന്ന് ബോധ്യപ്പെട്ട്, ഹാജരാക്കപ്പെട്ടിട്ടുള്ള എല്ലാ രേഖകളും സഹിതം കേസ് ആ കോടതിയിലേക്ക് അയക്കുന്നതിനായി പുറപ്പെടുവിക്കുന്ന ഉത്തരവ്, warrant of execution -വിധി നടത്തൽ ഉത്തരവ്.

കോടതിക്ക് അറസ്റ്റിൽ കഴിയുന്നവർക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിൽ കഴിയുന്ന ഒരാളുടെ, വിചാരണ നേരിടാൻ താൻ കോടതിയിൽ ഹാജരാകുമെന്നതിന് ഉറപ്പായി കോടതി നിർദേശിക്കുന്ന തുകയ്ക്കുള്ള സ്വന്തം ജാമ്യത്തിന്മേലുള്ളതോ അല്ലെങ്കിൽ ഇതിനും പുറമെ ഒന്നോ അതിലധികമോ ആളുകളുടെ ജാമ്യത്തിന്മേലും കൂടിയുള്ളതോ ആയ മോചനമാണ് ജാമ്യത്തിന്മേലുള്ള മോചനം (bailment).

കുറ്റകൃത്യം നടത്തിയ രാജ്യത്തുനിന്ന് രക്ഷപ്പെട്ട കുറ്റവാളി എത്തിച്ചേർന്ന രാജ്യത്തെ ഗവണ്മെന്റ്, അയാളെ കുറ്റവിചാരണയ്ക്കായി രക്ഷപ്പെട്ടുപോന്ന രാജ്യത്തിന്റെ ആവശ്യപ്രകാരം ആ രാജ്യത്തിന് വിട്ടുകൊടുക്കുന്ന നടപടിയാണ് എക്‌സ്‌ട്രെഡിഷൻ (etxradition).

പൊലീസിന് നേരിട്ട് അന്വേഷണം നടത്താവുന്ന കേസുകളിൽ പരാതി ബോധിപ്പിക്കേണ്ടത് പൊലീസ് സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ പക്കലാണ്. പരാതി പൊലിസ് ഉദ്യോഗസ്ഥൻ എഴുതിയെടുക്കും. പ്രഥമവിവര പ്രസ്താവന (First Information Statement-FIS) എന്ന് ഇത് അറിയപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മജിസ്‌ട്രേറ്റ് കോടതിക്ക് അയക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥൻ തയ്യാറാക്കുന്ന റിപ്പോർട്ടാണ് പ്രഥമ വിവര റിപ്പോർട്ട് (First Information Report-FIR).

(അവലംബം)