പൊലീസിന്റെ കർത്തവ്യങ്ങൾ

അബൂ ആദം അയ്മൻ

2023 നവംബർ 04 , 1445 റ.ആഖിർ 20

പൊലീസ് സ്റ്റേഷൻ

പൊലീസ് സ്റ്റേഷനുകൾ പൊലീസിന്റെ കർത്തവ്യനിർവഹണത്തിനായും പൊലീസ് സേവനങ്ങൾ ആവശ്യമായിവരുന്ന പൊതുജനങ്ങൾക്കുവേണ്ടിയും സദാ പ്രവർത്തനക്ഷമവും ജാഗരൂകവുമായിരിക്കേണ്ടതാണ്.

സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വനിതാ പൊലീസ് സ്റ്റേഷനുകളും ഉണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഫലപ്രദമായി തടയുകയും, അവർ ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്ത് വേഗത്തിൽ പരിഹാരം കാണുകയും ചെയ്യുക ലക്ഷ്യമാക്കിയിട്ടുള്ള വനിതാ പൊലീസ് സ്റ്റേഷന്റെ ചുമതല വനിതാ പൊലീസ് സബ് ഇൻസ്‌പെക്ടർക്കായിരിക്കും. വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും, വനിതാ സിവിൽ പൊലീസ് ഓഫീസർമാരുമായിരിക്കും ഇവരുടെ കീഴിൽ പ്രവർത്തിക്കുക. ഇന്ത്യയിലെതന്നെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷനാണ് 1973ൽ സ്ഥാപിതമായ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷൻ.

പൊലീസിന്റെ കർത്തവ്യങ്ങൾ

കേരള പൊലീസിന്റെ കർത്തവ്യങ്ങളെയും ചുമതലകളെയും കുറിച്ചെല്ലാം കേരള പൊലീസ് ആക്ടിൽ (2011ലേത്) സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പൊലീസിന്റെ ചുമതലകൾ ഇവയാണ്:

ജനങ്ങൾക്കിടയിൽ പൊലീസ് കക്ഷിഭേദമൊന്നും കൂടാതെ നിയമം നടപ്പിലാക്കിയിരിക്കണം. എല്ലാവരുടെയും ജീവൻ, സ്വാതന്ത്ര്യം, സ്വത്ത്, മനുഷ്യാവകാശങ്ങൾ, അന്തസ്സ് എന്നിവ നിയമാനുസൃതം സംക്ഷിച്ചിരിക്കണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം കാത്തുസൂക്ഷിക്കുകയും തീവ്രവാദപ്രവർത്തനങ്ങൾ, വർഗീയ അക്രമം, ആഭ്യന്തരകലാപം മുതലായവയ്‌ക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യണം. പൊതുസുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും കാത്തുസൂക്ഷിക്കുകയും പൊതുസമാധാനം നിലനിർത്തുകയും ചെയ്യണം. പൊതുജനങ്ങളെ അപായങ്ങളിൽനിന്നും ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കണം. റോഡുകൾ, റെയിൽവേ, പാലങ്ങൾ, സ്ഥാപനങ്ങൾ എന്നിവയടക്കമുള്ള എല്ലാ പൊതുസ്വത്തുക്കളും സംരക്ഷിക്കണം. നിയമപരമായുള്ള അധികാരങ്ങൾ പരമാവധി ഉപയോഗിച്ചു കൂറ്റകൃത്യങ്ങൾ തടയുകയും, ക്രമേണ കുറച്ചുകൊണ്ടുവരികയും വേണം. കുറ്റകൃത്യങ്ങളെക്കുറിച്ച് നിയമാനുസരണ അന്വേഷണം നടത്തി കുറ്റവാളികളെ യഥാവിധിയുള്ള നിയമനടപടികൾക്ക് വിധേയമാക്കണം. എല്ലാ പൊതുസ്ഥലങ്ങളിലും ട്രാഫിക്ക് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യണം. കുറ്റകൃത്യങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനും പരിഹരിക്കുന്നതിനും ശ്രമിക്കണം. പ്രകൃതിക്ഷോഭം മൂലമുള്ളതോ അല്ലാത്തതോ ആയ ദുരന്തമോ അത്യാഹിതമോ അപായമോ ഉണ്ടായെന്നാൽ അടിയന്തിരമായി ഇടപെടുകയും, ഇതിന്റെയൊക്കെ ഫലമായി ക്ലേശങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഉചിതമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യണം. പൊലീസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും സഹായകമായ വിവരങ്ങൾ സമാഹരിക്കുകയും പരിശോധിക്കുകയും ചെയ്യണം. കസ്റ്റഡിയിലെടുത്തിട്ടുള്ളവർക്ക് നിയമാനുസരണമുള്ള സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. ക്ഷമതയുള്ള അധികാരസ്ഥാനങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും നിയമാനുസൃതമായ എല്ലാ ഉത്തരവുകളും അനുസരിക്കുകയും നിയമാനുസൃതമായി നടപ്പിലാക്കുകയും ചെയ്യണം. പൊലീസ് സേനയുടെ ആന്തരിക അച്ചടക്കം പാലിക്കുകയും നിലനിർത്തുകയും ചെയ്യണം. ജനങ്ങൾക്കിടയിൽ പൊതുവെ സുരക്ഷിതത്വബോധം ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളിലോ തെരുവുകളിലോ, നിസ്സഹായരായോ നിരാലംബരായോ കാണപ്പെടുന്നവരുടെ; പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഭിന്നശേഷിയുള്ളവരുടെയും ചുമതല ഏറ്റെടുത്ത് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. തത്സമയം നിലവിലുള്ള നിയമത്താൽ ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങൾ പാലിച്ചിരിക്കണം. ഗവൺമെന്റ് അതുകാലങ്ങളിൽ നിയമാനുസൃതം ഏൽപിച്ചുകൊടുക്കുന്ന മറ്റു ചുമതലകൾ നിർവഹിക്കണം.