ഡിഎൻഎ പരിശോധന

അബൂ ആദം അയ്മൻ

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

(നമ്മുടെ രാജ്യത്തെ കോടതികൾ-34)

Deoxyribo Nucleic Acid (ഡി ഓക്‌സി റൈബോ ന്യൂക്ലെയിക് ആസിഡ്)ന്റെ ഹ്രസ്വരൂപമാണ് ഡി എൻഎ. എല്ലാ ജീവജാലങ്ങളുടെയും ജനിതകവസ്തുവായ ജീനുകൾ (genes) ശരീരകോശങ്ങളിലെ ക്രോമസോമുകൾക്ക് (chromosomes) ഉള്ളിൽ സ്ഥിതിചെയ്യുന്ന ഡിഎൻഎയിലാണ് അടങ്ങിയിരിക്കുന്നത്. ജീനുകളുടെ ജീവരാസ തന്മാത്രകളാണ് ഓരോ വ്യക്തിയുടെയും പ്രത്യേകമായുള്ള സവിശേഷതകൾക്ക് നിദാനം. മാതാവിന്റെയും പിതാവിന്റെയും ഈ സവിശേഷതകൾ അവരുടെ കുട്ടികൾക്കും (പൂർവികരുടെത് അവരുടെ അനന്തര തലമുറകൾക്കും) പാരമ്പര്യമായി പകർന്നുനൽകുന്നത് ക്രോമസോമുകളും അതിലെ ഡിഎൻഎയും അതിലെ ജീനുകളും വഴിയാണ്.

ഡിഎൻഎ പരിശോധന ഒരു കുട്ടിയുടെ പിതൃത്വമോ മാതൃത്വമോ നിർണയിക്കുന്നതിനോ കുറ്റവാളിയെ തിരിച്ചറിയുന്നതിനോ സഹായകമാകുന്ന കുറ്റമറ്റ പരിശോധനയാണ്. ഈ ശാസ്ത്രീയ പരിശോധന, ഒരാളുടെ ഡിഎൻഎ ഘടന അന്യനായ ഒരാളുടെ ഡിഎൻഎ ഘടനയോട് സമാനമാകുന്നതല്ല എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡിഎൻഎയുടെത് ഒരു ത്രിമാനഘടനയാണ്. അമേരിക്കൻ ജീവശാസ്ത്രവിദഗ്ധനായ ജെ.ഡി വാട്‌സണും ബ്രിട്ടീഷ് ജീവശാസ്ത്ര വിദഗ്ധനായ ഫ്രാൻസിസ് ക്രിക്കും ചേർന്ന് 1953 ഫെബ്രുവരി 28നാണ് ഈ ഘടന കണ്ടുപിടിച്ചത്. ഇവർക്ക് ഈ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തിൽ 1962ൽ നൊബേൽസമ്മാനം ലഭിക്കുകയുമുണ്ടായി.

മനുഷ്യകോശത്തിന്റെ ഇരു സാമ്പിളുകളും (ഉദാ: കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളുടെ ശരീരകോശവും കുറ്റകൃത്യം നടത്തിയ ആളുടേതുതന്നെയെന്ന് ഉറപ്പാക്കാവുന്ന സാഹചര്യങ്ങളിൽ കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നോ ബന്ധപ്പെട്ടതായ മറ്റേതെങ്കിലും സ്ഥലത്തുനിന്നോ ലഭിച്ചതായ ശരീരകോശവും) എടുത്താണ് ഡിഎൻഎ പരിശോധന നടത്തുന്നത്. ശരീരകോശമെന്നാൽ ശരീരത്തിലെ മാംസഭാഗമോ, രക്തമോ, ശുക്ലമോ, മറ്റേതെങ്കിലും ശരീരദ്രാവകമോ, അസ്ഥിയോ, മുടിയുടെ ചുവടുഭാഗമോ ആകാവുന്നതാണ്. ഈ പരിശോധനയിൽ രണ്ട് കോശസാമ്പിളുകളിലെയും ക്രോ മസോമുകളിലെ ഡിഎൻഎ ഘടനയുടെ പകർപ്പുകൾ (DNA Finger-Print) പ്രത്യേകം പ്രത്യേകം തയ്യാറാക്കി താരതമ്യം ചെയ്യുന്നതായിരിക്കും. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളുടെ കോശത്തിന്റെയും കുറ്റവാളിയുടെതു തന്നെയെന്ന് ഉറപ്പിക്കാവുന്ന കോശത്തിന്റെയും ഡിഎൻഎ ഘടനകൾ ഒന്നുതന്നെയാണെങ്കിൽ, അതുതന്നെയാണ് കുറ്റവാളിയെന്ന് ഉറപ്പിക്കാവുന്നതാണ്. ഡിഎൻഎ പരിശോധനാഫലം ലോകത്തെ എല്ലാ രാജ്യങ്ങളിലെയും കോടതികൾ സ്വീകാര്യയോഗ്യമായ കുറ്റമറ്റ തെളിവായി അംഗീകരിക്കുന്നുണ്ട്.

കുട്ടിയുടെ പിതൃത്വമോ മാതൃത്വമോ നിർണയിക്കുന്നതിന് മൂന്നുതരം ഡിഎൻഎ പരിശോധനകളുണ്ട്. മാതാവിന്റെ അണ്ഡകോശത്തിൽനിന്നുള്ള മൈറ്റോകോൺട്രിയൽ ഡിഎൻഎയും കൂട്ടിയുടെതും (ആൺകുട്ടിയുടെതോ പെൺകുട്ടിയുടെതോ) ഒന്നായിരിക്കും. ഇതുവഴി മാതൃത്വം ഉറപ്പിക്കാം. പിതാവിന്റെയും മകന്റെയും ‘വൈ’ ക്രോമസോം ഒന്നാണ്. ഇതിന്റെ പരിശോധനയിലൂടെ ആൺകുട്ടിയുടെ പിതൃത്വം സ്ഥിരീകരിക്കാം. പെൺകുട്ടിക്കു ‘വൈ’ ക്രോമസോം ഇല്ല. അതിനാൽ പെൺകുട്ടികളുടെ കാര്യത്തിൽ ഈ പരിശോധന സാധ്യമല്ല.

മൂന്നാമത്തേത് ജനറൽ ടെസ്റ്റ് ആണ്. ഡിഎൻഎ മാർക്കേഴ്‌സിലെ ഡി2, ഡി5, ഡി7 എന്നീ ഡിഎൻ എ മാർക്കുകളാണ് ഇതിനായി പരിഗണിക്കുക. എല്ലാ ഡിഎൻഎ മാർക്കുകൾക്കും രണ്ടു പകർപ്പുകൾ ഉണ്ടാകും. പരിശോധനയിൽ ഭർത്താവിന്റെ ഡി 2 ഡിഎൻഎ മാർക്കിൽ 29, 31 എന്നീ രണ്ട് അളവുകളും, ഭാര്യയുടെ ഡി 2 ഡിഎൻഎ മാർക്കിൽ28,30 എന്നീ രണ്ട് അളവുകളും, പരിശോധനയ്ക്കുള്ള കുട്ടിയുടെ ഡി 2 ഡിഎൻഎ മാർക്കിൽ 28, 31 എന്നി രണ്ട് അളവുകളും കണ്ടെത്തുന്നതായാൽ, മാതാവിൽനിന്ന് 28, പിതാവിൽനിന്ന് 31 എന്നീ അളവുകൾ കൂട്ടിക്ക് ലഭിച്ചതാണെന്നു വ്യക്തമാകുന്നതാണ്. ഇതുപോലെ ആറോ ഏഴോ ഡിഎൻഎ മാർക്കുകൾ പരിശോധിക്കുമ്പോഴും സമാനമായുള്ള ഫലങ്ങൾ ലഭിച്ചെന്നാൽ, ദമ്പതികളുടെതാണ് കുട്ടി എന്നതിന് ശാസ്ത്രീയമായ സ്ഥിരീകരണമായി.