സംസ്ഥാന സുരക്ഷാ കമ്മീഷൻ

അബൂ ആദം അയ്മൻ

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

(നമ്മുടെ രാജ്യത്തെ കോടതികൾ 40)

സംസ്ഥാന സുരക്ഷാ കമ്മീഷൻ (State Security Commission) പൊലീസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതുനയപരിപാടികൾ നടപ്പാക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും, പൊലീസിന്റെ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ പൊതുവായി വിലയിരുത്തുന്നതിനും വേണ്ടി കേരള പൊലീസ് ആക്ട് 24ാം വകുപ്പ് പ്രകാരമാണ് രൂപവൽക്കരിക്കപ്പെടുന്നത്. ആഭ്യന്തരമന്ത്രി ചെയർമാനായ കമ്മീഷനിൽ നിയമമന്ത്രി, പ്രതിപക്ഷനേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ് നാമനിർദേശം ചെയ്യുന്ന ഒരു റിട്ട. ഹൈക്കോടതി ജഡ്ജി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവികൂടിയായ ഡിജിപി (ഇവർ മൂവരും എക്‌സ് ഒഫീഷ്യോ), ക്രമസമാധാനപാലനം, ഭരണനിർവഹണം, മനുഷ്യാവകാശങ്ങൾ, നിയമം, സാമൂഹ്യസേവനം, പൊതുഭരണനടത്തിപ്പ് എന്നിവയിൽ വിപുലമായ വിജ്ഞാനവും പരിചയവുമുള്ള പ്രമുഖരായ വ്യക്തികളിൽനിന്ന് ഗവർണർ നാമനിർദേശം ചെയ്യുന്ന ഒരു വനിതയടക്കമുള്ള മൂന്ന് അനൗദ്യോഗികാംഗങ്ങൾ എന്നിവർ അംഗങ്ങളായിരിക്കും. സംസ്ഥാന പൊലീസ് മേധാവിയായിരിക്കും കമ്മീഷന്റെ സെക്രട്ടറി.

കമ്മീഷന്റെ ചുമതലകൾ ഇനി പറയുന്നവയാണ്: സംസ്ഥാനത്ത് പൊലീസ് സേന പ്രവർത്തിക്കുന്നതിനുള്ള പൊതുവായ മാർഗനിർദേശങ്ങൾക്ക് രൂപം നൽകുക, പൊലീസിന്റെ കുറ്റകൃത്യ നിവാരണദൗത്യത്തിന്റെയും സേവനാധിഷ്ഠിത പ്രവർത്തനങ്ങളുടെയും നടത്തിപ്പിനായുള്ള നിർദേശങ്ങൾ നൽകുക, പൊതുവിൽ സംസ്ഥാനത്തെ പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക, കമ്മീഷന്റെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കി ഗവൺമെന്റിനു സമർപ്പിക്കുക, സംസ്ഥാന പൊലീസിന്റെ കാലാകാലങ്ങളിൽ ഉണ്ടാകേണ്ട മാറ്റങ്ങൾക്ക് മാർഗനിർദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുക, ഗവൺമെന്റ് ഏൽപിച്ചു നൽകുന്ന മറ്റു ചുമതലകൾ നിർവഹിക്കുക.

സൈന്യത്തെപ്പറ്റി അൽപം

ഇന്ത്യയുടെ സർവസൈന്യാധിപൻകൂടിയായ രാഷ്ട്രപതിയുടെ കീഴിലുള്ള ഇന്ത്യൻ സേനയിലെ കര-നാവിക-വ്യോമസേനാവിഭാഗങ്ങളിൽപ്പെടുന്ന കമ്മീഷൻഡ് ഓഫീസർമാരുടെ തുല്യതല റാങ്ക്‌ലിസ്റ്റ് ആരോഹണക്രമത്തിൽ ചുവടെ ചേർക്കുന്നു:

സെക്കന്റ്‌ലെഫ്റ്റനന്റ്-ആക്ടിംഗ് സബ് ലെഫ്റ്റനന്റ്-പൈലറ്റ് ഓഫീസർ; ലെഫ്റ്റനന്റ്-സബ് ലെഫ്റ്റനന്റ്-ഫ്‌ളയിംഗ് ഓഫീസർ; ക്യാപ്റ്റൻ ലെഫ്റ്റനന്റ്-ഫ്‌ളയിറ്റ് ലെഫ്റ്റനന്റ്; മേജർ-ലെഫ്റ്റനന്റ് കമാൻഡർ-സ്‌ക്വാഡ്രൺ ലീഡർ; ലെഫ്റ്റനന്റ് കേണൽ-കമാൻഡർ-വിംഗ് കമാൻഡർ, കേണൽ ക്യാപ്റ്റൻ -ഗ്രൂപ്പ് ക്യാപ്റ്റൻ; ബ്രിഗേഡിയർ-കൊമ്മൊഡോർ-എയർ കൊമ്മൊഡോർ; മേജർ ജനറൽ-റിയർ അഡ്മിറൽ-എയർ വൈസ്മാർഷൽ, ലെഫ്റ്റനന്റ് ജനറൽ-വൈസ് അഡ്മിറൽ-എയർമാർഷൽ; ജനറൽ-അഡ്മിറൽ- എയർ ചീഫ് മാർഷൽ.

ജനറൽ കരസേനാധിപനും, അഡ്മിറൽ നാവികസേനാധിപനും, എയർ ചീഫ് മാർഷൽ വ്യോമസേനാധിപനുമായിരിക്കും. യുദ്ധരംഗത്തായാലും അല്ലെങ്കിലും രാജ്യത്തിനുവേണ്ടി പ്രശസ്തവും വിലപ്പെട്ടതുമായ ധീരസേവനം അനുഷ്ഠിക്കേണ്ടിവരുന്ന സേനാധിപന്മാരെ പരമോന്നത സൈനിക റാങ്ക് നൽകി ബഹുമാനിക്കാറുണ്ട്. ഫീൽഡ് മാർഷൽ, അഡ്മിറൽ ഓഫ് ദ ഫ്‌ളീറ്റ്, മാർഷൽ ഓഫ് ദ എയർ ഫോഴ്‌സ് എന്നിവയാണ് യഥാക്രമമുള്ള പ്രസ്തുത റാങ്കുകൾ.

(അവലംബം)