പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ

അബൂ ആദം അയ്മൻ

2023 ജൂലൈ 22 , 1444 മുഹറം 04

(നമ്മുടെ രാജ്യത്തെ കോടതികൾ 30)

ഹൈക്കോടതിയിൽ ക്രിമിനൽകേസുകളുടെ നടത്തിപ്പിന്റെ മുഖ്യചുമതല വഹിക്കുന്നതിനായി അതതു കാലത്തെ ഗവൺമെന്റുകൾ നിയമിക്കുന്ന പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകനാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (Director General of Prosecution). സ്റ്റേറ്റ് പ്രോസിക്യൂട്ടർ എന്ന പദവിയുമുണ്ട്. എങ്കിൽതന്നെയും അഡ്വക്കേറ്റ് ജനറലിന് ആവശ്യമെന്നു തോന്നിയാൽ ഏതൊരു കേസിന്റെയും ചുമതല ഏറ്റെടുക്കാവുന്നതാണ്.

പ്രോസിക്യൂഷൻസ് അഡീഷണൽ ഡയറക്ടർ ജനറൽ (Additional Director General of Prosecution) ഹൈക്കോടതിയിൽ ക്രിമിനൽ കേസുകളുടെ നടത്തിപ്പിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മുഖ്യസഹായിയായി, അതതു കാലത്തെ ഗവണ്മെന്റുകൾ നിയമിക്കുന്ന പ്രശസ്ത ക്രിമിനൽ അഭിഭാഷകനായിരിക്കും.

പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (Deputy Director General of Prosecution) ഹൈക്കോടതിയിൽ ക്രിമിനൽ കേസുകളുടെ നടത്തിപ്പിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ സഹായിയായി, അതതു കാലത്തെ ഗവണ്മെന്റുകൾ നിയമിക്കുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരിക്കും.

പബ്ലിക് പ്രോസിക്യൂട്ടർ (Public Prosecutor) ഹൈക്കോടതിയിൽ സംസ്ഥാന ഗവണ്മെന്റിനുവേണ്ടി ക്രിമിനൽ കേസുകൾ നടത്തുന്നതിനായി അതതുകാലത്തെ ഗവണ്മെന്റുകൾ ഹൈക്കോടതിയുമായി ആലോചിച്ച് നിയമിക്കുന്ന അഭിഭാഷകനായിരിക്കും. ഒന്നോ അതിലധികമോ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരെയും ഇപ്രകാരം നിയമിക്കാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്കായിരിക്കും നിയമനം. കേന്ദ്രഗവണ്മെന്റിനും ഇതേ ആവശ്യത്തിന് ഓരോ ഹൈക്കോടതിയിലേക്കും ഈവിധത്തിൽ ഓരോ പബ്ലിക്ക് േപ്രാസിക്യൂട്ടറെയും ഒന്നോ അതിലധികമോ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരെയും നിയമിക്കാവുന്നതാണ്. ക്രിമിനൽ നടപടി നിയമം 24ാം വകുപ്പുപ്രകാരമാണ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനങ്ങൾ നടത്തുന്നത്. സെഷൻസ് കോടതികളിൽ ക്രിമിനൽ കേസുകൾ നടത്തുന്നതിന് ഓരോ ജില്ലയിലേക്കുമായി സംസ്ഥാന ഗവണ്മെന്റിന് ഓരോ പബ്ലിക്ക് പ്രോസിക്യൂട്ടറെയും ഒന്നോ അതിലധികമോ വീതം അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരെയും നിയമിക്കാവുന്നതാണ്. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സെഷൻസ് ജഡ്ജിയുമായി ആലോചിച്ച് തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിൽനിന്നുമായിരിക്കും നിയമനം. ഇതും ഒരു നിശ്ചിതകാലത്തേക്കായിരിക്കും. കേന്ദ്രഗവണ്മെന്റിനും ആവശ്യമെന്നുവന്നാൽ സെഷൻസ് കോടതികളിൽ ക്രിമിനൽ കേസുകൾ നടത്തുന്നതിനായി ഓരോ ജില്ലയിലേക്കും ഓരോ പബ്ലിക്ക് പ്രോസിക്യൂട്ടറെയും ഒന്നോ അതിലധികമോ വീതം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഇപ്രകാരം നിയമിക്കാവുന്നതാണ്. മേൽപറഞ്ഞ നിയമനങ്ങളെല്ലാം ഏഴു വർഷത്തിൽ കുറയാത്ത പ്രാക്ടീസ് ഉള്ള അഭിഭാഷകരിൽനിന്നുമായിരിക്കും.

സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ (Special Public Prosecutor) ഒരു പ്രത്യേക ക്രിമിനൽ കേസ് നടത്തുന്നതിന് സംസ്ഥാന ഗവണ്മെന്റോ കേന്ദ്ര ഗവണ്മെന്റോ പ്രത്യേകമായി നിയമിക്കുന്ന അഭിഭാഷകനാണ്. കേസിന്റെ തീർച്ചയോടെ നിയമന കാലാവധി അവസാനിക്കും. കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും പ്രാക്ടീസുള്ള അഭിഭാഷകരിൽനിന്നുമായിരിക്കും ഈ നിയമനം. മേൽപറഞ്ഞ നിയമനങ്ങളുടെയെല്ലാം കാര്യത്തിൽ അഭിഭാഷകന്റെ പ്രാക്ടീസ് കാലം കണക്കാക്കുമ്പോൾ ഏതെങ്കിലും വിഭാഗത്തിൽ പെടുന്ന പ്രോസിക്യൂട്ടറായി നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത സേവനകാലം കൂടി പ്രാക്ടീസ് കാലത്തിൽ ഉൾപ്പെടുത്തുന്നതാണ്.

(അവലംബം)