അന്വേഷണത്തെ സഹായിക്കുന്ന പരീക്ഷണങ്ങൾ

അബൂ ആദം അയ്മൻ

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

(നമ്മുടെ രാജ്യത്തെ കോടതികൾ - 34)

മുഖചിത്രരചന (Identikit)

സാക്ഷികൾ നൽകുന്ന വിവരങ്ങൾ വച്ചുകൊണ്ട് വിവിധയിനം മുഖഫോട്ടോകളുടെ ഭാഗങ്ങളും വിവിധയിനം മുഖരൂപങ്ങളുടെ ചിത്രങ്ങൾ വരച്ചതും ചേർത്ത് കുറ്റവാളിയുടെ മുഖചിത്രം രചിക്കുന്ന രീതിയാണിത്.

മുഖരേഖാചിത്രം

കാണാതായ ഒരാളുടെ, പ്രത്യേകിച്ചും ഒളിവിൽ പോയ ഒരു ക്രിമിനൽ കുറ്റവാളിയുടെ മുഖത്തിന്റെ രേഖാചിത്രരചന (Sketching the Face of a Missing Person, Particularly of an Absconding Criminal) ഫലപ്രദമായിത്തീർന്നേക്കാവുന്നതാണ്. ഇപ്രകാരമുള്ള ഒരാളുടെ പരിചിതർ നൽകുന്ന വിവരണങ്ങൾ വച്ചുകൊണ്ട്, ഈ രംഗത്ത് വൈദഗ്ധ്യം നേടിയിട്ടുള്ള ഒരു ചിത്രകാരന്, ആ ആളുടെ മുഖത്തിന്റെ രേഖാചിത്രം വരയ്ക്കാൻ ഒരുപക്ഷേ, കഴിഞ്ഞേക്കാവുന്നതാണ്.

അയാളുടെ മുടിയുടെ പ്രകൃതം, മുഖത്തിന്റെ ആകാരം, നെറ്റി, ചെവികൾ, കണ്ണുകൾ, പുരികങ്ങൾ, മൂക്ക്, കവിൾത്തടം, താടി, ചുണ്ട് മുതലായവയുടെ ആകൃതി എന്നിവയെപ്പറ്റിയുള്ള വിവരണങ്ങളെയാണ് ചിത്രകാരൻ ഇവിടെ ആശ്രയിക്കുന്നത്. പ്രസ്തുത വിവരണങ്ങളെ അടിസ്ഥാനമാക്കി, ചിത്രകാരൻ മുഖത്തിന്റെ ഒട്ടേറെ രേഖാചിത്രങ്ങൾ രചിക്കുന്നു. ഈ രേഖാചിത്രങ്ങളിലൊന്നിൽ ഒരുപക്ഷേ, കുറ്റവാളിയുടെ മുഖച്ഛായ ഒത്തുവന്നേക്കാവുന്നതാണ്.

മുഖരൂപ പുനരാവിഷ്‌കരണം

മരണപ്പെട്ടതോ കൊല്ലപ്പെട്ടതോ ആയ ആളെ തിരിച്ചറിയുന്നതിനുവേണ്ടി, അയാളുടെ മുഖരൂപത്തിന്റെ പുനരാവിഷ്‌കരണം നടത്തുന്ന പ്രക്രിയയാണ് മുഖരൂപ പുനരാവിഷ്‌കരണം (Reconstruction of Facial Contour) ആ ആളുടേതെന്ന് സംശയിക്കപ്പെടുന്ന താടിയെല്ലുസഹിതമുള്ളതായ തലയോട്ടി ലഭ്യമായിരിക്കുകയും, എന്നാൽ ആളിന്റെ ഫോട്ടോ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പ്രകിയ അവലംബിക്കുന്നത്. ഒരു മനുഷ്യന്റെ മുഖത്തെ എല്ലുകളുടെ ഉപരിയായുള്ള പേശികൾക്ക് വ്യത്യസ്ത സ്ഥാനങ്ങളിൽ വ്യത്യസ്ത കനമായിരിക്കും ഉണ്ടാവുക. ഇതിനനുസരണമായ രൂപം മുഖത്തിന് നൽകുന്നതിനായി തലയോട്ടിയിലും താടിയെല്ലിലും പറ്റിപ്പിടിക്കുന്നതായ എന്തെങ്കിലും വസ്തു ആദ്യം തേച്ചുപിടിപ്പിച്ച് ‘ദശക്കനം’ വരുത്തുന്നു. തുടർന്ന് ആ ആളെ നല്ല പരിചയമുണ്ടായിരുന്നവർ നൽകുന്ന വിവരങ്ങണങ്ങളുടെ അടിസ്ഥാനത്തിൽ, മുഖത്തെ വടിവിനും മുഖത്തെ മടക്കുകൾ, ചുളിവുകൾ എന്നിവയ്ക്കും, കൺപുരികങ്ങളുടെ വളവുകൾക്കും കണ്ണുകളുടെ നോട്ടത്തിനും താടിയുടെയും ചുണ്ടു കളുടെയും ആകൃതിക്കും മറ്റു സൂക്ഷ്മാംശങ്ങൾക്കും രൂപം നൽകുന്നു. കഠിന പ്രയത്‌നം ആവശ്യമായി വരുന്ന ഈ പ്രക്രിയ ഫലപ്രദമായെന്നോ ആയില്ലെന്നോ വരാവുന്നതാണ്.

സൂപ്പർ ഇംപൊസിഷൻ ടെക്‌നിക്

മരണപ്പെട്ടതോ (കൊല്ലപ്പെട്ടതോ) കാണാതായതോ ആയ ആളെ അയാളുടെ തലയോട്ടിയുടെ സവിശേഷതകൾ അടിസ്ഥാനപ്പെടുത്തി തിരിച്ചറിയുന്നതായ സാങ്കേതികവിദ്യയാണ് Technique of identification.

ആ ആളുടെ മുഖത്തിന്റെ നേർനിലയിലുള്ള ഫോട്ടോയും, അയാളുടെതെന്ന് സംശയിക്കപ്പെടുന്ന തലയോട്ടിയും (താടിയെല്ലോടുകൂടിയതോ അല്ലാത്തതോ) ലഭ്യമാണെങ്കിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്. മുഖത്തിന്റെ ഫോട്ടോയുടെ നെഗറ്റീവ് ആ ഫോട്ടോ എടുത്ത അതേ നേർനിലയിൽനിന്നെടുക്കുന്ന (താടിയെല്ലുസഹിതമോ അല്ലാതെയോ ഉള്ള) തലയോട്ടിയുടെ ഫോട്ടോയുടെ നെഗറ്റീവിനു മീതെ, രണ്ടിലെയും മുഖത്തിന്റെ ശരീരപരമായ സവിശേഷതാടയാളങ്ങൾ കഴിയുന്നിടത്തോളം ഒരനിരയിലും ഒരേവരിയിലും വരത്തക്കവിധം വച്ചുകൊണ്ടുള്ളതായ ഫോട്ടോ പ്രിന്റ് എടുക്കണം. ഇതിൽ ആദ്യത്തെ നെഗറ്റീവിൽനിന്നുള്ള മുഖത്തിന്റെ ബാഹ്യതല നിഴൽപ്പാടും, രണ്ടാമത്തെ നെഗറ്റീവിൽനിന്നുള്ള തലയോട്ടിയെല്ലിന്റെ നിഴൽപ്പാടും ഉണ്ടായിരിക്കും. സൂക്ഷ്മപരിശോധനയിലും പഠനത്തിലും, രണ്ടു നിഴൽപ്പാടുകളിലെയും എല്ലുഭാഗങ്ങളുടെ ഉന്തിനിൽപും ഉയർച്ചതാഴ്ചകളും വിള്ളലുകളും പരസ്പരം പൊരുത്തപ്പെടുന്നതായി കാണുന്നപക്ഷം, ആ തലയോട്ടി ആ ആളുടേതുതന്നെയെന്ന് തീരുമാനിക്കാനാവുന്നതാണ്.