കേരള പൊലീസ്

അബൂ ആദം അയ്മൻ

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

കേരളത്തിലെ ക്രിമിനൽ കേസുകൾ തെളിയിക്കുന്നതിൽ പ്രശംസാർഹമായ പങ്കുവഹിച്ചു പോരുന്ന സംസ്ഥാന പൊലീസിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചും പൊലീസ് വകുപ്പിന്റെ ഘടനയെക്കുറിച്ചും ചില കാര്യങ്ങൾ മനസ്സിലാക്കാം.

ഒരു എഡിജിപിയുടെ നിയന്ത്രണത്തിലുള്ളതാണ്, മലബാർ സ്‌പെഷൽ പൊലീസ് (എം.എസ്.പി), സ്‌പെഷൽ ആംഡ് പൊലീസ് (എസ്എപി), കേരള ആംഡ് പൊലീസ് (കെഎപി) എന്നീ പൊലീസ് വിഭാഗങ്ങൾ. ജില്ലാ പൊലീസ് സൂപ്രണ്ടോ സിറ്റി പൊലീസ് കമ്മീഷണറോ ആവശ്യപ്പെട്ടാൽ, ക്രമസമാധാനപാലനത്തിനായി ആംഡ് പൊലീസിന്റെ സേവനം വിട്ടുകിട്ടുന്നതായിരിക്കും. ലഹളകളും കലാപങ്ങളും സംഘട്ടനങ്ങളും മറ്റും അമർച്ച ചെയ്യുന്നതിനും; വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി മുതലായ പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി ജനങ്ങൾക്ക് അത്യാഹിതങ്ങൾ നേരിടുന്ന അവസരങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിനും ഇവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ്. ഇവർ ഒരു ജില്ലയിൽ എത്തിയാൽ, മടക്കി അയക്കപ്പെടുന്നതുവരെ ഇവരുടെ പ്രവർത്തനങ്ങളുടെ നിയന്ത്രണം, ആ ജില്ലാ പൊലീസ് സൂപ്രണ്ടിനായിരിക്കും. വിജിലൻസ്, സൈബർ സെൽ. ഓപ്പറേഷൻസ്, ജയിൽ, ഫയർഫോഴ്‌സ് മുതലായ വിഭാഗങ്ങളും ഓരോ എഡിജിപിയുടെയോ ഓരോ ഡിജിപിയുടെയോ കീഴിലായി പ്രവർത്തിച്ചുപോരുന്നുണ്ട്.

ക്രൈംബ്രാഞ്ച്

സംസ്ഥാന പൊലിസിലെ ക്രൈംബ്രാഞ്ച് വിഭാഗം (Crime Branch Police) ഹൈക്കോടതിയോ സംസ്ഥാന ഗവണ്മെന്റോ പൊലീസ് ഡയറക്ടർ ജനറലോ ഉത്തരവാകുന്നതായ കേസുകളുടെ അന്വേഷണം നടത്തുക ചുമതലയായുള്ള പൊലീസ് വിഭാഗമാണ്. കൂടാതെ കള്ളനോട്ടിന്റെയും മയക്കുമരുന്നുകളുടെയും മറ്റും നിർമാണം, കൈവശം വയ്ക്കൽ, വിപണനം മുതലായ കുറ്റങ്ങൾ സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തുകയെന്നതും ഇവരുടെ ചുമതലകളിൽ പെടുന്നതാണ്.

സ്‌പെഷൽ ബ്രാഞ്ച്

സംസ്ഥാന പൊലീസിലെ സ്‌പെഷൽ ബ്രാഞ്ച് വിഭാഗം (Special Branch Police), വ്യാജ പാസ്‌പോർട്ട് നിർമാണവും വിപണനവും ഉപയോഗവും, ഭീകര-വിധ്വംസകപ്രവർത്തനങ്ങൾ മുതലായ കുറ്റങ്ങൾ സംബന്ധിച്ച അന്വേഷണം നടത്തുക ചുമതലയായുള്ള പൊലീസ് വിഭാഗമാണ്. രാഷ്ട്രീയ പാർട്ടികൾ, വിപ്ലവ പാർട്ടികൾ, സാമുദായിക സംഘടനകൾ മുതലായവയുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തി, യഥാസമയം ഗവണ്മെന്റിന് റിപ്പോർട്ട് നൽകേണ്ടതും ഇവരുടെ ചുമതലകളിൽ പെടുന്നു.

സിഐഡി പൊലീസ്

സംസ്ഥാന പൊലീസിലെ സിഐഡി വിഭാഗം (CID Police) പൊലീസിലെ ക്രൈംബ്രാഞ്ചിനോടും സ്‌പെഷൽ ബ്രാഞ്ചിനോടും അനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. ക്രിമിനൽ കുറ്റാന്വേഷണങ്ങളിൽ പൊലീസ് നായയുടെ സഹായം പൊലീസ് ഫലപ്രദമായി പ്രായോജനപ്പെടുത്തിവരുന്നുണ്ട്. ഘ്രാണശക്തിയിൽ മുന്നിട്ടുനിൽക്കുന്നതും ചുണയും അനുസരണയും നല്ല ബുദ്ധിശക്തിയുമുള്ളതും, ജർമൻ ഷെപ്പേഡ്, ലാബർഡോർ, ഡോബർമാൻ തുടങ്ങിയ മുന്തിയ ഇനങ്ങളിൽ പെടുന്നതും, മൂന്നു

മാസത്തിനും ഒരു വയസ്സിനും ഇടയിൽ പ്രായം വരുന്നതുമായ നായ്‌ക്കുട്ടികളെ തിരഞ്ഞടുത്ത്, സമഗ്രമായ പരിശീലനം നൽകിയശേഷം മാത്രമാണ് ഇവയെ പൊലീസ് ഡോഗ് സ്‌ക്വാഡിൽ ചേർക്കുന്നത്.