പൊലീസ് വകുപ്പിന്റെ ഘടന

അബൂ ആദം അയ്മൻ

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

(നമ്മുടെ രാജ്യത്തെ കോടതികൾ - 39)

സംസ്ഥാന പൊലീസ് വകുപ്പിന്റെ ഘടന ഇനി പറയും പ്രകാരമാണ്: സിവിൽ പൊലീസ് ഓഫീസർ; പൊലീസ് സേനയിലെ ആദ്യപടിയിലുള്ള ഉദ്യോഗസ്ഥൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ; സിവിൽ പൊലീസ് ഓഫീസർക്കു മുകളിലും എഎസ്‌ഐക്ക് താഴെയുമായുള്ള പൊലീസ് ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ);

സബ് ഇൻസ്‌പെക്ടറുടെ അഭാവത്തിൽ പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.

പൊലീസ് സബ് ഇൻസ്‌പെക്ടർ (എസ്‌ഐ)

ഒരു പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫീസർമാർക്ക് എഎസ്‌ഐ ഗ്രേഡ് നൽകുന്നതാണ്. എസ്‌ഐയെ സഹായിക്കൽ ചുമതലയായുള്ള ഇവർക്ക് പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരിക്കുന്നതല്ല. 27 വർഷത്തെ സർവിസ് പൂർത്തിയാക്കിയ എഎസ്‌ഐ, ഗ്രേഡ് എഎസ്‌ഐ. (ജനറൽ എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ വിഭാഗം, ആംഡ് റിസർവ്, ഡ്രൈവർ) എന്നിവർക്ക് നാലാം ഗ്രേഡും, ഒപ്പം ഗ്രേഡ് എസ്‌ഐ പ്രൊമോഷനും നൽകുന്നതായിരിക്കും.

പൊലീസ് ഇൻസ്‌പെക്ടർ

ഒരു പൊലീസ് സർക്കിളിലെ പൊലീസ് മേധാവി. നേരത്തെ ഈ തസ്തിക അറിയപ്പെട്ടിരുന്നത് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എന്നാണ്. 2011ലെ കേരള പൊലീസ് ആക്ട് 14ാം വകുപ്പ് 2(ഇ) ഉപവകുപ്പു പ്രകാരമാണ് ഈ പേരുമാറ്റം ഉണ്ടായത്.

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിവൈഎസ്‌പി)

ഒരു പൊലീസ് സബ്ഡിവിഷനിലെ പൊലീസ് മേധാവി. എസ്‌പിയുടെ കീഴിലുള്ള ജില്ലാ ക്രൈം ബ്രാഞ്ച്, സ്‌പെഷൽ ബ്രാഞ്ച്, നാർക്കോട്ടിക് സെൽ, അഡ്മിനിസ്‌ട്രേഷൻ, ഡിസ്ട്രിക്ട് ക്രൈം റിക്കാർഡ്‌സ് ബ്യൂറോ എന്നീ പൊലീസ് വിഭാഗങ്ങളിൽ ഡിവൈഎസ്‌പിമാരുണ്ട്. കൂടാതെ ക്രൈം ബ്രാഞ്ച് എസ് പി, സ്‌പെഷൽ ബ്രാഞ്ച് എസ്‌പി, വിജിലൻസ് എസ്‌പി, സ്റ്റേറ്റ് റെയിൽവേ എസ്‌പി മുതലായവരുടെ കീഴിലും ഡിവൈഎസ്‌പിമാരുണ്ട്. ആംഡ് പൊലീസ് വിഭാഗങ്ങളിലെ ഡിവൈഎസ്‌പിമാർ അസിസ്റ്റന്റ് കമൻഡാന്റ് എന്ന പേരിലാണ് അറിയപ്പെടുക.

അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ്‌പി)

പരിശീലനം പൂർത്തിയാക്കിയ ഐപിഎസ്സുകാരെ എഎസ്പിമാരായാണ് നിയമിക്കുന്നത്. ഡിവൈഎസ്‌പി തസ്തികയ്ക്കുതത്തുല്യമാണ് ഈ തസ്തിക.

സിറ്റി പൊലീസ് കമ്മീഷണർ

കോർപ്പറേഷൻ പ്രദേശത്തെ പൊലീസ് മേധാവി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിൽ ഡിഐജി റാങ്കിലുള്ളവരും, കൊല്ലം, തൃശൂർ കോർപ്പറേഷനുകളിൽ എസ്‌പി റാങ്കിലുള്ളവരുമാണ് സിറ്റി പൊലീസ് കമ്മീഷണർമാർ. സിറ്റി പൊലീസ് കമ്മീഷണർമാർ പ്രവർത്തിക്കുന്ന ജില്ലകളിൽ കോർപ്പറേഷൻ പരിധിക്കു വെളിയിൽ വരുന്ന ജില്ലാ പ്രദേശങ്ങളുടെ ചുമതല അതത് റൂറൽ എസ്പിമാർക്കാണ്.

പൊലീസ് സൂപ്രണ്ട് (എസ്‌പി)

പൊലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ. സ്റ്റേറ്റ് റെയിൽവേ പൊലീസിന്റെ ചുമതല വഹിക്കുന്ന എസ്‌പി, ക്രൈംബ്രാഞ്ച്, വിജിലൻസ്, സ്‌പെഷൽ ബ്രാഞ്ച് എന്നീ പൊലീസ് വിഭാഗങ്ങൾ ഓരോന്നിന്റെയും ചുമതല വഹിക്കുന്ന എസ്‌പിമാർ എന്നിവർ ഈ ഗണത്തിൽപ്പെടും. ആംഡ് പൊലീസ് വിഭാഗങ്ങളിലെ എസ്‌പിമാർ കമൻഡാന്റ് (Commandant) എന്ന പേരിലാണ് അറിയപ്പെടുന്നത്. ജില്ലാ എസ്‌പി ഒരു പൊലീസ് ജില്ലയിലെ പൊലീസ് മേധാവിയാണ്.