ജയിലുകൾ

അബൂ ആദം അയ്മൻ

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

(നമ്മുടെ രാജ്യത്തെ കോടതികൾ 42)

ഡിസ്ട്രിക്ട് ജയിൽ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ (വിയ്യൂർ), കോഴിക്കോട്, വയനാട് (മാനന്തവാടി), കാസർകോട് (ഹോസ്ദുർഗ്) എന്നിവിടങ്ങളിലാണ് ഡിസ്ട്രിക്ട് ജയിലുകൾ, ഒരു മാസത്തിനുമേൽ ആറുമാസം വരെയുള്ള തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ ഇവിടെ പാർപ്പിക്കുന്നു.

സ്‌പെഷ്യൽ സബ് ജയിൽ

തിരുവനന്തപുരം, നെയ്യാറ്റിൻകര, കൊട്ടാരക്കര, മാവേലിക്കര, പൊൻകുന്നം, ദേവികുളം, മൂവാറ്റുപു ഴ, ഇരിഞ്ഞാലക്കുട, പാലക്കാട്, ചിറ്റൂർ, മഞ്ചേരി, കോഴിക്കോട്, വൈത്തിരി, കണ്ണൂർ, തലശ്ശേരി, കാസർകോട് എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ സബ് ജയിലുകൾ. ഒരുമാസം വരെയുള്ള തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പതിവു തടവുകാരെയും മൂന്നുമാസം വരെയുള്ള തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെയുമാണ് ഇവിടെ പാർപ്പിക്കുന്നത്. വിചാരണത്തടവുകാരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുന്നവരെയും ഇവിടെ താൽക്കാലികമായി പാർപ്പിക്കുന്നുണ്ട്.

സബ് ജയിൽ

ആറ്റിങ്ങൽ, മീനച്ചിൽ, പീരുമേട്, മട്ടാഞ്ചേരി, എറണാകുളം, ആലുവ, ചാവക്കാട്, വിയ്യൂർ. ആലത്തൂർ, ഒറ്റപ്പാലം, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ, കൊയിലാണ്ടി. വടകര, കണ്ണൂർ എന്നിവിടങ്ങളിലാണ് സബ് ജയിലുകൾ. ഒരുമാസം വരെയുള്ള തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ ഇവിടെ പാർപ്പിക്കുന്നു. വിചാരണത്തടവുകാരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുന്നവരെയും ഇവിടെ പാർപ്പിക്കു ന്നുണ്ട്.

വനിതാ ജയിൽ

തിരുവനന്തപുരം, നെയ്യാറ്റിൻകര, വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് വനിതകൾക്കു മാത്രമായുള്ള വനിതാ ജയിലുകളുള്ളത്. തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വനിതാ കുറ്റവാളികളെയും റിമാൻഡ് തടവുകാരായോ വിചാരണത്തടവുകാരായോ കഴിയേണ്ടിവരുന്ന വനിതകളെയും ഈ ജയിലുകളിലാണ് പാർപ്പിക്കുന്നത്. ഈ ജയിലുകളിൽ ഉദ്യോഗം വഹിക്കുന്നവരെല്ലാം വനിതകളായിരിക്കും.

ദുർഗുണ പരിഹാര പാഠശാല

യുവകുറ്റവാളികളെ (18നും 21നും ഇടയ്ക്ക് പ്രായമുള്ളവർ) പാർപ്പിച്ച് അവർക്ക് നല്ല ശിക്ഷണവും ബോധവൽക്കരണവും നൽകി, അവരുടെ സ്വഭാവം നന്നാക്കിയെടുക്കുന്നതിനുവേണ്ടിയുള്ള പാഠശാലയാണിത്. ഇത്തരമൊരു പാഠശാല എറണാകുളം ജില്ലയിലെ തൃക്കാക്കരയിലുണ്ട്.

സിവിൽ ജയിൽ

സിവിൽ കോടതിയുടെ ഉത്തരവുകൾ ലംഘിക്കുന്നവർക്കോ, കോടതിവിധിപ്രകാരമുള്ള തുക (ജാമ്യത്തുകയോ വിധിക്കടതുകയോ) കോടതിയിൽ കെട്ടിവയ്ക്കാത്തവർക്കോ തടവുശിക്ഷ നൽകപ്പെടുമ്പോൾ അവരെ താമസിപ്പിക്കുന്ന ജയിലാണിത്.

ജയിൽ സൂപ്രണ്ടിനാണ് തന്റെ കീഴിലുള്ള ജയിലിന്റെ ചുമതലയും നിയന്ത്രണവും. ജയിൽ സൂപ്രണ്ടിനു തൊട്ടുതാഴെയുള്ള ഓഫീസർ ജയിലർ ആണ്. ജയിലിൽ നിർദിഷ്ട ചട്ടങ്ങളും ഉത്തരവുകളും പാലി ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുവാനും ജയിൽ ഓഫീസിനെയും തടവുകാരെയും സംബന്ധിക്കുന്ന രേഖകളുടെയും തടവുകാരുടെയും സൂക്ഷിപ്പിന്റെ ചുമതല വഹിക്കുവാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണ് ജയിലർ. ജയിൽ വാർഡർ തടവുകാരെ സദാ നിരീക്ഷിക്കുന്നതിനും ജയിൽ ചട്ടങ്ങളും ജയിലിലെ അച്ചടക്കവും അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ജയിലിന്റെയും തടവുകാരുടെയും കാവലിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ്.

(അവലംബം)