സൗജന്യനിയമസേവനം

അബൂ ആദം അയ്മൻ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

(നമ്മുടെ രാജ്യത്തെ കോടതികൾ 43)

രാജ്യത്ത് നിലവിലുള്ള സൗജന്യ നിയമസേവനസംവിധാനത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നിയമത്തിന്റെ മുമ്പാകെയുള്ള സമത്വവും നിയമത്തിന്റെ തുല്യപരിരക്ഷയും ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പെടുമെങ്കിലും പലർക്കും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കസ്ഥിതി കാരണം, കോടതികളെ സമീപിച്ച് തങ്ങളുടെ ഈ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിയാതെവരുന്നുണ്ട്. അതിനാൽ ഈ അവകാശ ങ്ങൾക്ക് അർഹതപ്പെട്ട ഇത്തരക്കാർക്ക് സൗജന്യനിയമസേവനം നൽകി, ഈ ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാക്കുക ലക്ഷ്യമാക്കിക്കൊണ്ട്, ഇന്ത്യൻ പാർലമെന്റ് 1987ൽ പാസ്സാക്കിയ നിയമമാണ് നിയമസേവനാധി കാരസമിതി നിയമം (Legal Services Authorities Act).

ഈ നിയമം നടപ്പാക്കുന്നതിന് ദേശീയ, സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിൽ നിയമസേവനാധി കാരസമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. നിയമസേവനാധികാരസമിതിയുടെ ചട്ടങ്ങൾ പ്രകാരമുള്ള കർത്ത വ്യങ്ങൾ നിർവഹിക്കുന്നതിനും അധികാരങ്ങൾ പ്രയോഗിക്കുന്നതിനുമായി സുപ്രീം കോടതി നിയമസേ വനസമിതി (Superme Court Legal Services Committee), ഹൈക്കോടതി നിയമസേവനസമിതികൾ (High Court Legal Services Committees), ജില്ലാ നിയമസേവനസമിതികൾ (District Legal Services Committees), താലൂക്ക് നിയമസേവന സമിതികൾ (Taluk Legal Services Committees)എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, യാചകവൃത്തി, വേശ്യാവൃത്തി, അടിമവേല എന്നിവയ്ക്കായി അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളവർ, കുട്ടികൾ, സ്ത്രീകൾ, വികലാംഗക്ഷേമ നിയമപരിധി യിൽ പെടുന്നവർ, പ്രകൃതിദുരന്തം, സാമുദായിക കലാപം, മത-വർഗീയ കലാപം, ഭൂകമ്പം, വ്യാവസായിക ദുരന്തം മുതലായവയ്ക്ക് ഇരയായവർ, പുനരധിവാസാലയങ്ങൾ, ജുവനൈൽ ഹോമുകൾ, അനാഥാല യങ്ങൾ, മാനസികരോഗാശുപത്രികൾ എന്നിവയിലെ അന്തേവാസികൾ മുതലായവർക്ക് ഈ നിയമപ്ര കാരം സൗജന്യ നിയമസേവനം ലഭിക്കുന്നതാണ്.

ഇന്ത്യൻ ചീഫ് ജസ്റ്റീസ് ആണ് ദേശീയ നിയമസേവനാധികാരസമിതിയുടെ രക്ഷാധികാരി. സമിതി യുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ ഒരു സുപ്രീംകോടതി ജഡ്ജിയായിരിക്കും. രാഷ്ട്രപതിയാണ് നിയമനം നടത്തുക. ആസ്ഥാനം ഡൽഹിയാണ്. സംസ്ഥാന നിയമസേവനാധികാരസമിതി സംസ്ഥാന ചീഫ് ജസ്റ്റീസ് രക്ഷാധികാരിയായുള്ള സമിതിയാണ്. ഈ സമിതിയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ ഒരു ഹൈക്കോടതി ജഡ്ജിയായിരിക്കും. സംസ്ഥാന ഗവർണറാണ് നിയമനം നടത്തുക. കേരളത്തിലെ ഈ സമിതിയുടെ ആസ്ഥാനം എറണാകുളമാണ്. ജില്ലാ സേവനാധികാരസമിതിയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ ജില്ലാ ജഡ്ജിയായിരിക്കും. അതതു പ്രദേശങ്ങളിലെ കഴിവുറ്റ അഭിഭാഷകരുടെ ഒരു പാനൽ ജില്ലാനിയമസേവനാധികാര സമിതികൾ ഉണ്ടാക്കുന്നതാണ്. ഈ പാനലിൽനിന്നുള്ള അഭിഭാഷകരിലൂടെയായിരിക്കും ജില്ലാ കോടതികൾ മുതൽ താഴോട്ടുള്ള കോടതികളിൽ സൗജന്യനിയമസേവനം എത്തിക്കുന്നത്.

സുപ്രീംകോടതി നിയമസേവനസമിതി ചെയർമാൻ ഒരു സുപ്രീംകോടതി ജഡ്ജിയായിരിക്കും. ഇന്ത്യൻ ചീഫ് ജസ്റ്റീസ് ആണ് നിയമനം നടത്തുക. ഹൈക്കോടതി നിയമസേവനസമിതി ചെയർമാൻ ഒരു ഹൈക്കോടതി ജഡ്ജിയായിരിക്കും. സംസ്ഥാന ചീഫ് ജസ്റ്റീസ് ആണ് നിയമനം നടത്തുക. കേരളത്തിലെ സമിതി എറണാകുളത്തു പ്രവർത്തിക്കുന്നു. ജില്ലാ നിയമസേവനസമിതിയുടെ ചെയർമാൻ ഒരു ജില്ലാ ജഡ്ജിയായിരിക്കും. ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്നു. താലൂക്ക് നിയമസേവനസമിതിയുടെ ചെയർമാൻ ഒരു സബ് ജഡ്ജിയോ, മജിസ്‌ട്രേറ്റോ മുൻസിഫോ ആയിരിക്കുന്നതാണ്. താലൂക്ക് ആസ്ഥാ നത്തു പ്രവർത്തിക്കുന്നു.

സൗജന്യനിയമസേവനം ലഭിക്കുന്നതിന് അർഹരായ കക്ഷികൾ അതതു നിയമസേവനസമിതികൾ മുമ്പാകെ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. പ്രതിവർഷ കുടുംബവരുമാനം ഇരുപത്തയ്യായിരം രൂപയിൽ കുറവായവർ സൗജന്യനിയമസേവനത്തിന് അർഹരാണ്. അമ്പതിനായിരം രൂപയിൽ കുറവ് പ്രതിവർഷ കുടുംബവരുമാനമുള്ളവർക്ക് സുപ്രീംകോടതിയിൽ സൗജന്യ നിയമസേവനം ലഭിക്കുന്നതായിരിക്കും.

നിയമസേവനാധികാര സമിതികൾ ലോക് അദാലത്തുകൾ വഴി നീതിന്യായത്തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനു പുറമെ, 2005ൽ രൂപം നൽകപ്പെട്ട ദേശീയസാക്ഷരതാമിഷന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഹൈസ്‌ക്കൂൾ-കോളേജ് തലങ്ങളിലും ഗ്രാമങ്ങൾതോറുമായി നിയമസാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിലും ശ്രദ്ധിച്ചുപോരുന്നു. നിയമകാര്യങ്ങൾ സംബന്ധിച്ച പരിജ്ഞാനത്തിൽ പിന്നാക്കാവസ്ഥയിൽ കഴിയുന്നവർക്ക് നിയമവിജ്ഞാനം പകർന്നുനൽകുന്നതിനും നിയമനിരക്ഷരർക്ക് നിയമബോധവൽക്കരണം നൽകുന്നതിനും നിയമസേവനാധികാരസമിതികൾ നൽകിപ്പോരുന്ന സേവനം ഏറെ വിലപ്പെട്ടതാണ്.

(അവലംബം)