ജയിലുകൾ

അബൂ ആദം അയ്മൻ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

(നമ്മുടെ രാജ്യത്തെ കോടതികൾ 41)

ക്രിമിനൽ കേസുകളിൽ തടവുശിക്ഷയ്ക്ക് (വെറും തടവോ-simple Imprisonment, കഠിന തടവോ rigorous imprisonment)വിധിക്കപ്പെടുന്നവർ വിധിനടത്തലിൽ ചെന്നെത്തുന്നത് അതതു ശിക്ഷകൾക്ക് ചേർന്ന ജയിലുകളിലായിരിക്കും. മാത്രമല്ല, വിചാരണത്തടവുകാരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ ഡ് ചെയ്യപ്പെടുന്നവരെയും പൊലീസ് കസ്റ്റഡിയിൽ റിമാൻഡിൽ (പരമാവധി പതിനഞ്ചുദിവസം) കഴിഞ്ഞ ശേഷം തിരികെ കോടതിയിൽ ഹാജരാക്കപ്പെടുന്നവരെയും ജയിലുകളിലാണ് പാർപ്പിക്കുന്നത്.

‘ആഭ്യന്തരവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ജയിൽ വകുപ്പിന്റെ അധ്യക്ഷൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആണ്. അദ്ദേഹത്തെ സഹായിക്കാൻ ജയിൽ വകുപ്പിന്റെ കോഴിക്കോട്ടെ ഉത്തരമേഖലാ ഓഫീസിലും, തൃശൂരിലെ മധ്യമേഖലാ ഓഫീസിലും. തിരുവനന്തപുരത്തെ ദക്ഷിണ മേഖലാ ഓഫീസിലും ഓരോ പ്രിസൺസ് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽമാരുമുണ്ട്.

സെൻട്രൽ ജയിൽ

തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ സെൻട്രൽ ജയിലുകൾ. ആറുമാസത്തിൽ കവിഞ്ഞ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെയും ഒരു മാസത്തിൽ കവിഞ്ഞ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെയുമാണ് ഇവിടെ പാർപ്പിക്കുന്നത്. തടവുകാരെ അവരുടെ കുറ്റകൃത്യത്തിന്റെ സ്വഭാവം, അവരുടെ സാമൂഹ്യപശ്ചാത്തലം എന്നിവ പരിഗണിച്ച് നാലു ക്ലാസ്സുകളായി തരംതിരിക്കാറുണ്ട്. എ ക്ലാസ്സ്, ബി ക്ലാസ്സ്, കൺവിക്ട് സ്‌പെഷൽ ക്ലാസ്സ്, സി ക്ലാസ്സ് എന്നിവയാണ് പ്രസ്തുത ക്ലാസ്സുകൾ. ജയിൽചട്ടം മൂന്നാം വകുപ്പിൽ പറയുന്നവയൊഴികെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന എംപി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളെയാണ് എ ക്ലാസ്സിൽ പെടുത്തുക. ദുഷ്‌പ്രേരണ, ധനാപഹരണം, ധനദുർവിനിയോഗം മുതലായ, പ്രസ്തുത വകുപ്പിൽ പറയുന്ന കുറ്റങ്ങൾക്കാണ് ജനപ്രതിനിധികൾ ശിക്ഷിക്കപ്പെടുന്നതെങ്കിൽ, അവർ എ ക്ലാസ്സ് സൗകര്യത്തിന് അനർഹരായിത്തീരുന്നതാണ്. അഴിമതിക്കേസുകൾക്ക് പലപ്പോഴും മേൽപറഞ്ഞ കുറ്റങ്ങൾ അടിസ്ഥാനങ്ങളായിത്തീരാറുണ്ട്. പ്രത്യേക ഭക്ഷണം, ഭക്ഷണം പാകംചെയ്യുന്നതിനുള്ള സൗകര്യം, ഇഷ്ടമുള്ള വസ്ത്രം. കട്ടിൽ, സ്വന്തം കിടക്ക, ചികിത്സാ ഉപകരണങ്ങൾ, കസേര, മേശ, പത്രങ്ങളും പുസ്തകങ്ങളും വായിക്കാനുള്ള സൗകര്യം, കത്തെഴുതാനും കൂടിക്കാണാനുമുള്ള സൗകര്യം എന്നിവ എ ക്ലാസ്സുകാർക്ക് നൽകുന്ന പ്രത്യേക സൗകര്യങ്ങളിൽ പെടും.

സാമുഹ്യപദവി, വിദ്യാഭ്യാസം, നല്ല ജീവിതക്രമം എന്നിവകൊണ്ട് മാന്യമായ ജീവിതരീതിയിൽ കഴിഞ്ഞുവരവെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടാൻ ഇടയായവരെയാണ് ബി ക്ലാസ്സിൽ പെടുത്തുക. ചില പ്രത്യേക സാഹചര്യങ്ങളിലും ചില രാഷ്ട്രീയകാരണങ്ങളാലും ഗവണ്മെന്റിന് ഏതൊരു തടവുകാരനെയും എ ക്ലാസ്സിലോ ബി ക്ലാസ്സിലോ കൺവിക്ട് സ്‌പെഷൽ ക്ലാസ്സിലോ പെടുത്താവുന്നതാണ്. കഠിന തടവിനു ശിക്ഷിക്കപ്പെടുന്നവരെയാണ് സി ക്ലാസ്സിൽ പെടുത്തുക.

തുറന്ന ജയിൽ

ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തിയിട്ടുള്ള പരിഷ്‌കൃത ജയിലാണിത്. തിരുവ നന്തപുരം ജില്ലയിലെ കാട്ടാക്കടയ്ക്ക് അടുത്ത് നെട്ടുകാൽതേരിയിലും, കാസർകോട് ജില്ലയിലെ ചീമേനി യിലുമാണ് ഇത്തരം ജയിലുകൾ പ്രവർത്തിക്കുന്നത്. സെൻട്രൽ ജയിലുകളിലെ ദീർഘകാലതടവുകാർക്ക് മുൻഗണന നൽകിക്കൊണ്ടുതന്നെ, മൂന്നോ അതിലധികമോ വർഷത്തെ തടവുശിക്ഷ അനുഭവിച്ചുപോരുന്ന സി ക്ലാസ്സ് പുരുഷതടവുകാരിൽനിന്ന്, നല്ല പെരുമാറ്റവും നല്ല ആരോഗ്യവുമുള്ളവരെ തിരഞ്ഞെടുത്ത് ഇവിടെ കൊണ്ടുവന്നു പാർപ്പിച്ച്, ജയിലിനോട് അനുബന്ധിച്ച വിസ്തൃതമായ കൃഷിഭൂമിയിലെ കൃഷി പ്പണികളിലും കന്നുകാലി വളർത്തലിലും മറ്റും പങ്കെടുപ്പിക്കുന്നു.

(അവലംബം)