നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ഭാഗം 25

ക്രിമിനൽ കോടതികൾ

ക്രിമിനൽ കേസുകൾ വിചാരണചെയ്ത് തീർപ്പുകൽപിക്കുന്ന കോടതികളാണ് ക്രിമിനൽ കോടതികൾ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, അസിസ്റ്റന്റ് സെഷൻസ് കോടതി, സെഷൻസ് കോടതി എന്നിവയാണ് പ്രസ്തുത കോടതികൾ. ഹൈക്കോടതിയും സുപ്രീം കോടതിയും ക്രിമിനൽ അപ്പീൽ കേസുകളും കേൾക്കുന്നതായിരിക്കും. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റിന് മൂന്നുവർഷം വരെയുള്ള തടവും 5000 രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന കേസുകൾ വിചാരണ ചെയ്യാവുന്നതാണ്. ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റിന് ഏഴു വർഷം വരെയുള്ള തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കേസുകൾ വിചാരണ ചെയ്യാവുന്നതാണ്. പിഴസംഖ്യയുടെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. അസിസ്റ്റന്റ് സെഷൻസ് ജഡ്ജിക്ക് പത്തുവർഷം വരെയുള്ള തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കേസുകളും, സെഷൻസ് ജഡ്ജിക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ഒപ്പം പിഴശിക്ഷ കൂടിയോ വിധിക്കാവുന്ന കേസുകളും വിചാരണ ചെയ്യാവുന്നതാണ്. എന്നാൽ സെഷൻസ് കോടതിയുടെ വിധിപ്രകാരമുള്ള വധശിക്ഷ നടപ്പിലാക്കണമെങ്കിൽ, ആ വിധിക്ക് ഹൈക്കോടതിയുടെ സ്ഥിരീകരണം ലഭിച്ചിരിക്കേണ്ടതുണ്ട്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളുടെ വിധികളിന്മേലും, അസിസ്റ്റന്റ് സെഷൻസ് കോടതികളുടെ ചില വിധികളിന്മേലുമുള്ള അപ്പീലുകൾ കേൾക്കുന്നതിനും സെഷൻസ് ജഡ്ജിമാർക്ക് അധികാരമുണ്ടായിരിക്കും. സെഷൻസ് കോടതി വിധികളിന്മേലുള്ള അപ്പീലുകൾ ഹൈക്കോടതിയും, ഹൈക്കോടതി വിധികളിന്മേലുള്ള അപ്പീലുകൾ സുപ്രിം കോടതിയുമായിരിക്കും കേൾക്കുക.

ക്രിമിനൽ കേസുകൾ കേൾക്കുന്ന ഏതു കോടതിയിലും പരാതിക്കാരനു(complainant) വേണ്ടി ഹാജരാകുന്നത് ഗവണ്മെന്റിന്റെ അഭിഭാഷകനായ പബ്ലിക്ക് പ്രോസിക്യൂട്ടറും, പ്രതിക്കു(accused)വേണ്ടി ഹാജരാകുന്നത് പ്രതിയുടെ അഭിഭാഷകനുമായിരിക്കും. ഇരുഭാഗവും യഥാക്രമം പ്രോസിക്യൂഷൻ ഭാഗമെന്നും പ്രതിഭാഗമെന്നും അറിയപ്പെടും.

ക്രിമിനൽ കേസുകളിൽ പരാതികളും പൊലീസിന്റെ റിപ്പോർട്ടും ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ്സ് മജിസ്‌ട്രേറ്റു മുമ്പാകെയാണ് ഹാജരാക്കേണ്ടത്. കോടതിയിൽ പ്രതി ഹാജരാകുകയോ, പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കുകയോ ചെയ്യുമ്പോൾ കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാണോ എന്ന് മജിസ്‌ട്രേറ്റിന് ബോധ്യപ്പെടേണ്ടതുണ്ട്. സെഷൻസ് കോടതി വിചാരണചെയ്യേണ്ട കേസാണെങ്കിൽ, മജിസ്‌ട്രേറ്റ് ഹാജരാക്കപ്പെട്ടിട്ടുള്ള എല്ലാ രേഖകളും സഹിതം കേസ് ആ കോടതിയിലേക്ക് അയക്കുന്നു. മജിസ്‌ട്രേറ്റിന്റെ ഈ നടപടിക്ക് കേസ് സെഷൻസിലേക്ക് കമ്മിറ്റ് ചെയ്യുക എന്നാണ് പറയപ്പെടുക. ഇവയിൽ അസിസ്റ്റന്റ് സെഷൻസ് കോടതിക്ക് വിചാരണചെയ്യാവുന്ന കേസുകൾ സെഷൻസ് കോടതി ആ കോടതിയെ ഏൽപിക്കുന്നതായിരിക്കും. സിവിൽ കേസുകളുടെ വിചാരണാകാര്യത്തിലെന്നതുപോലെ ക്രിമിനൽ കേസുകളുടെ വിചാരണാകാര്യത്തിലും ചില നിയമവിലക്കുകളുണ്ട്. കാലഹരണം (limitation) ആണ് ഒരു നിയമവിലക്ക്. പിഴശിക്ഷ മാത്രം നൽകാവുന്ന കേസുകൾ കുറ്റം നടന്ന് ആറുമാസത്തിനകവും, ഒരു വർഷംവരെ തടവുശിക്ഷ നൽകാവുന്ന കേസുകൾ കുറ്റം നടന്ന് ഒരു വർഷത്തിനകവും, മൂന്നുവർഷംവരെ തടവുശിക്ഷ നൽകാവുന്ന കേസുകൾ കുറ്റം നടന്ന് മൂന്നു വർഷത്തിനകവും കോടതിയിൽ കൊടുത്തിരിക്കണം.

ഒരു കുറ്റത്തിനു വിചാരണചെയ്ത് കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെവിട്ട പ്രതിയെ, അതേ കുറ്റത്തിന് വീണ്ടും വിചാരണചെയ്തുകൂടാത്തതാണെന്ന് അനുശാസിക്കുന്ന ഓട്ട്‌റ ഫോയിസ് അക്വിറ്റ് (ature fois aquit) എന്ന ഫ്രഞ്ചുതത്ത്വവും, ഒരു കുറ്റത്തിനു വിചാരണചെയ്ത് കുറ്റക്കാരനെന്നുകണ്ട് കോടതിശിക്ഷിച്ച പ്രതിയെ, അതേ കുറ്റത്തിനു വീണ്ടും ശിക്ഷിക്കാവുന്നതല്ലെന്ന് അനുശാസിക്കുന്ന ഓട്ട്‌റ ഫോയിസ് കൺവിക്ട് (ature fois convict) എന്നഫ്രഞ്ച് തത്ത്വവുമാണ്, സിവിൽ കേസുകളിലെ റെസ്ജുഡിക്കേറ്റായ്ക്കു(Resjudicata) സമാനമായി, ക്രിമിനൽ കേസ് പ്രതിക്ക് കോടതിയിൽ ഉന്നയിക്കാവുന്നതായ നിയമതടസ്സവാദങ്ങൾ.

(അവലംബം)