മൂന്നിനം കേസുകൾ

അബൂആദം അയ്മൻ

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

(നമ്മുടെ രാജ്യത്തെ കോടതികൾ 28)

സെഷൻസ് കോടതികൾ വിചാരണചെയ്യുന്നവ കൂടാതെയുള്ള കേസുകളെ വിചാരണയുടെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ചിരിക്കുന്നു. വാറന്റ് കേസുകൾ (warrant cases), സമൻസ് കേസുകൾ (summons cases), സമ്മറിക്കേസുകൾ (summary cases) എന്നിവയാണ് അവ.

വാറന്റ് കേസുകൾ രണ്ടുവർഷത്തിനുമേൽ ജീവപര്യന്തംവരെയുള്ള തടവുശിക്ഷയോ വധശിക്ഷയോ വിധിക്കാവുന്ന കേസുകളാണ്. ഈ കേസുകളിൽ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യപ്പെടുന്ന കേസുകൾ ഒഴികെയുള്ളവയുടെ വിചാരണ നടത്തുന്നത് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികളിലോ ചിഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലോ ആയിരിക്കും. വാറന്റ് കേസുകളിൽ പൊലീസ് റിപ്പോർട്ടിന്മേൽ പരിഗണനക്കെടുക്കുന്ന കേസുകളും സ്വകാര്യപരാതികളിന്മേൽ പരിഗണന ക്കെടുക്കുന്ന കേസുകളും ഉൾപ്പെടും. ആദ്യത്തെ ഇനം കേസുകളിൽ പ്രതിക്ക് കുറ്റപത്രം നൽകുന്നതിനു മുമ്പായി തെളിവെടുപ്പു നടത്തുന്നില്ല. പൊലീസ് റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചശേഷം, ഇരുപക്ഷത്തെയും വാദങ്ങൾ കോടതി കേൾക്കുന്നു. പൊലീസിന്റെ കുറ്റാരോപണം അടിസ്ഥാനരഹിതമെന്നു കണ്ടാൽ, കോടതി പ്രതിയെ വെറുതെ വിടുന്നു. മറിച്ചാണെങ്കിൽ പ്രതിക്ക് കുറ്റപത്രം നൽകി കേസ് വിചാരണചെയ്ത് സാക്ഷിവിസ്താരവും തെളിവെടുപ്പും നടത്തി കോടതി വിധി പ്രഖ്യാപിക്കുന്നതാണ്. സ്വകാര്യ പരാതികളിന്മേലെടുക്കുന്ന കേസുകളിൽ മജിസ്‌ട്രേറ്റിനു മുമ്പാകെ പ്രതി ഹാജരാകുകയോ ഹാജരാക്കപ്പെടുകയോ ചെയ്യുമ്പോൾ, പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ച് തെളിവെടുക്കുന്നു. കുറ്റാരോപണം അടിസ്ഥാനരഹിതമെന്നു കണ്ടാൽ പ്രതിയെ വെറുതെ വിടുന്നതാണ്. എന്നാൽ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നുകണ്ടാൽ, കോടതി പ്രതിക്ക് കുറ്റപത്രം നൽകുന്നു. പ്രതിയെ കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപിക്കുന്നതുമാണ്. പ്രതി കുറ്റം സമ്മതിച്ചാൽ അപ്പോൾത്തന്നെ ശിക്ഷിക്കാം. കുറ്റം നിഷേധിക്കുന്നതായാൽ സാക്ഷിവിസ്താരവും തെളിവെടുപ്പും പൂർത്തിയാക്കി കേസ് വിധിക്കുന്നതാണ്.

സമൻസ് കേസുകൾ വാറന്റ് കേസുകളല്ലാത്ത കേസുകളാണ്. രണ്ടു വർഷംവരെയുള്ള തടവുശിക്ഷ വിധിക്കാവുന്ന ഇത്തരം കേസുകളിൽ പ്രതിക്ക് കുറ്റപത്രം നൽകേണ്ടതില്ല. കുറ്റവിവരങ്ങൾ പ്രതിയെ വായിച്ചു കേൾപിച്ചാൽ മതിയാകും. പ്രതി കുറ്റം സമ്മതിച്ചാൽ ഉടൻതന്നെ ശിക്ഷിക്കാം. കുറ്റം നിഷേധിച്ചാൽ ഇരുവിഭാഗം സാക്ഷികളുടെയും വിസ്താരം പൂർത്തിയാക്കി വിധി പറയും. കോടതിയുടെ അനുമതിയോടെ കേസ് വിധി വരുംമുമ്പ് ഏതു ഘട്ടത്തിലും പരാതി പിൻവലിക്കാം. പരാതിക്കാരൻ മരണമടയുകയോ കോടതിയിൽ ഹാജരാകാതെ വരികയോ ചെയ്താലും പ്രതിയെ വെറുതെ വിടാവുന്നതാണ്.

സമ്മറിക്കേസുകൾ സങ്കേതികപരവും വിശദവുമായ വിചാരണകൂടാതെ, ലഘുവായ നടപടികൾ സ്വീകരിച്ച് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോ, ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോ വിചാരണ നടത്തി വേഗത്തിൽ തീർപ്പു കൽപിക്കുന്ന കേസുകളാണ്. രണ്ടുവർഷത്തിൽ കവിയാത്ത തടവുശിക്ഷ വിധിക്കാവുന്ന കേസുകൾ ഈ ഗണത്തിൽ പെടും. മൂന്നുമാസത്തിൽ കവിയാത്ത ശിക്ഷ നൽകാവുന്നത് ഒഴികെയുള്ള സമ്മറി കേസുകൾക്കെല്ലാം സമൻസ് കേസുകളിലെ നടപടിക്രമങ്ങൾതന്നെയാണ് അനുവർത്തിക്കേണ്ടത്. മജിസ്‌ട്രേറ്റ് തന്റെ വിധിയിൽ തെളിവുകളുടെ സംഗ്രഹവും വിധിയിലേക്കു നയിച്ച കാരണങ്ങളും ചേർത്തിരിക്കും. പെറ്റിക്കേസുകൾക്കും (ആയിരം രൂപയിൽ താഴെവരുന്ന തുക പിഴശിക്ഷ വിധിക്കാവുന്ന കേസുകൾ) സമ്മറി വിചാരണയായിരിക്കും നടത്തുക.

ഒരു കേസിന്റെ അന്വേഷണത്തിനോ വിചാരണയ്‌ക്കോ സഹായകമാകുന്നതിന്, കോടതിക്ക് ആ കേസിന്റെ പൊലീസ് ഡയറിയും കേസ് ഡയറിയും വരുത്തി പരിശോധിക്കാവുന്നതാണ്. ക്രിമിനൽ കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഓഫീസർ അന്വേഷണവേളയിൽ സംഭവത്തെപ്പറ്റി സാക്ഷികൾ നൽകുന്ന മൊഴികളും തെളിവുകളും മറ്റും എഴുതി സൂക്ഷിക്കുന്ന ഡയറിയാണ് കേസ് ഡയറി,

ക്രിമിനൽ കേസുകളിലെ ശിക്ഷാവിധികൾ പലവിധമുണ്ട്. ഒരു ശിക്ഷയുടെ കാലാവധി തീരുന്നതിനു മുമ്പേ ആ പ്രതിക്കെതിരെതന്നെ വേറൊരു കേസിൽ കോടതി പുറപ്പെടുവിക്കുന്ന ശിക്ഷാവിധി (accumulative sentence) ആണ് ഇവയിലൊന്ന്. ഇവിടെ ആദ്യശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം രണ്ടാമത്തെ ശിക്ഷ നടപ്പാക്കുന്നതാണ്. ഒരു കേസിൽ വിവിധ കുറ്റങ്ങൾക്കായി നൽകുന്ന തടവുശിക്ഷകൾ പ്രതി ഒരേ കാലത്ത് അനുഭവിച്ചാൽ മതിയാകുമെന്ന നിർദേശത്തോടുകൂടിയുള്ള വിധി (concurrent sentence) ഉണ്ടായെന്നാൽ, വിധിക്കപ്പെട്ടതിൽ ഏറ്റവും കൂടിയ തടവുശിക്ഷ മാത്രം പ്രതി അനുഭവിച്ചാൽ മതിയാകും. കേസ് സംബന്ധിച്ച് പ്രതിക്ക് നേരത്തെ ജയിലിൽ കഴിയേണ്ടിവന്നിട്ടുണ്ടെങ്കിൽ, പ്രസ്തുത കാലയളവ് മൊത്തത്തിലുള്ള ശിക്ഷാകാലാവധിയിൽനിന്ന് ഇളവുചെയ്യുന്നതുമാണ്.

ജീവപര്യന്തം തടവുശിക്ഷ നൽകിക്കൊണ്ടുള്ള വിധി (life sentence), വധശിക്ഷ നൽകിക്കൊണ്ടുള്ള വിധി (death sentence), പ്രതിയെ ജയിലിലാക്കിക്കൊണ്ടുള്ള വിധി (custodial sentence), ഒരു കുറ്റത്തിന് നിയമം അനുശാസിക്കുന്ന സാധ്യമായ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിക്കൊണ്ടുള്ള വിധി (minimum sentence), ലഘുകരിക്കപ്പെട്ട ശിക്ഷാവിധി reduced sentence), പ്രതി ഇനിയൊരു കുറ്റകൃത്യവും ചെയ്യാത്തപക്ഷം, നൽകപ്പെട്ടിരിക്കുന്ന തടവുശിക്ഷ നടപ്പിലാക്കിക്കൂടെന്ന് ഉത്തരവായിക്കൊണ്ടുള്ള വിധി (suspended sentence) മുതലായവയും ഈ വിവിധതരം ശീക്ഷാവിധികളിൽ ഉൾപ്പെടും.

ചില ഉദ്ദേശലക്ഷ്യങ്ങൾ വച്ചുകൊണ്ടും കുറ്റവാളികൾക്ക് ശിക്ഷ നൽകുന്നുണ്ട്. കുറ്റവാളി തെറ്റുകൾ തിരുത്തുന്നതിന് സഹായകമായിവരുന്ന ശിക്ഷ (corrective punishment), കുറ്റകൃത്യം ചെയ്യുന്നതിൽനിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ വേണ്ടി കുറ്റവാളിക്കു നൽകുന്ന കനത്ത ശിക്ഷ (deterent punishment), കുറ്റങ്ങൾ ആവർത്തിക്കുന്നതിന് കുറ്റവാളിയെ അപ്രാപ്തനാക്കാൻ ഉദ്ദേശിച്ചുകൊണ്ട് കുറ്റവാളിക്കു നൽകുന്ന ശിക്ഷ (preventive punishment), ഉദാ: തടവ്, പിഴ, ഉദ്യോഗത്തിൽനിന്നുള്ള പിരിച്ചുവിടൽ മുതലായവ; കുറ്റവാളിയുടെ മനസ്സുമാറ്റി അയാളെ നല്ലവഴിക്ക് തിരിച്ചുവിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ശിക്ഷ (reformative punishment), ഉദാ: തടവുശിക്ഷ നൽകിയിട്ട് നല്ലനടപ്പിൽ തടർന്നുകൊള്ളാമെന്നുള്ള വ്യവസ്ഥയിന്മേൽ, ജയിലിലാക്കാതെ ഒരു പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ അയാളെ കൈകാര്യം ചെയ്യുക; കുറ്റവാളിയോട് സമൂഹത്തിനുതന്നെയുള്ള പക വീട്ടാൻ അയാൾക്കു നൽകുന്ന ശിക്ഷ (retributive punishment) എന്നിവയാണവ.