അന്വേഷണ ഏജൻസികൾ

അബൂ ആദം അയ്മൻ

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

(നമ്മുടെ രാജ്യത്തെ കോടതികൾ 32)

ഡിആർഐ

നിരോധിത വസ്തുക്കൾ, മയക്കുമരുന്നുകൾ തുടങ്ങിയവയുടെ കള്ളക്കടത്തു സംബന്ധിച്ച രഹസ്യവിവരങ്ങൾ, രാജ്യത്തെയും വിദേശരാജ്യങ്ങളിലെയും രഹസ്യവാർത്താ ഉറവിടങ്ങൾ വഴി ശേഖരിക്കുക മുഖ്യചുമതലയായുള്ള കേന്ദ്രവകുപ്പാണ് റവന്യൂ രഹസ്യാന്വേഷണ ഡയറക്ടറേറ്റ് (Directorate of Revenue Intelligence - DRI). ഇതിലേക്ക് സിബിഐയുമായും അവരിലൂടെ ഇന്റർപോളുമായും സമ്പർക്കം പുലർത്തുക, വൈദഗ്ധ്യം വേണ്ട സാമ്പത്തിക കുറ്റാന്വേഷണങ്ങൾ ഏറ്റെടുത്തു നടത്തുകയോ അത്തരം അന്വേഷണങ്ങളിൽ പങ്കാളിത്തം വഹിക്കുകയോ ചെയ്യുക, കള്ളക്കടത്തുസാധനങ്ങൾ കസ്റ്റഡിയിൽ എടുക്കുക, കള്ളക്കടത്തുകാരെ അറസ്റ്റുചെയ്യുക, കസ്റ്റംസ് ആക്ട് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾക്കായി ആദായനികുതിവകുപ്പിന്റെ പരിഗണനയ്ക്കു സമർപ്പിക്കുക, പ്രധാനപ്പെട്ട സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്കും പ്രോസിക്യൂഷൻ കേസുകൾക്കും വേണ്ട മാർഗനിർദേശങ്ങൾ നൽകുക മുതലായവയും ഡിആർഐയുടെ ചുമതലകളിൽപ്പെടുന്നു. കേന്ദ്ര ധനമന്ത്രി കാര്യാലയത്തിന്റെ റവന്യു (പൊതുവരുമാന) വകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസിന്റെ കീഴിൽ ഡിആർഐ പ്രവർത്തിച്ചുവരുന്നു. ഡയറക്ടർ ജനറൽ ആണ് മേധാവി. ആസ്ഥാനം ഡൽഹിയാണ്.

ഡിജിസിഇഐ

രാജ്യത്തു നടക്കുന്ന കേന്ദ്ര എക്‌സൈസ് നികുതി വെട്ടിപ്പും സേവന നികുതി (Service Tax) വെട്ടിപ്പും സംവന്ധിച്ച രഹസ്യവിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട കമ്മീഷണറേറ്റുകളെ ധരിപ്പിക്കുകയും ഇത്തരം കൾ നടത്തുന്നതിലെ പ്രത്യേക ശൈലിയെപ്പറ്റി പഠിച്ച് വിവിധ കമ്മീഷണറേറ്റുകൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യുക മുഖ്യചുമതലയായുള്ള കേന്ദ്ര വകുപ്പാണ് കേന്ദ്ര എക്‌സൈസ് രഹസ്യാന്വേഷണ ഡയറക്ടറേറ്റ് ജനറൽ (Directorate General of Central Excise Intelligence-DGCEI). വെട്ടിപ്പുകൾ നടത്തുന്നതിനുള്ള പഴുതുകൾ അടയ്ക്കുന്നതിലും അവ ഫലപ്രദമായി തടയുന്നതിലും ആവശ്യമായ ഉപദേശങ്ങൾ നൽകി കമ്മീഷണറേറ്റുകളെ സഹായിക്കുക, കമ്മീഷണറേറ്റുകളിൽ എത്തുന്ന നികുതി വെട്ടിപ്പുകേസുകളെക്കുറിച്ചും ഡയറക്ടറേറ്റ് തെരഞ്ഞെടുത്തു നൽകുന്ന സങ്കീർണമായ കേസുകൾ, ധനകാര്യമന്ത്രാലയം ഭരമേൽപിക്കുന്ന കേസുകൾ എന്നിവയെപ്പറ്റിയും അന്വേഷണം നടത്തുക, വെട്ടിപ്പുകേസുകൾ സംബന്ധിച്ചുള്ള സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതിവകുപ്പ്, വിൽപനനികുതി വകുപ്പ് മുതലായവയുടെ നടപടികൾ ഏകോപിപ്പിക്കുക എന്നിവയും ഡിജിസിഇഐയുടെ ചുമതലകളിൽപെടുന്നു. ഡയറക്ടർ ജനറൽ ആണ് മേധാവി. ഡൽഹിയാണ് ആസ്ഥാനം.

ഡിഐസിഐ

ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്‌സ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (Directorate of Income Tax Criminal Investigation-DICI) സാമ്പത്തിക കുറ്റാന്വേഷണം ചുമതലയായുള്ള കേന്ദ്ര വകുപ്പാണ്. ആദായ നികുതി നിയമം (1961-ലേത്) 22ാം വകുപ്പും സ്വത്തുനിയമം(1957-ലേത്) എട്ടാം വകുപ്പും പ്രകാരമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണം നടത്തുന്നതിലേക്ക് ആദായനികുതിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഡയറക്റ്ററേറ്റിന്റെ ആസ്ഥാനം ഡൽഹിയിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറ ക്ടറേറ്റിൽ ആണ്. രാജ്യരക്ഷയ്ക്ക് ഭീഷണിയാകുന്നതും, പ്രത്യക്ഷ നികുതിനിയമ പ്രകാരം കുറ്റകരമാകുന്നതുമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കുക, ഈ കുറ്റങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളും കുറ്റങ്ങളിലെ സാമ്പത്തിക വിനിയോഗങ്ങളും കണ്ടെത്തുക, ഇവ സംബന്ധിച്ച് കോടതികളിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിപ്പിക്കുക മുതലായവ ഈ ഡയറക്ടറേറ്റിന്റെ ചുമതലകളിൽ പെടുന്നു.

ഡൽഹിയിലും ചണ്ഡിഗഢ്, ജയ്പൂർ, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കൊൽക്കൊത്ത, ലക്‌നൗ എന്നിവിടങ്ങളിലുമായി മൊത്തം എട്ടു ഡയറക്ടർമാർ ഈ ഡയറക്ടറേറ്റിന്റെ കീഴിലുണ്ട്.

ഇ ഡി

മുഖ്യമായും വിദേശനാണ്യ വിനിമയനിയമം (Fema), വിദേശനാണ്യ നിയന്ത്രണനിയമം (Fera), വിദേശനാണ്യസംരക്ഷണവും കള്ളക്കടത്തുനിരോധനവും സംബന്ധിച്ച നിയമം (കോഫേപോസ), കള്ള പ്പണം വെള്ളപ്പണമാക്കൽ നിരോധനനിയമം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുക പ്രധാന ചുമതലയായുള്ള കാര്യാലയമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate - E D).

കേന്ദ്ര ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ കാര്യാലയത്തിന് ഇതിലേക്ക് വിപുലമായ അധികാരങ്ങളാണ് നൽകിയിട്ടുള്ളത്. ഈ നിയമങ്ങളുടെ ലംഘനങ്ങൾ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ ശേഖരിക്കുക, ലംഘകരെന്നു സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുക, അവരുടെ വാഹനങ്ങളും ഓഫീസും വീടും പരിസരങ്ങളും പരിശോധിക്കുക, കുറ്റകൃത്യത്തിനു തെളിവായി കണ്ടെടുത്തിട്ടുള്ള വിദേശ കറൻസിയും ഇന്ത്യൻ കറൻസിയും കൈവശത്തിലെടുക്കുക, തെളിവു ശേഖരണത്തിനായുള്ള അന്വേഷണം നടത്തുക, നിയമലംഘകരെ അറസ്റ്റ് ചെയ്ത് വിചാരണചെയ്യിക്കുക, നിയമലംഘനങ്ങളിൽ പെടുന്ന തുകകൾ കണ്ടുകെട്ടുക, കുറ്റകൃത്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയ വസ്തുക്കൾ ജപ്തിചെയ്തു കണ്ടുകെട്ടുക മുതലായവ ഇഡിയുടെ അധികാരങ്ങളിൽ പെടുന്നു. ഡയറക്ടർ ആണ് മേധാവി. ഡൽഹിയാണ് ആസ്ഥാനം.

എൻസിബി

നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau- NCB) അഖിലേന്ത്യാടിസ്ഥാനത്തിൽ മയക്കുമരുന്നു കള്ളക്കടത്തും നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ദുരുപയോഗവും തടയുകയെന്നതാണ് എൻസിബിയുടെ മുഖ്യ ചുമതല. ഇതിലേക്ക് കസ്റ്റംസ് സെൻട്രൽ എക്‌സൈസ്, ഇൻകം ടാക്‌സ്, ഇന്ത്യൻ പൊലീസ് സർവീസ്, സിബിഐ, സിഇഐബി എന്നീ വിഭാഗങ്ങളുമായി എൻസിബിസി സഹകരിച്ചു പ്രവർത്തിക്കുന്നു.

(അവലംബം)