ബ്രെയിൻ മാപ്പിംഗും നാർക്കോ അനാലിസിസും

അബൂ ആദം അയ്മൻ

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

(നമ്മുടെ രാജ്യത്തെ കോടതികൾ 36)

ബ്രെ യിൻ മാപ്പിംഗ്, നാർക്കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകൾക്ക്, പ്രതികളെയും വേണ്ടിവന്നാൽ സാക്ഷികളെയും വിധേയരാക്കിപ്പോരുന്നു. എന്നാൽ ആരെയും സ്വന്തം സമ്മതത്തോടെയല്ലാതെ നിർബന്ധിച്ച് ഈ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഭരണഘടന 20(3) വകുപ്പിന് (ഏതെങ്കിലും കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള ഒരാളെ, അയാൾക്കെതിരായി സാക്ഷ്യം നൽകാൻ നിർബന്ധിക്കാവുന്നതല്ല എന്നതിന്) വിരുദ്ധവും അതിനാൽ അസാധുവുമായിരിക്കുമെന്ന് സുപ്രീംകോടതി 2010 മെയ് അഞ്ചിനു വിധിക്കുകയുണ്ടായി. സ്വമേധയാ ഈ പരിശോധനയ്ക്കു വിധേയരാകുന്നവരുടെ കാര്യത്തിലാണെങ്കിൽ, കേസിനെ സംബന്ധിക്കുന്നതായ എന്തെങ്കിലും വിവരമോ വസ്തുതയോ പരിശോധനാഫലത്തിന്റെ സഹായത്തോടെ ലഭിക്കുന്നതായാൽ ആയത് ഇന്ത്യൻ തെളിവുനിയമം 27ാം വകുപ്പിന് അനുസൃതമായി തെളിവിലേക്ക് സ്വീകരിക്കാവുന്നതാണെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രെയിൻ മാപ്പിംഗ്

ബ്രെയിൻ മാപ്പിംഗ്, കുറ്റകൃത്യത്തെ സംബന്ധിക്കുന്ന സംഗതമായ സംഭാഷണങ്ങളോടും ചിത്രങ്ങളോടുമുള്ള, കുറ്റം ചുമത്തപ്പെട്ടിട്ടുള്ളയാളുടെയും കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്നവരുടെയും അതിസൂക്ഷ്മ മസ്തിഷ്‌ക വൈദ്യുതി തരംഗപ്രതികരണങ്ങൾ അളന്നുകൊണ്ട് യഥാർഥ കുറ്റവാളിയെ തിരിച്ചറിയുന്നതായ പ്രക്രിയയാണ്. അമേരിക്കൻ നാഡീവ്യൂഹവിദഗ്ധൻ ഡോ. ലാറിഫാർവെൽ ആണ് ഈ പ്രക്രിയ വികസിപ്പിച്ചെടുത്തത്.

ഒരു മനുഷ്യന്റെ എല്ലാ പ്രവൃത്തികളുടെയും നിയന്ത്രണകേന്ദ്രം അവന്റെ മസ്തിഷ്‌കമാണെന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രകിയയാണിത്. കുറ്റകൃത്യത്തെ സംബന്ധിക്കുന്ന സംഗതമായ സംഭാഷണങ്ങളും ചിത്രങ്ങളും അംസഗതമായ സംഭാഷണങ്ങളോടും ചിത്രങ്ങളോടുമൊപ്പം ഇടകലർത്തി, കമ്പ്യൂട്ടർ സ്‌ക്രീനിൽ ഇവരെ കാണിക്കുന്നു. ഇവരെ ധരിപ്പിക്കുന്ന ശിരോനാടയിൽ സജ്ജീകരിച്ചിട്ടുള്ള ‘സെൻസർ’ എന്ന ഉപകരണം മുഖേനയാണ് ഇവരുടെ ഈ വേളയിലുള്ള മസ്തിഷ്‌ക വൈദ്യുതിതരംഗ വ്യതിയാനങ്ങൾ അളക്കുന്നത്. കുറ്റവാളി തന്റെ ചെയ്തികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അയാളുടെ മസ്തിഷ്‌കത്തിൽനിന്ന് ഒരു പ്രത്യേകതരത്തിലുള്ള വൈദ്യുതി തരംഗങ്ങൾ ഉദ്ഭവിക്കുന്നതും, ആയത് സെൻസർ ഉപകരണം പ്രേഷണം ചെയ്ത് രേഖപ്പെടുത്തുന്നതുമായിരിക്കും. കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരിൽനിന്ന് യഥർഥ കുറ്റവാളിയെ, ഈ തരംഗവ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാൻ കുറ്റാന്വേഷകർക്ക് സാധിക്കുന്നതാണ്. പോളിഗ്രാഫ് പരിശോധനയിൽനിന്നു വ്യത്യസ്തമായി ഇവിടെ സംശയിക്കപ്പെടുന്നയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കുന്നില്ല.

നാർക്കോ അനാലിസിസ്

നാർക്കോ അനാലിസിസ് (Narco Analysis), കുറ്റം ചുമത്തപ്പെട്ടിട്ടുള്ളയാളെയോ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നവരെയോ, മയക്കുമരുന്നു കുത്തിവച്ചു മയക്കത്തിലാഴ്ത്തിക്കൊണ്ട് അവർ മനസ്സിൽ മറച്ചുവച്ചിട്ടുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് അപഗ്രഥനം ചെയ്യുന്നതായ പ്രക്രിയയാണ്. ‘സത്യം വെളിപ്പെടുത്തുന്നതായ ദ്രാവകം’ truth serum) എന്ന് അറിയപ്പെടുന്ന തയോ പെന്റൽ സോഡിയം, അല്ലെങ്കിൽ സോഡിയം പെന്റാത്തൽ ആണ് സാധാരണ മയക്കുമരുന്നായി ഉപയോഗിക്കുക. ഇത് കുത്തിവച്ചാൽ കേന്ദ്രനാഡീവ്യൂഹം തളരുകയും, രക്തസമ്മർദം താഴുകയും, ഹൃദയമിടിപ്പ് സാവകാശത്തിലാകുകയും ആൾ നിയന്ത്രണം വിട്ട് വാചാലനായി മാറുകയും ചെയ്യുന്നതാണ്. ഒരു ശാന്തതയിൽ എത്തുമ്പോൾ ആൾ ചോദ്യങ്ങൾക്കു വഴങ്ങി മറുപടി പറയുകയും മനസ്സിൽ മറച്ചുവച്ചിട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാന ത്തിൽ യഥാർഥ കുറ്റവാളിയെ തിരിച്ചറിയുന്നതിനും കേസിലേക്കു വേണ്ട സംഗതമായ തെളിവുകൾ ശേഖരിക്കുന്നതിനും കുറ്റാന്വേഷകർക്ക് കഴിയുന്നതാണ്.