തുരത്തണം വര്‍ഗീയ വൈറസിനെയും
ടി.കെ.അശ്‌റഫ്
2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11
രാജ്യത്ത് കോവിഡ് വാക്‌സിന്‍ 2021 ജനുവരി മുതല്‍ നല്‍കിത്തുടങ്ങാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. എത്രയും വേഗം ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രത്യാശിക്കാം.
എന്നാല്‍ രാജ്യത്തെ മൊത്തത്തില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ വൈറസിനും വാക്‌സിന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ആരോഗ്യരംഗം മെച്ചപ്പെട്ടതുകൊണ്ട് മാത്രം രാജ്യത്ത് സമാധാനം ഉണ്ടാകില്ല; മനുഷ്യര്‍ തമ്മില്‍ ആരോഗ്യകരമായ സാമൂഹിക ബന്ധംകൂടി ശക്തിപ്പെടുമ്പോള്‍ മാത്രമെ സ്വസ്ഥമായ ജനജീവിതം യാഥാര്‍ഥ്യമാവുകയുള്ളൂ.
ഖേദകരമെന്നു പറയട്ടെ, കോവിഡിന് വാക്‌സിന്‍ വരുന്നതോടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ പര്യടനത്തിനിടയില്‍ പ്രഖ്യാപിച്ചിരിക്കുന്നു. കൊറോണ വൈറസിന്റെ ആക്രമണം കുറയുമ്പോഴേക്കും വര്‍ഗീയ വൈറസിനെ രാജ്യത്ത് വ്യാപിക്കാനാണ് ശ്രമം എന്നര്‍ഥം. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നായിഏല്‍പിച്ചുകൊടുക്കുന്നത്, നിലനില്‍പിനായുള്ള സമരത്തിനിടെ കൊടുംതണുപ്പില്‍ കര്‍ഷകരുടെ ജീവന്‍ പൊലിയുന്നത്, പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലക്കയറ്റം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് വര്‍ഗീയ അജണ്ടകള്‍ വീണ്ടും കുത്തിപ്പൊക്കുന്നത്.
ഉത്തരേന്ത്യയില്‍ അടിച്ചുവീശുന്ന വര്‍ഗീയവിഷം കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ അതീവജാഗ്രത ഉണ്ടാവണം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തുമ്പോള്‍ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും അതീവ ജാഗ്രത പാലിക്കണം. ചെറിയ വൃണങ്ങള്‍ മാന്തിച്ചൊറിഞ്ഞ് വലുതാക്കുന്ന പോലെ വര്‍ഗീയ ചേരിതിരിവിന്റെ ചെറിയ മുറിവുകള്‍ നാവും പേനയും ഉപയോഗിച്ച് മാന്തിക്കീറി വലുതാക്കുന്ന ദുഷ്പ്രവണത ആരില്‍നിന്നും ഉണ്ടായിക്കൂടാ. അത്തരത്തിലുള്ള പ്രസ്താവനകള്‍, ലേഖനങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍ എന്നിവയില്‍നിന്ന് വിവേകമുള്ളവര്‍ വിട്ടുനില്‍ക്കണം.
വര്‍ഗീയത പച്ചയ്ക്ക് പറയുന്നവര്‍ക്ക് അടുത്തകാലംവരെ മലയാള മുഖ്യധാരാ ചാനലുകള്‍ വലിയ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അത്തരം ആളുകളെ പ്രത്യേകം തിരഞ്ഞുപിടിച്ച് അന്തിച്ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ ചാനലുകള്‍ പരസ്പരം മത്സരിക്കുന്നതുപോലെ തോന്നുന്നു. കേരളജനതയെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ഒരുക്കിയ കെണികളില്‍ അറിഞ്ഞും അറിയാതെയും മാധ്യമങ്ങള്‍ ഭാഗമാകുന്നുണ്ട്. വര്‍ഗീയ സംഘടനകള്‍ സ്വന്തം അനുയായികളില്‍ നിശാക്യാമ്പുകളില്‍വച്ച് കുത്തിവെക്കുന്ന വര്‍ഗീയവിഷം ഒട്ടും ചോരാതെ പൊതുസമൂഹത്തിനുമുന്നില്‍ വിളമ്പാന്‍ ചില ചാനലുകള്‍ യഥേഷ്ടം സമയം നല്‍കുന്നത് ആ വിഷത്തിന്റെ സമൂലമായ വ്യാപനത്തിന് കാരണമാകുമെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വിസ്മരിച്ചുകൂടാ.
മതനിരപേക്ഷതയിലധിഷ്ഠിതമായ സാമൂഹ്യസംവിധാനം നിലനിന്നാലേ ഇന്ത്യയെപ്പോലൊരു രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും സമാധാനജീവിതം സാധ്യമാവുകയുള്ളൂ. വര്‍ഗീയയുടെ തുരുത്ത് ചിലര്‍ക്ക് താല്‍ക്കാലിക നിലനില്‍പിന് പ്രയോജനപ്പെടുമെങ്കിലും രാജ്യമാകുന്ന കപ്പലില്‍ വീഴുന്ന ദ്വാരങ്ങളാണ് അവയെന്നും കപ്പലില്‍ വെള്ളം കയറിയാല്‍ ദ്വാരമുണ്ടാക്കിയവര്‍ മാത്രമല്ല മുങ്ങിമരിക്കുക എന്നും മനസ്സിലാക്കിയാല്‍ എല്ലാവര്‍ക്കും നല്ലത്.
കേരളത്തിന്റെ ഗ്രാമപ്രദേശങ്ങള്‍ എല്ലാമതവിശ്വാസികളും ഇടകലര്‍ന്നു ജീവിക്കുന്നവയാണ്. അവിടെയുണ്ടാകുന്ന വര്‍ഗീയ വിഭജനം എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്ന് നാം തിരിച്ചറിയണം. കൊറോണയെക്കാള്‍ അപകടകാരിയാണ് വര്‍ഗീയതയാകുന്ന വൈറസ്. കോവിഡിനെ പ്രതിരോധിച്ച പോലെ വര്‍ഗീയതയെയും നമുക്ക് ഒന്നിച്ചു നേരിടാം. അതിനുള്ള വാക്‌സിന്‍ അന്വേഷിക്കേണ്ടത് പരീക്ഷണ ലാബുകളിലല്ല; മനുഷ്യരുടെ ഓരോരുത്തരുടെയും മനസ്സിനകത്താണ്.