ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ഓപ്പണ്‍ വര്‍ഗീയതയും
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
2020 ഒക്ടോബര്‍ 17 1442 സഫര്‍ 30
കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ കേരളത്തെ കുറിച്ച് പറഞ്ഞ 'ഇതൊരു ഭ്രാന്താലയമാണ്' എന്ന കമന്റ് പൂര്‍വിക കേരളത്തിന്റെ വസ്തുതാപരമായ ചിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ഉത്തരേന്ത്യയില്‍ ഇപ്പോഴും പത്തിവിടര്‍ത്തി നിറഞ്ഞാടുന്ന ജാതിവിവേചനത്തിന്റെ മുറിപ്പെടുത്തുന്ന വാര്‍ത്തകളിലെ അവസാനവാര്‍ത്ത മാത്രമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസ് പെണ്‍കുട്ടിയുടെത്.
സംഭവം വിവാദമായ ശേഷവും തങ്ങളുടെ ശ്രേണീയധികാരത്തില്‍ കൈയിടാന്‍ വരുന്നവരോടുള്ള രോഷം ഠാക്കൂര്‍ യുവാക്കളില്‍നിന്നും ലോകം കാണുകയുണ്ടായി. ഉത്തരേന്ത്യന്‍ ശ്രേണീവ്യവസ്ഥയില്‍ അംഗീകരിക്കപ്പെട്ട പദാവലിയാണത്രെ 'ചോട്ടാ കാം,' 'ബഡാ കാം,' 'പൂരാ കാം' എന്നിവ.
'ചോട്ടാ കാം' എന്നാല്‍ താഴ്ന്നജാതിയിലെ പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി സ്പര്‍ശിക്കുക, ഉന്തുക, തള്ളുക എന്നും 'ബഡാ കാം' എന്നാല്‍ അവരെ ബലാല്‍സംഗം ചെയ്യുക എന്നും 'പൂരാ കാം' എന്നാല്‍ എല്ലാ മാനവും കവര്‍ന്നെടുത്ത് കൊലപ്പെടുത്തുക എന്നുമാണ് ഉദ്ദേശ്യം.
ഇത്തരത്തിലുള്ള കഠിനമായ ജാതിവെറിയില്‍നിന്നും കേരളം രക്ഷപ്പെട്ടത് ഇവിടെ ചോരയും നീരും വറ്റിച്ച് പണിയെടുത്ത നവോത്ഥാന നായകരുടെയും വിപ്ലവപ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടുതന്നെയാണ്.
എങ്കിലും ഉള്ളിലും പുറത്തും ഈ ജാതീയത കൊണ്ടുനടക്കുന്നവരുണ്ട് എന്നതിന്റെ പ്രകടമായ എത്രയോ ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെത് മാത്രമാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ കേരളത്തോട് വിളിച്ചുപറഞ്ഞ അനുഭവം. ഈ ജാതി അടരുകളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു എന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ലല്ലോ. ജാതി ചോദിച്ചവനോട് 'കണ്ടാലറിയാത്ത ജാതി എങ്ങനെയാ പറഞ്ഞാലറിയാ' എന്ന് പറഞ്ഞ, 'മനുഷ്യനാണ് ജാതി' എന്ന് ആവര്‍ത്തിച്ചുപറഞ്ഞ ആ ഗുരുവിന്റെ പേരും ഫോട്ടോയുമുപയോഗിച്ച് പാര്‍ട്ടിയുണ്ടാക്കി അതിനെ കുടുംബവല്‍ക്കരിച്ച വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍ പുതുതായി രൂപംനല്‍കിയ ഗുരുവിന്റെ പേരിലുള്ള സര്‍ക്കാര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് ഒരു അക്കാഡമീഷ്യനെ വൈസ്ചാന്‍സലറായി നിയമിച്ചപ്പോഴേക്കും ജാതിവെറിപൂണ്ട് മൈക്കിനു മുന്നിലെത്തിയിരിക്കുന്നു! മനോരമയും അച്ചായന്‍മാരും കൂട്ടിനുണ്ട്. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനും സംഗതി ദഹിച്ച മട്ടില്ല! കേരളത്തിലെ മറ്റു പതിനൊന്ന് സര്‍വകലാശാലകളിലെ വിസി, പ്രൊ.വിസി, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയ സ്റ്റാറ്റിയൂട്ടറി തസ്തികകളിലുള്ള സാമുദായിക സന്തുലനവും അധികാര പങ്കാളിത്തവും വിലയിരുത്തിയിട്ട് വേണമായിരുന്നു മുസ്‌ലിം എന്ന് കേട്ടപ്പോഴേക്കുമുള്ള ഈ ഹാലിളക്കം എന്നാണ് ഇവരോടെല്ലാം പറയാനുള്ളത്.
മുസ്‌ലിം എന്ന് കേട്ടാല്‍ വെള്ളാപ്പള്ളിക്ക് പണ്ടേ നിക്കറില്‍ മുള്ളിയ ഒരു പരുങ്ങലുണ്ടാവാറുള്ളതാണ്. കോഴിക്കോട്ട് ഓടയിലിറങ്ങി മരണാസന്നരായ അതിഥിതൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുടെ പേര് നൗഷാദ് എന്നാണെന്നറിഞ്ഞപ്പോള്‍ ഇങ്ങേരുടെ തുള്ളല്‍ കേരളം കണ്ടതാണ്.
തന്റെ ജാതിക്ക് യഥാര്‍ഥത്തില്‍ കിട്ടേണ്ട സംവരണ സീറ്റുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പോലും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കെ അതിനെതിരെ എന്തെങ്കിലുമൊന്ന് ചെയ്യാന്‍ ശ്രമിക്കാതെ സമൂഹത്തില്‍ ചളിയും ചാണകവും വാരിയെറിയാനുള്ള വിരുത് 80ാം വയസ്സിലും ടിയാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെന്നു ചുരുക്കം!