ഓര്‍ക്കാനിഷ്ടപ്പെടുന്ന ചില തിരുത്തലുകള്‍
സലാം സുറുമ എടത്തനാട്ടുകര
2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13
''മാഷ് നമ്മുടെ എം.ആര്‍.എച്ച്.എസ് ഓള്‍ഡന്‍സ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇല്ലേ?''
''ഉണ്ട്!''
''ജലീല്‍ മാസ്റ്ററുടെ ഉപ്പ മരിച്ചതിന് താങ്കള്‍ കമന്റ് ചെയ്തിരുന്നോ?''
''ഞാന്‍ ഇന്നാ ലില്ലാഹി... എന്ന സ്റ്റിക്കര്‍ കമന്റ് ഇട്ടിരുന്നു.''
''എന്നാല്‍ ഒന്ന് വേഗം പരിശോധിക്കൂ. താങ്കള്‍ ഇന്നാ ലില്ലാഹി പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അറിയാതെ ഒരു തള്ളവിരല്‍ സ്റ്റിക്കര്‍ കൂടി അതിനു മുകളിലായി ഇട്ടിട്ടുണ്ട്. അത് വേഗം ഡിലീറ്റ് ചെയ്യൂ.''
ഉറവിടം അറിയാത്ത കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പഞ്ചായത്തില്‍ മുഴുവനും ചില നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി വൈകുന്നേരം അഞ്ചു മണിക്ക് കടകള്‍ അടക്കും എന്നതിനാല്‍ അത്യാവശ്യമായി ചില സാധനങ്ങള്‍ വാങ്ങുന്നതിനായി സ്‌കൂട്ടറില്‍ കയറുന്ന സമയത്ത് വന്ന ഒരു ഫോണ്‍കാള്‍ ആണിത്.
ആ അജ്ഞാത സുഹൃത്ത് പറഞ്ഞത് ശരിയാണെന്ന് വാട്‌സാപ്പ് ഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ മനസ്സിലായി. ഉടന്‍ ആ തമ്പ് സ്റ്റിക്കര്‍ ഡിലീറ്റ് ചെയ്ത് അദ്ദേഹത്തെ വിളിച്ച് നന്ദി പറഞ്ഞു
23 വര്‍ഷം മുമ്പ് വളാഞ്ചേരിക്കടുത്തെ ഒരു അണ്‍എയിഡഡ് സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയും എയിഡഡ് സ്‌കൂളില്‍ കയറിയും വിദേശത്ത് പോയുമൊക്കെ ഈ സ്‌കൂളില്‍നിന്നും പടിയിറങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിലാണ് എനിക്ക് ഈ അബദ്ധം പിണഞ്ഞത്. ഒരിക്കല്‍പോലും എന്നെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെ അബദ്ധം ചൂണ്ടിക്കാണിച്ച നല്ല മനസ്സിനു നന്ദിയും പ്രാര്‍ഥനകളും.
ഇഷ്ടമായ തിരുത്തലിന്റെ മറ്റൊരനുഭവം.
വീടിന് സമീപത്തുള്ള ജുമാമസ്ജിദില്‍നിന്നും മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ് പുറത്തിങ്ങുമ്പോള്‍ ഒരു പയ്യന്‍ സലാം പറഞ്ഞ് കൈതന്നു. കൂടെ ഒരു ചോദ്യവും: ''തിരക്കിലാണോ? ഒരു കാര്യം പറയാനുണ്ടായിരുന്നു.''
''എന്താണ്? പറയൂ'' ഞാന്‍ ആകാംക്ഷയോടെ പറഞ്ഞു.
''താങ്കള്‍ നമസ്‌കരിക്കുമ്പോള്‍ സുജൂദിന്റെ സമയത്ത് കൈവിരലുകള്‍ പലപ്പോഴും വിടര്‍ത്തിയാണ് വെക്കാറുള്ളത്. ചേര്‍ത്തുവെക്കണം എന്നാണ് നബി(റ)യുടെ സുന്നത്തില്‍ ഉള്ളത്.''
നമസ്‌കാരത്തിനിടയില്‍ മനഃപൂര്‍വമല്ലാതെ വന്നുപോകുന്ന ഈ തെറ്റ് തിരുത്താന്‍ ഉപദേശിച്ച ആ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് മനസ്സില്‍തട്ടി തന്നെ നന്ദി പറഞ്ഞു.
പഠന കാലത്തും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന വേളകളിലും ഇത്തരം ഗുണകാംക്ഷാപരമായ ചില തിരുത്തലുകള്‍ അനുഭവപ്പെട്ടത് ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍പുണ്ട്. തിരുത്താന്‍ സമയം കണ്ടെത്തിയ ആ നല്ല മുഖങ്ങളും മറക്കാനാവുന്നില്ല.
സോഷ്യല്‍ മീഡിയ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് അതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാനോ ആ വ്യക്തിയുമായി ബന്ധപ്പെട്ട് തിരുത്താനോ മെനക്കെടാതെ അത് ലോകം മുഴുവന്‍ പ്രചരിപ്പിച്ച് 'സുഖം കണ്ടെത്തുന്നവരു'മുണ്ട് നമ്മുടെ ചുറ്റുപാടുകളില്‍.
സ്‌നേഹപൂര്‍വമായ തിരുത്തലുകള്‍ ഏവരും ആഗ്രഹിക്കുന്നു. തിരുത്തലുകള്‍ കാര്‍ക്കശ്യം നിറഞ്ഞതും ഗുണകാംക്ഷയില്ലാത്തതും ആകുമ്പോഴാന് ഏവര്‍ക്കും അരോചകമാകുന്നത്. അറ്റുപോയ ചില ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാനും തിന്മയില്‍ മുങ്ങിക്കുളിച്ച് ജീവിതം നഷ്ടപ്പെടുത്തുന്നവരെ നന്മയുടെ പാതയിലേക്ക് നയിക്കാനും ചില നല്ല തിരുത്തലുകള്‍കൊണ്ട് സാധിക്കും. സാമൂഹ്യ, സാംസ്‌കാരിക, സംഘടന, കുടുംബ, വ്യക്തി ബന്ധങ്ങളില്‍ നന്മയുടെ നറുമണം വിതറാന്‍ സ്‌നേഹത്തില്‍ ചാലിച്ച നമ്മുടെ ചില തിരുത്തലുകള്‍ നിമിത്തങ്ങളാകട്ടെ.