ഒരു ഗ്രാമത്തിന്റെ വെളിച്ചം
ഇബ്‌നു അലി എടത്തനാട്ടുകര
2020 മാര്‍ച്ച് 14 1441 റജബ് 19
മരിച്ചവരെക്കുറിച്ച് കുറ്റം പറയരുത് എന്നാണ് പ്രമാണം. കുറ്റം പറയാന്‍ ഉണ്ടായേക്കും; പക്ഷേ, പറയരുത് എന്നും ഇതില്‍ നിന്ന് വായിക്കാനാകും. എന്നാല്‍ മരിച്ച ഒരാളെക്കുറിച്ച് കുറ്റവും കുറവും ഒന്നും പറയാനില്ലെങ്കിലോ? അത്തമൊരാളെക്കുറിച്ചാണ് പറയാനുള്ളത്. വിവാഹബന്ധം എനിക്ക് നല്‍കിയ, കാല്‍ നൂറ്റാണ്ടിലേറെ അടുപ്പമുള്ള ഒരാള്‍ തൊണ്ണൂറ്റിനാലാം വയസ്സില്‍ മരണപ്പെട്ടു.
പല തരത്തില്‍, തലത്തില്‍ സൗഹൃദമുള്ള ഇദ്ദേഹത്തെ സംബന്ധിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായം ചെന്നവര്‍ക്കും പറയാന്‍ നല്ല വാക്ക് മാത്രം. സുകൃതം ചെയ്ത ഒരാള്‍. ഒരു സാധാരണ മനുഷ്യന്‍. വെള്ള മുണ്ടും വെള്ളക്കുപ്പായവും ധരിക്കുന്ന ഉയരം കുറഞ്ഞ ഒരാള്‍. സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ തൊഴില്‍പരമായോ തറവാടിത്തം കൊണ്ടോ സമൂഹത്തിന്റെ ഉന്നത സ്ഥാനീയന്‍ അല്ലാതിരുന്ന ഒരു പച്ചമനുഷ്യന്‍.
പക്ഷേ, അയാള്‍ ആ ഗ്രാമത്തില്‍ അത്ര മേല്‍ സ്വാധീനം നേടിയിരുന്നു. പത്ര, സമൂഹ മാധ്യമങ്ങള്‍ വഴി മരണവിവരം അറിഞ്ഞവരുടെ പ്രതികരണം ഉള്ളില്‍ തട്ടുന്നതായിരുന്നു. പേരമകള്‍ നല്ലോര്‍മകളില്‍ മുങ്ങിയ വാക്കുകള്‍ കൊണ്ട് സമൂഹ മാധ്യമത്തില്‍ എഴുതിയ ചെറുകുറിപ്പിന് കിട്ടിയ ഡസന്‍ കണക്കിന് ഷെയറുകളും കമന്റുകളും നൂറുകണക്കിന് ലൈക്കുകളും മറ്റൊന്നുമല്ല പറഞ്ഞു തരുന്നത്. പ്രായ, ജാതി, മത ഭേദങ്ങള്‍ക്കപ്പുറം അദ്ദേഹം എത്രമേല്‍ പലരിലും സ്വാധീനം ചെലുത്തിയിരുന്നുവെന്നു കാണിക്കുന്നതായിരുന്നു മറു കുറിപ്പുകള്‍. നേരിലും ഫോണിലും മറ്റും ഓര്‍മകള്‍ കൈമാറിയവരുടെ പ്രതികരണവും മറ്റൊന്നായിരുന്നില്ല.
പഠിക്കാന്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും പഠിപ്പിക്കാന്‍ പിതാവിന് താല്‍പര്യമുണ്ടായിരുന്നിട്ടും അന്നത്തെ മതപുരോഹിത അനുമതി ലഭിക്കാത്തത് കൊണ്ട് പഠനമോഹം പാതിവഴിയില്‍ പൊലിഞ്ഞു. അന്നത്തെ തൊഴില്‍ എന്ന നിലയില്‍ ബീഡി തെറുപ്പ് ആരംഭിച്ചു. പിന്നെ നാടുവിട്ടു. പല സ്ഥലങ്ങളില്‍ കറങ്ങി. ജീവിതം നേരിട്ട് പഠിച്ചു. ഹോട്ടല്‍ തൊഴില്‍ വരെ ചെയ്തു. മടുത്തപ്പോള്‍ നാട്ടിലേക്ക് മടങ്ങി. ഒരു ഇതരമതക്കാരന്‍ അദ്ദേഹത്തിന് തന്റെ സ്‌കൂളില്‍ ജോലി നല്‍കി. ക്ലറിക്കല്‍ ജോലി അടക്കം ആത്മാര്‍ഥമായി ചെയ്തു തുടങ്ങി. ഔദേ്യാഗിക കാര്യങ്ങള്‍ക്ക് വിവിധ ഓഫീസുകളില്‍ ചെന്ന് കാര്യം നടത്തി. ചുരുങ്ങിയ കാലം കൊണ്ട് സ്ഥാപനത്തില്‍ തനതായ ഒരിടം നേടി.
ചെറിയ വരുമാനംകൊണ്ട് ഇത്തിരി സ്ഥലം വാങ്ങി. ഒരു കൊച്ചു വീടുവെച്ചു. ഒരു മകന്‍ അടക്കം ആറ് മക്കളും ഭാര്യയുമൊന്നിച്ചുള്ള ജീവിതം പച്ചപിടിച്ചു. തനിക്ക് നേടാന്‍ കഴിയാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കണമെന്ന് ഏതൊരു പിതാവിനെയും പോലെ അദ്ദേഹവും ആഗ്രഹിച്ചു. കോളേജിലേക്കും ടിടിസിക്കും മൂത്ത രണ്ടു പെണ്‍മക്കളെ പറഞ്ഞയച്ചപ്പോള്‍ പുരോഹിതര്‍ മുഖംചുളിച്ചു. തടയാന്‍ ശ്രമിച്ചു. നടക്കില്ല എന്ന് കണ്ടപ്പോള്‍ നിസ്സഹകരണമായി. അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കള്‍ ഹെഡ്മിസ്ട്രസ്സുമാരായി വിരമിച്ചിരിക്കുന്നു. തൊട്ടുതാഴെയുള്ള മകന്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് പെന്‍ഷനായി. പെണ്മക്കളും മരുമകളും അടക്കം മൂന്നുപേര്‍ ഇന്ന് സര്‍ക്കാര്‍ സര്‍വീസിലുണ്ട്.
എഴുതാനും വായിക്കാനും അറിയാവുന്നവര്‍ കുറവായ ആ കുഗ്രാമത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടുകാര്‍ അദ്ദേഹത്തെ സമീപിച്ചു. പാസ്‌പോര്‍ട്ടിന് അടക്കമുള്ള അപേക്ഷകള്‍ തയ്യാറാക്കാന്‍ നാട്ടുകാരെ അദ്ദേഹം സഹായിച്ചു. അവരുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തി. പലരുമായും ബന്ധപ്പെട്ടു. വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി. അവരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് പ്രോത്സാഹനവും ഉപദേശവും നല്‍കി. അതിനിടെ മുസ്‌ലിം വിദ്യാഭ്യാസ സംഘടനയുടെ പ്രവര്‍ത്തകനായി. നാട്ടില്‍ ആദ്യമായി ഒരു നഴ്‌സറി സ്‌കൂള്‍ ആരംഭിച്ചു. പള്ളിക്കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ആളുകള്‍ സമീപിച്ചു തുടങ്ങി. വാദിക്കും പ്രതിക്കും പറയാനുള്ളത് മുഴുവനും കേള്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പറയാനുള്ളത് ഇരുകൂട്ടരും പറഞ്ഞു തീര്‍ക്കുന്നതോടുകൂടി തന്നെ മഞ്ഞുരുകാന്‍ തുടങ്ങും. പ്രശ്‌നങ്ങള്‍ മുഴുവന്‍ ക്ഷമയോടെ കേട്ട്, പിന്നീട് അവര്‍ക്ക് പറ്റിയ ചില വീഴ്ചകള്‍ ശാന്തമായി ചൂണ്ടിക്കാണിക്കും. വഴക്ക് തീര്‍ന്നാലും ഇല്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും ഒരിക്കലും അദ്ദേഹത്തോട് അനിഷ്ടം തോന്നാറില്ല.
കുട്ടികളും യുവാക്കളും പ്രായംചെന്നവരും വിവിധ ആവശ്യങ്ങള്‍ക്കായി നേരം നോക്കാതെ അദ്ദേത്തെ സമീപിച്ചു. അദ്ദേഹം അങ്ങനെ നാട്ടുകാരുടെ 'മാഷ്' ആയി മാറി.
വായന ഇഷ്ടപ്പെടുന്ന, യാത്രയെ സ്‌നേഹിക്കുന്ന, സദാ റേഡിയോ കൂടെയുണ്ടായിരുന്ന അദ്ദേഹം ചാരുകസേരയിലിരുന്ന് മുഖ്യാധാരാ ആനുകാലികങ്ങള്‍ അടക്കം വായിച്ചിരുന്നു. തിമിരം വായന മുടക്കിയപ്പോള്‍ ലെന്‍സ് ഉപയോഗിച്ച് തലക്കെട്ടുകള്‍ വായിച്ചു. പേരക്കുട്ടികള്‍ അടക്കമുള്ളവരെക്കൊണ്ട് വായിപ്പിച്ചു. കുറിക്കുകൊള്ളുന്ന തമാശകള്‍ ഇടയ്ക്കിടെ പറഞ്ഞിരുന്ന ആ മനുഷ്യനില്‍ ചിലര്‍ വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിരുന്നു!
മരണത്തിന് ഒരു കൊല്ലം മുമ്പു തന്നെ സ്വത്തും ബാക്കിയുള്ള പണവും മക്കള്‍ക്ക് എങ്ങനെ വീതം വെക്കണം എന്ന് കുറിച്ചു വെച്ചിരുന്നു. പേരക്കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്ക് പോലും ചെറിയ തുകകള്‍ മാറ്റിവെച്ചിരുന്നു. തൊണ്ണൂറ്റിനാലാം വയസ്സിലും കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഒന്നുമി ല്ലാതെ, സ്വന്തം കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്തിരുന്ന, ഓര്‍മക്ക് ഒരു പോറലും ഇല്ലാത്ത അദ്ദേഹം മരണം മുന്നില്‍ കണ്ട് എല്ലാം ചെയ്തുവെച്ചു! ആര് മയ്യിത്ത് നമസ്‌കരിക്കണം എന്നും പറഞ്ഞുവെച്ചു. മരണാനന്തര ചെലവുകള്‍ക്ക് ഇനം തിരിച്ച് പണം മൂത്തമകളെ മരണത്തിന്റെ തലേദിവസം ഏല്‍പിക്കുക യും ചെയ്തിരുന്നു.
ഒരു ഗ്രാമത്തിന്റെ, ഒരു കാലഘട്ടത്തിലെ സമൂഹത്തിന്റെ, സമുദായത്തിന്റെ, ചരിത്രത്തിന്റെ സാക്ഷിയായിരുന്നു അദ്ദേഹം. ആ കഥകള്‍ക്ക് കാതോര്‍ക്കാന്‍ പലരും അദ്ദേഹത്തിനടുത്ത് എത്താ റുണ്ടായിരുന്നു. നോമ്പ്, പെരുന്നാള്‍, പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സമൂഹത്തിന്റെയും സമുദായത്തിന്റെയും അവസ്ഥകള്‍ എന്നീ വിഷയങ്ങളില്‍ അദ്ദേഹം മൂന്ന് എപ്പിസോഡുകളിലായി 'പീസ് റേഡിയോ ഓര്‍മ'യില്‍ പങ്കുവെച്ചിട്ടുണ്ട്.
ജീവിതം ഒരു യാഥാര്‍ഥ്യമാണ്. നാം തന്നെ തെളിവ്. മരണം ഒരുനാള്‍ വരും എന്നതില്‍ നമുക്ക് സംശയം തെല്ലുമില്ല. നാം മരിച്ചാല്‍ നമ്മുടെ വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും നമ്മെക്കുറിച്ച് നല്ലതു പറയാന്‍ ഉണ്ടാകുമോ? ഉണ്ടാകണം. ജീവിതത്തെ നന്മയുടെ വഴിയില്‍ മാത്രം മുന്നോട്ടു നയിച്ചാല്‍ ഉണ്ടാകും.