ആരവമൊഴിഞ്ഞ വിദ്യാലയങ്ങള്‍

വി.ടി അബ്ദുസ്സലാം

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങും എന്നു കേട്ടപ്പോള്‍ എന്തോ ഒരു നിര്‍വികാരതയാണ് തോന്നിയത്. ഓര്‍മകളില്‍ ഓടിമറഞ്ഞ സ്‌കൂള്‍ കാലം ഓളമിട്ടു. വിശേഷിച്ച് ഓരോ അവധിക്കാലത്തിനും വിരാമമിട്ട് വരുന്ന സ്‌കൂള്‍ തുറപ്പുകള്‍. സ്ലേറ്റും പെന്‍സിലും കയ്യിലൊതുക്കി നെഞ്ചില്‍ ചേര്‍ത്തുപിടിച്ച്, കീശയില്‍ ഉമ്മ തന്ന മഷിത്തണ്ടുവച്ച് ബെഞ്ചിലിരുന്ന് ഒന്നില്‍ നിന്നും തുടങ്ങി പത്തിലേക്ക് മഴ പെയ്തു കയറിയ സ്‌കൂള്‍ അധ്യയന വര്‍ഷങ്ങള്‍...

ഇന്നും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു ആ പുതുമയേറിയ ബഹളമയമായ അന്തരീക്ഷങ്ങള്‍. അവധിക്കാലത്തിന്റെ ആലസ്യത്തില്‍നിന്നും ക്ലാസ്സ്മുറികളുടെയും സ്‌കൂള്‍ വരാന്തകളുടെയും കളിമുറ്റങ്ങളുടെയും ആരവങ്ങളിലേക്ക് ആവേശത്തോടെ ഓടിച്ചെന്നിരുന്ന കാലം. പൂവാക പൂത്തുവീണ വഴികള്‍. മണ്‍സൂണ്‍ മേഘങ്ങള്‍ മാനംമൂടി ഇരുണ്ട നേരങ്ങള്‍. ചളി തെറിപ്പിച്ച് നടക്കാറുള്ള ഇടവഴികള്‍. നനയാന്‍ കാത്തുനിന്ന ബേഗും ബുക്കും പെന്നും പെന്‍സിലും... ക്ലാസ്സ്മുറികളിലിരിക്കുമ്പോള്‍ കയ്യകലത്തില്‍ ആര്‍ത്തലച്ചു പെയ്ത മഴകള്‍ നോക്കിയിരുന്ന കാലം!

ഒരു പക്ഷേ, സ്‌കൂള്‍ തുറക്കുമ്പോഴായിരിക്കും കൂടുതല്‍ പുതുമയുടെ ഗന്ധം നമ്മള്‍ നുകര്‍ന്നത്. പെയ്യുന്ന മഴക്കും പുതിയ കുടക്കും കയ്യിലെ പേനക്കും പുസ്തകത്തിനും ബാഗിനും പിന്നെ ധരിച്ചയൂണിഫോമിനും ഒക്കെ എന്തു നല്ല മണമായിരുന്നു! പുതിയ ക്ലാസ്സും പുതിയപാഠങ്ങളും സഹപാഠികളും പുതിയ അധ്യാപകരും പുതിയ പുതിയ അനുഭവങ്ങളുമായി അഴകിന്റെ മഴവില്ലുകളായി നമുക്കായി പ്രത്യേകം പതിച്ചുവച്ച കാലങ്ങള്‍...

അധ്യാപകവൃത്തിയില്‍ കഴിഞ്ഞപ്പോഴെല്ലാം ആ  പഴയ കാലത്തിന്റെ പുതിയ ചിത്രങ്ങളേറി വന്ന കുട്ടികളോടൊപ്പം അതൊക്കെ കണ്ട് ആസ്വദിച്ചു പോരാന്‍ കഴിഞ്ഞിരുന്നു. കാലത്തിന്റെ മാറ്റത്തില്‍ ഗതകാല രീതികളില്‍ ഭാവഭേദങ്ങള്‍ പലതും വന്നെങ്കിലും പകിട്ടുമാറാതെ സ്‌കൂളും കുട്ടികളും ക്ലാസ്സ്‌റൂമുകളും ബെല്ലും ബെഞ്ചും ഡെസ്‌കും അധ്യാപകരോടൊപ്പം വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ടിരുന്നു.

സ്‌കൂള്‍ മുറ്റത്തെ വാഹന നിരകള്‍, വാഹനമിറങ്ങി വരുന്ന കുട്ടികള്‍, പുതുമോടിയോടെ വന്ന കുഞ്ഞു നവാഗതരുടെ കൂട്ടക്കരച്ചിലുകള്‍, സാന്ത്വനമായി ടീച്ചര്‍മാരും ആയമാരും, തൂക്കിയിട്ട വര്‍ണത്തോരണങ്ങള്‍, ബലൂണുകള്‍, പുതിയ പാഠവര്‍ഷത്തിന്റെ ആദ്യ മണിമുഴങ്ങുന്നതോടെ പ്രാര്‍ഥനാഗീതം, ഹാജര്‍ പട്ടികയുമായി ക്ലാസ്സിലേക്ക് ധൃതിയാല്‍ പോകുന്ന ടീച്ചര്‍മാര്‍... പിന്നെ സ്‌കൂള്‍ വിടുംവരെ ഒരു ലോകമാണ്. ഓരോ ക്ലാസ്സും കയറിയിറങ്ങിത്തീരുമ്പോള്‍ അറിവു പകര്‍ന്നുനല്‍കിയതിന്റെ ചാരിതാര്‍ഥ്യത്തില്‍ അലിഞ്ഞുപോയ സമയങ്ങള്‍...

'സാറേ... ന്റെ പേന കാണാനില്ല.'

'ഞാന്‍ ബുക്ക് കൊണ്ടന്നില്ല.'

'ഓളിന്നെ നുള്ളി... മാന്തി.'

'ഇന്‍ക്കിരിക്കാന്‍ സ്ഥലല്ലാ.'

അങ്ങനെ ദിനവും കേള്‍ക്കുന്ന രസമുള്ള കുഞ്ഞുകുഞ്ഞു പരാതികളും പരിഭവങ്ങും, സാറേന്നു വിളിച്ച് കൈപിടിച്ച് കൂടെ നടന്നുവരുന്ന കുട്ടികളുടെ സ്‌നേഹ സ്പര്‍ശങ്ങള്‍, കഥ കേള്‍ക്കുമ്പോള്‍ കണ്ണോട് കണ്ണ് നോക്കി നില്‍ക്കുന്ന കുഞ്ഞുമണിക്കുടങ്ങള്‍...

എല്ലാം ഓര്‍മയിലേക്ക് മാറുകയാണോ? കാലം മാറുകയാണ്, കൂടെ നമ്മളും മാറണമല്ലോ! കൂടെയില്ലെന്നു പറയാനാവില്ല. അകലം പാലിച്ചു പഠിക്കേണ്ട കാലമാണ്. ഇനി എല്ലാം ഓണ്‍ലൈനില്‍ മാത്രമാവുമോ? സ്‌കൂളുകളില്‍ ഇനി വൈകാരിക ഭാവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും ഇടമില്ലാതാകുമോ?

സ്‌കൂള്‍ വേഗം തുറന്നാല്‍ മതിയായിരുന്നു എന്ന് രക്ഷിതാക്കളെക്കാള്‍ കുട്ടികള്‍ കൊതിച്ചു നില്‍ക്കുകയാണെന്ന് ഫോണ്‍ ചെയ്തപ്പോള്‍ മനസ്സിലായി. പഴയതുപോലെ സ്‌കൂളുകളില്‍ ഒരുമിച്ചുകൂടുവാനും പഠിപ്പിക്കുവാനും പഠിക്കുവാനും കളിക്കുവാനുമുള്ള അവസരം വളരെവേഗം കൈവരുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കാം.