സ്വവര്‍ഗ ലൈംഗികത മനുഷ്യത്വവിരുദ്ധം

ടി.കെ.അശ്‌റഫ്

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

ഇന്ത്യന്‍ നിയമവും സംസ്‌കാരവും സ്വവര്‍ഗവിവാഹം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതായുള്ള വാര്‍ത്ത കണ്ടു. സ്വവര്‍ഗവിവാഹത്തിന് അനുമതിതേടിയുള്ള ഹരജിയിലാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന 377ാം വകുപ്പനുസരിച്ച് സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായിരുന്നു. 2018 സെപ്റ്റംബറില്‍ 377ാം വകുപ്പ് ഒഴിവാക്കി സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി. അന്ന് വാദംനടക്കുന്ന വേളയില്‍ സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീംകോടതി ആരായുകയുണ്ടായെങ്കിലും കോടതിയുടെ ഇഷ്ടപ്രകാരം തീരുമാനിക്കാം എന്ന ഒഴിഞ്ഞുമാറിയുള്ള മറുപടിയാണ് കേന്ദ്രസര്‍ക്കാറില്‍നിന്നുണ്ടായത്. അതിനെത്തുടര്‍ന്നാണ് സ്വവര്‍ഗലൈംഗികത കുറ്റകൃത്യമല്ലെന്ന വിധിയുണ്ടായത്.

എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിയെത്തിയ ഹരജിയില്‍ വാദം കേള്‍ക്കെ കേന്ദ്രസര്‍ക്കാര്‍ അതിനെതിരെ രംഗത്തുവന്നത് വൈകിയുദിച്ച വിവേകമാണ്. അന്നുതന്നെ സ്വവര്‍ഗലൈംഗികത കുറ്റകൃത്യമല്ലാതാക്കുന്ന നീക്കത്തെ എതിര്‍ത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തു തോല്‍പിക്കാന്‍ എളുപ്പമായിരുന്നു. വൈകിയാണെങ്കിലും ഈ വിഷയത്തില്‍ സര്‍ക്കാരിന് വിവേകമുദിച്ചതില്‍ സന്തോഷമുണ്ട്.

ഇതിനെ മനുഷ്യാവകാശ ധ്വംസനമെന്നു വിശേഷിപ്പിച്ച് പലരും രംഗത്തുവന്നേക്കാം. എന്നാല്‍ സ്വവര്‍ഗരതിയുടെ അനന്തരഫലം അതില്‍ ഏര്‍പ്പെടുന്നവരുടെ ഭാവിജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്നതാണെന്നു വരുമ്പോള്‍ അവരുടെ അവകാശത്തെ ഹനിക്കുന്നതായി വിലയിരുത്താന്‍ കഴിയില്ല. ഒരു രാജ്യത്തിലെ ഭൂരിപക്ഷമാളുകളും മനുഷ്യാവകാശത്തിന്റെയും തുല്യനീതിയുടെയും പേരില്‍ സ്വവര്‍ഗാനുരാഗികളായി മാറിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

ലോകത്ത് 87% രാജ്യങ്ങളിലും സ്വവര്‍ഗവിവാഹം ഇപ്പോള്‍ അനുവദനീയമല്ലെന്നിരിക്കെ ചില പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം നടക്കുന്ന കുത്തഴിഞ്ഞ സംസ്‌കാരത്തിന് കുടപിടിക്കാന്‍ നമ്മുടെ രാജ്യം ഒരിക്കലും തയ്യാറാകരുത് എന്നാണ് പറയാനുള്ളത്.

'സഡോമി' (ആണ്‍സ്വവര്‍ഗരതി), 'ലെസ്ബിയനിസം' (പെണ്‍സ്വവര്‍ഗരതി) എന്നിങ്ങനെ സ്വവര്‍ഗരതി രണ്ടുതരമുണ്ട്. വിവാഹബന്ധത്തിലൂടെയുള്ള ആണ്‍-പെണ്‍ ലൈംഗിക ബന്ധത്തിനപ്പുറം മറ്റൊരു തരം ബന്ധത്തെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതുസംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:  

''ലൂത്വിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട്, 'നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ' എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു'' (ക്വുര്‍ആന്‍ 70:80,81).

''നാം അവരുടെമേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക'' (7:84).

സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ലൂത്വ് നബി(അ)യുടെ ജനതക്ക് ലഭിച്ച ശിക്ഷ വലിയൊരു പാഠമാണ്. ഇഹലോകത്ത് ഒരുപക്ഷേ, അവര്‍ മാരകമായ രോഗംകൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ടേക്കാം. എന്നാല്‍ പരലോകത്ത് അവര്‍ കഠിനമായ ശിക്ഷക്ക് വിധേയരാകുമെന്നതില്‍ യാതൊരു സംശയവുമില്ല.