ചിതലെടുക്കുന്ന പ്രവാസപ്പെരുമ
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
2020 ജൂണ്‍ 06 1441 ശവ്വാല്‍ 14
ഒരുകാലത്ത് എവിടെയും പ്രവാസി പെരുമയുടെ പെരുമ്പറയായിരുന്നു. രാഷ്ട്രീയക്കാര്‍, മതസംഘടനകള്‍, സാമൂഹ്യ രംഗത്തുള്ളവര്‍, എഴുതിപ്പിടിപ്പിക്കുന്നവര്‍ വരെ ആയുഷ്‌കാലത്തിലൊരിക്കലെങ്കിലും പ്രവാസലോകത്തെത്തി മാലചാര്‍ത്താന്‍ കഴുത്തുനീട്ടിക്കൊടുക്കുന്ന കാഴ്ച സര്‍വത്ര കാണാറുണ്ടായിരുന്നു. പ്രളയകാലത്തെ വലിയ ഒരു വേവലാതിയായിരുന്നു പ്രവാസലോകത്തേക്കു കേറാന്‍ വരിനിന്ന മന്ത്രിമാരില്‍നിന്ന് കേന്ദ്രം മുഖ്യനെ മാത്രം പെറുക്കിയെടുത്തു വിമാനം കയറ്റി മറ്റുള്ളവരെ വീട്ടിലേക്കു തന്നെ പറഞ്ഞു വിട്ട സംഭവം. അങ്ങനെ പ്രവാസിയുടെ കഴുത്തില്‍ കുടുങ്ങാത്ത വിവാദങ്ങളുടെ നൂലിഴകള്‍ വളരെ വിരളം.
ഓര്‍ക്കാപ്പുറത്ത് അശനിപാതം പോലെ വന്നെത്തിയ കൊറോണ വൈറസും പ്രവാസിയെ വിവാദ പുരുഷനാക്കിയിരിക്കുകയാണ്. എന്തെല്ലാം സന്ദേഹങ്ങളാണിപ്പോള്‍ രംഗത്തുള്ളത്! ജോലിചെയ്യുന്ന വിദേശ നാട്ടില്‍ പൂരം കഴിഞ്ഞു പന്തല്‍ പൊളിച്ചു തുടങ്ങി. അന്തിവെട്ടത്തിലും മന്ത്രിസഭകള്‍ കൂടി തൊഴിലറുക്കല്‍ (തൊഴിലുറപ്പല്ല) പദ്ധതി കാര്യമായി ചര്‍ച്ചചെയ്തു തുടങ്ങി. തൊഴിലുടമകള്‍ക്ക് സഹായകമാകുന്ന പല തൊഴില്‍ നിയമ പരിഷ്‌കരണങ്ങളും വരാന്‍ പോകുന്നു. മാസങ്ങളായി കൊറോണ കാവല്‍ നില്‍ക്കുന്ന ജയിലറകളില്‍ തൊഴിലോ വേതനമോ ഇല്ലാതെ ചുരുണ്ടുകൂടിക്കിടക്കുന്ന ഈ പ്രവാസക്കാരന്‍ പൂര്‍വപിതാക്കളുടെ സല്‍കര്‍മങ്ങള്‍ കൊണ്ടെങ്കിലും ഒരു ദിവസം എന്നെ നാട്ടിലേക്കു വിളിച്ചിറക്കികൊണ്ടുപോകുമെന്ന് വിചാരിച്ചു പഴന്തുണികളൊക്കെ ഒതുക്കിവെക്കുമ്പോഴാണ്, നാട്ടിലെത്തുമ്പോള്‍ കേറിക്കിടക്കേണ്ട ക്വാറന്റൈന്‍ കട്ടിലിന്നും ക്ഷുത്തടക്കാന്‍ ഒരുപിടി ചോറിനും പണമുണ്ടാക്കേണ്ട ഗതികേട് വന്നുപെട്ടിരിക്കുന്നത്. കുനിഞ്ഞു നില്‍ക്കുമ്പോള്‍ മുതുകിന്നു ചവിട്ടുന്ന ക്രൂരത! എരിതീയില്‍ നിന്നു വറചട്ടിയിലേക്ക് എന്ന് പറഞ്ഞ പോലെ പ്രവാസിയെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇടക്കിടെ വരുന്നതുകൊണ്ട് ആരും അലമുറയിടുന്നില്ല.
അല്‍പം സാമ്പത്തിക ആശ്വാസമുള്ള പ്രവാസി ഇപ്പോള്‍ തന്നെ സൗകര്യങ്ങള്‍ പണം കൊടുത്തു വാങ്ങി കരുതല്‍ താമസങ്ങളില്‍ പോകുന്നുണ്ട്. പിന്നെ ശരാശരി വരുമാനക്കാര്‍ മുതല്‍ താഴോട്ടുള്ളവരുടെ കീശയില്‍ തപ്പാന്‍ ഇപ്പോള്‍ ഒരുമ്പെടുന്നത് സമ്മതിച്ചുകൊടുക്കാനാവില്ല. പാവപ്പെട്ടവന്‍ പേടിക്കേണ്ട എന്ന് വിവാദത്തെ തണുപ്പിക്കാന്‍ പറയുന്നുണ്ടെങ്കിലും ആ പാവപ്പെട്ടവനെ മാര്‍ക്ക് ചെയ്യാന്‍ മാനദണ്ഡമെന്താണ്?
ഗള്‍ഫില്‍ സ്വന്തം കാശു മുടക്കി ടിക്കറ്റെടുത്തു നാട്ടിലേക്കു വരാന്‍ രോഗികളും പ്രായംചെന്നവരും ഗര്‍ഭിണികളും കാത്തിരിപ്പാണ്. പക്ഷേ, പറക്കാന്‍ ചിറകില്ല. അവര്‍ കൂട്ടത്തോടെ വന്നാല്‍ നാം കെട്ടിപ്പൊക്കിയ അന്താരാഷ്ട്ര ഇമേജ് ചിറപൊട്ടിച്ചൊഴുകുമോ എന്നാരോ ഭയപ്പെടുന്ന പോലെ! ഒരുകൂട്ടര്‍ കേന്ദ്രത്തെ കുറ്റം പറയുന്നു, കേന്ദ്രം സംസ്ഥാനത്തിന്റെ ഇച്ഛാശക്തിയില്ലായ്മയെന്ന് പുലമ്പുന്നു. ഇതിന്നിടയില്‍ ഗര്‍ഭിണികള്‍ പോലും മരിച്ചുവീഴുന്നു. ഈ ഹതഭാഗ്യരെ നാട്ടിലെത്തിക്കാന്‍ വിമാനം വേണം. വലിയ വിമാനം വരാന്‍ വാമപ്പ് തുടങ്ങിയപ്പോള്‍ ഉടനെവന്നു കുതികാല്‍ വെട്ട്! മുതുകാടിന്റെ മാന്ത്രികം പോലെ മുന്നൂറിന്റെ വിമാനം പെട്ടെന്നു അട്ടയെപ്പോലെ ചെറുതാവുന്നു!
വൈദ്യസഹായത്തിന്റെ കാര്യത്തില്‍ ഗള്‍ഫ് സര്‍ക്കാരുകള്‍ പരമാവധി സേവനങ്ങള്‍ ചെയ്യുന്നു. എന്നാല്‍ രോഗികളുടെ ആധിക്യം അവരുടെ പരിമിതികള്‍ക്കും അപ്പുറത്താണ്. ദിനേനയെന്നോണം രോഗികള്‍ കൂടുന്നു. അതില്‍ വലിയ ഒരു ഭാഗം ഇന്ത്യക്കാരാണ്. നാട്ടിലുള്ളവര്‍ക്കു മുമ്പില്‍ തുറന്നുവെക്കാന്‍ പറ്റാത്ത ഗള്‍ഫിലെ പ്രവാസിയുടെ ജീവിത സാഹചര്യങ്ങളാണ് രോഗപ്പകര്‍ച്ചക്കു ഇത്രയധികം ആക്കം കൂട്ടുന്നത്. ശവക്കുഴിയില്‍ പോലും ഒന്ന് ചെരിഞ്ഞു കിടക്കാന്‍ സൗകര്യപ്പെടുമ്പോള്‍ തൊഴിലാളിക്ക്യാമ്പുകളിലെ ശയനമുറികള്‍ ഒന്ന് കാണേണ്ടതാണ്.
രോഗം വരുമെന്ന് ഭയമുള്ളവരോ രോഗലക്ഷണമുള്ളവരോ നാട്ടിലേക്കു വരണമെന്ന് കൊതിക്കുന്നു. തൊണ്ടുപൊട്ടിച്ചെങ്കിലും ഒരുക്കൂട്ടിയ നാണയത്തുട്ടുകള്‍കൊണ്ട് ടിക്കെറ്റടുക്കാനും തയ്യാറാണ്. എന്നാല്‍ പറക്കാനുള്ള വാഹനം ഏതോ ചുഴിയില്‍ പെട്ട് ഗള്‍ഫിലെത്തുന്നില്ല.
ഇനിയും രാജാവിന്റെ കഥപറഞ്ഞു കുട്ടികളെ ഉറക്കുന്നതുപോലെ പ്രവാസികളെ ഉറക്കിക്കിടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. സര്‍ക്കാരും പ്രതിപക്ഷവും സഹകരിച്ചു നെടുന്തൂണ്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പ്രവാസിയുടെ പ്രയാസങ്ങള്‍ പരിഹരിക്കണം.