മിണ്ടാപ്രാണികള്‍ക്കുമുണ്ട് അവകാശങ്ങള്‍
ടി.കെ.അശ്‌റഫ്
2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04
ജീവജാലങ്ങളോട് കരുണ കാണിക്കാനും അവയെ ഉപദ്രവിക്കാതിരിക്കാനും ആവശ്യപ്പെടുന്ന മതമാണ് ഇസ്‌ലാം. ജീവജാലങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രയോജനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. മറിച്ച്, അവയില്‍നിന്ന് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും വിശ്വാസികള്‍ അപ്രകാരം അനുകമ്പയോടെ, സ്‌നേഹത്തോടെ വര്‍ത്തിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.
ജീവജാലങ്ങളോട് കാണിക്കുന്ന കരുണ സ്വര്‍ഗപ്രവേശനത്തിന് കാരണമാകുന്ന കാര്യമായി പരിഗണിക്കപ്പെടുന്നതാണ്. ഈയൊരു ആശയത്തെ ഊന്നിപ്പറയുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അവയില്‍പെട്ട ഒരു ഹദീഥാണ് അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂല്‍ﷺ പറയുന്നു:
''ഒരാള്‍ യാത്രയിലായിരിക്കെ ദാഹം കഠിനമായി. അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ച് പുറത്തിറങ്ങി. അപ്പോള്‍ അയാള്‍ ശക്തമായ ദാഹത്താല്‍ നാവിട്ടടിച്ച് മണ്ണില്‍ നക്കുന്ന നായയെ കണ്ടു. അയാള്‍ പറഞ്ഞു: 'എനിക്ക് മുമ്പ് വന്നെത്തിയത് ഇതിനും വന്നെത്തിയിരിക്കുന്നു.' അയാള്‍ തന്റെ കാലുറയില്‍ വെള്ളംനിറച്ച്, അത് വായയില്‍ കടിച്ചുപിടിച്ച് കയറിവരികയും നായക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അല്ലാഹു അയാളുടെ പ്രവര്‍ത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുയും ചെയ്തു. അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?' പ്രവാചകന്‍ﷺ പറഞ്ഞു: 'എല്ലാ ജീവനുള്ളതിലും പ്രതിഫലമുണ്ട്.''
ഒരു മനുഷ്യന്‍ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കില്‍ അതുകാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്. ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു; അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തില്‍ പ്രവേശിച്ചു. അവര്‍ ഭക്ഷണം നല്‍കാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണില്‍നിന്ന് അത് പെറുക്കിത്തിന്നു, അവസാനം പട്ടിണികിടന്ന് ചത്തുപോയി.''
ഈ മാസം 11ന് ഉച്ചക്ക് എറണാകുളം ജില്ലയിലെ മാഞ്ഞാലി-അയിരൂര്‍ റോഡിലൂടെ ഒരു നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ കാണുകയും പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വായിക്കുകയും ചെയ്തപ്പോഴാണ് പ്രവാചകന്റെ, മേല്‍സൂചിപ്പിച്ച പ്രസിദ്ധമായ അധ്യാപനം ഇത്തരക്കാര്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും കേട്ടിട്ടില്ലേ എന്ന് ചിന്തിച്ചുപോയത്. ഇത് ചെയ്തയാള്‍ മുസ്‌ലിം നാമധാരിയായതിനാല്‍ വര്‍ഗീയ വിഷം ഉള്ളില്‍കൊണ്ടുനടക്കുന്ന ചിലര്‍ അതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുന്നതായി സോഷ്യല്‍മീഡിയകളില്‍ കാണാന്‍ കഴിഞ്ഞു. മുസ്‌ലിംകള്‍ക്ക് നായ ഹറാമായതിനാലാണ് അയാള്‍ അങ്ങനെ ചെയ്തത് പോലും!
ഈ ക്രൂരത കാണിച്ചവനും ഇത്തരം ചെയ്തികള്‍ മിണ്ടാപ്രാണികളോട് നിരന്തരമായി ആവര്‍ത്തിക്കുന്നവരും പ്രവാചകന്റെﷺ ജീവിതത്തില്‍നിന്ന് ധാരാളം പഠിക്കാനുണ്ട്. ശരിയായ പരിചരണം ലഭിക്കാത്ത ഒരു ഒട്ടകത്തെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അതിന്റെ ഉടമസ്ഥനോട് 'ഇതിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?' എന്ന് ചോദിച്ച പ്രവാചകന്‍! പക്ഷിക്കുഞ്ഞുങ്ങളെ പിടികൂടി പ്രവാചക സന്നിധിയിലെത്തിയ അനുചരനോട് അവയെ കിട്ടിയ ഇടത്തുതന്നെ കൊണ്ടുവിടാന്‍ പഠിപ്പിച്ച പ്രവാചകന്‍! ചൂടുവെച്ച് മുഖത്ത് അടയാളമുണ്ടാക്കപ്പെട്ട കഴുതയുടെ സമീപത്തുകൂടി നടന്നുപോകവെ അതിന്റെ മുഖത്ത് ചൂടുവെച്ച് അടയാളമുണ്ടാക്കിയവനെ അല്ലാഹു ശപിച്ചിരിക്കുന്നു (മുസ്‌ലിം) എന്നു പറഞ്ഞ പ്രവാചകന്‍! മുഖത്ത് അടിക്കുന്നതും തീകൊണ്ട് മുഖത്ത് അടയാളമുണ്ടാക്കുന്നതും നിരോധിച്ച (മുസ്‌ലിം) പ്രവാചകന്‍! ജീവികളെ അംഗഛേദം നടത്തി വികൃതമാക്കുന്നത് നിരോധിച്ച (ബുഖാരി) പ്രവാചകന്‍! കുതിരകളുടെ തലക്കുമുകളിലുള്ള രോമങ്ങളും കഴുത്തിലുള്ള രോമങ്ങളും വാലിലെ രോമങ്ങളും വെട്ടരുത് (അബൂദാവൂദ്) എന്ന് പറഞ്ഞ പ്രവാചകന്‍!
ആ പ്രവാചകന്റെ അനുയായികള്‍ക്ക് എങ്ങനെ മൃഗങ്ങളോടും മറ്റു ജീവജാലങ്ങളോടും ക്രൂരത കാട്ടാന്‍ കഴിയും?