ബല്‍ജീരിയന്‍ റോസ്
മുംതസിര്‍ പെരിങ്ങത്തൂര്‍
2020 മാര്‍ച്ച് 07 1441 റജബ് 12
വെള്ള മുണ്ടും കുപ്പായവും ആണ് അബ്ദുല്ല ഹാജിയുടെ സ്ഥിരം വേഷം. അവിടവിടെയായി നരച്ച താടിരോമങ്ങളില്‍ മൈലാഞ്ചിച്ചുവപ്പ് തിളങ്ങുന്നുണ്ട്. ഉംറ കഴിഞ്ഞു വീട്ടിലെത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് കേട്ടപ്പോള്‍ തന്നെ അയാള്‍ പള്ളിയിലേക്കിറങ്ങാന്‍ തുടങ്ങി. മകന്‍ വിദേശത്ത് നിന്നും കൊടുത്തയച്ച ബല്‍ജീരിയന്‍ റോസിന്റെ മണമുള്ള അത്തറും കൈവെള്ളയില്‍ തേച്ച്, മൂല്ലപ്പൂനിറമുള്ള തന്റെ തൊപ്പിയും തലയില്‍ വെച്ച് അയാള്‍ പള്ളിയിലേക്ക് നടന്നു.
വഴിയില്‍ വെച്ചാണ് സുഹൃത്ത് സലാമിനെ കണ്ടത്. മുമ്പ് ചെയ്ത ഉംറയെക്കുറിച്ചും ഇത്തവണ ചെയ്ത ഉംറയെക്കുറിച്ചും ഹറമില്‍ വന്ന മാറ്റങ്ങളെയും സൗകര്യങ്ങളെ പറ്റിയുമൊക്കെ അബ്ദുല്ല ഹാജി വാചാലനായി. അതിനിടയില്‍ സമപ്രയക്കാരന്‍ കൂടിയായ സലാം ആശ്ചര്യപൂര്‍വം ചോദിച്ചു:
''ഉംറയും കഴിഞ്ഞു വന്ന്, പുതിയൊരു കാറ് കൂടി വാങ്ങിച്ചു അല്ലേ?''
''ആഹ്... അത് പിന്നെ പള്ളിപ്രസിഡന്റായ സ്ഥിതിക്ക് ഓരോ കാര്യങ്ങള്‍ക്കായി യാത്രയൊക്കെ പോകേണ്ടി വരില്ലേ...? പിന്നെ, ദൂരെ യാത്രക്കൊന്നും ഇപ്പോഴുള്ള വണ്ടി സുഖം പോരാ...''
''ഇപ്പൊ എടുത്ത പുതിയ വണ്ടിക്ക് നല്ല പൈസ ഇല്ലേ?'' സലാം സംശയം മറച്ചുവെച്ചില്ല.
''പൈസ ഒക്കെ ഇണ്ട്. ഇത് പിന്നെ മാസാമാസം കെട്ടിയാ മതി.''
''അപ്പൊ ലോണ്‍ ആണോ?''
''ങാ... ലോണ്‍ തന്നെ! അതോണ്ട് എല്ലാം പെട്ടെന്ന് തന്നെ ഖൈര്‍ ആയിക്കിട്ടി. അല്‍ഹംദുലില്ലാഹ്.''
''അത് പലിശ ഇടപാടല്ലേ അബ്ദുല്ലാ?'' സലാം ചോദിച്ചു.
''പലിശ തന്നെ, അല്ലെങ്കില്‍ ഗവണ്മെന്റിന് കണക്ക് കാണിക്കേണ്ടി വരില്ലേ.''
''അപ്പൊ, പടച്ചോനിക്ക് കണക്ക് കാണിക്കണ്ടേ അബ്ദുല്ലാ...?''
''സലാമേ, നീയൊന്ന് ചിന്തിച്ചു നോക്ക്. എത്ര പൈസ ടാക്‌സ് അടക്കേണ്ടി വരൂന്ന്. വല്യ ഉസ്താദിനോട് ചോദിച്ചപ്പോ ഇത്തരം സാഹചര്യങ്ങളില്‍ ലോണ്‍ ആവാമെന്നതിന് ഒരു ഫത്‌വയും പറഞ്ഞു തന്നിരുന്നു'' പള്ളിമുറ്റത്തേക്ക് കയറുന്നതിനിടയില്‍ അബ്ദുല്ലഹാജി പറഞ്ഞു.
റൊക്കം പൈസയും കൊടുത്ത് വാങ്ങിച്ച തന്റെ പഴയ സെക്കന്റ്ഹാന്റ് സ്‌കൂട്ടറിനെ പറ്റി ആലോചിക്കുകയായിരുന്നു അന്നേരം സലാം.
''സമയം കളയാണ്ട് പോയി സുന്നത്ത് നിസ്‌കരിക്ക് സലാമെ'' പള്ളിക്കകത്തേക്ക് കയറുന്നതിനിടയില്‍ സലാമിനോട് അബ്ദുല്ലഹാജി സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു.
സലാം ഒന്നും മൊഴിയാതെ അയാളെ നോക്കി പുഞ്ചിരിച്ചു. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഉസ്താദിന്റെ ഫത്‌വയുണ്ടല്ലോ. പിന്നെ ഉംറയൊക്കെ ചെയ്ത് പാപം കഴുകിക്കളഞ്ഞ് വന്നതല്ലേ! വല്ലാത്തൊര് അവസ്ഥ തന്നെ! നിഷിദ്ധമാണെന്നറിഞ്ഞിട്ടും പലിശക്കെണിയില്‍ വിശ്വാസികള്‍ ചെന്ന് ചാടുന്നു. ചിലര്‍ മനഃപൂര്‍വം. മറ്റു ചിലര്‍ നിവൃത്തികേട് കൊണ്ടും.
ബോധവത്കരണത്തിന്റെ അഭാവം ഈ വിഷയത്തില്‍ സമുദായത്തില്‍ മുഴച്ചുകാണുന്നുണ്ട്. മഹല്ല് കമ്മിറ്റികളും ഖത്വീബുമാരും മനസ്സുവെച്ചാല്‍ കുറെയൊക്കെ പരിഹാരമുണ്ടാകും. എന്നാല്‍ ചങ്ങലക്കു തന്നെ ഭ്രാന്തുപിടിച്ചാല്‍ എന്തുചെയ്യാനാ!