സാമൂഹ്യമാധ്യമങ്ങള്‍ക്ക് മൂക്കുകയറിടുമ്പോള്‍...!
ടി.കെ.അശ്‌റഫ്
2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06
രാജ്യത്ത് അതിവേഗം വളരുന്ന ഒ.ടി.ടി (ഓവര്‍ ദ ടോപ്) പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 1961ലെ അലൊക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ഉള്ളടക്ക ദാതാക്കള്‍ പുറത്തുവിടുന്ന സിനിമകളും ഓഡിയോ വിഷ്വല്‍ ഉള്ളടക്കങ്ങളും വാര്‍ത്തയടക്കമുള്ള ആനുകാലിക ഉള്ളടക്കങ്ങളുമാണ് നിയന്ത്രണത്തിന്റെ പരിധിയില്‍ വരിക. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉയര്‍ത്തുന്ന കടുത്ത സാമൂഹ്യ സുരക്ഷാ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ വരുന്നത് എന്നാണ് ഔദേ്യാഗിക ഭാഷ്യം.
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോടതി കേന്ദ്രസര്‍ക്കാറിനോട് വിശദീകരണവും ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
നമ്മുടെ സദാചാര ബോധത്തെ വെല്ലുവിളിക്കുന്ന അശ്ലീല ദൃശ്യങ്ങളും അപകടകരമായ ഗെയിമുകളും സത്യവും അസത്യവും അര്‍ധസത്യവും കൂട്ടിക്കുഴച്ച് സാമൂഹ്യ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതുമായ സാമൂഹ്യ മാധ്യമങ്ങളിലെ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇക്കാര്യം മാത്രം നടക്കാതെ പോവുകയും ഇതിന്റെ മറവില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ വിഭാഗീയ അജണ്ടകള്‍ പുറത്തെടുക്കാനുള്ള കുതന്ത്രം ഉണ്ടാവുകയും ചെയ്യുന്നത് രാജ്യത്തോട് കാണിക്കുന്ന വഞ്ചനയായിരിക്കും.
നിയന്ത്രണ നിയമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പല പ്രധാന കാര്യങ്ങളും ഇന്ന് സാധാരണക്കാരിലേക്ക് എത്തുന്നത് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖേനയാണ്. നിവൃത്തിയില്ലാതെ വരുമ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ അത് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യാറുള്ളത്. ഭരണകൂട താല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത ഇടപെടലുകളെ നിയന്ത്രിക്കലാവരുത് ഈ വിജ്ഞാപനത്തിന്റെ ലക്ഷ്യം.
എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് അറിയണമെങ്കില്‍ വിശദമായ മാര്‍ഗരേഖ പുറത്തു വരേണ്ടതുണ്ട്. ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് രാജ്യത്തെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇപ്പോള്‍ തന്നെ ബാധകമാണ്. അതിനുപുറമേ ഐടി നിയമത്തിന്റെ പരിധിയിലും ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ ഉള്‍പ്പെടും എന്നിരിക്കെ, പുതിയ നിയന്ത്രണ നിയമത്തിന്റെ ലക്ഷ്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.
നിയമങ്ങളുടെ കുറവല്ല രാജ്യത്തുള്ളത്. അവ നീതിപൂര്‍വം നടപ്പിലാക്കുന്നതിനുള്ള ഇഛാശക്തി കാണിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പലപ്പോഴും അത് സെലക്ടീവ് ആകുന്നു എന്നതാണ് മുഖ്യമായ പ്രശ്‌നം.
അടുത്ത കാലത്തായി സര്‍ക്കാര്‍ കൊണ്ടുവന്ന പല നിയമങ്ങളും വിജ്ഞാപനങ്ങളും പട്ടില്‍പൊതിഞ്ഞ പാഷാണമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ നിയന്ത്രണ ഉത്തരവിനെ നിരുപാധികമായി സ്വാഗതം ചെയ്യാന്‍ പ്രയാസമുണ്ട്. ജനാധിപത്യത്തിന്റെ നാലാംതൂണായി വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെ വരുന്ന ഏതൊരു നിയന്ത്രണവും പകല്‍വെളിച്ചം പോലെ വ്യക്തമാവേണ്ടതുണ്ട്.
സത്യവും നീതിയും ധര്‍മവും മുറുകെ പിടിക്കുന്ന, രാജ്യത്തെ ജനങ്ങളെ വിഭാഗീയതക്കതീതമായി ഒന്നായി കാണുന്ന ഒരു ഭരണകൂടത്തിന്നും മാധ്യമങ്ങളെ പേടിക്കേണ്ടി വരില്ല.