ഉത്തര്‍പ്രദേശില്‍ നിന്ന് ഉയരുന്ന വിഷപ്പുകയും ശ്വാസംമുട്ടുന്ന ഇന്ത്യയും

ടി.കെ.അശ്‌റഫ്

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

യുപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ തീരുമാനിക്കുന്നതില്‍ പലപ്പോഴും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു സംസ്ഥാനം ഇന്ന് ദുര്‍ഭരണത്തിന്റെ പിടിയലമര്‍ന്നിരിക്കുകയാണ്. ഈ ഭരണം ഇനിയും തുടര്‍ന്നാല്‍ എന്തു സംഭവിക്കും എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകളില്‍ 2016നും 19നും ഇടയില്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 20 ശതമാനം വര്‍ധിച്ചിരിക്കുന്നു എന്ന് കാണാം! രാജ്യത്ത് സ്ത്രീകള്‍ ഏറ്റവും അരക്ഷിതരായ സംസ്ഥാനമാണ് യു.പി. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 3,946 ബലാത്സംഗ കേസുകളിലെ ഇരകളില്‍ 1411ഉം പ്രായപൂര്‍ത്തിയാവാത്ത ബാലികമാരായിരുന്നു. പോസ്‌കോ നിയമപ്രകാരം 5401 കേസുകളാണ് 2018ല്‍ രജിസ്റ്റര്‍ ചെയ്തത്. 2444 കേസുകള്‍ സ്ത്രീധനപീഡന മരണങ്ങളായിരുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 27.9 ശതമാനം വര്‍ധനവ് കാണിക്കുന്നതായാണ് എന്‍.സി.ആര്‍.ബിയുടെ 2017ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ 20 വരെ 5470 പരാതികള്‍ ദേശീയ വനിതാ കമ്മീഷന് യുപിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഹത്രാസില്‍ ഉന്നതജാതിയില്‍ പെട്ടവരെന്ന് ദുരഭിമാനിക്കുന്നവര്‍ ഒരു ദലിത് പെണ്‍ കുട്ടിയെ അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദിവസങ്ങള്‍ക്കുശേഷം അവള്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു. ക്രൂരത അവിടംകൊണ്ട് അവസാനിച്ചില്ല; അന്തിമ സംസ്‌കാരച്ചടങ്ങുകള്‍ക്കു വിട്ടുനല്‍കണമെന്ന മാതാപിതാക്കളുടെ കേണപേക്ഷക്കുപോലും ചെവികൊടുക്കാതെ നട്ടപ്പാതിര നേരത്ത് മൃതശരീരം പൊലീസ് പെട്രോളൊഴിച്ച് ചുട്ടെരിക്കുകയും ചെയ്തിരിക്കുന്നു! കുടുംബാംഗങ്ങളെ തടവിലാക്കി രാത്രിയുടെ മറവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസുകാര്‍ ദഹിപ്പിച്ച നടപടിയിലൂടെ പീഡനം നടന്നില്ലെന്നും ഇതിന്റെ പിന്നില്‍ മറ്റു കാരണങ്ങളാണെന്നുമൊക്കെയുള്ള സര്‍ക്കാറിന്റെ ന്യായീകരണങ്ങളെല്ലാം തകര്‍ന്ന് വീഴുകയാണ്. നീണ്ട മണിക്കൂറുകള്‍ സംഭവ സ്ഥലത്തേക്ക് പത്രപ്രവര്‍ത്തകരെയും പ്രതിപക്ഷ നേതാക്കളെയും അടുപ്പിക്കാതെ ബലംപ്രയോഗിച്ച് തടഞ്ഞതുകൂടി കാണുമ്പോള്‍ ഹത്രാസ് കേസില്‍ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ സത്യമാണെന്നു തെളിയുകയാണ്.  

പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ കടുത്ത അനീതിയാണ് യുപിയില്‍ തുടരുന്നത്. അനീതി ആളിക്കത്തുമ്പോള്‍ അതിനെയണക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ രാഹുലും പ്രിയങ്കയും പോര്‍മുഖത്ത് നേരിട്ടെത്തി, സര്‍വപ്രതിബന്ധങ്ങളെയും അതിജയിച്ച് ഇരയുടെ വീട്ടിലെത്തി ആശ്വാസം പകര്‍ന്നതും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സന്തപ്തരായ കുടുംബങ്ങളെ സന്ദര്‍ശിച്ചതും ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കെതിരെ നിലയുറപ്പിക്കുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആവേശം നല്‍കുന്നതാണ്.

ഇന്ത്യക്കാര്‍ മറ്റെന്തിനെക്കാളും രാജ്യത്തിന്റെ സമാധാനത്തിലാണ് വിശ്വസിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയിലും സമത്വത്തിലും നാനാത്വത്തിലെ ഏകത്വത്തിലുമാണ് അഭിമാനം കൊള്ളുന്നത്. നീതിന്യായവ്യവസ്ഥയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ചീട്ടുകൊട്ടാരം പോലെ ഇതെല്ലാം ഒന്നിനുപിറകെ ഒന്നായി തകര്‍ന്നടിയുന്നു എന്ന പ്രതീതി ഉളവായപ്പോള്‍ ഇതിനെതിരെ ഒരു മൂവ്‌മെന്റ് ഉയര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ചുവടുകള്‍.

പെട്ടെന്ന് അണഞ്ഞുപോകുന്ന പ്രതിഷേധങ്ങളല്ല രാജ്യം അവരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ നഷ്ടപ്പെട്ട ആത്മാവ് തിരിച്ചുപിടിക്കാനാവണം. നിരന്തരമായ ഇടപെടല്‍ അതിന് അത്യാവശ്യമാണ്. കോണ്‍ഗ്രസ്സിന്ന് കെട്ടുറപ്പും മറ്റു പ്രതിപക്ഷ കക്ഷികളെ ചേര്‍ത്തുപിടിക്കാനുള്ള നയതന്ത്രജ്ഞതയും ദീര്‍ഘവീക്ഷണത്തോടെയുള്ള അജണ്ടകളും അതിന് അനിവാര്യമാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കുന്ന കേരളത്തില്‍നിന്നുള്ള ഭാരവാഹികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ട്.