ഹദ്ദാദ് പാരായണം നല്ല മരണത്തിന് നിദാനമോ?

മൂസ സ്വലാഹി, കാര

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 17)

ഒരു മുസ്‌ലിം ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളെല്ലാം ദിവ്യബോധനത്തിന്റെ വെളിച്ചത്തില്‍ നബി ﷺ പഠിപ്പിച്ചുതന്നിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമോ, അനുയായികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയോ അവിടുന്ന് മതനിയമങ്ങള്‍ മെനഞ്ഞുണ്ടാക്കിയിട്ടില്ല. അല്ലാഹു പറയുന്നു: ''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 53:3,4).

വിശ്വാസികള്‍ എപ്പോഴും മാതൃകയാക്കേണ്ടത് നബി ﷺ യെയും ഉത്തമ തലമുറയില്‍ ജീവിച്ചവരെയുമാണ്. അഹ്‌ലുസ്സുന്നയുടെ ഇമാമുമാര്‍ ഈ സത്‌സരണിയെ പിന്‍പറ്റിയാണ് അവരുടെ ജീവിതത്തെ അടയാളപ്പെടുത്തിയത്. നമുക്ക് നേര്‍മാര്‍ഗം പ്രാപിക്കാനുള്ള വഴിയും ഇതുമാത്രമാണ്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ ഈ വിശ്വസിച്ചതുപോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞുകളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ'' (ക്വുര്‍ആന്‍ 2:137).

ക്വുര്‍ആനിക വചനങ്ങളും നിര്‍മിത പ്രാര്‍ഥനകളും കൂട്ടിക്കലര്‍ത്തി അതിന് പ്രത്യേക പോരിശകളും മേന്മകളും ഉണ്ടെന്നു പ്രചരിപ്പിച്ച് വിശ്വാസിസമൂഹത്തെ ആത്മീയ ചൂഷണം നടത്തി ജീവിക്കുന്നവരാണ് പുരോഹിതന്മാര്‍. ക്വുര്‍ആന്‍ പാരായണവും നിശ്ചിത സമയങ്ങളിലും സന്ദര്‍ഭങ്ങളിലും ചൊല്ലാന്‍ പഠിപ്പിക്കപ്പെട്ട ആയത്തുകളും പ്രാര്‍ഥനകളും പതിവാക്കുന്നതും ഏറെ പ്രതിഫലം ലഭിക്കുന്ന കാര്യമാണെന്നത് നാം വിസ്മരിക്കരുത്. എന്നാല്‍ ഇതിന്റെ മറവില്‍ പുത്തനാചരങ്ങളുണ്ടാക്കുന്നതും അവയ്ക്ക് ആരാധനയുടെ സ്ഥാനം നല്‍കുന്നതും വഞ്ചനയാണ്. വലിയ ആത്മാര്‍ഥതയോടെ നടത്തപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ അല്ലാഹുവിന്റെ കല്‍പനയിലും പ്രവാചകാധ്യാപനങ്ങളിലും ഇല്ലാത്തതായതിനാല്‍ അത് പരലോകത്തും ഉപകരിക്കില്ല.

അല്ലാഹു പറയുന്നു: ''അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 25:23).

''(നബിയേ,) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായിത്തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്'' (ക്വുര്‍ആന്‍ 18:103,104).

സ്വൂഫി ആചാര്യന്മാരില്‍പെട്ട അബ്ദുല്ലാഹിബ്‌നു അലവി അല്‍ഹദ്ദാദ് രചിച്ച ഹദ്ദാദ് റാത്തീബ് ഏറെ പ്രചാരം നേടിയ ബിദ്അത്താണ്. സൂറത്തുല്‍ ഫാതിഹ, ആയത്തുല്‍ കുര്‍സിയ്യ്, ആമനര്‍റസൂല്‍, സൂറത്തുല്‍ ഇഖ്‌ലാസ്, സൂറത്തുല്‍ഫലക്വ്, സൂറത്തുന്നാസ്സ് തുടങ്ങിയവും സ്വഹീഹായ ചില പ്രാര്‍ഥനകളും കുറെ നിര്‍മിത പ്രാര്‍ഥനകളും ശിര്‍ക്കു കലര്‍ന്ന തേട്ടങ്ങളും അടങ്ങുന്നതാണ് ഈ ഹദ്ദാദ്. സ്വൂഫിസത്തിന്റെ കൊടിവാഹകരില്‍പെട്ട മുഹമ്മദിബ്‌നു അലി ബാ അലവിയുടെ ബറകത്ത് കൊണ്ടുള്ള തേട്ടവും സ്വൂഫി നേതാക്കളുടെ ആത്മാക്കളുടെയും സന്നിധിയിലേക്കും നബി ﷺ യുടെ ഹള്‌റത്തിലേക്കുള്ള വിളിയും ഇതിലുണ്ട്.

ഇതെങ്ങനെ ആരാധനയാകും? ഇത് ചൊല്ലിപ്പിക്കുന്നതിലൂടെ ജനങ്ങളെ ശിര്‍ക്ക് ബിദ്അത്തുകളിലകപ്പെടുത്തുന്ന പണ്ഡിതന്‍മാര്‍ നരക ശിക്ഷയെ ഭയപ്പെടുന്നില്ലേ?

ക്വുര്‍ആന്‍ വചനങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും നബി ﷺ  പറഞ്ഞ പ്രത്യേകതകള്‍ ഉദ്ധരിച്ചുകൊണ്ട് ഹദ്ദാദിനെ വെളുപ്പിച്ചെടുക്കാന്‍ മുസ്‌ലിയാക്കന്മാര്‍ തെല്ലൊന്നുമല്ല വിയര്‍പ്പൊഴുക്കുന്നത്! ഇത് മതത്തോടുതന്നെ ചെയ്യുന്ന ദ്രോഹമാണ്.

അല്ലാഹു പറയുന്നു: ''അല്ലാഹുവെയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്'' (ക്വുര്‍ആന്‍ 33:57).

സമസ്തയുടെ എട്ടാം പ്രമേയത്തിലും മറ്റും ഇതിനെ സംബന്ധിച്ച് പറഞ്ഞത് കാണുക: ''റാത്തീബും ത്വരീഖത്ത് ദിക്‌റുകള്‍ ചൊല്ലലും ദലാഇലുല്‍ഖൈറാത്ത്, ഹിസ്ബുന്നവവി, അസ്മാഉന്നവവി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ ദിക്‌റുകള്‍ പതിവാക്കലും...'' (ഇവരെ എന്തുകൊണ്ട് അകറ്റണം?, പേജ് 14,15).

നബിചര്യയിലുള്ളതാണെങ്കില്‍ അതിനെ പതിവാക്കുക എന്നത് റബ്ബിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ബിദ്അത്തുകളെ പതിവാക്കുന്നത് ശാപത്തിനും തൗബ തടയപ്പെടുന്നതിനും കാരണമാകുമെന്നത് മുസ്‌ലിയാക്കന്മാര്‍ മറക്കരുത്.

''ചുരുക്കത്തില്‍ ഹദ്ദാദ് നിത്യമാക്കുന്നത് നമ്മുടെ ഇഹപര സൗഖ്യത്തിനും വിജയത്തിനുമുള്ള മുഖ്യ ഘടകമാണെന്ന് വ്യക്തം''(അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ, റിയാസ് ഫൈസി വെള്ളില, പേജ്: 38).

ഇഖ്‌ലാസും (ആത്മാര്‍ഥത) ഇത്തിബാഉം (പ്രവാചകചര്യ പിന്‍പറ്റല്‍) ഒന്നിക്കുന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാത്രമെ ആര്‍ക്കും സമാധാനം നേടാനാകൂ.

അല്ലാഹു പറയുന്നു: ''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (ക്വുര്‍ആന്‍ 16:97).

ഹദ്ദാദിന്റെ മേന്മയായി സമസ്തയുടെ മുന്‍നിര മുസ്‌ലിയാക്കന്മാരില്‍പെട്ട ഒരാള്‍ എഴുതിയത് കാണുക: ''നമ്മുടെ നാട്ടില്‍ പഴയകാലം മുതല്‍ പതിവാക്കിവരുന്ന ഹദ്ദാദ് റാത്തീബ് അതില്‍ പ്രധാനമാണ്. ഇത് നിത്യമാക്കിയ കാരണത്താല്‍ ഹൃദയത്തിന് പൂര്‍ണ ആരോഗ്യം കൈവന്നവരും ആത്മീയലോകത്ത് ഉന്നതങ്ങള്‍ കീഴടക്കിയവരും നിരവധി. ഹൃദയ വിമലീകരണത്തിനായി മഹാനായ അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ലോകര്‍ക്ക് നല്‍കിയ ആത്മീയ മരുന്നാണ് ഹദ്ദാദ് റാത്തീബ്. ഹദ്ദാദ് പതിവാക്കുന്നവരാണ് നമ്മില്‍ പലരും'' (സുന്നിവോയ്‌സ്, 2020 ആഗസ്റ്റ് 16-31, പേജ്: 38).

മതനിയമങ്ങളെ പരിഗണിക്കാതെ ദീനില്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന സ്വൂഫികളെയാണ് സമസ്തക്കാര്‍ ഇമാമുകളാക്കുന്നത്. വിശ്വാസശുദ്ധിയും സല്‍കര്‍മനിഷ്ഠയും പ്രാര്‍ഥനയുമാണ് ഹൃദയ വിശുദ്ധിയുടെ അടിസ്ഥാനം. അല്ലാഹുവാണ് അതിനെ സംസ്‌കരിക്കുന്നവന്‍.

'അല്ലാഹുവേ, എന്റെ മനസ്സിന് നീ അതിന്റെ തക്വ്‌വ (സൂക്ഷ്മത) നല്‍കണേ. നീ അതിനെ ശുദ്ധിയാക്കേണമേ. ശുദ്ധിനല്‍കുന്നവരില്‍ ഉത്തമന്‍ നീയാണ്'' (മുസ്‌ലിം) എന്ന് നബി ﷺ  സദാ പ്രാര്‍ഥിച്ചിരുന്നു.

ഹൃദയങ്ങളുടെ ഉടമയായ അല്ലാഹുവിന് തൃപ്തിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ട് അതിനെ 'വിമലീകരിക്കല്‍' എങ്ങനെ സാധ്യമാകും? ഹൃദയവിമലീകരണത്തിനുള്ള ആത്മീയ മരുന്നാണ് ഹദ്ദാദ് എന്ന് ആരാണിവരെ പഠിപ്പിച്ചത്? ഇവര്‍ക്കാര്‍ക്കെങ്കിലും ദിവ്യബോധനം (വഹ്‌യ്) ലഭിച്ചിട്ടുണ്ടോ, വിശുദ്ധക്വുര്‍ആനിനെക്കാള്‍ പോരിശയുള്ളതും വെളിച്ചം നല്‍കുന്നതുമാണ് ഹദ്ദാദെന്ന്?

ഹദ്ദാദ് റാത്തീബിന്റെ വരവിനെപ്പറ്റി അദ്ദേഹം പറയുന്നു: ''പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ് റാത്തീബ്. ഹള്‌റമീ തങ്ങന്മാരുടെ വരവോടെയാണ് കേരളത്തില്‍ ഏതാണ്ടെല്ലാ പള്ളികളിലും വീടുകളിലും ഹദ്ദാദ് റാത്തീബ് ചൊല്ലാനാരംഭിച്ചത്'' (സുന്നിവോയ്‌സ്, 2020 ആഗസ്റ്റ് 16-31, പേജ്: 39).

അഹ്‌ലുസ്സുന്ന വല്‍ജമാഅയുമായി ഇതിന് ബന്ധമില്ലെന്നതും വ്യക്തികള്‍ക്ക് അപ്രമാദിത്വം കല്‍പിക്കുന്നതിലൂടെയാണ് ഇത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ വ്യാപിക്കുന്നതെന്നും മുസ്‌ലിയാരുടെ ഈ വരികളില്‍ നിന്ന് വ്യക്തമാകും. ഇത്തരം വിഷയങ്ങളോട്  വിശ്വാസി കൈക്കൊള്ളേണ്ട നിലപാട് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

ആഇശ(റ)യില്‍നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) പുതുതായി ആരെങ്കിലും വല്ലതും ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടണം''(ബുഖാരി).

മുസ്ലിയാര്‍ വീണ്ടും എഴുതുന്നു: ''ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് ഹുസ്‌നുല്‍ ഖാത്തിമ(നല്ല മരണം) ലഭിക്കുമെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. അമലുകള്‍ ചെറുതാണെങ്കിലും അവ പതിവാക്കുമ്പോഴാണ് ഫലം പൂര്‍ണമായി ആസ്വദിക്കാനാവുക.'' (പേജ് 39).

ശഹാദത്ത് ചൊല്ലല്‍, നെറ്റിത്തടം വിയര്‍ക്കല്‍, വെള്ളിയാഴ്ചയുടെ രാവിലോ പകലിലോ മരിക്കല്‍, ശഹീദാകല്‍, പ്ലേഗ് രോഗം ബാധിക്കല്‍, വയറിന് വേദന, കെട്ടിടം തകര്‍ന്ന് വീഴല്‍ എന്നിവ മൂലം മരിക്കല്‍, വെള്ളത്തില്‍ മുങ്ങിയും തീപ്പൊള്ളലേറ്റും മരിക്കല്‍, നല്ല കര്‍മങ്ങള്‍ ചെയ്തു കൊണ്ടിരിക്കെയുള്ള മരണം  ഇതെല്ലാം വിശ്വാസികളിലാണ് സംഭവിക്കുന്നതെങ്കില്‍ അത് നല്ല മരണത്തിന്റെ അടയാളമാണ് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഹദ്ദാദ് റാത്തീബ് കാണുവാന്‍ സാധ്യമല്ല.  ഒരാളെയും തൗഹീദിലായി മരിക്കാന്‍ അനുവദിക്കില്ലെന്ന് കരാറെടുത്തിരിക്കുകയാണോ പുരോഹിതന്മാര്‍? വിശ്വാസികളുടെ മരണം എങ്ങനെയാവണമെന്ന് അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.'' (3:102).

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇപ്രകാരം കാണാം. ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''അല്ലാഹുവിനെ അനുസരിക്കണം, ധിക്കരിക്കരുത്. അവനെ ഓര്‍ക്കണം, മറക്കരുത്. അവന് നന്ദി കാണിക്കണം, നിഷേധികളാവരുത്.'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

''ഇസ്ലാമിലായി നിങ്ങള്‍ക്ക് മരിക്കാന്‍ വേണ്ടി നിങ്ങളുടെ ആരോഗ്യവും സമാധാനവുമുള്ള അവസ്ഥയില്‍ അതനുസരിച്ച് ജീവിക്കുക.'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

സമൂഹത്തിന്റെ നന്മകളെ കാര്‍ന്ന് തിന്നുന്ന ശിര്‍ക്ക് ബിദ്അത്തുകളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നവര്‍ക്ക് ഈ കല്‍പനയെ നിറവേറ്റാന്‍ കഴിയുമോ?

ഹദ്ദാദിന്റെ മറ്റൊരു ഗുണമായി മുസ്‌ലിയാര്‍ പറയുന്നു: ''ഹദ്ദാദിന്റെ മഹത്വമെഴുതിയ മഹാന്മാരൊക്കെ പറഞ്ഞത്, ഇത് മുസ്‌ലിമിന്റെ വിശ്വാസം രൂഢമൂലമാക്കാന്‍ ഉപയുക്തമാണെന്നാണ്. കാരണം ഫാതിഹയും ആയത്തുല്‍കുര്‍സിയും ആമനര്‍റസൂലുവും അതിന്റെ തുടക്കത്തിലെ ദിക്‌റുകളുമൊക്കെ വിശ്വാസ സംബന്ധിയാണ്. വിശ്വാസകാര്യങ്ങളില്‍ സംഭവിക്കുന്ന മാര്‍ഗഭ്രംശങ്ങളില്‍നിന്ന് രക്ഷകിട്ടാന്‍ അവ ഫലപ്രദമാണ്. ഹദ്ദാദ് പാരായണം ചെയ്യുന്നവരുടെ മനസ്സില്‍ ബിദ്ഈ ചിന്തകള്‍ കയറിപ്പറ്റുന്നതിനെ തൊട്ടും കാവല്‍ ലഭിക്കും'' (സുന്നിവോയ്‌സ്, 2020 ആഗസ്റ്റ് 16-31, പേജ്: 39).

'വിശ്വാസകാര്യങ്ങളില്‍ സംഭവിക്കുന്ന മാര്‍ഗഭ്രംശങ്ങളില്‍നിന്ന് രക്ഷകിട്ടാന്‍' ഓരോരുത്തരും അവനവന് തോന്നുന്ന കാര്യങ്ങള്‍ വിശ്വാസ സംബന്ധിയായ ആയത്തുകളില്‍ കൂട്ടിക്കലര്‍ത്തി ചൊല്ലിയാല്‍ മതി എന്നാണല്ലോ ലേഖകന്റെ വരികളില്‍നിന്നും മനസ്സിലാകുന്നത്! വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാനും പൈശാചികമായി വല്ല സംശയത്തിലും അകപ്പെട്ടാല്‍ അതില്‍നിന്നും രക്ഷ കിട്ടാനും ആത്മാര്‍ഥമായി നാം തേടേണ്ടത് അല്ലാഹുവിനോടാണ്. അതാണ് മതം പഠിപ്പിക്കുന്നത്. വഴിതെറ്റാതിരിക്കാന്‍ വിശ്വാസികള്‍ എങ്ങനെയാണ്, ആരോടാണ് പ്രാര്‍ഥിക്കുക എന്ന് അല്ലാഹു പറയുന്നത് കാണുക:

''(അവര്‍ പ്രാര്‍ഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനുശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു'' (ക്വുര്‍ആന്‍ 3:8).