ഔലിയാക്കള്‍ ഇഷ്ടപ്രകാരം കറാമത്ത് കാണിക്കുമെന്നോ?
മൂസ സ്വലാഹി, കാര
2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02
(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 12)
വിശ്വാസം, സൂക്ഷ്മത, സത്കര്‍മനിഷ്ഠ എന്നീ സവിശേഷതകളോടെ ജീവിതത്തെ സംസ്‌കരണ പാതയില്‍ നിലനിര്‍ത്തി അല്ലാഹുവിലേക്ക് അടുക്കുന്നവരാണ് യഥാര്‍ഥ ഔലിയാക്കള്‍. അല്ലാഹു പറയുന്നു:
'''ശ്രദ്ധിക്കുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം'' (ക്വുര്‍ആന്‍ 10:62-64).
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''നിശ്ചയം അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'എന്റെ വലിയ്യിനോട് (സാമീപ്യം നേടിയ വ്യക്തിയോട്) ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങളെക്കാള്‍ എനിക്ക് പ്രിയംകരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ നിര്‍ബന്ധമല്ലാത്ത ഐച്ഛികമായ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസന് എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവന്ന് കേള്‍ക്കാനുള്ള കാതും കാണാനുള്ള കണ്ണും പിടിക്കാനുള്ള കയ്യും നടക്കാനുള്ള കാലും ഞാനായിരിക്കും. എന്നോട് അവന്‍ ചോദിച്ചാല്‍ അവന് ഞാന്‍ നല്‍കുക തന്നെ ചെയ്യും. എന്നോട് അവന്‍ അഭയം തേടിയാല്‍ ഞാന്‍ അവന് അഭയം നല്‍കുക തന്നെ ചെയ്യും'' (ബുഖാരി).
ഈ പ്രത്യേകതകളുടെ അളവനുസരിച്ച് ഔലിയാക്കള്‍ക്ക് നല്‍കപ്പെടുന്ന പദവികളില്‍ ഏറ്റവ്യത്യാസമുണ്ടാകും. ദീനിനെ സഹായിക്കുക, സദ്‌വൃത്തരായ ദാസന്മാര്‍ക്ക് ഉറപ്പും സ്ഥൈര്യവും നല്‍കുക, നടന്നതോ നടക്കാനുള്ളതോ ആയ സംഭവത്തെ പറ്റി അറിവ് കൊടുക്കുക, സത്യത്തെ സ്ഥാപിക്കുക, ശത്രുക്കളുടെ പൊള്ളത്തരങ്ങള്‍ തകര്‍ക്കുക, പ്രാര്‍ഥനക്ക് ഉത്തരമേകുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഔലിയാക്കളില്‍ പതിവല്ലാത്ത രീതിയിലൂടെ അല്ലാഹു നടപ്പിലാക്കുന്നതാണ് കറാമത്ത് അഥവാ പ്രത്യേക നിലയ്ക്കുള്ള ആദരവ്. അല്ലാഹുവില്‍ നിന്നാണെന്നതും മതവിധികള്‍ക്ക് എതിരാവുകയില്ലെന്നതും നന്മയും ഭക്തിയുമുള്ളവരില്‍ മാത്രം അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രം കാണപ്പെടുമെന്നതുമാണ് പൈശാചികമായുണ്ടാകുന്ന സംഭവങ്ങളില്‍ നിന്ന് കറാമത്തിനെ വ്യതിരിക്തമാക്കുന്നത്.
പച്ചപ്പുതപ്പ്, ജഡ പിടിച്ച മുടി, വൃത്തിഹീനമായ ശരീരം, മുഷിഞ്ഞ വേഷം, പിറുപിറുക്കല്‍, ഭ്രാന്തന്‍ അവസ്ഥ പ്രകടമാക്കല്‍ ഇതെല്ലാം ഉള്ളവരാണ് സമൂഹ ദൃഷ്ടിയില്‍ ഇന്ന് ഔലിയാക്കള്‍! ഇവര്‍ യഥേഷ്ടം അദൃശ്യകാര്യങ്ങള്‍ അറിയുമെന്നും തോന്നുമ്പോള്‍ കറാമത്ത് കാണിക്കുമെന്നും എന്തിന്നും കഴിവുള്ളവരാണെന്നും പുരോഹിതന്മാര്‍ അനുയായികളെ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ട്. അല്ലാവിന്റെ സ്ഥാനത്തേക്ക് വരെ ഇത്തരം വ്യാജന്മാരെ ഇവര്‍ എത്തിച്ചിരിക്കുന്നു എന്നതിന് തെളിവ് കാണുക:
''ഇഷ്ടദാസന്റെ കണ്ണും കാതും കൈയും കാലും ഞാനാകുമെന്ന് അല്ലാഹു ഖുദ്‌സിയ്യായ ഹദീഥിലൂടെ പറഞ്ഞതു നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു കേള്‍ക്കുന്നതു പോലെ കേള്‍ക്കുകയും കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാണ് ഇതിന്റെ വിവക്ഷ എന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്''(സി.എം. സ്മരണിക, പേജ് 32).
മതത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവര്‍ ഇങ്ങനെ പറയില്ല. അല്ലാഹു പറയുന്നു: ''...അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 42:11).
''ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല'' (ക്വുര്‍ആന്‍ 16:74).
ഔലിയാക്കളെ സംബന്ധിച്ച് തെറ്റായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക എന്നത് സമസ്ത മുറതെറ്റാതെ തുടര്‍ന്ന് പോരുന്നുണ്ട്. 2020 ജനുവരി 1-15 ലക്കം സുന്നിവോയ്‌സില്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:
''ആധുനിക പുത്തന്‍വാദികള്‍ പഴയപോലെ ഇപ്പോള്‍ കറാമത്തിനെ പൂര്‍ണമായി നിഷേധിക്കാറില്ലെങ്കിലും ഔലിയാക്കള്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ കഴിയുമെന്ന് അംഗീകരിക്കാറില്ല. കറാമത്ത് പാടെ നിഷേധിക്കുന്നതു പോലെ ഭാഗിക നിഷേധമായ ഇതും പ്രമാണവിരുദ്ധവും നിരര്‍ത്ഥകവുമാണ്''(പേജ്18).
ഈ വാക്കുകള്‍ തീര്‍ത്തും അസത്യവും തെറ്റിദ്ധരിപ്പിക്കലും മാത്രമാണ്. സമസ്തയുടെ കാഴ്ചപ്പാടില്‍ പുത്തന്‍വാദികളായ അഹ്‌ലുസ്സുന്ന വല്‍ജമാഅ അല്ലാഹുവിന്റെ നിശ്ചയ പ്രകാരം ഔലിയാക്കളില്‍ പ്രകടമാകുന്ന കറാമത്തിനെ നിഷേധിക്കുകയല്ല, മറിച്ച് പ്രമാണങ്ങള്‍ പഠിപ്പിച്ചത് പ്രകാരം വിശ്വസിക്കുകയും പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം വ്യാജന്മാര്‍ നടത്തുന്ന തട്ടിപ്പുകളെയും പൊള്ളത്തരങ്ങളെയും തുറന്ന് കാണിക്കാറുമുണ്ട്. അത് കറാമത്ത് നിഷേധമല്ല മതനിയമത്തെ ആദരിക്കലും സംരക്ഷിക്കലുമാണ്. ഔലിയാക്കള്‍ക്ക് അവര്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടിപ്പിക്കാന്‍ കഴിയുമെന്ന സമസ്തയുടെ ആശയം സ്വൂഫികളില്‍നിന്ന് കിട്ടിയതാണ്. അതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല. നബി ﷺ യോ സ്വഹാബത്തോ ഇങ്ങനെ വിശ്വസിച്ചതിന് തെളിവൊന്നുമില്ല. എന്നിട്ടും ഇസ്‌ലാമിന്റെ പേരില്‍ ഇങ്ങനെ പ്രചരിപ്പിക്കുന്നത് കടുത്ത അക്രമം തന്നെ!
മുസ്‌ലിയാര്‍ തന്റെ നിരര്‍ഥക വാദത്തിന് തെളിവായി സൂറതുന്നംലില്‍ ബല്‍കീസ് രാജ്ഞിയുടെ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ അടുത്തെത്തിച്ച സംഭവത്തെ സൂചിപ്പിക്കുന്ന ആയത്തുകളുദ്ധരിച്ചതിന് ശേഷം പറഞ്ഞത് കാണുക:
''പ്രസ്തുത സിംഹാസനം കൊണ്ടുവന്നത് ആസ്വഫുബ്‌നു ബര്‍ഖിയാ(റ) എന്ന വലിയ്യാണ്. കറാമത്ത് മുഖേനയാണത് സാധ്യമായത്. കണ്ണടച്ച് തുറക്കും മുമ്പ് ഞാനത് കൊണ്ടുവരാം എന്ന് സധീരം പറയണമെങ്കില്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ സാധിക്കണമല്ലോ'' (പേജ് 18).
ബനൂഇസ്‌റാഇല്യരില്‍പെട്ട സത്യസന്ധനും സദ്‌വൃത്തനും സുലൈമാന്‍ നബി(അ)യോട് അടുപ്പവുമുള്ള ആസ്വഫ് 'താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം...' (ക്വുര്‍ആന്‍ 27:40) എന്ന് പറയുകയും അങ്ങനെ സംഭവിക്കുകയും ചെയ്തു. അതിന് കാരണം അദ്ദേഹം അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളായ 'യാ ഹയ്യ്, യാ ഖയ്യൂം' എന്നിവ മുന്‍നിര്‍ത്തി പ്രാര്‍ഥിച്ചു എന്നതാണ്. അല്ലാതെ അദ്ദേഹത്തിന്റെ സ്വതീരുമാനം കൊണ്ട് മാത്രമല്ല.
അല്ലാഹുവിനോട് ഇങ്ങനെയുള്ള പ്രാര്‍ഥനക്കും ചോദ്യത്തിനും പെട്ടെന്ന് ഉത്തരം കിട്ടുമെന്നതില്‍ വിശ്വാസികള്‍ സംശയിക്കേണ്ടതില്ലല്ലോ. ഇമാം ത്വബ്‌രി(റഹി), ഇമാം ക്വുര്‍ത്തുബി(റഹി), ഇമാം ഇബ്‌നു കഥീര്‍(റഹി) എന്നീ മുഫസ്സിറുകള്‍ വീശദീകരിച്ചതിന്റെ ചുരുക്കമാണ് മുകളില്‍ കൊടുത്തത്. ഈ കാര്യം മുസ്‌ലിയാര്‍ മൂടിവെച്ചു എന്നത് വിഷയത്തോട് കാണിച്ച തികഞ്ഞ അക്രമമാണ്. വിദൂരത്തുള്ള സിംഹാസനം നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിയത് എങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ അതിന് മതിയാകുന്ന മറുപടി ക്വുര്‍ആന്‍ നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ''ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 5:120).
മഹാനായ ജുറൈജിന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ നാട്ടിലെ വ്യഭിചാരിണിയുടെ ഇടപെടല്‍ മൂലമുണ്ടായ വിഷയത്തെയും മുസ്‌ലിയാര്‍ തെളിവാക്കുന്നു. ഇമാം ബുഖാരി(റഹി) കിതാബുല്‍ മളാലിമിലും ഇമാം മുസ്‌ലിം(റഹി) കിതാബുല്‍ ബിര്‍റി വസ്വിലത്ത് എന്നതിലുമാണ് ഈ ഹദീഥിനെ കൊണ്ടുവന്നിട്ടുള്ളത്. ആത്മാര്‍ഥമായ പ്രാര്‍ഥന കൊണ്ടും തന്റെ നിരപരാധിത്വം ബോധ്യപ്പെടണമെന്ന ആഗ്രഹമുള്ളത് കൊണ്ടുമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ ഫലമുണ്ടായത്. അല്ലാതെ ഇവര്‍ പറയും പ്രകാരം ജുറൈജിന്റെ ഇച്ഛകൊണ്ട് മാത്രമല്ല. അവസാനം ഇമാം നവവി(റഹി), ഇമാം ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി), ഇമാം ഇബ്‌നു തൈമിയ്യ(റഹി) തുടങ്ങിയ പണ്ഡിതന്മാര്‍ തന്റെ വാദത്തിന് കൂടെയുണ്ട് എന്ന് ഇയാള്‍ തട്ടിവിടുന്നുമുണ്ട്.
''കറാമത്തുകള്‍ ഔലിയാക്കളുടെ ഇഷ്ടപ്രകാരവും അവര്‍ ആവശ്യപ്പെടുമ്പോഴും ഉണ്ടാകുമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു'' (ശര്‍ഹു മുസ്‌ലിം, സുന്നിവോയ്‌സ്,പേജ്,18).
'കണ്ണടച്ച് തുറക്കും മുമ്പ് ഞാനത് കൊണ്ടുവരാം എന്ന് സധീരം പറയണമെങ്കില്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ സാധിക്കണമല്ലോ' എന്നാണ് ഖേകന്‍ ആദ്യം എഴുതിയത്. എന്നാല്‍ ഈ ഉദ്ധരണിയില്‍ 'ബി ഇഖ്ത്തിയാരിഹിം വ ത്വലബിഹിം' (അവരുടെ ആഗ്രഹവും തേട്ടവും പ്രകാരം)എന്നാണുള്ളത്. അല്ലാതെ 'ബി ഇഖ്ത്തിയാരിഹിം' (അവരുടെ ഇഷ്ടപ്രകാരം) എന്ന് മാത്രമല്ല. അങ്ങനെയായിരുന്നെങ്കില്‍ മുസ്‌ലിയാര്‍ക്ക് ന്യായീകരിച്ച് ഒപ്പിക്കാമായിരുന്നു. ഇത്തരം വയ്യാവേലകളുണ്ടാക്കി ഞെരുങ്ങുന്നതിനെക്കാള്‍ നല്ലത് പിഴച്ച വഴികളില്‍ നിന്ന് പിന്തിരിയലല്ലേ? 'കാരസ്‌കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ' എന്ന് കവി ചോദിച്ചതേ ഇവിടെയും ചോദിക്കാനുള്ളൂ. ഇവര്‍ക്ക് ജനങ്ങളെ സ്രഷ്ടാവില്‍നിന്നും അകറ്റി സൃഷ്ടികളിലേക്ക് അടുപ്പിക്കലാണ് ലക്ഷ്യം.