ഖത്തപ്പുരകെട്ടി ക്വുര്‍ആന്‍ ഓതല്‍: പ്രമാണങ്ങള്‍ എന്ത് പറയുന്നു?

മൂസ സ്വലാഹി, കാര

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 18)

മരണാനന്തര കര്‍മങ്ങളായി നബി ﷺ പഠിപ്പിച്ച സുന്നത്തുകളെ പ്രോത്സാഹിപ്പിക്കാതെ വ്യത്യസ്തങ്ങളായ അനാചാരങ്ങളെ പ്രോത്സാഹിപ്പിച്ചും അവയ്ക്ക് ശ്രേഷ്ഠത കല്‍പിച്ചും മുന്‍ഗണന നല്‍കിയും സമുദായത്തെ കബളിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ് സമസ്തക്കാര്‍. മയ്യിത്തിന് കൂലി കിട്ടുമെന്ന് വിചാരിച്ചുള്ള യാസീന്‍ പാരായണം, മയ്യിത്ത് എടുക്കുമ്പോഴുള്ള കൂട്ടുപ്രാര്‍ഥനയും അല്‍ഫാതിഹ വിളിയും, ജനാസയോടൊപ്പം പോകുമ്പോള്‍ ദിക്ര്‍ ചൊല്ലല്‍, മറമാടിയ ശേഷം മയ്യിത്തിന് തല്‍ക്വീന്‍ ചൊല്ലിക്കൊടുക്കല്‍, മൂന്ന്, ഏഴ്, നാല്‍പത്, ആണ്ട് എന്നിവ കഴിക്കല്‍, ക്വബ്ര്‍ കെട്ടിപ്പൊക്കല്‍, അതിന്മേല്‍ എടുപ്പുണ്ടാക്കല്‍ എന്നിവ ഇവയില്‍ പ്രധാനമാണ്.

മതമായി നബി ﷺ കൊണ്ടുവന്നത് മാത്രമാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. അല്ലാഹു പറയുന്നു: ''...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്'' (ക്വുര്‍ആന്‍ 59:7).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''അദ്ദേഹം എന്തൊന്ന് നിങ്ങളോട് കല്‍പിച്ചുവോ അത് നിങ്ങള്‍ ചെയ്യുക. അദ്ദേഹം എന്തൊന്ന് നിങ്ങള്‍ക്ക് വിരോധിച്ചുവോ അത് നിങ്ങള്‍ വെടിയുകയും ചെയ്യുക. കാരണം അദ്ദേഹം നിങ്ങളോട് നന്മ മാത്രമെ കല്പിക്കൂ. തിന്മ മാത്രമെ വിരോധിക്കൂ'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍/വാള്യം: 4).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബി ﷺ പറഞ്ഞു: ''ഞാന്‍ നിങ്ങളോട് ഏത് കാര്യം കല്‍പിച്ചാലും നിങ്ങള്‍ക്ക് സാധിക്കുന്നത്ര അത് ചെയ്യുക. എന്തെങ്കിലും കാര്യം ഞാന്‍ നിങ്ങളോട് വിരോധിച്ചാല്‍ അത് നിങ്ങള്‍ വെടിഞ്ഞേക്കുക'' (ബുഖാരി).

ക്വബ്‌റിനരികില്‍ ഖത്തപ്പുരകെട്ടി അതിലിരുന്ന് നിര്‍ണിത ദിവസങ്ങളില്‍ ക്വുര്‍ആന്‍ ഓതുക എന്ന ഏര്‍പ്പാടിനെ മുസ്‌ലിയാക്കന്മാര്‍ നബിചര്യ എന്ന പോലെയാണ് കണക്കാക്കുന്നത്. നബിചര്യയിലോ, സ്വഹാബത്തിന്റെ ജീവിതത്തിലോ ഇങ്ങനെയൊരു കാര്യം കാണുക സാധ്യമല്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ഇത് മതത്തിന്റെ ഭാഗമായി പഠിപ്പിച്ചിട്ടില്ല.

സമസ്തയുടെ കുപ്രസിദ്ധമായ എട്ടാം പ്രമേയത്തില്‍ അവരുടെ ആദര്‍ശമായി പഠിപ്പിക്കുന്ന കാര്യങ്ങളില്‍ ചിലത് കാണുക: ''മരിച്ചുപോയ മഹാത്മാക്കള്‍ക്കും മറ്റു മുസ്‌ലിംകള്‍ക്കും കൂലി ലഭിക്കാനായി ധര്‍മം ചെയ്യല്‍, കോഴി, ആട് മുതലായവ ധര്‍മം ചെയ്യാന്‍ നേര്‍ച്ചയാക്കല്‍, അവര്‍ക്കു വേണ്ടി ക്വബ്‌റിങ്ങല്‍വെച്ചും മറ്റും ക്വുര്‍ആന്‍ ഓതലും ഓതിപ്പിക്കലും...'' (ഇവരെ എന്തുകൊണ്ട് അകറ്റണം? പേജ്: 14).

ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി ആരാധനാകേന്ദ്രങ്ങളാക്കിയും അവിടെവെച്ച് ഇസ്‌ലാം വിരോധിച്ച കാര്യങ്ങള്‍ ചെയ്തും കാലം കഴിക്കുന്ന ശിയാക്കളില്‍നിന്ന് മുസ്‌ലിയാക്കന്മാര്‍ ഇറക്കുമതി ചെയ്തതാണിതെല്ലാം. ക്വബ്‌റുകള്‍ എങ്ങനെയാകരുതെന്ന് ഇസ്‌ലാം പറഞ്ഞതിനെ പൂര്‍ണമായും നിഷേധിക്കുന്ന സ്വഭാവമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.  

ജാബിറി(റ)ല്‍നിന്ന് നിവേദനം: ''ക്വബ്‌റിന്മേല്‍ കുമ്മായമടിക്കുന്നതും അതിന്മേല്‍ ഇരിക്കുന്നതും അത് കെട്ടിയുയര്‍ത്തുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു'' (മുസ്‌ലിം).

എന്റെ ക്വബ്ര്‍ ആരാധനാലയമാക്കരുതെന്ന് നബി ﷺ പ്രാര്‍ഥിച്ചതും തന്റെ അനുചരന്മാരെ ഈ കാര്യത്തില്‍ അദ്ദേഹം ഉദ്ബുദ്ധരാക്കിയതും നാം കാണാതിരുന്നുകൂടാ.

 പഴയകാല ഖത്തപ്പുര സമ്പ്രദായത്തെ ഓര്‍ത്തും പുതിയ കാലത്ത് അധികപേരും അതിനെ ഒഴിവാക്കുന്നതില്‍ സങ്കടപ്പെട്ടും സമസ്ത മുസ്‌ലിയാക്കന്മാരിലെ മുഖ്യന്‍ പറയുന്നത് കാണുക:

''അങ്ങനെ ഉപ്പ മരിച്ചപ്പോള്‍ ഖബറിനടുത്ത് ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ ഓതിച്ചു. അന്ന് 15 രൂപയാണ് ഓതുന്നവര്‍ക്ക് ഹദ്‌യ കൊടുത്തിരുന്നതെങ്കിലും ഞാന്‍ പറഞ്ഞതനുസരിച്ച് ജ്യേഷ്ഠന്‍ കുഞ്ഞിപ്പ 40 രൂപ കൊടുത്തു. എന്റെ ഭാര്യ മറിയം അന്ന് ഗര്‍ഭിണിയാണ്. ആണ്‍കുട്ടിയാണെങ്കില്‍ ഉപ്പയുടെ പേര് വിളിക്കണമെന്ന് ഉപ്പ എന്നോട് പറഞ്ഞിരുന്നു. അതനുസരിച്ച് മൂത്തകുട്ടിക്ക് അബ്ദുറഹ്മാന്‍ എന്ന് പേരിട്ടു. ഉമ്മ മരിച്ചപ്പോഴും ഏഴ് ദിവസം ഖത്തപ്പുര കെട്ടി. ഉമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ചടങ്ങുകളെല്ലാം നടത്തിയത്. ഞങ്ങളാരും സ്വര്‍ണം ഓഹരിയെടുത്തില്ല. അതൊക്കെ ഉമ്മയുടെ പരലോക ഗുണത്തിനായി ചെലവാക്കി. സാമ്പത്തികമായി മെച്ചമില്ലാത്ത അന്നൊക്കെ ഖത്തപ്പുരകള്‍ എങ്ങും സജീവമായിരുന്നു. ഇന്ന് പണമുള്ളവരും അത്തരം നന്മകളില്‍ സജീവമല്ലെന്നത് ഖേദകരമാണ്'' (സുന്നിവോയ്‌സ്, 2020 ഒക്ടോബര്‍ 1-15, പേജ്: 10).

ഈ അനാചാരം പുരോഹിതന്മാര്‍ക്ക് വരുമാനം കണ്ടെത്താനുള്ള തൊഴിലാണെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. കൂലി നല്‍കി ചെയ്യിപ്പിക്കേണ്ട കര്‍മങ്ങളല്ല ഇസ്‌ലാമിലെ ആരാധനകളെന്നുംനിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്നതിനാണ് പരലോകത്ത് പ്രതിഫലം കിട്ടുകയെന്നുമുള്ള സാമാന്യ ബോധം പോലും ഇവര്‍ക്കില്ലേ?

ഖത്തപ്പുര കെട്ടി ഓതുന്നതിനെ  മുസ്‌ലിയാര്‍ നന്മയാക്കിയതിന്റെ അടിസ്ഥാനമെന്താണ്? അല്ലാഹുവിന്റെ കല്‍പനയും നബിചര്യയുമാണല്ലോ ഒരു കാര്യം നന്മയാകാനുള്ള നിബന്ധനകള്‍. നബി ﷺ മക്കളുടെയോ, ഭാര്യയായ ഖദീജ(റ)യുടെയോ, തന്റെ അനുചരന്മാരില്‍ ആരുടെയെങ്കിലുമോ മരണശേഷം ദീനാറോ, ദിര്‍ഹമോ നല്‍കി ഇങ്ങനെ ഒരു കര്‍മം നടത്തിയതായി തെളിവുണ്ടോ? അത് മഹത്തായ ഒരു പുണ്യകര്‍മമാണെങ്കില്‍ അവര്‍ അത് ചെയ്യാതെപോകുമോ?

ദൃഢവിശ്വാസത്തിന്റെയും വ്യക്തമായ പ്രമാണങ്ങളുടെയും അറിവിന്റെയും വെളിച്ചത്തില്‍ ഇത്തരം ബിദ്അത്തുകളില്‍നിന്ന് സമുദായത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ സമുദായത്തില്‍ വേരുറപ്പിക്കുവാന്‍ കഠിനമായി പരിശ്രമിക്കുന്നവര്‍ മതത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?  

അല്ലാഹു പറയുന്നു: ''തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ്പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?'' (ക്വുര്‍ആന്‍ 47:14).

ഖത്തപ്പുര കെട്ടി അതിലിരുന്ന് ക്വുര്‍ആന്‍ ഓതുന്നതിന്റെ മതവിധി എന്താണെന്നു പറയാന്‍ ഇവര്‍ക്കുതന്നെ കഴിയുന്നില്ല: ''ക്വബ്‌റിന്നു സമീപം ക്വുര്‍ആന്‍ പാരായണം ചെയ്യല്‍ പുണ്യമാണ്. തണലിനുവേണ്ടി മാത്രം ക്വബ്‌റിന്‍മേല്‍ പുര കെട്ടല്‍ കറാഹത്താ(വെറുക്കപ്പെട്ടത്)ണ്. എന്നാല്‍ ദുആ (പ്രാര്‍ഥന) ചെയ്യുന്നവര്‍ക്ക് പ്രസ്തുത പുര കറാഹത്തില്ല'' (ശര്‍വാനി 3:197).

ഖത്തപ്പുരയിലിരുന്ന് ക്വുര്‍ആന്‍ ഓതുന്നവര്‍ കൂലിപ്പണിക്കാര്‍ മാത്രം! അവര്‍ക്ക് ജമാഅത്ത് നമസ്‌കാരത്തെക്കള്‍ പ്രധാനം ഈ കൂലിപ്പണിയാണ്. ഇതിന്റെ കൂലി ഇവിടെനിന്നുതന്നെ കിട്ടുമല്ലോ!

''ഖത്തപ്പുരയിലോതുന്നവന്‍ കൂലിപ്പണിക്കാരായതിനാല്‍ ജമാഅത്ത് നിസ്‌കാരത്തില്‍ സംബന്ധിക്കേണ്ടതില്ല. ജുമുഅ നിര്‍ബന്ധമാണ് (തുഹ്ഫ 2:406)'' (അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ, റിയാസ് ഫൈസി വെള്ളില, പേജ്: 25).

ഏതൊരു വിഷയത്തിന്റെയും നിജസ്ഥിതി എന്തെന്ന് മൂലപ്രമാണങ്ങളില്‍നിന്ന് കണ്ടെത്താന്‍ ശ്രമിക്കാതെ അന്ധമായി അനുകരിക്കണമെന്നു പറയുന്ന പണ്ഡിതാഭിപ്രായങ്ങളില്‍ മാത്രം അള്ളിപ്പിടിച്ച് ജീവിക്കുക എന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ല. വ്യക്തമായ പ്രമാണങ്ങളുണ്ടെങ്കിലും അതിനെ അംഗീകരിക്കാന്‍ തയ്യാറാകാതെ, ഞങ്ങള്‍ക്കെല്ലാം അറിയാം എന്ന് നടിക്കുന്നത് നാശത്തിന്റെ കവാടം തുറക്കലാണ്.

''അങ്ങനെ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരുടെ പക്കലുള്ള അറിവുകൊണ്ട് അവര്‍ തൃപ്തിയടയുകയാണ് ചെയ്തത്. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി'. (ക്വുര്‍ആന്‍ 40:83).

ക്വബറിങ്കല്‍വെച്ച് ക്വുര്‍ആന്‍ ഓതരുതെന്നും അവിടെ പാലിക്കേണ്ട മര്യാദകളെന്തെന്നും നബി ﷺ യുടെ അധ്യാപനങ്ങളില്‍നിന്ന് വ്യക്തമാണ്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങളുടെ വീടുകളെ നിങ്ങള്‍ ക്വബ്‌റിടങ്ങളാക്കരുത്. സൂറത്തുല്‍ ബക്വറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍നിന്ന് പിശാച് വിരണ്ടോടും'' (മുസ്‌ലിം).

ക്വബ്ര്‍ സന്ദര്‍ശനവേളയില്‍ ക്വബ്‌റാളികള്‍ക്ക് സലാം പറഞ്ഞ് പ്രവേശിക്കണമെന്നും മരണത്തെ യോര്‍ക്കണമെന്നും മയ്യിത്തിനുവേണ്ടി അല്ലാഹുവിനോട് തേടിയും പ്രാര്‍ഥിക്കണമെന്നുമാണ് മതം പഠിപ്പിക്കുന്നത്.

അബ്ദുല്ലാഹിബ്‌നു അബൂബക്‌റി(റ)ന്റെ ക്വബ്‌റിന്മേല്‍ (തണലിനായി) ചെറിയ കൂര  കെട്ടിയുണ്ടാക്കപ്പെട്ടതായി ഇബ്‌നു ഉമര്‍(റ) കണ്ടപ്പോള്‍ അത് എടുത്തു മാറ്റാന്‍ അദ്ദേഹം കല്‍പിച്ചതുംഅദ്ദേഹത്തിന് അദ്ദേഹത്തിന്റെ പ്രവൃത്തിതന്നെ തണലാകുമെന്ന് പറഞ്ഞതും ഇമാം ബുഖാരി കിതാബുല്‍ ജനാഇസില്‍ ഉദ്ധരിച്ചതായി കാണാം.

അബൂഹുറയ്‌റ(റ), അബൂസഈദുല്‍ ഖുദ്‌രി(റ) എന്നിവര്‍ മരണസമയത്ത് തങ്ങളുടെ ക്വബ്‌റിന്മേല്‍ തണലിനായി ചെറുകൂരകള്‍ കെട്ടരുതെന്ന് പ്രത്യേകം വസ്വിയ്യത്ത് നല്‍കിയത് ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിത്തരുന്നു. ക്വബ്‌റിങ്കലിരുന്ന് കൂലിക്കോ അല്ലാതെയോ ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന സമ്പ്രദായം അവര്‍ക്ക് അജ്ഞാതവുമായിരുന്നു.

നാല് മദ്ഹബുകളുടെ ഇമാമുമാരും ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരാണ്. അബൂ ഹനീഫ(റഹി)യുടെ നിലപാടിനെ സംബന്ധിച്ച് ഇമാം ഇബ്‌നു അബില്‍ഹിസ്സ് അല്‍ നഫി(റഹി) തന്റെ ശറഹുല്‍ അക്വീദതിത്ത്വഹാവിയ്യയില്‍ പറഞ്ഞത് 'ഇത് പുതുതായി ഉണ്ടാക്കപ്പെട്ടതാണ്, നബിചര്യയില്‍ അങ്ങനെ വന്നിട്ടില്ല' എന്നാണ്. ഇബ്‌നുല്‍ഹാജ് അല്‍മാലികി(റഹി) പറഞ്ഞു: ''അബൂ മുഹമ്മദ്(റഹി) പറഞ്ഞത് ഞാന്‍ കേട്ടു: 'നിശ്ചയം, ക്വബ്‌റിങ്കല്‍ ക്വുര്‍ആന്‍ ഓതല്‍ പുത്തനാചാരമാണ്; നബിചര്യയല്ല. മാലികി മദ്ഹബിന്റെ വീക്ഷണം അത് നിഷിദ്ധമെന്നാണ്'' (അല്‍മദ്ഖല്‍).

'മനുഷ്യന് താന്‍ പ്രയത്‌നിച്ചല്ലാതെ മറ്റൊന്നുമില്ല' എന്ന സൂറതുന്നജ്മിലെ 39ാം വചനത്തെ വിശദീകരിച്ച് ശാഫിഈ പണ്ഡിതനായ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: 'ഈ പരിശുദ്ധമായ ആയത്തില്‍ നിന്നാണ് ഇമാം ശാഫിഈയും അദ്ദേഹത്തെ പിന്‍പറ്റിയവരും മയ്യിത്തിനു വേണ്ടി ക്വുര്‍ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം അവര്‍ക്ക് എത്തുകയില്ലെന്ന് ഗവേഷണത്തിലൂടെ മതവിധി മനസ്സിലാക്കിയത്. കാരണം അത് അവരുടെ (മരിച്ചവരുടെ) പ്രവര്‍ത്തനമോ സമ്പാദ്യമോ അല്ല.നബി ﷺ ഈ കാര്യം സമുദായത്തിന് സുന്നത്താക്കുകയോ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. വ്യക്തമായ സൂചന മുഖേനയും പ്രേരിപ്പിച്ചിട്ടില്ല. അത് നന്മയാണെങ്കില്‍ അതിലേക്കവര്‍ മുന്‍കടക്കുമായിരുന്നു. ഇപ്രകാരം സ്വഹാബികളില്‍പ്പെട്ട ഒരാളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുമില്ല'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

ഇമാം അബൂദാവൂദ്(റഹി) തന്റെ മസാഇലില്‍ പറയുന്നു: ''ഇമാം അഹ്മദ്(റ) ക്വബ്‌റിന്നടുക്കല്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അത് പാടില്ലെന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ കേട്ടു.''

മയ്യിത്തിനുവേണ്ടി, ജീവിച്ചിരിക്കുന്നവര്‍ ചെയ്യേണ്ട ബാധ്യതകളെ വിസ്മരിപ്പിക്കും വിധമാണ് പുത്തനാചാരങ്ങളുടെ അതിപ്രസരം. ഇതെല്ലാം ശിര്‍ക്കിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കൂടിയാണ്. പ്രമാണങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുക എന്നത് കഠിന ശിക്ഷക്ക് കാരണമാകും.

അല്ലാഹു പറയുന്നു: ''അവര്‍ അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തു നിന്നതിന്റെ ഫലമത്രെ അത്. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്'' (ക്വുര്‍ആന്‍ 8:13).