ഇസ്തിഗാസയും സ്വഹാബത്തും പുരോഹിതന്മാരുടെ കബളിപ്പിക്കലും
മൂസ സ്വലാഹി, കാര
2020 ഫെബ്രുവരി 29 1441 റജബ് 05
(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 13)
ഇസ്‌ലാം പഠിപ്പിക്കുന്ന ആരാധനയുടെ ഇനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ഇസ്തിഗാസ' അഥവാ സഹായതേട്ടം. ഇത് അല്ലാഹുവല്ലാത്തവരോട് ആവുക എന്നത് ശിര്‍ക്കാണ്. വിശ്വാസികളുടെ ദൃഢപ്രതിജ്ഞയായി ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5).
നബി ﷺ തന്റെ ജീവിതത്തില്‍ അഭിമുഖികരിച്ച സകല പ്രതിസന്ധികളിലും പ്രയാസങ്ങളിലും സഹായം തേടിയത് അല്ലാഹുവിനോട് മാത്രമാണ്. യുദ്ധമുഖത്തും ഹിജ്‌റയുടെ സമയത്തും ശക്തമായ വരള്‍ച്ച നേരിട്ട സന്ദര്‍ഭത്തിലും മഴ അധികമായ ഘട്ടത്തിലും അവിടുന്ന് അല്ലാഹുവിനോട് സഹായം തേടി പ്രാര്‍ഥിച്ചത് സത്യവിശ്വാസികള്‍ക്ക് അനുപമമായ മാതൃകയാണ്.
നബിമാരോടും വലിയ്യുകളോടും അവരുടെ മരണത്തിന് ശേഷവും സഹായം തേടാം, അത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള ചോദ്യമോ, ശിര്‍ക്കോ ആവുകയില്ല എന്നാണ് സമസ്ത അവരുടെ അടിസ്ഥാന വിശ്വാസമായി പഠിപ്പിക്കുന്നത്. ഈ വാദത്തെ സ്ഥാപിച്ചെടുക്കാന്‍ നിരവധി ക്വുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും ചരിത്ര സംഭവങ്ങളും ഇമാമുമാരുടെ വാക്കുകളും ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായതേട്ടം സ്വഹാബിമാര്‍ നബി ﷺ യോട് അവിടുത്തെ ജീവിത കാലത്തും മരണത്തിന് ശേഷവും നടത്തി എന്നാണ് ഇവര്‍ ജല്‍പിക്കുന്നത്.
ഒരു മുസ്‌ലിയാര്‍ എഴുതുന്നു: ''എന്നാല്‍ മഹാന്മാരോടുള്ള ഇസ്തിഗാസ(സഹായാര്‍ത്ഥന), ഇസ്തിശ്ഫാഅ് (ശിപാര്‍ശ തേട്ടം) വഫാത്തിന് ശേഷം ശിര്‍ക്കും ജീവിതകാലത്ത് തൗഹീദുമെന്ന വഹാബിയന്‍ ചിന്താഗതിയും വിശ്വാസവും സ്വഹാബത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു വേര്‍തിരിവ് ഹദീസ് ഗ്രന്ഥങ്ങളിലോ സ്വഹാബത്തിന്റെ ചരിത്രത്തിലോ കാണാന്‍ സാധ്യവുമല്ല. റസൂല്‍ ﷺ യുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും പ്രയാസ ഘട്ടങ്ങളുണ്ടായപ്പോള്‍ സ്വഹാബാക്കള്‍ പലപ്പോഴും അവിടത്തോട് ഇസ്തിഗാസ നടത്തിയാണ് പരിഹാരം കണ്ടിരുന്നത്'' (സുന്നിവോയ്‌സ്, 2020 ജനുവരി 1-15, പേജ് 14).
ലേഖകന്‍ തന്റെ വാദത്തെ അന്യായങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വഹാബികള്‍ എന്ന പരാമര്‍ശം കൊണ്ട് അഹ്‌ലുസ്സുന്ന വല്‍ജമാഅയെ മുറുകെ പിടിക്കുന്നവരെ വേദനിപ്പിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വഹാബത്തില്‍ ഒരാള്‍പോലും അവരുടെ ജീവിത കാലഘട്ടത്തില്‍ പ്രാര്‍ഥനയാകുന്ന സഹായതേട്ടവും ശുപാര്‍ശതേട്ടവും നബി ﷺ യോടെന്നല്ല ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആരോടും നടത്തിയിട്ടില്ല. പ്രമാണങ്ങള്‍ പഠിപ്പിച്ചതിന് എതിരായി സ്വഹാബത്ത് വിശ്വാസിക്കുകയില്ലല്ലോ.
അല്ലാഹു പറയുന്നു: ''അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (27:62).
ഈ കാര്യത്തിന്റെ ഗൗരവം നബി ﷺ സ്വഹാബത്തിനെ തെര്യപ്പെടുത്തുകയുണ്ടായി. ഉബാദത്ത്ബ്‌നു സ്വാമിത്തില്‍(റ)നിന്ന്: ''നബി ﷺ യുടെ കാലത്ത് വിശ്വാസികളെ ഉപദ്രവിച്ചിരുന്ന ഒരു കപടനുണ്ടായിരു ന്നു. സ്വഹാബത്ത് പറഞ്ഞു: 'നമുക്ക് നബി ﷺ യുടെ അടുത്ത് ചെന്ന് അവനില്‍ നിന്ന് സഹായം തേടാം.' നബി ﷺ പറഞ്ഞു: 'നിശ്ചയം, അല്ലാഹുവിനെ കൊണ്ടാണ് സഹായം തേടേണ്ടത്, എന്നെക്കൊണ്ടല്ല''(ത്വബ്‌റാനി).
ഇവിടെ നബി ﷺ ക്ക് കപടന്റെ കാര്യത്തില്‍ ഇടപ്പെടാന്‍ കഴിഞ്ഞിട്ടും സ്വഹാബത്തിനോട് ഇപ്രകാരം പറഞ്ഞത് തൗഹീദിനെ സംരക്ഷിക്കുക, വാക്കാലും പ്രവര്‍ത്തിയാലും ശിര്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള വഴികള്‍ തടയുക, റബ്ബിന്റെ മുമ്പില്‍ വിനയാന്വിതനാവുക എന്നൊക്കെ ഉദ്ദേശിച്ചാണ്. അല്ലാതെ നിരുപാധികം സഹായതേട്ടത്തെ എതിര്‍ത്ത്, അല്ലാഹുവിന്റെ ഉദ്ദേശമുണ്ടെങ്കില്‍ സൃഷ്ടികള്‍ക്ക് സാധിക്കുന്ന കാര്യങ്ങളില്‍ പരസ്പരം സഹകരിക്കുക എന്ന പുണ്യപ്രവര്‍ത്തനത്തെ തടഞ്ഞതല്ല.
ജീവിതകാലം, മരണശേഷം എന്നിങ്ങനെ ഇസ്തിഗാസയിലും ഇസ്തിശ്ഫാഇലും സ്വഹാബത്ത് വേര്‍തിരിവ് കാണിച്ചിരുന്നില്ല എന്നാണ് മുസ്‌ലിയാരുടെ അടുത്ത ആരോപണം. ഹദീഥ് ഗ്രന്ഥങ്ങളിലോ, ചരിത്ര സംഭവങ്ങളിലോ അങ്ങനെ കാണാന്‍ സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ശിര്‍ക്കിന്റെ പ്രചാരകരായ ശിയാ, സ്വൂഫി, ബറേല്‍വി നേതാക്കള്‍ എഴുതിക്കൂട്ടിയത് മാത്രം വായിച്ചത് കൊണ്ടാണ് മുസ്‌ലിയാര്‍ക്കിത്ര ദുര്‍വാശി! നബി ﷺ ജീവിച്ചിരുന്ന കാലത്ത് കടുത്ത വരള്‍ച്ച നേരിട്ടപ്പോള്‍ സ്വഹാബത്ത് അദ്ദേഹത്തോട് മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. വഫാത്തിന്നുശേഷം ഉമറി(റ)ന്റെ കാലത്ത് വീണ്ടും വരള്‍ച്ച ഉണ്ടായപ്പോള്‍ നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസി(റ)നോടാണ് അവര്‍ പ്രാര്‍ഥിക്കാന്‍ പറഞ്ഞത്. അല്ലാതെ അവരാരും നബി ﷺ യുടെ ക്വബ്‌റിങ്കല്‍ ചെന്ന് പരാതി പറഞ്ഞില്ല. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ 'കിതാബുല്‍ ഇസ്തിസ്‌ക്വാഇ'ല്‍ 'വരള്‍ച്ച ബാധിച്ചാല്‍ ഇമാമിനോട് മഴക്ക് വേണ്ടി തേടാന്‍ ആവശ്യപ്പെടണം' എന്ന ഭാഗത്താണ് ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. അനുവദനീയമായ സഹായതേട്ടത്തില്‍ തന്നെ സ്വഹാബത്ത് വേര്‍തിരിവ് കാണിച്ചിരുന്നു എന്ന് ഈ ഹദീഥിലൂടെ വ്യക്തമായിരിക്കെ പരീക്ഷണ ഘട്ടങ്ങളിലുള്ള സഹായതേട്ടം ജീവിത കാലഘട്ടത്തിലും മരണാനന്തരവും അവര്‍ നബി ﷺ യോട് നടത്തിയിരുന്നു; അതില്‍ വേര്‍തിരിവ് കാണിച്ചിരുന്ന എന്ന് ലേഖകന്‍ തട്ടിവിട്ടത് അക്രമമാണ്.
ലേഖകന്‍ തുടരുന്നു: ''തെളിവുകളിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു കാര്യം. ഈ ഹദീസുകളും അസറുകളും ഇസ്തിഗാസാവിരോധികള്‍ക്ക് ദഹിച്ചെന്നുവരില്ല. അവരതിനെ മറികടക്കാന്‍ ഉസൂലിനെതിരായ കുറേ ദുര്‍ബല വാദവുമായി വരും. ഒരു കാര്യം പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്. വഫാത്തായ മഹത്തുക്കളോട്, അല്ലെങ്കില്‍ അഭൗതികമായി മറഞ്ഞ വഴിയില്‍ കൂടി അല്ലാഹുവല്ലാത്തവരോട് സഹായാര്‍ത്ഥന നടത്തുകയോ അവരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുകയോ ചെയ്യുന്നത് ശിര്‍ക്കാണെന്നാണല്ലോ അവാന്തരവിഭാഗങ്ങള്‍ വാദിക്കുന്നത്'' (പേജ് 15).
ഇത്രയധികം പ്രയാസപ്പെട്ട് അഹ്‌ലുസ്സുന്നക്കെതിരെ മുസ്‌ലിയാര്‍ ആഷേപങ്ങള്‍ അഴിച്ചുവിടുന്നത് തങ്ങളുടെ തെറ്റായ ആശയത്തെ പ്രമാണങ്ങള്‍കൊണ്ട് സ്ഥാപിക്കുവാന്‍ പറ്റാത്തത് കൊണ്ടാണ്. നബിചര്യക്കും സ്വഹാബത്തിന്റെ നിലപാടുകള്‍ക്കും എതിരായി അഹ്‌ലുസ്സുന്ന ഒരു കാലത്തും നിലകൊണ്ടിട്ടില്ല. നബി ﷺ യും ഉത്തമ തലമുറകൡ പെട്ടവരും പറയാത്തത് അവരുടെ പേരിലേക്ക് ചേര്‍ത്തും തെളിവും ന്യായവും നോക്കാതെ പലരെയും അന്ധമായി അനുകരിച്ചും നടക്കുന്നവര്‍ ഇസ്‌ലാമിന്റെ മുഖമാണ് വികൃതമാക്കുവാന്‍ ശ്രമിക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
മതവിഷയങ്ങളില്‍ വിശ്വാസികള്‍ക്കിടയില്‍ എപ്പോഴെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ടോ അത്തരം ഘട്ടങ്ങളിലെല്ലാം ആ വിഷയങ്ങളുടെ ഉസ്വൂലും(അടിസ്ഥാനം), ഫുറൂഹും (അനുബന്ധം) നോക്കിയാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവയെ വിശകലനം ചെയ്തിട്ടുള്ളത്. അതുതന്നെയാണ് ഇസ്‌ലാമിന്റെ അധ്യാപനവും. അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ലകാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (ക്വുര്‍ആന്‍ 4:59).
ഇര്‍ബാള് ഇബ്‌നുസാരിയ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''നിങ്ങള്‍ എനിക്ക് ശേഷം ജീവിക്കുകയാണെങ്കില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടേക്കും. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തും എനിക്ക് ശേഷം വരുന്ന സച്ചരിതരായ ഖലീഫമാരുടെ ചര്യയും പിന്‍പറ്റുക. അത് നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കുക. നൂതനാചാരങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക. നിശ്ചയം നൂതനാചാരങ്ങളെല്ലാം ദുര്‍മാര്‍ഗമാണ്'' (അബൂദാവൂദ്).
മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ലാഹുവല്ലാത്ത ആരോടും എപ്പോള്‍ തേടിയാലും അത് ശിര്‍ക്ക് തന്നെയാണ്. അനേകം യുദ്ധങ്ങള്‍ക്ക് നേതൃത്വം വഹിച്ച പ്രവാചകന്‍ ﷺ ഒരു നിമിഷമെങ്കിലും കഴിഞ്ഞകാല പ്രവാചകന്മാരില്‍ നിന്ന് വല്ല സഹായവും പ്രതീക്ഷിച്ചോ? അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ ഭരണകാലത്തുണ്ടായ ഏതെങ്കിലും വിജയങ്ങള്‍ വഫാത്തായ നബി ﷺ യോട് അവര്‍ സഹായം തേടിയതിന്റെ ഫലമായിരുന്നോ? അവര്‍ അതിനായി അദ്ദേഹത്തോട് തേടിയിട്ടുണ്ടോ? ഉസ്മാന്‍(റ), അലി(റ) എന്നിവരുടെ കാലത്തുണ്ടായ കുഴപ്പങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ അവരാരെങ്കിലും നബി ﷺ യോട് പരാതിപ്പെട്ടോ? ഇല്ല എന്നല്ലേ ചരിത്രം പഠിപ്പിക്കുന്നത്? അപ്പോള്‍ ആരാണ് വ്യതിയാനം സംഭവിച്ചവര്‍? ആരാണ് നൂതനാശയക്കാര്‍?
ലേഖകന്‍ എഴുതുന്നു: ''അപ്പോള്‍ സ്വഹാബത്തിന്റെ ഇസ്തിഗാസ സംഭവങ്ങളുദ്ധരിച്ച മുഹദ്ദിസുകളും ഇമാമീങ്ങളും സ്വഹാബത്തിന്റെ പേരില്‍ ശിര്‍ക്കാരോപിക്കുകയായിരുന്നോ? അവര്‍ സ്വന്തം ഗ്രന്ഥങ്ങളില്‍ ശിര്‍ക്ക് പഠിപ്പിക്കുമോ? ളുഹ്ഫും സ്വിഹ്ഹത്തുമല്ലല്ലോ വിഷയം, തൗഹീദും ശിര്‍ക്കുമാണ്. സ്വഹാബത്ത് ശിര്‍ക്കിന്റെ പണി ചെയ്‌തെന്നും മുഹദ്ദിസുകള്‍ അത് പ്രചരിപ്പിച്ചുവെന്നും ചിന്തിക്കാന്‍ പോലും വിശ്വാസികള്‍ക്ക് പറ്റുമോ?'' (പേജ് 15).
സ്വഹാബത്തും സച്ചരിതരായ മുന്‍ഗാമികളും ഭൗതികവും അഭൗതികവുമായ സഹായതേട്ടം എന്താണെന്ന് വേര്‍തിരിച്ച് മനസ്സിലാക്കിയവരായിരുന്നു. അതിനാല്‍ അവരില്‍ ആരുടെ മേലും ആര്‍ക്കും ശിര്‍ക്കാരോപിക്കേണ്ടി വരില്ല. ഇക്കാര്യം മനസ്സിലാക്കിയ പൂര്‍വകാല പണ്ഡിതന്മാരും അങ്ങനെ തന്നെ. മതവിധികള്‍ സ്വീകരിക്കുമ്പോള്‍ സ്വഹീഹും ളഈഫും നോക്കുക എന്നത് അഹ്‌ലുസ്സുന്നയുടെ രീതിയാണ്. എന്നാല്‍ അന്ധമായി അനുകരിക്കുന്നവര്‍ക്ക് ഇത് അരോചകമാണ്. അവര്‍ യാഥാര്‍ഥ്യങ്ങളെ വെറുക്കുന്നു. കെട്ടുകഥകളെ ഇഷ്ടപ്പെടുന്നു. തങ്ങളുടെ വികലമായ വിശ്വാസങ്ങളും ആചാരങ്ങളും തന്നെയായിരുന്നു മുന്‍ഗാമികള്‍ക്കും ഉണ്ടായിരുന്നത് എന്ന് സമര്‍ഥിക്കുവാനും സ്വയം സായൂജ്യമടയാനും ശ്രമിക്കുന്നു.
അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്'' (ക്വുര്‍ആന്‍ 33:58).