മതനിഷേധത്തിന് മഹാമാരിയെ മറയാക്കുകയോ?
അബ്ദുല്‍ മാലിക് സലഫി
2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04
എട്ടുകാലി മമ്മൂഞ്ഞ് എന്ന ബഷീറിന്റെ കഥാപാത്രത്തെ ഇടയ്ക്കിടെ ഓര്‍മിക്കാന്‍ നാസ്തികന്മാര്‍ അവസരമുണ്ടാക്കാറുണ്ട്. ലോകത്ത് എന്തുണ്ടായാലും അതിനൊക്കെ കാരണം മതമാണ് എന്നതായിരിക്കും അവരുടെ ഗവേഷണം. ഇനി മാനവികതയ്ക്കു തന്നെ വല്ല പ്രതിസന്ധിയും വന്നാല്‍ മതം പൊളിഞ്ഞേ എന്നു പറഞ്ഞ് ഒരുമാതിരി കിറുക്കന്‍ കളിയും ഇവര്‍ കളിക്കും. കൊറോണ വൈറസ് ലോകത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന അവസ്ഥയാണുള്ളത്. മനുഷ്യത്വമുള്ള ഏതൊരാളും ഈയൊരു പ്രയാസത്തില്‍ ദുഃഖിക്കുകയും ആശങ്കപ്പെടുകയും ചെയ്യുമെന്ന തില്‍ സംശയമില്ല. എന്നാല്‍ മനുഷ്യത്വം എന്നോ നഷ്ടപ്പെട്ടുപോയ ചില യുക്തിവാദികള്‍ മതത്തെ കരിവാരി ത്തേക്കാനും നിഷേധിക്കാനും വേണ്ടി ഈ മഹാമാരിയെ മറയാക്കിയിരിക്കുകയാണിപ്പോള്‍!
'മത ചടങ്ങുകള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുന്നു, ജുമുഅയും ജമാഅത്തും നിന്നു. മക്കയില്‍ ത്വവാഫ് നിര്‍ത്തിവെച്ചിരിക്കുന്നു. അതുകൊണ്ട് മതം പ്രതിസന്ധിയിലാണ്. ഇനി ശാസ്ത്രം മാത്രമെ പോംവഴിയുള്ളൂ' എന്നതാണ് ഈ വിവരദോഷികളുടെ കണ്ടെത്തല്‍. കേട്ടാല്‍ തോന്നും കൊറോണ പ്രയാസം സൃഷ്ടിക്കുന്നത് മതവിശ്വാസികള്‍ക്ക് മാത്രമാണ്; നാസ്തികമാര്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന്! യഥാര്‍ഥത്തില്‍ ലോകത്ത് എല്ലാവരും ഇതിന്റെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്രലോകം ഇന്ന് ഈ മഹാമാരിയെ അമര്‍ച്ച ചെയ്യാനാവാതെ അന്തംവിട്ടു നില്‍ക്കുകയാണ്. അപ്പോഴാണ് ചില അന്തംകമ്മികള്‍ ശാസ്ത്രത്തിന്റെ പേരില്‍ മതത്തെ കരിവാരിത്തേക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്!
തങ്ങള്‍ ശാസ്ത്രത്തിന്റെ ആളുകളാണ് എന്ന തെറ്റായ സന്ദേശം പറഞ്ഞൊപ്പിക്കാന്‍ കൂടിയാണ് ഈയൊരു സര്‍ക്കസ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ശാസ്ത്രത്തിന്റെ പേരില്‍ മേനി നടിക്കാന്‍ ഇവിടുത്തെ നാസ്തികന്മാര്‍ക്ക് എന്ത് അവകാശമാണുള്ളത്? എന്ത് സംഭാവനയാണ് നാസ്തികന്മാര്‍ ശാസ്ത്രരംഗത്ത് നല്‍കിയിട്ടുള്ളത്; ചില കൊടുംചതികളല്ലാതെ?
നാസ്തികത ശാസ്ത്രമല്ല, ശാസ്ത്രത്തിന് നാസ്തികയുടെ ആവശ്യവുമില്ല. പിന്നെയും ഇവര്‍ ശാസ്ത്രമെന്ന് പറഞ്ഞ് ഞെളിയുന്നുണ്ടെങ്കില്‍ അത് ഉത്തരത്തിലെ പല്ലിയുടെ മനോഗതി മാത്രമാണ്! ഒരു രോഗം വരുമ്പോഴേക്കും പ്രതിസന്ധിയിലാകുന്ന മതമല്ല ഇസ്‌ലാം. ഇസ്‌ലാം മനുഷ്യര്‍ക്കുള്ളതാണ്. മനുഷ്യന്റെ പ്രതിസന്ധി മതത്തിന് ഉണ്ടാവുകയില്ല. അതേസമയം മനുഷ്യന്റെ പ്രതിസന്ധികള്‍ മനസ്സിലാ ക്കുന്ന മതമാണിസ്‌ലാം. പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യന് ആവശ്യമായിട്ടുള്ള ഇളവുകള്‍ ആാധനയില്‍ പോലും നല്‍കുന്ന മതമാണ് ഇസ്‌ലാം.
ത്വവാഫ് നില്‍ക്കാം; അതിലെന്താണ് മതത്തിന്റെ പ്രതിസന്ധിയുള്ളത്? മുസ്‌ലിമകള്‍ കഅ്ബയെ ചുറ്റുമ്പോള്‍ അവരുടെ മനസ്സില്‍ കഅ്ബാരാധനയില്ല. കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുമ്പോള്‍ അവരുടെ മനസ്സില്‍ സുജൂദ് ആ കഅ്ബക്കാണെന്നല്ല; കഅ്ബയുടെ രക്ഷിതാവിനാണ് എന്നാണുണ്ടാവുക.
കഅ്ബ പൊളിക്കപ്പെടുന്ന കാലം വരാനിരിക്കുന്നു എന്ന് പ്രവാചകന്റെ ഹദീസില്‍ വ്യക്തമാവുന്നു ണ്ട്. അപ്പോള്‍ കഅ്ബ തകര്‍ക്കപ്പെട്ടാലും ഇസ്‌ലാമിന് ഒരു പ്രതിസന്ധിയുമില്ല! കാരണം കഅ്ബയല്ല ഇസ്‌ലാമിലെ ദൈവം; അല്ലാഹുവാണ്. അവനെ തകര്‍ക്കാന്‍ ഒരാള്‍ക്കും കഴിയില്ലല്ലോ!
പിന്നെ എന്താണ് ഇസ്‌ലാമിന് പ്രതിസന്ധിയിലാവാനുള്ളത്? ജുമുഅ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കില്‍ അതിലും മതം യാതൊരു വിധത്തിലും പ്രതിസന്ധിയിലാവുന്നില്ല. മനുഷ്യന്മാര്‍ പങ്കെടുക്കേണ്ടതാണ് ജുമുഅ. ആ ജുമുഅയില്‍ ഒരുമിച്ചുകൂടുന്നവരുടെ ജീവനുതന്നെ അപകടം ഉണ്ടാക്കാവുന്ന വ്യാധികള്‍ നാട്ടിലാകെ പരക്കും എന്നുണ്ടെങ്കില്‍, ആ വലിയ പ്രതിസന്ധി ഒഴിവാക്കുവാന്‍ ജുമുഅ നടത്താതിരിക്കുകയാണ് വേണ്ടത്. അതാണ് ഇസ്‌ലാമിന്റെ സവിശേഷത. അത് മനുഷ്യപക്ഷത്താണ് നിലകൊള്ളുന്നത്. അത്തരം ഘട്ടങ്ങളില്‍ ജുമുഅ ഒഴിവാക്കാനുള്ള ഇളവുതന്ന മതം നിത്യപ്രസക്തമാവുകയാണ് ചെയ്യുന്നത്. അല്ലാതെ പ്രതിസന്ധിയിലാവുകയല്ല.
ഈയൊരു പ്രയാസത്തിന്റെ വേളയില്‍ വൈദ്യശാസ്ത്രത്തിന് ആളുകളോട് നിര്‍ദേശിക്കാനുള്ളത് പതിനാല് നൂറ്റാണ്ട് മുമ്പ് മക്കയിലെ ആത്മീയാചാര്യന്‍ മുഹമ്മദ് നബി ﷺ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് സത്യം!
ശരീരവും മനസ്സും വൃത്തിയുള്ളതാകണം. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കരങ്ങള്‍ കഴുകണം. ദിനേന അഞ്ചുതവണ നിര്‍ബന്ധമായും കൈഴുകാന്‍ (വുദൂഇന്റെ ഭാഗമായി) കല്‍പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍.
ശാരീരികവൃത്തി മതപരമായി ഏറ്റവും കൂടുതല്‍ കല്‍പിച്ച മതമാണിസ്‌ലാം. മൂത്രമൊഴിച്ചാല്‍ കഴുകണം. നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴുതവണ കഴുകണം; അതില്‍ ഒരുതവണ മണ്ണുകൊണ്ട് കഴുകണം. പൊതുസ്ഥലങ്ങളില്‍, വഴിയോരങ്ങളില്‍, കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്. വീടും പള്ളിയും വൃത്തിയുള്ളതാവണം...ഇങ്ങനെ എത്രയെത്ര നിര്‍ദേശങ്ങള്‍! കൂടാതെ രോഗാവസ്ഥയില്‍ പാലിക്കേണ്ടവ വേറെയും പറഞ്ഞു. രോഗിയുമായി സമ്പര്‍ക്കം ഒഴിവാക്കണം.
പ്രവാചകന്റെ അടുക്കല്‍ ബൈഅത്ത് ചെയ്യാന്‍ വേണ്ടി വന്നവരില്‍ ഒരാള്‍ കുഷ്ഠരോഗിയാണെ ന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ ﷺ അയാള്‍ക്ക് കൈകൊടുക്കാന്‍ വിസമ്മതിക്കുകയും അയാളില്‍ നിന്ന് വാക്കാല്‍ ബൈഅത്ത് വാങ്ങുകയും വേഗം തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം. രോഗമുള്ള ഒട്ടകത്തെ രോഗമില്ലാത്ത ഒട്ടകത്തിന്റെ കൂടെ കെട്ടിയിടരുത്.
പ്രവാചകന്‍ ﷺ പഠിപ്പിച്ച ഇത്തരം നിര്‍ദേശങ്ങള്‍ തന്നെയാണ് ഇന്ന് മഹാമാരി പരക്കുമ്പോഴും വൈദ്യശാസ്ത്രത്തിന് ആളുകളോട് നിര്‍ദേശിക്കാനുള്ളത്.
ചുരുക്കത്തില്‍ ഇത്തരം പ്രയാസങ്ങളില്‍ ഇസ്‌ലാമിനെ സംബന്ധിച്ച് ഒരു പ്രതിസന്ധിയും ഇല്ല എന്നതാണ് നേര്. അതേസമയം ആള്‍ദൈവങ്ങളും ദൈവികശക്തി അവകാശപ്പെടുന്ന ചില വ്യക്തികളും മാളത്തില്‍ ഒളിച്ചിരിക്കുന്നു എന്നുള്ളത് യാഥാര്‍ഥ്യമാണ്. അവര്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള അവസരമായിരുന്നു ഇത്. പക്ഷേ, ആരെയും കാണുന്നില്ല!
എല്ലാത്തിനും കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ് എന്നതും ഇത്തരം സിദ്ധന്‍മാര്‍ക്കും ബിവി മാര്‍ക്കും യാതൊരു ശക്തിയുമില്ല എന്നതും ഈ ഒരു അവസരത്തില്‍ തെളിഞ്ഞിരിക്കുകയാണ്. അല്ലാഹുവിനെ സംബന്ധിച്ച് ഒരു കാര്യം ചെയ്യാം, ചെയ്യാതിരിക്കാം. അവന് ചെയ്യാന്‍ കഴിയാത്ത ഒന്നുമില്ല. അതേസമയം മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. ഇല്ലെങ്കിലവര്‍ ശിക്ഷാര്‍ഹരാണ്.
അവിടെയാണ് യഥാര്‍ഥ ദൈവവും 'മനുഷ്യദൈവങ്ങളും' തമ്മില്‍ വേര്‍തിരിയുന്നത്. മതത്തിന്റെ ഈ അടിത്തറകള്‍ ഒന്നും ഗ്രഹിക്കാതെ നാസ്തികര്‍ കളിക്കുന്ന കിട്ടുണ്ണി സര്‍ക്കസ് ഒരുതരം വൈറസ് ബാധ തന്നെയാണ്. ഇത്തരം ഘട്ടങ്ങളിലെങ്കിലും അഹങ്കാരം വെടിഞ്ഞ് ഈ പ്രപഞ്ചത്തിന്റെ പിന്നിലെ മഹാശക്തിയെ കണ്ടെത്താനും അംഗീകരിക്കാനുമുള്ള മനസ്സുണ്ടാവണമെന്നാണ് ഉണര്‍ത്താനുള്ളത്.