സൂഫിസത്തെ താലോലിക്കുന്നവര്‍
മൂസ സ്വലാഹി, കാര
2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30
(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 11)
ഹിജ്‌റ 150 കളില്‍ അബൂഹിശാം എന്ന വ്യക്തിയിലൂടെ ഉണ്ടായിവന്ന ശിയാസന്തതികളാണ് സൂഫികള്‍. പുതിയ വിശ്വാസാചാരങ്ങള്‍, അമിതമായ ഭൗതിക വിരക്തി, മതതീവ്രത, പ്രമാണങ്ങളെ നിരസിക്കല്‍... ഇതെല്ലാമാണ് സൂഫിസത്തിന്റെ പ്രധാന പിഴവുകള്‍. പ്രത്യേക വേഷഭൂഷാധികള്‍, പ്രത്യേക തരം ചേഷ്ടകള്‍, ഹാവഭാവങ്ങള്‍ എന്നിവകളാല്‍ സൂഫിസം പലര്‍ക്കും ആകര്‍ഷകമായി മാറി, ലോകത്ത് പടര്‍ന്നുപിടിച്ചു.
സ്വിറാത്വുല്‍ മുസ്തകീം എന്ന യഥാര്‍ഥ മാര്‍ഗത്തെ മാറ്റിവച്ച് തീജാനിയ്യ, ക്വാദിരിയ്യ, നഖ്ശബന്തിയ്യ, ശാദുലിയ്യ, രിഫാഈയ്യ തുടങ്ങിയ വ്യക്തികേന്ദ്രീകൃത ത്വരീക്വത്തുകളില്‍ വിഹരിക്കുന്നതാണ് സൂഫികള്‍ക്ക് ഏറെ പ്രിയം. ഇത് അല്ലാഹുവിന്റെ കല്‍പനയെ നിരാകരിക്കലും നബി ﷺ യുടെ വസ്വിയ്യത്തിനെ വകവെക്കാതിരിക്കലും അത്‌കൊണ്ടുതന്നെ ഗുരുതരമായ വഴികേടുമാണ്.
അല്ലാഹു പറയുന്നു: ''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (6:153).
ശിയാക്കള്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ സൂഫീ ആചാര്യന്മാരില്‍ നിന്ന് സ്വീകരിച്ചാചരിച്ച് പോരുന്ന ജീവിത രീതിയായിരുന്നു കേരള മുസ്‌ലിംകളുടെത്. കൊണ്ടോട്ടി, പൊന്നാനി എന്നീ വ്യാജ ത്വരീക്വത്തുകള്‍, ജാറങ്ങള്‍, മക്വ്ബറകള്‍, കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, മാലപ്പാട്ട് തുടങ്ങിവയ്‌ക്കെല്ലാം വലിയ മഹത്ത്വം കണ്ടിരുന്ന കാലം. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തില്‍ വലിയ ഇടിവുണ്ടായി. പലതും പാടെ കയ്യൊഴിക്കപ്പെടുക തന്നെ ചെയ്തു.
സൂഫികളുടെ വികലമായ ആദര്‍ശത്തെ അതിരറ്റ് സ്‌നേഹിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് സമസ്തക്കാര്‍. ഒരു തെളിവ് കാണുക: ''ഇസ്‌ലാമികാദര്‍ശത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ് പ്രവാചകത്താവഴിയിലൂടെ സ്വീകരിച്ച മൂല്യങ്ങള്‍ കെട്ടുപോകാതെ സൂക്ഷിച്ച സൂഫീ ധാരയോടാണ് വഹാബികള്‍ക്ക് കലിപ്പ്'' (സുന്നിവോയ്‌സ്, 2018 ഫെബ്രുവരി 1-15, പേജ് 20).
സൂഫികളുടെ ഇസ്‌ലാമിക വിരുദ്ധമായ ആശയങ്ങളെ വിമര്‍ശിക്കുന്നതിലുള്ള സമസ്തക്കാരുടെ അതൃപ്തിയാണ് ഈ ഉദ്ധരണിയില്‍ നാം കാണുന്നത്.
വീണ്ടും കാണുക: ''സൂഫി പൈതൃകത്തെ സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആത്മീയ വിചാരത്തിന്റെ ആന്ദോളനമുണ്ടാകുന്ന കാലമാണ് റബീഉല്‍ ആഖിറും ജമാദുല്‍ ഊലായും. വ്യവസ്ഥാപിതമായി ആത്മീയ സരണിയെ ദര്‍ശനം ചെയ്ത് ആത്മീയ വിഹായസ്സിലെ താരകങ്ങളായ ശൈഖ് ജീലാനി(റ), ശൈഖ് രിഫാഈ(റ) ഈ മാസങ്ങളില്‍ കൂടുതല്‍ അനുസ്മരിക്കപ്പെടുന്നു. ഈ ജീവിത പാര്യമ്പര്യത്തിന് പുറംതിരിഞ്ഞു നില്‍ക്കുന്നത് കൊണ്ടാണ് സൂഫിസത്തെ ബിദഇകള്‍ താറടിക്കുന്നതും'' (സുന്നിവോയ്‌സ്, 2019 ഡിസംബര്‍ 16-31, പേജ്,27).
സൂഫി പാരമ്പര്യത്തെ പിന്‍പറ്റാനുള്ള പ്രേരണയാണ് മുസ്‌ലിയാരുടെ ഈ വാക്കുകളിലുള്ളത്. ഇത് അസ്വീകാര്യവും പ്രമാണങ്ങള്‍ പഠിപ്പിക്കാത്തതുമാണ്. അഹ്‌ലുസ്സുന്ന വഴികാണിക്കുന്നത് ഉത്തമ തലമുറയില്‍ ജീവിച്ചവരുടെ മാര്‍ഗത്തിലേക്കാണ്. അത് അതുല്യവും ഉദാത്തവുമാണ്.
അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''എന്റെ തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിന്‍പറ്റിയര്‍. പിന്നെ അവരെ പിന്‍പറ്റിയവര്‍'' (ബുഖാരി).
ഉത്തമ തലമുറക്കാര്‍ക്ക് പരിചയമില്ലാത്ത കാര്യം എങ്ങനെയാണ് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഭാഗമാവുക?
ഇസ്‌ലാമിന്റെ പൈതൃകത്തെ സൂഫികളുമായി കൂട്ടിക്കെട്ടുന്ന സമസ്തക്ക് അവരുമായുള്ള ആത്മബന്ധം എത്രത്തോളമുണ്ടെന്ന് കൂടി വിലയിരുത്താം.
മതത്തിന്റെ മറപിടിച്ച് മുസ്‌ലിം സമൂഹത്തില്‍ വിഭാഗീയതയും കക്ഷിത്വവും ഛിദ്രതയും ഉണ്ടാക്കിയവരാണ് സൂഫികള്‍. ഇത് മതം അനുവദിച്ചിട്ടില്ല.
അല്ലാഹു പറയുന്നു: ''അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ'' (ക്വുര്‍ആന്‍ 30:32).
അമ്പിയാക്കള്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഔലിയാക്കള്‍ എന്നിവരെ വിളിച്ച് തേടുന്നവരാണ് സൂഫികള്‍. 'യാ റസൂലല്ലാ, ഗൗസീ വ മദദീ, യാ ജീലാനീ, യാ രിഫാഈ' എന്നിങ്ങനെ ഇവര്‍ വിളിച്ചു തേടുന്നു. ഇത് അല്ലാഹുവിന്റെ അവകാശത്തില്‍ പങ്കുചേര്‍ക്കലും നബി ﷺ ക്ക് അല്ലാഹു നല്‍കിയ താക്കീതിനെ അവഗണിക്കലുമാണ്.
അല്ലാഹു പറയുന്നു: ''അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 10:106).
ലോകത്തിന്റെ നിയന്ത്രണവും കൈകാര്യകര്‍തൃത്വവും അബ്ദാല്‍, അഖ്ത്വാബ്, ഔലിയാക്കള്‍ എന്നിവരെയാണ് അല്ലാഹു ഏല്‍പിച്ചിരിക്കുന്നതെന്ന് സൂഫികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മക്കാ മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്ന റുബൂബിയ്യത്തിലുള്ള വിശ്വാസം പോലും ഇവര്‍ക്കില്ലെന്നര്‍ഥം.
അല്ലാഹു പറയുന്നു: ''പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 10:31).
പരീക്ഷണങ്ങളും പ്രയാസങ്ങളും ബാധിക്കുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാഹുവല്ലാത്തവരോട് അഭയം തേടുന്ന സൂഫീ മാര്‍ഗം ഇസ്‌ലാമിന്റെതല്ല.
അല്ലാഹു പറയുന്നു: ''(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ'' (ക്വുര്‍ആന്‍ 6:17).
മറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള കഴിവ് വലിയ്യുകള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്ന, അവര്‍ക്ക് അല്ലാഹുവില്‍നിന്ന് വെളിപാടുണ്ടാകുന്നുവെന്ന് വിശ്വസിക്കുന്ന, അദ്വൈതവാദത്തെ അരക്കിട്ടുറപ്പിക്കുന്ന സൂഫികള്‍ എങ്ങനെയാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ വക്താക്കളാവുക? ഇതിനൊന്നും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല എന്ന് ഇസ്‌ലാമിന്റെ ബാലപാഠം മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് അറിയാം.
അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല'' (ക്വുര്‍ആന്‍ 27:65).
''(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (ക്വുര്‍ആന്‍ 112:14).
സൂഫികള്‍ അവരുടെ നേതാക്കള്‍ക്ക് അപ്രമാദിത്വം കല്‍പിക്കുന്നവരാണ്. അവരുടെ വാക്കുകള്‍ അല്ലാഹുവിനും നബി ﷺ ക്കും എതിരായാല്‍ പോലും സൂഫികള്‍ക്ക് വലുത് കക്ഷി പ്രേമം തന്നെയാണ്. ഇരുമ്പിന്റെ ആയുധം കൊണ്ട് 'യാ ജദ്ദാഅ' എന്ന് വിളിച്ച് ശരീരത്തില്‍ കുത്തുന്ന സമ്പ്രദായവും സൂഫികള്‍ക്കുണ്ട്. ഇതിലൂടെ ഇവര്‍ക്ക് ലഭിക്കുക പൈശാചിക സഹായമല്ലാതെ മറ്റെന്താണ്? ഇതൊന്നും മതനിയമങ്ങളല്ല.
അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പില്‍ (യാതൊന്നും) മുന്‍കടന്നു പ്രവര്‍ത്തിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 49:1).
''പരമകാരുണികന്റെ ഉല്‍ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും'' (ക്വുര്‍ആന്‍ 43:36).
ദുന്‍യാവിനെ തന്നെ മറന്ന് കൊണ്ടുള്ള ആത്മപീഡനം, സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള പാട്ടുകള്‍, അനിസ്‌ലാമിക ആഘോഷ സദസ്സുകള്‍ സംഘടിപ്പിക്കല്‍, അത്യുച്ചത്തിലും ആടിയും ദിക്ര്‍ ചൊല്ലല്‍, മക്വ്ബറകളിലേക്ക് കാര്യസാധ്യത്തിനായി യാത്രകള്‍ നടത്തല്‍ തുടങ്ങി അനേകം അനിസ്‌ലാമികമായ പ്രവണതകള്‍ ഇവരില്‍ കാണുവാന്‍ സാധിക്കും.
ഇവര്‍ പ്രതിനിധീകരിക്കുന്നത് ഏത് ഇസ്‌ലാമിനെയാണ്? അനിസ്‌ലാമികത മാത്രം പിന്മുറക്കാര്‍ക്ക് ബാക്കിവെച്ച സൂഫീ നേതാക്കള്‍ എങ്ങനെ ഇസ്‌ലാമിക പൈതൃകത്തിന്റെ ഉടമകളാകും?
മേല്‍ സൂചിപ്പിച്ച സൂഫികളുടെ തെറ്റായ ആശയങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കപ്പെട്ട ഇഹ്‌സാന്‍ ഇലാഹീ ളഹീര്‍ രചിച്ച 'അത്തസ്സ്വവ്വുഫിന്നശഇ വല്‍ മസ്വാദിര്‍'എന്ന ഗ്രന്ഥം ഇവരുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നതാണ്.
സൂഫിസത്തെ ചാണിനു ചാണായി പിന്‍പറ്റാന്‍ ശ്രമിക്കുന്നവരാണ് സമസ്ത വിഭാഗങ്ങള്‍ എന്നതിന് അവരുടെ എട്ടാം പ്രമേയവും നെല്ലിക്കുത്ത് ഇസ്മായീല്‍ മുസ്‌ലിയാര്‍ രചിച്ച 'അഖീദത്തുസ്സുന്ന' എന്ന ഗ്രന്ഥവും മതിയായ തെളിവാണ്.
ഏതെങ്കിലുമൊരു വ്യക്തിക്ക് പ്രത്യേകത നല്‍കി അയാളുടെ ജനന മരണ ദിവസങ്ങളെ ആഘോഷമാക്കി അനുഷ്ഠിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നബി ﷺ യുടെയോ സ്വഹാബത്തിന്റെയോ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുടെയോ ജീവിതത്തില്‍നിന്ന് ഇതിനൊന്നും തെളിവ് കണ്ടെത്താന്‍ സാധ്യവുമല്ല. എന്നിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് ജീലാനീ, രിഫാഈ ആണ്ടുകള്‍ പോലുള്ള ഒട്ടേറെ അനാചാരങ്ങള്‍ മതത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്നത്? ഇത് മതത്തില്‍ നൂതനാചാരങ്ങള്‍ കടത്തിക്കൂട്ടല്‍ തന്നെയാണ്.
അല്ലാഹു പറയുന്നു: ''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്'' (ക്വുര്‍ആന്‍ 42:21).
പ്രമാണങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തുന്ന അഹ്‌ലുസ്സുന്നയെ പുത്തന്‍വാദികളാക്കി ചിത്രീകരിക്കുക വഴി സമസ്ത ചെയ്യുന്നത് നാളിതുവരെയുള്ള ശിയായിസത്തോടും സൂഫിസത്തോടുമുള്ള ബന്ധം ഊട്ടിയുറപ്പിക്കലാണ്. കര്‍മങ്ങള്‍ വിചാരണചെയ്യപ്പെടുന്ന നീതിയുടെ നാളില്‍ പുത്തന്‍വാദികള്‍ക്ക് രക്ഷപ്പെടാനാകുമെന്ന് ആരും കരുതേണ്ടതില്ല.