ദുര്‍വ്യാഖ്യാനങ്ങളിലും കെട്ടുകഥകളിലും അഭയം കണ്ടെത്തുന്നവര്‍

മൂസ സ്വലാഹി, കാര

2020 മാര്‍ച്ച് 07 1441 റജബ് 12

മതവിഷയങ്ങളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെ ദൂരീകരിക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ച എളുപ്പവും വ്യക്തവുമായ വഴിയാണ് പ്രമാണങ്ങളിലേക്ക് മടങ്ങുക എന്നത്. പണ്ഡിതോദ്ധരണികളുടെ ശരിയും തെറ്റും നോക്കാതെ അവയെ അന്ധമായി പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും ആശയ ഭിന്നതകള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ മാത്രമെ വഴിയൊരുക്കുകയുള്ളൂ.

പ്രമാണങ്ങളോട് അനീതി കാണിച്ചുകൊണ്ടല്ലാതെ പുത്തന്‍ വിശ്വാസാചാരങ്ങളുമായി രംഗത്തു വരാന്‍ ആര്‍ക്കും സാധ്യമല്ല. പ്രാര്‍ഥനയാകുന്ന സഹായതേട്ടം അല്ലാഹുവല്ലാത്തവരോടും ആകാമെന്ന് ജനങ്ങളോട് പറഞ്ഞ് അവരെ ശിര്‍ക്കിലേക്ക് നയിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ പ്രവാചകാനുചരന്‍മാരുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും അവര്‍ ചെയ്യാത്തത് അവരുടെ മേല്‍ കെട്ടിവെച്ചും അവരും ഈ ഈ വഴികേടിന് കൂട്ടുനില്‍ക്കുന്നവരായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഹീനപ്രവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അത് ഇന്നും ഇവര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശിര്‍ക്കാകുന്ന സഹായ തേട്ടത്തെ തൗഹീദാക്കാന്‍ ഒരു മുസ്‌ലിയാര്‍ എഴുന്നള്ളിക്കുന്ന തെളിവുകള്‍ ഒന്ന് പരിശോധിക്കാം.

''ഖൈബറിലേക്ക് പ്രവാചകര്‍ക്കൊപ്പം പുറപ്പെട്ട സമയത്ത് അവിടുത്തെ പറ്റി സ്വഹാബിവര്യനായ ആമിറുബ്‌നുല്‍ അക്‌വഅ്(റ) പാടുന്ന ഇസ്തിഗാസയുടെ വരികള്‍ ബുഖാരിയിലെ 4196 ഹദീസ് നമ്പറായി കൊടുത്തിട്ടുണ്ട്. അതിലിപ്രകാരം കാണാം: നബിയേ, ഞങ്ങളുടെ ശരീരം അങ്ങേക്ക് ദണ്ഡമാണ്. ഞങ്ങള്‍ ശേഷിപ്പിച്ച പാപങ്ങളെല്ലാം അങ്ങ് മാപ്പാക്കുക. ഞങ്ങളുടെമേല്‍ സമാധാനവും അടക്കവും ചൊരിഞ്ഞ് തന്നാലും. ഞങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ ഞങ്ങളുടെ കാല്‍പാദം അങ്ങുറപ്പിക്കണം. പാപം പൊറുക്കല്‍ വരെ നബി ﷺ യില്‍ നിന്ന് തേടുകയാണ് മഹാന്‍'' (സുന്നിവോയ്‌സ്, 2020 ജനുവരി1-15, പേജ്15).

ഏറെ പ്രസിദ്ധമായ ഒരു ചരിത്രമാണിത്. മുസ്‌ലിയാര്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ 'അല്ലാഹുവേ, നീയില്ലായിരുന്നെങ്കില്‍' എന്നാണുള്ളത്. പ്രാര്‍ഥന നിറഞ്ഞ് നില്‍ക്കുന്ന ആമിറി(റ)ന്റെ വാക്കുകളെ വിദഗ്ധമായി വെട്ടിമാറ്റിയാണ് നബി ﷺ യോടുള്ള സഹായതേട്ടമാക്കി മുസ്‌ലിയാര്‍ മാറ്റിയിരിക്കുന്നത്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും യുദ്ധങ്ങളെ സംബന്ധിച്ച് പറയുന്ന അധ്യായത്തിലുദ്ധരിച്ച ഈ ഹദീഥില്‍നിന്നോ ഇതിന്റെ വിശദീകരണത്തില്‍നിന്നോ അവരാരും ഇപ്രകാരമൊരാശയത്തെ പഠിപ്പിച്ചിട്ടില്ലെന്നിരിക്കെ ഇവരുടെ തെറ്റായ വിശ്വാസത്തിന് ഇത് തെളിവല്ല.

ലേഖകന്‍ തുടരുന്നു: ''അലിയ്യിബ്‌നു അബീത്വാലിബ്(റ)വിനെതൊട്ട് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഒരു മലഞ്ചെരുവിലകപ്പെടുകയും അവിടെ നീ വന്യമൃഗങ്ങളെ പേടിക്കുകയും ചെയ്താല്‍ ദാനിയാല്‍ നബിയോടും യൂസുഫ് നബി(അ)യോടും സിംഹത്തിന്റെ ഉപദ്രവത്തില്‍ നിന്ന് കാവല്‍ ചോദിക്കുന്നു എന്ന് പറയുക''(പേജ് 15).

ഈ സംഭവത്തിന്റെ പരമ്പരയിലെ അബ്ദുല്‍ അസീസ്ബ്‌നു ഇംറാനും ഇബ്‌റാഹീമുബ്‌നു ഇസ്മാഈലും ദുര്‍ബലരും തള്ളപ്പെടേണ്ടവരുമാണെന്ന് ഇമാം ബുഖാരി(റഹി), ഇമാം നസാഈ(റഹി), ഇമാം ദാറക്വുത്‌നി(റഹി) എന്നീ പണ്ഡിതന്മാര്‍ പറഞ്ഞത് ഇബ്‌നുഹജര്‍ അസ്‌ക്വലാനി(റഹി) തന്റെ തഹ്ദീബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാനിയാലിന്റെ റബ്ബിനെകൊണ്ട് ഞാന്‍ കാവല്‍ തേടുന്നു എന്നാണ് ദുര്‍ബല വാക്കായ ഇതിന്റെ ആരംഭത്തിലുമുള്ളത്. അതും മുസ്‌ലിയാര്‍ പൂഴ്ത്തിവെച്ചത് എന്തിനായിരിക്കുമെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട.

ലേഖകന്‍ എഴുതുന്നു: ''നബി ﷺ യെ മറമാടിയതിന് ശേഷം അറബി ഭാഷയിലും ഖുര്‍ആനിലും പരിജ്ഞാനമുണ്ടായിരുന്ന ഒരു അഅ്‌റാബി ഖബറിങ്കല്‍ വന്ന് പാപമോചനത്തിന് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം അലി(റ) പഠിപ്പിക്കുന്നത് ഇബ്‌നുസ്സംആനി(റ)ല്‍ നിന്ന് പൂര്‍ണമായ സനദോടെ ഇമാം സുയൂത്വി(റ) ജാമിഉല്‍ അഹാദീസില്‍ 34153 നമ്പറായും ഇമാം ഖുര്‍തുബി, ഇമാം അബൂഹയ്യാന്‍(റ) പോലുള്ള മുഫസ്സിറുകള്‍ സുറത്തുന്നിസാഅ് 64ന്റെ വ്യാഖ്യാനത്തിലും ഉദ്ധരിക്കുന്നു'' (പേജ് 15).

പരിഗണിക്കപ്പെടേണ്ടതില്ലാത്ത വിധം ബാലിശവും കളവും മാത്രമായിട്ടുള്ള ഈ സംഭവമാണ് പുരോഹിതന്മാര്‍ വലിയ തെളിവായി കൊണ്ടുനടക്കുന്നത്. മുസ്‌ലിയാര്‍ പൂര്‍ണ സനദോടെ എന്ന് പറഞ്ഞ റിപ്പോര്‍ട്ടില്‍ തന്നെ അഹ്മദ് ബ്‌നു മുഹമ്മദ്ബ്‌നുല്‍ഹൈസം, അബൂസ്വാദിഖ് എന്നിവര്‍ അജ്ഞരും തള്ളപ്പെടേരുമാണ്. ഒരു കെട്ടുകഥ എന്നതിലപ്പുറം അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ആരും ഇതിനൊരു പ്രത്യേകതയും കണ്ടിട്ടില്ല. ഇസ്തിഗാസവാദവുമായി ആദ്യം രംഗപ്രവേശനം ചെയ്ത സമസ്തയുടെ താത്വികാചാര്യന്‍ സുബുകിയുടെ നിരര്‍ഥക വാദങ്ങള്‍ക്ക് മറുപടിയായി മുഹമ്മദ്ബ്‌നു അഹ്മദ്ബ്‌നു അബ്ദില്‍ ഹാദി(റഹി) എഴുതിയ 'അസ്സ്വാരിമുല്‍ മുന്‍കി ഫീ റദ്ദി അലസ്സുബുകി' എന്ന ഗ്രന്ഥത്തിലും ശക്തനായ സ്വൂഫീ പ്രചാരകനും സമസ്തയുടെ ഗുരുവര്യനുമായ സൈനീ ദഹ്‌ലാന്‍ നിരത്തിയ വികല വാദങ്ങള്‍ക്ക് മറുപടിയായി മുഹമ്മദ് ബഷീര്‍ അസ്സഹ്‌സവാനി എഴുതിയ 'സ്വിയാനത്തുല്‍ ഇന്‍സാന്‍ അല്‍ വസ്‌വസത്തി ശൈഖ് ദഹ്‌ലാന്‍' എന്ന ഗ്രന്ഥത്തിലും ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുസ്‌ലിയാര്‍ തുടരുന്നു: ''ഹിജ്‌റ 17ല്‍ മഴയില്ലാതെ നാശം വിതക്കുന്ന അവസ്ഥ വന്നപ്പോള്‍ റസൂല്‍ ﷺ യുടെ ഖബറിങ്കല്‍ വന്ന് സ്വഹാബിവര്യനായ ബിലാലുബ്‌നുല്‍ ഹാരിസുല്‍ മുസ്‌നി(റ) മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയത് പ്രസിദ്ധമാണ്. ഇതറിഞ്ഞ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) അതംഗീകരിക്കുകയുണ്ടായി'' (പേജ് 15).

ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന സംഭവങ്ങളില്‍ പ്രസിദ്ധമാണിത്. ഉമര്‍(റ)വിന്റെ കാലത്ത് വരള്‍ച്ച ബാധിച്ചപ്പോള്‍ അബ്ബാസ്(റ)വിനോട് മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ഈ സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിച്ച പ്രബലമായ ഹദീഥാണ്. ബിലാലുബ്‌നു ഹാരിസി(റ)ന്റെ പേരില്‍ മുസ്‌ലിയാര്‍ പറഞ്ഞതിന്റെ പരമ്പരയില്‍ മാലികുദ്ദാര്‍ എന്ന വ്യക്തി അദാലത്ത്(നീതി), ദ്വബ്ത്ത്(ക്ലിപ്തത) എന്നിവ കൊണ്ട് അറിയപ്പെടാത്ത വ്യക്തിയും അജ്ഞനുമാകയാല്‍ ഹദീഥ് വിജ്ഞാനശാസ്ത്ര പണ്ഡിതന്മാര്‍ അദ്ദേഹം വളരെ ദുര്‍ബലമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഈ പിടിവള്ളിയിലും പുരോഹിതന്മാര്‍ക്ക് പിടിച്ചുതൂങ്ങാന്‍ വകുപ്പില്ല എന്ന് ചുരുക്കം.

ലേഖകന്‍ വീണ്ടും എഴുതുന്നു: ''അനസ്(റ) ആഖിറത്തില്‍ നബി ﷺ യില്‍ നിന്ന് ശിപാര്‍ശ കിട്ടാന്‍ മുന്‍കൂട്ടിയുള്ള ഇസ്തിഗാസ നടത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: അന്ത്യദിനത്തില്‍ എനിക്കു വേണ്ടി ശിപാര്‍ശ പറയാന്‍ നബി ﷺ യോട് ഞാനാവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യാമെന്ന് അവിടുന്ന് എനിക്ക് വാക്ക് തന്നു. ശരിക്കും അഭൗതിക കാര്യമാണ് അനസ്(റ) ആവശ്യപ്പെട്ടത്. വഹാബി നിര്‍വചന പ്രകാരം ശിര്‍ക്കാകേണ്ടതും'' (പേജ് 15).

ഇതില്‍ അഭൗതികതയോ നബി ﷺ യോട് പ്രാര്‍ഥനയാകുന്ന സഹായ തേട്ടമോ ഇല്ല. ഇമാം തിര്‍മിദി(റഹി), ഇമാം അഹ്മദ്(റഹി) എന്നിവര്‍ ഉദ്ധരിച്ച സ്വഹീഹായ ഹദീഥാണിത്. തന്റെ ശിര്‍ക്കന്‍ ആശയത്തിന് തെളിവ് കിട്ടാന്‍ മുസ്‌ലിയാര്‍ ഇതിനെ വെട്ടിച്ചുരുക്കിയെന്ന് മാത്രം. പരലോകത്ത് എനിക്ക് വേണ്ടി ശുപാര്‍ശ നടത്തുമോ എന്ന് തന്റെ അടുത്തുള്ള നബി ﷺ യോട് സ്വഹാബി ചോദിച്ചതിന് പരലോകത്ത് ശഫാഅത്തിന് അനുമതി നല്‍കപ്പെടുന്ന പ്രവാചകന്‍ ഞാന്‍ നല്‍കാം എന്നല്ല ഉത്തരം കൊടുത്തത.് മറിച്ച് 'അല്ലാഹു ഉദ്ദേശിച്ചാല്‍' ഞാന്‍ അപ്രകാരം ചെയ്യാം എന്നാണ് അവിടുന്ന് മറുപടി നല്‍കിയത്. ഈ ഭാഗം പൂഴ്ത്തിവെച്ച് ശരിയല്ലാത്ത വാദത്തിന് കൂട്ടുനിന്ന് അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തെ ശിര്‍ക്കില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്. ഇസ്തിഗാസ നടത്തേണ്ടത് അല്ലാഹുവിനെ കൊണ്ടാണ് എന്ന് പഠിപ്പിക്കുന്ന ഹദീഥ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അനസ്(റ)വില്‍ നിന്നായിരിക്കെ അതിന് വിരുദ്ധമായ പ്രവൃത്തി അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല എന്നത് വ്യക്തമാണല്ലോ.

അനസ്(റ)വില്‍ നിന്ന് നിവേദനം: ''രാവിലെയും വൈകുന്നേരവും ഈ ദിക്‌റ് ചൊല്ലാന്‍ നബി ﷺ  ഫാത്തിമ(റ)യോട് ഉപദേശിച്ചു: 'എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാം നിയന്ത്രിക്കുന്നവനേ, നിന്റെ കാരുണ്യം മുഖേന ഞാന്‍(നിന്നോട്) സഹായം തേടുന്നു. എന്റെ കാര്യങ്ങള്‍ മുഴുവനും എനിക്ക് നീ ഗുണകരമാക്കിത്തരേണമേ. കണ്ണിമ വെട്ടുന്നത്ര സമയം പോലും എന്നെ നീ എന്നിലേക്ക് ഏല്‍പിക്കരുതേ''(നസാഈ).

ലേഖകന്‍ തുടരുന്നു: ''നബി ﷺ  വഫാത്തായ സമയത്ത് ആഇശ(റ)യുടെ വീട്ടില്‍ വന്ന സ്വിദ്ദീഖ്(റ) വസ്ത്രംകൊണ്ട് മൂടപ്പെട്ട പ്രവാചകരെ സമീപിച്ചു. തിരുമുഖത്ത് നിന്ന് വസ്ത്രം നീക്കി നബി ﷺ യെ ചുംബിച്ചു. കരഞ്ഞുകൊണ്ട് അദ്ദേഹം പ്രവാചകരെ വിളിച്ചു. അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് വേണ്ടി എന്റെ പിതാവിനെ സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. അങ്ങേക്ക് രണ്ട് മരണത്തെ അല്ലാഹു സംഘടിപ്പിക്കുകയില്ല. നാഥന്‍ നിര്‍ബന്ധമാക്കിയ മരണം അങ്ങേക്ക് സംഭവിച്ചിരിക്കുന്നു'' (പേജ് 15,16).

മുസ്‌ലിയാര്‍ സമര്‍ഥിക്കാന്‍ നോക്കുന്ന വിഷയവുമായി എന്ത് ബന്ധമാണിതിനുള്ളത്? ഇത്തരം സംസാര ശൈലികള്‍ ഏത് ഭാഷയിലും ഉള്ളതാണ്. നബി ﷺ യുടെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ ഇളകി മറിഞ്ഞ് നില്‍ക്കുന്ന ഉമര്‍(റ) അടക്കമുള്ള സ്വഹാബത്തിനെ അത് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് അബൂബക്കര്‍(റ) ഇപ്രകാരം സംസാരിച്ചത്. അല്ലാതെ വഫാത്തായ നബി ﷺ  കേള്‍ക്കും, അറിയും എന്ന് വിശ്വാസിച്ചിട്ടല്ല. ഇവിടെ അബൂബക്കര്‍(റ) 'അല്ലാഹുവിന്റെ ദൂതരേ' എന്ന് വിളിച്ചു എന്നത് കളവാണ്. അങ്ങനെ ഹദീഥില്‍ ഇല്ല. ഇത്തരം സംസാരങ്ങള്‍ അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായ തേട്ടമാണെങ്കില്‍ തന്റെ മകന്‍ ഇബ്‌റാഹീം മരണപ്പെട്ട സന്ദര്‍ഭത്തില്‍ 'ഏ ഇബ്‌റാഹീം, നിന്റെ വിയോഗം ഞങ്ങളെ സങ്കടപ്പെടുത്തുന്നു' (ബുഖാരി) എന്ന് പറഞ്ഞതിന്റെ വിധി എന്താകും? മാസപ്പിറവി കാണുമ്പോള്‍ 'എന്റെ റബ്ബും നിന്റെ റബ്ബും അല്ലാഹുവാണ്' എന്ന് പ്രാര്‍ഥിക്കാന്‍ പറഞ്ഞതിന്റെ (തിര്‍മുദി) അവസ്ഥ എന്താകും?

''വഫാത്തിന്റെ നേരത്ത് സ്വിദ്ദീഖ്(റ) അലിയ്യുബ്‌നു അബീത്വാലിബ്(റ)വിനെ വിളിച്ച് നല്‍കുന്ന വസ്വിയ്യത്ത് ഇപ്രകാരമാണ്. നബി ﷺ യെ കുളിപ്പിച്ച ഈ കൈകൊണ്ട് എന്റെ ജനാസയെ കുളിപ്പിക്കണം. എന്നെ കഫന്‍ ചെയ്തതിന് ശേഷം എന്റെ ജനാസ അവിടുത്തെ ഖബര്‍ ശരീഫിന്റെ വാതില്‍ക്കല്‍ വച്ച് നബി ﷺ യുടെ അരികില്‍ മറവ് ചെയ്യാന്‍ വേണ്ടി അവിടത്തോട് സമ്മതം ചോദിക്കണം. അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം സ്വഹാബാക്കള്‍ അങ്ങനെ ചെയ്തപ്പോള്‍ തിരുനബി ﷺ  അനുവാദം കൊടുക്കുകയും അവിടെത്തന്നെ മറമാടുകയും ചെയ്തു'' (പേജ് 16).

ഇങ്ങനെയൊരു സംഭവം സ്ഥിരപ്പെട്ടുവന്നതായി എവിടെയുമില്ല. ഇതിന്റെ സനദിലെ അബൂത്വാഹിര്‍ മൂസബ്‌നു മുഹമ്മദ്ബ്‌നു അത്വാഅ്, അബ്ദുള്‍ ജലീല്‍ അല്‍മുസ്‌നി എന്നിവര്‍ മജ്ഹൂല്‍(അജ്ഞന്‍) ആണെന്ന് ഇബ്‌നുഹജര്‍ അസ്‌ക്വലാനി(റഹി) തന്റെ ലിസാനുല്‍ മീസാനില്‍ പറഞ്ഞിട്ടുണ്ട്. ഇത് കാരണത്താല്‍ തന്റെ താരീഖില്‍ ഇതിനെ ഉദ്ധരിച്ച ഇബ്‌നുഅസാകീര്‍ തന്നെയും പറഞ്ഞത് ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്നാണ്. തെളിവിനു കൊള്ളാത്ത ഇത്തരം റിപ്പോര്‍ട്ടുകളല്ലാതെ ഇക്കൂട്ടര്‍ക്ക് കൂട്ടിന് മറ്റൊന്നുമില്ല.

''മറവി രോഗത്തിന് എന്നെന്നേക്കുമുള്ള പരിഹാരം തരാന്‍ നബി ﷺ യോട് ഇസ്തിഗാസ നടത്തിയ സ്വഹാബി പ്രമുഖനാണ് അബൂഹുറയ്‌റ(റ). ഉടന്‍തന്നെ മറഞ്ഞവഴിയില്‍ കൂടിയുള്ള പരിഹാരവും അദ്ദേഹത്തിന് നബി ﷺ യില്‍ നിന്ന് ലഭിച്ചു'' (പേജ് 16).

ഇമാം ബുഖാരി(റ) കിതാബുല്‍ ഇല്‍മില്‍ കൊടുത്ത ഹദീഥാണിത്. നബി ﷺ യുടെ മുഅ്ജിസത്തായി എണ്ണപ്പെട്ട ഈ സംഭവത്തില്‍ മുസ്‌ലിയാര്‍ ആഗ്രഹിക്കും പ്രകാരമുള്ളത് കാണുവാന്‍ കഴിയില്ല. അമാനുഷിക കാര്യങ്ങള്‍ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണല്ലോ നടക്കുക. പിന്നെ എന്തിനാണ് മറഞ്ഞ വഴിയിലൂടെ ചോദിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നത്? അബൂഹുറയ്‌റ(റ) സാധാരണ രീതിയില്‍ പറഞ്ഞ പരാതിയെ തെറ്റായി പ്രചരിപ്പിക്കുന്നത് തികച്ചും അക്രമമാണ്.

മറ്റൊരു ദുര്‍വ്യാഖ്യാനം കൂടി കാണുക: ''അബൂഹുറൈറ(റ) മുസ്‌നദില്‍ നിവേദനം ചെയ്ത ഹദീസാണ് ഒന്ന്. തുരുനബി ﷺ  ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: അബുല്‍ഖാസിം ﷺ യുടെ ആത്മാവ് ആരുടെ അധീനതയിലാണോ അവന്‍ തന്നെ സത്യം. പിന്നെ എന്റെ ഖബറിടത്തില്‍ വന്ന് നിന്ന് യാ മുഹമ്മദ് എന്ന് വിളിച്ചാല്‍ അദ്ദേഹത്തിനു (ഈസാനബിക്ക്) ഞാന്‍ ഉത്തരം നല്‍കും'' (പേജ് 16).

ഇങ്ങനെയുള്ള പ്രയോഗം ഉള്ളതും ഇല്ലാത്തതുമായ റിപ്പോര്‍ട്ടുകള്‍ ഈ വിഷയത്തിലുണ്ട്. ഇല്ലാത്തതിനാണ്  കൂടുതല്‍ മുന്‍ഗണന. ഈസാ നബി(അ)യ്ക്ക് മാത്രം പ്രത്യേകമായ ഒന്നെങ്ങനെയാണ് പൊതുവായി വ്യാഖ്യാനിക്കപ്പെടുക? അങ്ങനെയെങ്കില്‍ ഹദീഥില്‍ പറയപ്പെട്ട കുരിശ് തകര്‍ക്കും, പന്നിയെ കൊല്ലും തുടങ്ങിയ കാര്യങ്ങളും അങ്ങനെയാകേണ്ടേ? ഇത് പറഞ്ഞ നബി ﷺ യോ കേട്ട സ്വഹാബത്തോ ആ നിലയ്ക്കുള്ള വിശ്വാസം ഉള്ളവരായിരുന്നോ? ഈ ഹദീഥ് ഉദ്ധരിച്ചവരോ വിശദീകരിച്ചവരോ ആയ അഹ്‌ലുസ്സുന്നയുടെ ഏതെങ്കിലും പണ്ഡിതന്‍ മുസ്‌ലിയാര്‍ വിശ്വസിക്കും പ്രകാരം പഠിപ്പിച്ചതായി തെളിയിക്കാമോ?