പരിധിവിടുന്ന പ്രവാചക പ്രശംസകള്‍
മൂസ സ്വലാഹി, കാര
2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23
(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 10)
അല്ലാഹുവിലും നബി ﷺ യിലുമുള്ള വിശ്വാസവും അനുസരണവും സത്യസന്ധമാകുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാവുക. പ്രമാണങ്ങള്‍ നബി ﷺ ക്ക് ഉള്ളതായി പഠിപ്പിച്ച വിശേഷണങ്ങളെ അംഗീകരിക്കല്‍ ഇതിന്റെ ഭാഗമാണ്. ഈ കാര്യങ്ങളിലുള്ള മതനിലപാട് ഉള്‍ക്കൊണ്ടവര്‍ക്കാണ് പരലോക വിജയവും പരലോകത്ത് മഹാന്മാരോടുള്ള സഹവാസവും സാധ്യമാവുക.
അല്ലാഹു പറയുന്നു: ''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (ക്വുര്‍ആന്‍ 4:69).
നബി ﷺ ക്ക് ഏറെ വിശേഷണങ്ങളും വ്യത്യസ്തങ്ങളായ നാമങ്ങളുമുണ്ട്. അഹ്മദ്, മുഹമ്മദ്, മാഹി, ഹാശിര്‍, ആക്വിബ്, നബിയ്യുത്തൗബ, നബിയ്യുര്‍റഹ്മ എന്നിവ നാമങ്ങളില്‍ ചിലതാണ്. വിശേഷണങ്ങളില്‍ പ്രധാനപ്പെട്ടവയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു:
''നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്'' (ക്വുര്‍ആന്‍ 33:45,46).
''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്ന് തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം'' (ക്വുര്‍ആന്‍ 9:128).
പ്രമാണങ്ങള്‍ നബി ﷺ ക്ക് ഉള്ളതായി പറഞ്ഞ നാമങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കും അനുയോജ്യമല്ലാത്ത അര്‍ഥവും വ്യാഖ്യാനവും നല്‍കുന്നത് അദ്ദേഹത്തെ പരിഹസിക്കലും അപമാനിക്കലും അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ ലംഘിക്കലുമാണ്. അത് ഇസ്‌ലാം വിലക്കിയതുമാണ്. അല്ലാഹു പറയുന്നു:
''പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേ പിഴച്ച് പോകുകയും ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 5:77).
ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ മതത്തില്‍ അതിരുകവിയുന്നത് സൂക്ഷിക്കണം. മതത്തില്‍ അതിരുവിട്ടത് മൂലമാണ് നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത്'' (ഇബ്‌നുമാജ).
മുസ്‌ലിം സമൂഹത്തെ ശിര്‍ക്കിലേക്ക് നയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ശിയായിസ പ്രചാരകരായ സമസ്തക്കാര്‍ നബി ﷺ യെ അമിതമായി പ്രശംസിക്കുവാന്‍ മത്സരിക്കുന്നവരാണ്. സ്‌നേഹം, ആദരവ്, ബഹുമാനം എന്നിങ്ങനെയുള്ള പരിധി വെക്കപ്പെട്ട ചില ഗുണങ്ങളുടെ മറപിടിച്ചാണ് ശിര്‍ക്ക് കലര്‍ന്ന പ്രശംസ വരെ ചെയ്യാന്‍ ഇവര്‍ മുതിരുന്നത്.
ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''വിങ്ങുന്ന മനസ്സുമായി നബിസാന്നിധ്യത്തിന് കേഴുകയാണ് കവി. എന്റെ നേതാവേ, എന്റെ അഭയമേ, അന്ത്യനാളില്‍ അങ്ങയുടെ മഹത്വം കൊണ്ട് എന്നെ പരിഗണിക്കേണമേ. സംഭവിച്ചുപോയ തെറ്റുകള്‍ക്ക് മാപ്പ് ലഭിക്കാന്‍ അങ്ങ് ഇടപെടേണമേ. എന്റെ ദുഃഖം തീര്‍ത്തുതരേണമേ. എന്റെ അപേക്ഷ അങ്ങ് കേള്‍ക്കേണമേ... കവിയുടെ സങ്കട സമര്‍പ്പണങ്ങള്‍ നീളുകയാണ്'' (സുന്നിവോയ്‌സ്, 2019 നവംബര്‍ 16-30, പേജ് 9).
ഇത്തരം പ്രശംസാരീതികളെ നബി ﷺ നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട്. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ല്‍ നിന്ന്; നബി ﷺ പറഞ്ഞു: ''ക്രിസ്ത്യാനികള്‍ മര്‍യമിന്റെ മകനെ പുകഴ്ത്തിയത് പോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. നിശ്ചയം ഞാന്‍ ഒരടിമയാണ്. അതിനാല്‍ അല്ലാഹുവിന്റെ അടിമ എന്നും അവന്റെ ദൂതന്‍ എന്നും നിങ്ങള്‍ പറയുക'' (ബുഖാരി, മുസ്‌ലിം).
വിവാഹ സദസ്സിലേക്ക് വന്ന നബി ﷺ യെ കണ്ടപ്പോള്‍ നാളെയുടെ കാര്യമറിയുന്ന നബി ഞങ്ങളിലുണ്ടെന്ന് പാടിയ പെണ്‍കുട്ടിയെ അവിടുന്ന് തിരുത്തിയതും(ബുഖാരി), ഒരാള്‍ അങ്ങേയറ്റം പ്രശംസിക്കപ്പെടുന്നത് നബി ﷺ കേട്ടപ്പോള്‍ അതിനെ കര്‍ശനമായി തടഞ്ഞതും (ബുഖാരി), അധികപ്രശംസകരുടെ വായയില്‍ മണ്ണ് വാരിയിടാന്‍ കല്‍പിച്ചതു(മുസ്‌ലിം)മെല്ലാം അമിതപ്രശംസയുടെ അപകടത്തെ ബോധ്യപ്പെടുത്തുന്നു.
സൃഷ്ടികള്‍ക്ക് ഏറ്റവും നല്ല അഭയവും രക്ഷയും നല്‍കുവാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു: ''നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)'' (ക്വുര്‍ആന്‍ 23:88).
നബി ﷺ യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ''പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല'' (ക്വുര്‍ആന്‍ 72:22).
നബി ﷺ നടത്തിയിരുന്ന ഒരു പ്രാര്‍ഥന കാണുക: ബറാഅ് ഇബ്‌നു ആസിബി(റ)വില്‍ നിന്ന്; നബി ﷺ പറഞ്ഞു: ''അല്ലാഹുവേ, എന്നെ ഞാന്‍ നിന്നില്‍ കീഴ്‌പെടുത്തിവെക്കുകയും എന്റെ കാര്യങ്ങള്‍ ഞാന്‍ നിന്നില്‍ ഏല്‍പിക്കുകയും എന്റെ മുഖം ഞാന്‍ നിന്നിലേക്ക് തിരിക്കുകയും എന്റെ മുതുകിനെ ഞാന്‍ നിന്നില്‍ അര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്നില്‍ നിന്നുള്ള(പ്രതിഫലം) പ്രതീക്ഷിച്ച് കൊണ്ടും നിന്റെ(ശിക്ഷ) ഭയന്നുകൊണ്ടുമാകുന്നു അത്. നിന്റെ മാര്‍ഗത്തിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയല്ലാതെ യാതൊരു രക്ഷയോ അഭയമോ ഇല്ല തന്നെ...''(ബുഖാരി).
അന്ത്യനാളില്‍ അല്ലാഹുവില്‍നിന്നല്ലാതെ മറ്റൊരാളില്‍ നിന്നും പരിഗണനയും ശുപാര്‍ശയും ആര്‍ക്കും ലഭിക്കുകയില്ല. അല്ലാഹു പറയുന്നു: ''ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല''(ക്വുര്‍ആന്‍ 40:18).
''എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ആരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കുകയും അവന്റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍, വൈമനസ്യം കാണിക്കുകയും അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല'' (ക്വുര്‍ആന്‍ 4:173).
ഇസ്‌ലാമിന്റെ അധ്യാപനം ഇതായിരിക്കെ സാധാരണക്കാരെ ഇതില്‍ നിന്ന് തെറ്റിക്കുന്നതെന്തിനാണ്? അല്ലാഹുവിന്റെ കഴിവ് പ്രവാചകനില്‍ ചാര്‍ത്തുന്നതിന്റെ ലക്ഷ്യമെന്താണ്?
പാപങ്ങള്‍ പൊറുത്ത് മാപ്പ് നല്‍കുന്നവന്‍ അല്ലാഹുവാണ്. അതിന് മധ്യവര്‍ത്തികളുടെ ആവശ്യമുദിക്കുന്നില്ല. അല്ലാഹു പറയുന്നു: ''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (ക്വുര്‍ആന്‍ 39:53).
എല്ലാം പൊറുക്കുന്ന 'അല്‍ ഗഫൂറും' ഏറെ പൊറുക്കുന്ന 'അല്‍ ഗഫ്ഫാറും' പാപങ്ങള്‍ പൊറുക്കുന്ന 'ഗാഫിറും' പശ്ചാത്താപം ഏറെ സ്വീകരിക്കുന്ന 'അത്തവ്വാബും' അല്ലാഹു മാത്രമായിരിക്കെ നബി ﷺ യെ ഇതില്‍ പങ്കുചേര്‍ക്കല്‍ ശിര്‍ക്കല്ലാതെ മറ്റെന്താണ്? പാപമുക്തനായ നബി ﷺ തന്നെയും ദിനേന നൂറു തവണ നേരിട്ട് അല്ലാഹുവിനോട് പാപമോചനം തേടാറുമുണ്ടായിരുന്നു എന്നത് ഓര്‍ക്കുക.
ഏത് സന്ദര്‍ഭങ്ങളിലും അടിമകളെ കേട്ട് ഉത്തരമേകാനും ശരിയായ പരിഹാരം നല്‍കാനും കഴിയുക അല്ലാഹുവിന് മാത്രമാണ്.
അല്ലാഹു പറയുന്നു: ''അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (27:62).
''നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്'' (16:53).
സങ്കടവും സന്താപവും ഉണ്ടാകുന്ന സമയങ്ങളില്‍ നബി ﷺ പോലും നടത്തിയ പ്രാര്‍ഥന ഇങ്ങനെയാണ്; അനസ്ബ്‌നു മാലിക്(റ)വില്‍ നിന്ന്: ''അല്ലാഹുവേ എന്റെ ദുഃഖം, വിഷാദം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്‌പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷ തേടുന്നു'' (ബുഖാരി).
മുസ്‌ലിയാര്‍ എഴുതുന്നു: ''വിശ്വാസത്തിന്റെ അടിത്തറയും ആരാധനയുടെ അര്‍ഥവും ജീവിതത്തിന്റെ മധുരവുമെല്ലാം നബി തിരുമേനിയാണ്. നാളെ ഖബ്‌റിലും ശേഷം മഹ്ശറിലും അവിടുത്തെ ശിപാര്‍ശയാണ് കരുതല്‍. ആദ്യ സൃഷ്ടി നബി പ്രകാശമാണ്'' (പേജ് 10)
നബി ﷺ യുടെ മേല്‍ ഇത്രയും വലിയ കളവു പറഞ്ഞ് പരത്താന്‍ ശിയാക്കളെ അനുകരിക്കുന്ന ഇവര്‍ക്കേ കഴിയൂ. സ്വഹാബത്തിനോ ശേഷക്കാര്‍ക്കോ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ക്കോ ഇത്തരമൊരു വിശ്വാസമുണ്ടായിട്ടില്ല. ശുപാര്‍ശയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക: ''...അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?...''(2:255).
തന്റെ സമുദായത്തിന് വേണ്ടി ശുപാര്‍ശ നടത്താനുള്ള അനുമതിക്കായി നബി ﷺ സുജൂദില്‍ കിടന്ന് ധാരാളം കരഞ്ഞ് പ്രാര്‍ഥിക്കുമെന്ന് ഹദീഥുകളില്‍ കാണാം. അല്ലാഹുവിന്റെ അനുവാദം, തൃപ്തി, തൗഹീദ് കൈവിടാതെയുള്ള ഇഹലോക ജീവിതം...ഇതുള്ളവര്‍ക്ക് ലഭിക്കുന്ന വലിയ സൗഭാഗ്യമാണ് ശുപാര്‍ശ. അല്ലാഹു പറയുന്നു: ''അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല'' (20:109).
വഫാത്തായ നബി ﷺ യെ നേരില്‍ വിളിച്ച് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുന്നത് ശിര്‍ക്കാണെന്ന വസ്തുത സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല. അങ്ങനെ ചെയ്താല്‍ റസൂലിന്റെ ശഫാഅത്ത് ലഭിക്കാതെ പോകുകയാണ് ഉണ്ടാവുക എന്നും അവര്‍ അറിയുന്നില്ല.
നബി ﷺ യുടെ പ്രകാശമാണ് ആദ്യസൃഷ്ടിയെന്നത് ഇസ്‌ലാമിന് അന്യവും ശിയാക്കള്‍ പടച്ചുണ്ടാക്കിയതുമായ അന്ധവിശ്വാസമാണ്. കള്ളക്കഥകളും ആരൊക്കയോ എഴുതിയ മാലപ്പാട്ടുകളും മാത്രമാണ് ഇതിനുള്ള ആധാരം. സൃഷ്ടികളില്‍ ആദ്യത്തെത് പേനയാണെന്നത് പ്രമാണങ്ങളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്.
ഇത്തരം അതിരുവിട്ട വാദങ്ങളെ ചൂണ്ടിക്കാണിക്കുമ്പോള്‍ മറുത്ത് പറയാറുള്ളത് ഇതെല്ലാം മദ്ഹിന്റെയും ബഹുമാനാദരവിന്റെയും ഹുബ്ബിന്റെയും ഭാഗമാണ്; അല്ലാതെ ആരാധനയുടെ ഭാഗമല്ല എന്നാണ്. ഇത് വെറും ന്യായീകരണ ശ്രമമാണ്. അല്ലാഹു വെച്ച പരിധി ഭേദിക്കലാണ്. ഉത്തമ തലമുറയില്‍ പെട്ടവര്‍ക്ക് പരിചയമില്ലാത്ത വാദമാണ്. മതവിശ്വാസത്തെ അതിന്റെ സ്ഫുടതയില്‍ വിശ്വസിച്ചാചരിക്കാതെ വികലമാക്കി വ്യതിചലിക്കുന്നതെന്തിനാണ്?