വാക്കുകൾ സൂക്ഷിക്കുക
നൗഫൽ ചെറുമുക്
2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

മനുഷ്യന് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപെട്ട ഒന്നാണ് സംസാരശേഷി എന്നത്. നാവിനെ നിയന്ത്രിക്കൽ സവിശേഷമായ ഒരു ആരാധനാകർമമായിത്തന്നെ പഠിപ്പിക്കപ്പെട്ടതാണ്. നാവിലൂടെ പുറത്തുവരുന്ന വാക്കുകൾക്ക് ഒരേസമയം ഹൃദയങ്ങളെ ആശ്വസിപ്പിക്കാനും തകർക്കാനും സാധിക്കും. ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലതു പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക’ എന്ന നബിവചനം, നാം ഉരുവിടുന്ന ഓരോ വാക്കും സൂക്ഷ്മതയോടെയായിരിക്കണം എന്ന സന്ദേശമാണു നൽകുന്നത്.
ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിന്റെ The Triple Filter Test എന്ന ആശയം ശ്രദ്ധേയമാണ്. മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ് നമ്മൾ സ്വയം ചോദിക്കേണ്ടുന്ന മൂന്നു
ചോദ്യങ്ങളാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. സംസാരം ആരംഭിക്കുന്നതിന്റെ മുന്നേ 3 അരിപ്പകളിലൂടെ വിശകലനം ചെയ്യണമെന്നാണ്.
1. സത്യത്തിന്റെ അരിപ്പ (The Filter of Truth): പറയാൻ പോകുന്ന കാര്യം പൂർണമായും സത്യമാണെന്ന് ഉറപ്പുവരുത്തുക. സത്യല്ലാത്തതോ തനിക്ക് അറിയാത്തതോ ആയ കാര്യങ്ങൾ കേവലം കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പറയാതിരിക്കുക.
2. നന്മയുടെ അരിപ്പ (The Filter of Goodness): പറയാൻ പോകുന്നതു നല്ല കാര്യമാണോ അതല്ല മോശം കാര്യമാണോ എന്നു വിശകലനം നടത്തുക.
3. പ്രയോജനത്തിന്റെ അരിപ്പ (The Filter ofUsefulness)): പറയുന്ന കാര്യംകൊണ്ട് പറയുന്ന എനിക്കോ കേൾക്കുന്നയാൾക്കോ എന്തെങ്കിലും പ്രയോജനമുണ്ടോ എന്നു പരിശോധിക്കുക. പ്രയോജനമില്ലാത്തതു പറയാതിരിക്കുക.
സോഷ്യൽ മീഡിയ ഗോസിപ്പുകളുടെയും അപവാദ പ്രചാരണങ്ങളുടെയും കാലത്ത് ഈ സ്വയം പരിശോധന ആത്മനിയന്ത്രണത്തിന് ഏറെ സഹായകമാകും. സംസാരം നന്നാക്കുന്നതിനെ കേവലം സാമൂഹിക മര്യാദ എന്നതിനപ്പുറം ഈമാനിന്റെ അടയാളമായാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആദ്യം ഹൃദയം നന്നാക്കണം. കാരണം നാവ് ഹൃദയത്തിന്റെ ദൂതനാണ്. ഹൃദയത്തിലുള്ളതാണു സംസാരത്തിലൂടെ പ്രതിഫലിക്കുക.
ഒരു വാർത്ത മറ്റൊരാളോടു പറയുന്നതിനു മുമ്പ് നിർബന്ധമായും ഒരു വിശ്വാസി അതിന്റെ നിജസ്ഥിതി പരിശോധിക്കുകയും അതു പറഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാനാകുകയും വേണം. തന്റെ ഇടപെടൽ ബന്ധം ശക്തമാക്കാനല്ലാതെ തകർക്കാനാകരുത് എന്ന ജാഗ്രത മനസ്സിൽ സൂക്ഷിക്കുമ്പോൾ അനാവശ്യ സംസാരവും പരദൂഷണവും വഴക്കും സ്വാഭാവികമായും കുറയും. പരദൂഷണം മനസ്സിനെ വിഷമാക്കുന്ന ശീലമാണ്. മറ്റൊരാളുടെ അഭാവത്തിൽ അവർക്ക് ഇഷ്ടമാകാത്ത കാര്യം പറയുന്നതാണ് ക്വുർആൻ കർശനമായി നിരോധിച്ച ‘ഗീബത്’ എന്നത്.
സംസാരിക്കുന്നയാളിൽ അഹങ്കാരവും നെഗറ്റീവ് ചിന്തകളും വളരുന്നു, കേൾക്കുന്നയാളിൽ സംശയവും അവിശ്വാസവും ഉയരുന്നു, ഇരയായ വ്യക്തിയിൽ മാനസികവേദനയും ബന്ധവിഛേദവും ഉണ്ടാകുന്നു, കുടുംബത്തിലും സമൂഹത്തിലും വിശ്വാസത്തിന്റെ അടിത്തറ തകരുന്നു തുടങ്ങിയ വൈയക്തിവും സാമൂഹികവും കുടുംബപരവുമായ ധാരാളം ദുഷ്ഫലങ്ങൾക്ക് ഇത് വഴിയൊരുക്കുന്നു.
ആവശ്യമുള്ളിടത്ത് മാത്രം സംസാരിക്കുകയും അല്ലാത്തിടത്ത് മൗനം പാലിക്കുകയും ചെയ്യുന്നത് ശക്തമായ നിലപാടിന്റെ അടയാളമാണ്, ബലഹീനതയല്ല. കുടുംബബന്ധങ്ങളുടെ അടിത്തറ നിലനിർത്തുന്നതിൽ വാക്കുകൾക്ക് അനിർവചനീയമായ പങ്കുണ്ട്. മിക്ക കുടുംബകലഹങ്ങളും വലിയ കാരണങ്ങളിൽ നിന്നല്ല; ശ്രദ്ധയില്ലാത്ത ചെറിയ വാക്കുകളിൽനിന്നാണ് തുടങ്ങാറുള്ളത്. മനുഷ്യനെ നരകത്തിലെത്തിക്കുന്ന അവയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് നാവ് എന്ന ഇസ്ലാമികാധ്യാപനം മറക്കാതിരിക്കുക.

