ചുണ്ടിൽ ചായം തേക്കൽ; നേട്ടം ആർക്ക്?
ഹനീന ടികെ
2026 ജൂൺ 20, 1448 മുഹർറം 05

ഒരു പൂവിന്റെ ഇതളുകളിലോ പുലർകാലത്തെ കിഴക്കൻ ചക്രവാളത്തിലോ ഭംഗി കൂട്ടാനായി ആരും ചായം പൂശേണ്ടതില്ല. പ്രകൃതി അതിന്റെ സ്വാഭാവികതയിലാണ് ഏറ്റവും സുന്ദരമാകുന്നത്. എന്നാൽ, കപടതകളില്ലാത്തതും നിഷ്‌കളങ്കതയുടെയും തനിമയുടെയും വസന്തവുമാകേണ്ട നമ്മുടെ കൗമാരക്കാരികളുടെ മുഖങ്ങൾ ഇന്ന് കോർപ്പറേറ്റ് കമ്പനികളുടെ പരീക്ഷണശാലകളായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം സ്വാഭാവിക രൂപത്തെ ഇഷ്ടപ്പെടുന്നതിനു പകരം, കണ്ണാടിയുടെ മുന്നിൽ മണിക്കൂറുകൾ നിന്ന് മേക്കപ്പിന്റെ ബാഹ്യപാളികൾക്കുള്ളിൽ സ്വന്തം വ്യക്തിത്വത്തെ ഒളിപ്പിക്കാൻ ഒരു തലമുറയെ പ്രേരിപ്പിക്കുന്നത് ആരാണ്?
ആധുനിക സമൂഹത്തിൽ സൗന്ദര്യം എന്നത് കോർപ്പറേറ്റ് കമ്പനികളും സോഷ്യൽ മീഡിയയും നിശ്ചയിക്കുന്ന കൃത്രിമമായ ചില അളവുകോലുകളായി മാറിയിരിക്കുന്നു. വെളുത്ത നിറം, തികവുറ്റ ചർമം, അളന്നുവെച്ച ശരീരവടിവുകൾ എന്നിവയാണ് യഥാർഥ സൗന്ദര്യമെന്ന് പരസ്യങ്ങളിലൂടെയും ഇൻഫ്‌ളുവൻസർമാരിലൂടെയും നമ്മുടെ മനസ്സുകളിലേക്ക് നിരന്തരം കുത്തിവെക്കപ്പെടുകയാണ്. മനുഷ്യസഹജമായ ചെറിയ വ്യത്യാസങ്ങളെപ്പോലും ‘കുറവുകളായി’ ചിത്രീകരിച്ച് കൗമാരക്കാരിലും പെൺകുട്ടികളിലും കടുത്ത അപകർഷബോധം വളർത്തുക എന്നതാണ് ഈ ആഗോള വിപണിയുടെ തന്ത്രം. ഈ കെണിയിൽ അകപ്പെടുന്നതോടെ, നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടി പെൺകുട്ടികൾ ഒന്നിനുപിറകെ ഒന്നിനായി സൗന്ദര്യവർധക വസ്തുക്കളും ചികിത്സകളും തേടിപ്പോകുന്നു.
ബാഹ്യസൗന്ദര്യത്തിന് പുറകെയുള്ള ഈ അന്ധമായ ഓട്ടം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നത് പ്രമുഖ ബ്രാൻഡ് ലിപ്]സ്റ്റിക്കുകളിലും മേക്കപ്പ് സാധനങ്ങളിലും നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന മാരക ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ്.
ഈ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങളെ മേക്കപ്പ് വിമുക്തമാക്കാനുള്ള ചർച്ചകൾ പ്രസക്തമാകുന്നത്. അത് കേവലമൊരു അച്ചടക്കനിയമമായി മാറാതെ, കമ്പോളത്തിന്റെ ചൂഷണത്തിൽ നിന്ന് പുതിയ തലമുറയുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാനുള്ള കരുതലോടെയുള്ള ഇടപെടലാകണം.
ഇസ്‌ലാം സൗന്ദര്യത്തെയോ ശരീരസംരക്ഷണത്തെയോ നിരോധിക്കുന്ന മതമല്ല. വൃത്തിയും വെടിപ്പുമുള്ള ജീവിതത്തെ ഇസ്‌ലാം വിശ്വാസത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ മനുഷ്യനെയും ഏറ്റവും മനോഹരമായ ഘടനയിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: “തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു’’ (ക്വുർആൻ 95:4).
ഈ പ്രകൃതിദത്തമായ വൈവിധ്യത്തെ നാം നെഞ്ചേറ്റുകയാണ് വേണ്ടത്. ഒരു സ്ത്രീ തന്റെ തനിമ നിലനിർത്തിക്കൊണ്ട് കുടുംബത്തിനകത്തും തനിക്കനുവദിക്കപ്പെട്ടവർക്ക് മുന്നിലും അലങ്കാരങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അത് അന്യരുടെ ശ്രദ്ധയാകർഷിക്കാനുള്ള പ്രദർശനവസ്തുവായി പൊതുസമൂഹത്തിൽ ഉപയോഗിക്കുമ്പോൾ, അത് ഇസ്‌ലാമിന്റെ അടിസ്ഥാന സൗന്ദര്യമായ ‘ഹയാഅ്’ (ലജ്ജ) എന്ന മൂല്യത്തിന് വിരുദ്ധമായി മാറുന്നു. മുഹമ്മദ് നബിﷺ പഠിപ്പിച്ചു: “ലജ്ജ എന്നത് വിശ്വാസത്തിന്റെ ശാഖകളിൽ പെട്ടതാകുന്നു’’ (സ്വഹീഹുൽ ബുഖാരി).
ചുണ്ടിലെ കൃത്രിമ ചായങ്ങൾ അൽപം ജലസ്പർശത്തിൽ അലിഞ്ഞു പോയേക്കാവുന്നതാണ്. എന്നാൽ വിശ്വാസത്തിന്റെ വെളിച്ചം കൊണ്ട് ഹൃദയത്തിന്റെ ആഴങ്ങളിൽ തീർക്കുന്ന സൗന്ദര്യം മരണത്തിനപ്പുറവും മങ്ങാത്ത പ്രകാശമായി അവശേഷിക്കും.

