നിലവിളക്ക് വിവാദം: ഒളിയജണ്ടകൾ തിരിച്ചറിയുക

ടി.കെ അശ്‌റഫ്

(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

പൊതുവേദികളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പലപ്പോഴും വൈകാരികമായ തലങ്ങളിലേക്ക് വഴിമാറാറുണ്ട്. എന്നാൽ, ഒരു മുസ്‌ലിം ജനപ്രതിനിധിയോ പൊതുപ്രവർത്തകനോ ഇത്തരം ചടങ്ങുകളിൽനിന്ന് മാറിനിൽക്കുമ്പോൾ, അത് മറ്റു മതങ്ങളോടുള്ള അനാദരവോ അസഹി ഷ്ണുതയോ അല്ലെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. ഇതിന് പിന്നിലെ മതപരവും ഭരണഘടനാപരവുമായ യാഥാർഥ്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കേണ്ടതുണ്ട്.

എന്താണ് ഭരണഘടനാപരമായ മതേതരത്വം

ഇന്ത്യൻ മതേതരത്വം (Secularism) എന്നാൽ മതനിരാസമല്ല, മതലയനവുരല്ല; മതനിരപേക്ഷതയാണ്. സർക്കാറിനും സർക്കാർ പരിപാടികളിലും മതം പാടില്ല; പൗരന്മാർക്ക് അവരവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് താനും. അത് സംരക്ഷിക്കൽ സർക്കാറിന്റെ ബാധ്യത യുമാണ്.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശം

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, ഓരോ പൗരനും തനിക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം നൽകുന്നുണ്ട്. ഇതിൽ ഒരു വ്യക്തിക്ക് തന്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങളിൽനിന്ന് മാറിനിൽക്കാനുള്ള സ്വാതന്ത്ര്യവും (Right to abstain) ഉൾപ്പെടുന്നു.

പൊതുവിടങ്ങളുടെ നിഷ്പക്ഷത

പൊതുവേദികളോ സർക്കാർ ചടങ്ങുകളോ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ മാത്രം ആചാരങ്ങളിലേക്ക് ചുരുങ്ങിപ്പോകാതിരിക്കുകയും, എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയു ന്ന പൊതുവായ രീതികൾ സ്വീകരിക്കുകയുമാണ് യഥാർഥ മതനിരപേക്ഷത. മുൻകാലങ്ങളിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് അടക്കമുള്ള പ്രമുഖ നേതാക്കൾ ഈയൊരു ഭരണഘടനാപരമായ നിഷ്പക്ഷത പൊതു വേദികളിൽ പുലർത്തേണ്ടതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമിക വീക്ഷണത്തിലെ മർമം

ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറ ‘തൗഹീദ്’ അഥവാ ഏകദൈവ വിശ്വാസമാണ്. പ്രപഞ്ചത്തിന്റെ പരമാധികാരിയായ ഒരേയൊരു ദൈവത്തിന് മാത്രം ആരാധനകളും സ്തുതികളും സമർപ്പിക്കുക എന്നതാണ് ഇതിന്റെ അർഥം.

ഇരുട്ടകറ്റാൻ വെളിച്ചം ഉപയോഗിക്കുന്നതിന് ഇസ്‌ലാം എതിരല്ല. എന്നാൽ, നിലവിളക്ക് കൊളുത്തുക എന്നത് ഹൈന്ദവ ആചാരപ്രകാരം; ചെരിപ്പ് അഴിച്ചുവെക്കൽ, തിരികളുടെ എണ്ണം, ദിശ, എണ്ണയുടെ പ്രത്യേകതകൾ എന്നിവ നിശ്ചയിച്ച്, പ്രത്യേക ദേവതകളുടെ സാന്നിധ്യം സങ്കൽപിച്ച് ഐശ്വര്യത്തിനും പുണ്യത്തിനുമായി ചെയ്യുന്ന ഒരു ആത്മീയകർമമാണ്.

മറ്റൊരു മതത്തിന്റെ ആരാധനാ സ്വഭാവമുള്ള ഇത്തരം ആചാരങ്ങളിൽ ബാഹ്യമായി മാത്രമാണെങ്കിൽ പോലും പങ്കാളിയാകുന്നത് ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാണെന്നാണ് ഇസ്‌ലാമിക പണ്ഡിതന്മാരുടെ പക്ഷം. ഹൃദയത്തിൽ വിശ്വാസമില്ലെങ്കിൽ പോലും വാക്കിലോ പ്രവൃത്തിയിലോ മറ്റൊരു മതത്തിന്റെ ആരാധനാകർമങ്ങളോട് സാദൃശ്യം പുലർത്താൻ വിശ്വാസിക്ക് അനുവാദമില്ല. അതുകൊണ്ട് തന്നെയാണ് വിശ്വാസത്തിൽ സൂക്ഷ്മത പുലർത്തുന്നവർ ഇതിൽനിന്ന് വിട്ടുനിൽക്കുന്നത്.

മുസ്‌ലിം ജനപ്രതിനിധികളുടെ ജാഗ്രതയില്ലായ്മ

മനസ്സിൽ വർഗീയവിഷം കൊണ്ടുനടക്കാത്ത ഭൂരിഭാഗം വരുന്ന അമുസ്‌ലിംകൾക്ക് ഈയൊരു വിശ്വാസപരമായ മർമം ലളിതമായി പറഞ്ഞുകൊടുത്താൽ നിഷ്പ്രയാസം അത് ഉൾക്കൊള്ളാനും മനസ്സിലാക്കാനും സാധിക്കും. എന്നാൽ, അവരെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നത് മുസ്‌ലിം ജനപ്ര തിനിധികളിൽ ചിലരെങ്കിലും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നത് കാണുമ്പോഴാണ്.

‘മുസ്‌ലിംകൾക്ക് ഇതിൽ പ്രശ്‌നമില്ലല്ലോ’ എന്ന തെറ്റായ ധാരണയിലേക്ക് പൊതുസമൂഹം എത്തിച്ചേരുന്നത് ഇത്തരം ജാഗ്രതയില്ലാത്ത സമീപനങ്ങൾ കാരണമാണ്. തന്മൂലം സ്വന്തം ആദർശം മുറുകെപ്പിടിച്ച് മാറിനിൽക്കുന്ന മറ്റു ജനപ്രതിനിധികളെ അവർ തീവ്രതയുള്ളവരും കുഴപ്പക്കാരുമായി തെറ്റിദ്ധരിക്കുന്നു. യഥാർഥത്തിൽ പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; താൽക്കാലിക കൈയടികൾക്ക് വേണ്ടി ഇസ്‌ലാമിക സംസ്‌കാരം കൈയൊഴിക്കുന്ന മുസ്‌ലിം നാമധാരികൾ തന്നെ യാണ് ഇതിന്റെ യഥാർഥ കുറ്റക്കാർ.

പണ്ഡിതന്മാരുടെ ഇടപെടലും ചിലരുടെ അസ്വസ്ഥതയും

ഇത്തരം വിവാദങ്ങളുണ്ടാകുമ്പോൾ മതപണ്ഡിതന്മാർ എന്തിനാണ് ഇതിൽ അഭിപ്രായം പറയുന്നതെന്ന് ചോദിച്ച് പരിഹസിക്കുന്ന ചിലരുണ്ട്. ഒരു മുസ്‌ലിമിന്റെ വിശ്വാസവും സംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയം പൊതുമണ്ഡലത്തിൽ ചർച്ചയാകുമ്പോൾ, അതിന്റെ കൃത്യമായ മതപരമായ വീക്ഷണം യഥാസ മയം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്.

രാഷ്ട്രീയ മേഖലയിലെ എത്രയോ വിഷയങ്ങളിൽ ദിനംപ്രതി വലിയ വാദപ്രതിവാദങ്ങളും കുറ്റാരോപണങ്ങളും നടക്കുന്നു! എന്തിനാണ് അതിലൊന്നുമില്ലാത്ത അസ്വസ്ഥത പണ്ഡിതന്മാർ അവരുടെ നിലപാട് വ്യക്തമാക്കുമ്പോൾ മാത്രം ചിലർ കാണിക്കുന്നത്? പണ്ഡിതന്മാർ സംസാരിക്കുന്നത് ശരിയായ ഇസ്‌ലാമിക വിശ്വാസം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകളോടാണ്. അതിനോട് വിയോജിക്കാൻ മറ്റുള്ളവർക്ക് അവകാശമുള്ളതുപോലെ തന്നെ, അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവർക്കുമുണ്ട്. അതിൽ മറ്റുള്ളവർ അസ്വസ്ഥരാകേണ്ട കാര്യമില്ല. നിലവിളക്ക് കൊളുത്താൻ പാടില്ല എന്നത് ഏതെങ്കിലും ഒരു പണ്ഡിതന്റെ ഒറ്റപ്പെട്ട അഭിപ്രായമല്ല. കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും നിലവിളക്ക് കൊളു ത്തുന്നതിനെ ന്യായീകരിച്ച് രംഗത്ത് വരാത്തതും ഈ വിഷയത്തിന്റെ ഗൗരവമാണ് ചൂണ്ടി കാണിക്കുന്നത്.

തിരിച്ചറിയേണ്ട അജണ്ടകളും അസ്തിത്വ പ്രതിസന്ധിയും

‘നല്ല മുസ്‌ലിം,’ ‘ചീത്ത മുസ്‌ലിം’ എന്നിങ്ങനെയുള്ള അപകടകരമായ ഒരു ബൈനറി സൃഷ്ടിച്ചുകൊണ്ട്, യഥാർഥ ഇസ്‌ലാമിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരെ ഭാവിയിൽ വർഗീയവാദികളായി ചിത്രീകരിക്കാനുള്ള ഒരു അജണ്ട ഇവിടെ അണിയറയിൽ നടക്കുന്നുണ്ട്. ഇത് തിരിച്ചറിയാതെ വെറും പ്രശംസകൾക്ക് വേണ്ടി തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും നിന്നുകൊടുക്കുന്ന സ്വഭാവം തുടർന്നാൽ, സമീപഭാവിയിൽ സമുദായത്തിന് സ്വന്തമായൊരു വ്യക്തിത്വമോ അസ്തിത്വമോ ഇല്ലാതെയായിപ്പോകും. സമുദായം സ്വയം എല്ലാത്തിലും ലയിച്ച് ഇല്ലാതാകുന്ന ഒരു കാലഘട്ടം അതിവിദൂരമായിരിക്കില്ല.

മുൻകാലങ്ങളിൽ ഈ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ആദരവ് ഏറ്റുവാങ്ങിയ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയ ഉന്നതരായ നേതാക്കളെല്ലാം പൊതുവേദികളിൽ ഇതേ നിലപാട് തന്നെയാണ് കൃത്യമായി പുലർത്തിപ്പോന്നത്. ഇപ്പോഴും അതേ പാത പിന്തുടരുന്നവരാണ് ഭൂരിപക്ഷം നേതാക്കളും. അവരുടെ മതേതര ബോധത്തെയോ രാജ്യസ്നേഹത്തെയോ ആരും ചോദ്യം ചെയ്തിട്ടില്ല.

മുസ്‌ലിം ജനപ്രതിനിധികളോട്

പൊതുവേദികളിൽ ഉണ്ടാകുന്ന താൽക്കാലികമായ സാമൂഹിക സമ്മർദങ്ങൾ കാരണം സ്വന്തം വിശ്വാസകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന ജനപ്രതിനിധികൾ മനസ്സിലാക്കുക:

നിങ്ങൾ ഒരു ചടങ്ങിൽനിന്ന് മാറിനിൽക്കുന്നത് മറ്റു മതങ്ങളോടുള്ള വിരോധം കൊണ്ടല്ല, മറിച്ച് നിങ്ങളുടെ ഭരണഘടനാപരമായ അവകാശവും മതപരമായ ബാധ്യതയും ഉള്ളതുകൊണ്ടാണ്. സ്വന്തം അസ്തിത്വത്തിൽ ഉറച്ചുനിൽക്കുക എന്നത് ആത്മാഭിമാനമാണ്. അത്തരം സത്യസന്ധമായ നിലപാടുകളെ സമൂഹം ഒരിക്കലും വേട്ടയാടില്ല, മറിച്ച് ബഹുമാനിക്കുക മാത്രമേയുള്ളൂ. ഈയൊരു ജനാധിപത്യ സ്വാതന്ത്ര്യത്തെ കൃത്യമായ ബോധ്യത്തോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് വേണ്ടത്. പരസ്പരം നിർബന്ധിപ്പിച്ചുകൊണ്ടല്ല, പരസ്പരം മനസ്സിലാക്കിക്കൊണ്ടാണ് നാമൊരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കേണ്ടത്. അനാവശ്യമായ ആക്ഷേപങ്ങൾ ഒഴിവാക്കി, ഓരോ പൗരന്റെയും വ്യക്തിസ്വാതന്ത്ര്യത്തെയും അസ്തിത്വത്തെയും മാനിക്കാൻ നമുക്ക് സാധിക്കട്ടെ.