കേരളം മതനിരപേക്ഷമാണ്
ടി.കെ അശ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
2026 മെയ് 23, 1447 ദുൽഹിജ്ജ 07

നമ്മു ടെ സംസ്ഥാനത്ത് പുതിയൊരു സർക്കാർ അധികാരത്തിൽ വന്നിരിക്കുകയാണ്. അതിനായി വോട്ടു ചെയ്തവരും വിജയിച്ച ജനപ്രതിനിധികളും എതിരായി വോട്ട് ചെയ്തവരുമെല്ലാം ശ്രദ്ധിക്കേണ്ട സുപ്രധാനമായ ചില കാര്യങ്ങളുണ്ട്; ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വെറുപ്പുൽപാദകരെ നിലയ്ക്കു നിർത്തുക
അധികാരം ഉത്തരവാദിത്തമാണ്. അത് കൃത്യമായി നിർവഹിക്കേണ്ടതുണ്ട്. വിദ്വേഷമില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷം കേരളത്തിൽ ഉറപ്പുവരുത്തുക എന്നത് എക്കാലത്തെയും ഭരണാധികാരികളുടെ നിർബന്ധമായ ബാധ്യതയാണ്. നമ്മുടെ രാജ്യം ഏതെങ്കിലും ഒരു മതവിഭാഗം മാത്രം താമസിക്കുന്നതല്ല. നമ്മുടെത് ഒരു ബഹുസ്വര സമൂഹമാണ്. അതുകൊണ്ടുതന്നെ പരസ്പരം വിദ്വേഷവും വെറുപ്പുമുണ്ടാക്കും വിധം ദുസ്സൂചനകൾ കൊടുത്ത്, അവൻ കുഴപ്പമാണ്, അവർ അധികാരത്തിൽ വന്നാൽ പ്രശ്‌നങ്ങളുണ്ടാക്കും എന്നൊക്കെയുള്ള സംസാരങ്ങളും ചർച്ചകളും കമന്റുകളും എവിടെനിന്നെല്ലാം വരുന്നുവോ അതിനെ നിഷ്‌കരുണം
ഇല്ലാതാക്കുവാനുള്ള ഇച്ഛാശക്തി ഗവൺമെന്റിനുണ്ടാകണം. ധാരാളം മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന ഒരു ജലാശയത്തിൽ ആരും കാണാതെ രാത്രി ഒരാൾ വിഷം കലക്കുന്നതിനു സമാനമാണ് എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് സന്തോഷത്തോടുകൂടി ജീവിക്കുന്ന രാജ്യത്ത് ഇവർ ചെയ്യുന്നത്.
ഓരോ ദിവസവും ചാനലുകളിലൂടെയും മറ്റും പ്രസ്താവനകൾ കൊണ്ട് വിഷം കലക്കുകയാണ് ചിലർ. അങ്ങനെ വിഷം കലക്കുന്നവരുടെ കൈ തട്ടിമാറ്റുക എന്നത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.
ആരോടും അനീതിയരുത്
എല്ലാ ജനവിഭാഗങ്ങളോടും നീതി കാണിക്കണം. ഒരിക്കലും ഏതെങ്കിലും ഒരു വിഭാഗത്തോട് അനീതി കാണിച്ചുകൂടാ. ഏതെങ്കിലും വ്യക്തിയോടോ സംഘത്തോടോ വെറുപ്പോ വിരോധമോ ഉണ്ട് എന്നതിന്റെ പേരിൽ അവരോട് ഒരു കാരണവശാലും അനീതി കാണിക്കാൻ പാടില്ല.
‘നിന്നെ വിശ്വസിച്ചവന് നീ അമാനത്ത് നിറവേറ്റിക്കൊടുക്കുക’ എന്ന നബിവചനം ഏറെ പ്രസക്തമാണ്. ‘ചതിച്ചവനെ തിരിച്ച് ചതിക്കാൻ പാടില്ല’ എന്നും പ്രവാചകൻ പറഞ്ഞതായി കാണാം. ആർക്കും ഇപ്പറഞ്ഞതിനോട് എതിർപ്പുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ അത് പ്രാവർത്തികമാക്കുവാൻ കഴിയുക ധാർമിക ബോധമുള്ളവർക്കാണ്.
ജനങ്ങളുമായുള്ള ബന്ധം നിലനിർത്തുക
ജനങ്ങളുമായി ബന്ധമുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ വീടുകളിലും കയറിച്ചെന്ന് കൈ കൊടുത്ത് വോട്ട് ചോദിച്ചവരാണ് ജയിച്ചവരും തോറ്റവരും. അവരാണ് ജയിപ്പിച്ചു വിട്ടത്. ആ സാധുമനുഷ്യന്മാർ എന്തെങ്കിലും ആവശ്യവുമായി ജനപ്രതിനിധികളെ കാണാൻ വരുമ്പോൾ അവർക്ക് മുഖം കൊടുക്കാനും അവരുടെ കൈ പിടിക്കാനും കഴിയണം. അതിലാണ് ജനപ്രതിനിധികളുടെ വിജയം. എന്റെ കാര്യം സാധിച്ചുകിട്ടിയല്ലോ, ഇനി ഇവരെ എന്തിനു പരിഗണിക്കണം എന്ന നിലപാടാണെങ്കിൽ അത് ജനവഞ്ചനയാണ്. വോട്ടിലൂടെ ജനങ്ങൾ പകരം വീട്ടുകതന്നെ ചെയ്യും. ജനപ്രതിനിധികൾ ജനങ്ങൾക്ക് അവരുടെ വിളിപ്പുറത്തുണ്ടാവുക എന്നത് ഭരണം ഉണ്ടാകുമ്പോഴും അല്ലാത്തപ്പോഴും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വിവാദങ്ങൾ വിളിച്ചുവരുത്തരുത്
എല്ലാം വിവാദത്തിന് വിട്ടുകൊടുത്ത് ഒടുവിൽ പരിഹാരം കാണുന്ന രീതി ഒരിക്കലും ശരിയല്ല. കൃത്യമായ ഹോംവർക്കുകൾ നടത്തണം. വിവാദങ്ങൾ വിളിച്ചുവരുത്താൻ പാടില്ല. ഓരോ വിഷയത്തിനുമുള്ള പോളിസികൾ വളരെ പ്രധാനമാണ്. എതിർക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ, നന്നായി ഭരിച്ചു മുന്നോട്ടു പോവുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. അതിന് യാഥാർഥ്യബോധം വേണം. കൃത്യമായ പഠനങ്ങൾ വേണം. അടിസ്ഥാന ജനവിഭാഗത്തെ കണ്ടുകൊണ്ടുള്ള നിയമനിർമാണങ്ങളും പോളിസിയും ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ജനപ്രതിനിധി ചക്രവർത്തിയല്ല
ജനങ്ങളെ ഭരിക്കുന്ന ചക്രവർത്തിയെയല്ല; ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന സേവകന്മാരെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ജനങ്ങളെ ഭരിക്കുകയല്ല വേണ്ടത്, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേണ്ടത് ചെയ്തുകൊടുക്കുകയാണ്. ‘ഖാദിമുൽ ഹറമൈനി’ (ഇരു ഹറമുകളുടെയും സേവകൻ) എന്നാണ് സൗദി അറേബ്യയിലെ രാജാവ് വിശേഷിപ്പിക്കപ്പെടുന്നത്. ആ പേരിൽ അറിയപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്. ഇതൊരു കാഴ്ചപ്പാടാണ്.
മതനിരപേക്ഷമൂല്യങ്ങളുടെ വിജയം
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സങ്കുചിതമായ വിജയമല്ല, മറിച്ച് നാടിന്റെ മതനിരപേക്ഷമൂല്യങ്ങളുടെ വിജയമാണ്. വിവിധ സമുദായങ്ങൾ പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും കൈകോർത്തതിന്റെ ഫലമാണിതെന്ന് നാം തിരിച്ചറിയണം.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്ന് ക്രൈസ്തവ പ്രതിനിധികളെയും ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽനിന്ന് മുസ്‌ലിം പ്രതിനിധികളെയും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽനിന്ന് ഹൈന്ദവ പ്രതിനിധികളെയും വോട്ടർമാർ വിജയിപ്പിച്ചത് ഇതിന് തെളിവാണ്. ഈ പ്രതിനിധികളെ ഏതെങ്കിലും ഒരു മതത്തിന്റെ ആളുകളായല്ല, നാടിന്റെ പൊതുവായ മതനിരപേക്ഷ നേതാക്കളായി കാണാൻ നമുക്ക് കഴിയണം.
മതത്തിന്റെ പ്രതിനിധികളല്ല
മതമോ ജാതിയോ നോക്കിയിട്ടല്ല ജനാധിപത്യബോധമുള്ള മലയാളികൾ വോട്ടു ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നവർ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ്. സ്വസ്ഥമായ ജീവിതത്തിനും നാടിന്റെ വികസനത്തിനും ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകുവാനും ആർക്കാണ് കഴിയുക എന്നാണ് ജനങ്ങൾ നോക്കുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മതം അനുസരിച്ചുകൊണ്ട് സ്വസ്ഥമായി സഹകരണത്തോടുകൂടി ജീവിക്കാനുള്ള ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ ഉണ്ടാകണമെന്ന ആഗ്രഹത്തോടുകൂടിയാണ് ഇവിടെ എല്ലാവരും വോട്ട് ചെയ്തിരിക്കുന്നത്. ആ കാര്യം ഭരിക്കുന്ന ആളുകളും ശ്രദ്ധിക്കേണ്ടതുണ്ട്.
മതനിരപേക്ഷമായിത്തന്നെ നമ്മൾ, ജയിച്ച വ്യക്തികളെയും പാർട്ടികളെയും കാണണം. ക്രിസ്ത്യൻ പേരുള്ള ഒരു ജനപ്രതിനിധി ജയിച്ച് നിയമസഭയിലേക്ക് എത്തിക്കഴിഞ്ഞാൽ അദ്ദേഹം ഉൾക്കൊള്ളുന്ന സമുദായത്തിന് ഭരണഘടനാനുസൃതമായിട്ടുള്ള എന്തെങ്കിലും ഒരു കാര്യം ചെയ്തുകൊടുത്താൽ ക്രിസ്ത്യാനികൾക്ക് മാത്രമായി എന്തോ അനർഹമായി ചെയ്തുകൊടുത്തു, അവരെ പ്രീണിപ്പിച്ചു എന്ന ആക്ഷേപമുയരുന്നു. ഒരു മുസ്‌ലിം ജനപ്രതിനിധി അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന് ഭരണഘടനാനുസൃതമായ ഒരു അവകാശം നേടിക്കൊടുത്താൽ അയാൾ മുസ്‌ലിം സമുദായത്തിന് അനർഹമായി നേട്ടമുണ്ടാക്കിക്കൊടുക്കുന്നു എന്ന നരേറ്റീവ് ഉണ്ടാക്കുന്നതും ശരിയല്ല. ഒരു ഹൈന്ദവ ജനപ്രതിനിധി താനുൾക്കൊള്ളുന്ന സമുദായത്തിന് അർഹമായ വല്ലതും നേടിക്കൊടുത്താലും അതിന്റെ പേരിൽ ആക്ഷേപിച്ചുകൂടാ.
മുസ്‌ലിം മൂർഖൻ പാമ്പോ?
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ ചില ദോഷൈകദൃക്കുകൾ രംഗത്തുവന്ന് മുസ്‌ലിമായതിനാൽ ഇന്ന വകുപ്പ് കൊടുത്തുകൂടാ, മുസ്‌ലിം ആ വകുപ്പ് കൈകാര്യം ചെയ്താൽ ശരിയാവില്ല, മുസ്‌ലിമിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ല എന്നൊക്കെ പ്രസ്താവനയിറക്കിയത് നമ്മൾ കണ്ടു.
മുസ്‌ലിംകൾ മൂർഖൻ പാമ്പുകളാണോ? അവർ ഈ രാജ്യത്ത് ജീവിക്കുന്ന സമാധാന കാംക്ഷികളായ ജനവിഭാഗമാണ്. ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചോരയും നീരും കൊടുത്ത തലമുറയുടെ പിൻമുറക്കാരാണവർ. മറ്റുള്ളവർക്കുള്ള അവകാശം പോലെ ഇവിടെ മുസ്‌ലിംകൾക്കും അവകാശമുണ്ട്. എന്നാൽ ഒട്ടേറെ കാരണങ്ങളാൽ അവർ സമൂഹത്തിൽ പിന്നാക്കക്കാരായി മാറിയിട്ടുണ്ട്. ആ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ഭരണകൂടം സംവരണം ഏർപ്പെടുത്തിയത്. അത് ഭരണഘടനാനുസൃതമാണ്. ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങളിൽ പെട്ടതാണ്. ഭരണഘടനാനുസൃതമായി ഓരോ സമുദായത്തിനും അർഹതപ്പെട്ടത് നേടിക്കൊടുക്കേണ്ട ചുമതല ഭരണാധികാരികൾക്കുണ്ട്. അത് ചെയ്യുമ്പോഴേക്കും മുസ്‌ലിംകൾക്ക് വാരിക്കോരി കൊടുക്കുന്നേ, ഹിന്ദുക്കളെ മാത്രം പരിഗണിക്കുന്നേ, ക്രിസ്ത്യാനികൾക്ക് കൊടുക്കുന്നേ എന്ന് വിളിച്ചുകൂവി മതവിഭാഗങ്ങൾക്കിടയിൽ പരസ്പരം അകൽച്ചയും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്നവരുണ്ട്. അതിൽ വല്ലാതെ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്ന ചില മാധ്യമങ്ങളുമുണ്ട്. അവർ ആ കുത്സിത ശ്രമം അവസാനിപ്പിച്ച് യാഥാർഥ്യത്തിന്റെ കൂടെ നിൽക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കലും അവസാനിപ്പിക്കണം. അങ്ങനെയുള്ള എഴുത്തുകളെ നമ്മൾ നിരുത്സാഹപ്പെടുത്തണം.
ഭരണഘടനാപരമായ അവകാശങ്ങൾ ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ലഭ്യമാക്കുമ്പോൾ അതിനെ ‘പ്രീണന’മായി മുദ്രകുത്തുന്ന പ്രവണത മാറേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ പോലും നൽകാതിരിക്കാൻ തുടക്കം മുതലേ പ്രത്യേക നരേറ്റീവുകൾ സൃഷ്ടിച്ചെടുത്ത് ഭരണകർത്താക്കളെ സമ്മർദത്തിലാക്കാനുള്ള ചിലരുടെ അജണ്ട തുടക്കത്തിലേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. എല്ലാവരെയും ഒരുപോലെ പരിഗണിക്കാനും അർഹമായത് നൽകാനും ഭരണകൂടത്തിന് സാധിക്കണം. ഈ നാടിന്റെ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർക്ക് വലിയ ബാധ്യതയുണ്ടെന്ന ബോധ്യം സമുദായ നേതാക്കൾ അടക്കമുള്ള ഓരോരുത്തരിലും ഉണ്ടാകട്ടെ.

