വിശ്വാസത്തിലെ ദൃഢതയും ഭരണഘടനാപരമായ അവകാശങ്ങളും: ഒരു വിശകലനം
ടി.കെ അശ്‌റഫ്
2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

തന്റെ മതം മാത്രമാണ് സത്യമെന്ന് അവകാശപ്പെടുന്നത് തെറ്റാണ്’ എന്ന, അലഹബാദ് ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം നമ്മുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളെയും സാമൂ ഹിക ഘടനയെയും എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവകരമായ ചർച്ച അർഹിക്കുന്നു. ഒരാൾ ഒരു ആദർശത്തിലോ മതത്തിലോ വിശ്വസിക്കുന്നത് അത് ‘സത്യമാണ്’ എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
മനഃശാസ്ത്രപരമായി, തന്റെ നിലപാട് ശരിയാണെന്ന ബോധ്യമുണ്ടെങ്കിൽ മാത്രമെ ആ വിശ്വാസത്തോട് ആത്മാർഥത പുലർത്താൻ ഒരാൾക്ക് കഴിയുകയുള്ളൂ. ഒരു രാഷ്ട്രീയ പ്രവർത്തകൻ തന്റെ പാർട്ടിയുടെ നയങ്ങളാണ് നാടിന് നല്ലതെന്ന് വിശ്വസിക്കുന്നതുപോലെയാണിത്. ഈ ഉറപ്പിനെ ‘അസഹിഷ്ണുത’ എന്ന് വിളിക്കുന്നത് മനഃശാസ്ത്രപരമായി തെറ്റാണ്.
സ്വന്തം മതം സത്യമാണെന്ന് വിശ്വസിക്കുന്നത് ഒരിക്കലും ശത്രുതയോ വിഭാഗീയതയോ ഉണ്ടാക്കുന്നില്ല. മറിച്ച്, ‘എന്റെ ശരി മറ്റുള്ളവരെല്ലാം നിർബന്ധമായും അംഗീകരിക്കണം’ എന്ന് വാശിപി ടിക്കുകയും അത് അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അത്തരമൊരു നിർബന്ധബുദ്ധി ഇവിടെ ഒരു മതവും ആവശ്യപ്പെടുന്നില്ല. ആത്മാർഥമായ വിശ്വാസവും ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചേൽപിക്കലും രണ്ടാണ്.
ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മതത്തിന്റെ പേരിൽ ഇവിടെയുണ്ടായ സംഘർഷങ്ങളെല്ലാം മതത്തെ അധികാരത്തിന് വേണ്ടി ദുരുപയോഗം ചെയ്തപ്പോഴാണ് സംഭവിച്ചിട്ടുള്ളത് എന്നു കാണാൻ കഴിയും. തന്റെ മതം മാത്രമാണ് സത്യമെന്ന് വിശ്വസിച്ചതുകൊണ്ടല്ല ലഹളകൾ ഉണ്ടായത്, മറിച്ച് രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ ആയുധമാക്കിയപ്പോഴാണ്. വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25ാം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയത് ഈ ചരിത്രപരമായ ബോധ്യത്തിൽനിന്നാണ്. വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സമൂഹത്തിൽ ഓരോ വിഭാഗത്തിനും തനതായ സ്വത്വവും വിശ്വാസവുമുണ്ട്. ‘എല്ലാം ഒന്നാണ്’ അല്ലെങ്കിൽ ‘എല്ലാം ശരിയാണ്’ എന്ന സാമാന്യവൽക്കരണമല്ല യഥാർഥ ബഹുസ്വരത.
ആരോഗ്യകരമായ സംവാദങ്ങളും ആശയവിനിമയങ്ങളും നടക്കുമ്പോഴാണ് ഒരു സമൂഹം ബൗദ്ധികമായി വളരുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ മാനിഫെസ്റ്റോ മാത്രമാണ് ശരിയെന്ന് പറയാമെങ്കിൽ, ഒരു മതവിശ്വാസിക്ക് തന്റെ വേദഗ്രന്ഥമാണ് സത്യമെന്ന് വിശ്വസിക്കാൻ എന്താണ് തടസ്സം? തന്റെ പക്കലുള്ളത് ‘സത്യമാണ്’ എന്ന ബോധ്യമില്ലാത്ത ഒരാൾക്ക് എങ്ങനെ അത് മറ്റൊരാ ളോട് പ്രചരിപ്പിക്കാൻ കഴിയും?
ഈ ഹൈക്കോടതി നിരീക്ഷണം ഒരു അന്തിമവാക്കായി വിശ്വാസികൾക്ക് കാണാൻ കഴിയില്ല. ഭരണഘടന പൗരന് അനുവദിച്ചു നൽകുന്ന പൂർണമായ മതസ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെടാൻ മേൽക്കോടതികളിൽ ഇതിനെതിരെ നിയമപരമായ വ്യവഹാരങ്ങൾ നടക്കേണ്ടതുണ്ട്. ഇത്തരം പരാമർശങ്ങൾ തിരുത്തപ്പെടുന്നതുവരെ ജനാധിപത്യപരമായ നിയമപോരാട്ടങ്ങൾ തുടരുക തന്നെ വേണം.
എല്ലാ മതങ്ങളും ശരിയാണെന്ന് വിശ്വസിക്കണമെന്ന് നിർബന്ധിക്കുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. എന്റെ വിശ്വാസം എനിക്ക് സത്യമാണ്, നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് സത്യമാണ് എന്ന നിലപാടാണ് കൂടുതൽ ജനാധിപത്യപരം. ഇതിനെ അസഹിഷ്ണുതയായി കാണുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല.

