പൊതുവിടങ്ങളിലെ വ്‌ളോഗിംഗ് ശല്യങ്ങൾ

നബീൽ പയ്യോളി

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

കോവിഡ് കാലം ഉണ്ടാക്കിയ പ്രതിസന്ധികൾ ധാരാളമുണ്ട്. പലരുടെയും ജീവിതത്തിലേക്ക് മാറാരോഗങ്ങൾ വന്നു, ബിസിനസ് തകർന്നു, അങ്ങനെ പലതും. എന്നാൽ അതിനെക്കാൾ ഒരുപക്ഷേ, വലിയ ദുരന്തമായി മാറിയത് സാമൂഹ്യ മാധ്യമങ്ങളിൽനിന്നും വരുമാനം ഉണ്ടാക്കാനുള്ള വഴികൾ തേടിയുള്ള അഭ്യാസങ്ങളാണ്. ഒരു മൊബൈലും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും പണം സമ്പാദിക്കാനുള്ള സാധ്യതകൾ സാമൂഹ്യമാധ്യങ്ങൾ ലോകത്തിന് നൽകി. അത് തിരിച്ചറിഞ്ഞ് ആളുകൾ അതിന് പുറകെ പോകുന്ന സാഹചര്യം ഉണ്ടാക്കിയ പ്രതിസന്ധികൾ ചെറുതല്ല.

വരുമാന മാർഗം കണ്ടെത്തുക എന്നത് ജീവിതം മുന്നോട്ട് പോകാൻ അനിവാര്യമാണ്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ സാധ്യതകൾ തിരിച്ചറിഞ്ഞു പഠനവും ജോലിയുമൊക്കെ ഉപേക്ഷിച്ച് സോഷ്യൽമീഡിയ വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ തീരുമാനിച്ച പലരുമുണ്ട്. അവർക്കു മുമ്പിലെ ഏറ്റവും പ്രധാന വെല്ലുവിളി കണ്ടന്റ് തന്നെയാണ്. ഏത് വിഷയത്തിലുള്ള വീഡിയോയാണ് ഇന്ന് പോസ്റ്റ് ചെയ്യേണ്ടത് എന്ന ചിന്തയാണ് ഓരോ പ്രഭാതത്തിലും അവരെ അലട്ടുക. ഘട്ടം ഘട്ടമായി സോഷ്യൽ മീഡിയ പ്രൊവൈഡർമാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും വരുമാനത്തിൽ കാര്യമായ കുറവ് വരുത്തിയതുമൊക്കെ ‘സോഷ്യൽ മീഡിയ ജീവിതങ്ങൾ’ നേരിടുന്ന വലിയ വെല്ലുവിളിയാണ്. കൂടുതൽ ആളുകൾ കാണാൻ എന്തുണ്ട് വഴി എന്നിടത്തുനിന്നാണ് ലജ്ജയില്ലാത്തവിധം -കാലത്ത് ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ- വീഡിയോകൾ മാലോകരെ കാണിച്ച് പണമുണ്ടാക്കുന്നവരെ നമുക്ക് ചുറ്റും കാണുന്നത്. ദുരന്തം എന്നല്ലാതെ എന്തു പറയാൻ! അതിനെക്കാൾ മോശമായ പലതും ആ വിപണിയിൽ ഇന്ന് ചൂടപ്പംപോലെ വിറ്റ് പണം സമ്പാദിക്കുന്ന നിരവധിപേരുണ്ട്.

ഏതായാലും കണ്ടന്റ് ക്ഷാമം പരിഹരിക്കാനാണ് പലരും മൊബൈലുമായി പൊതുവിടങ്ങളിൽ ഇറങ്ങി പൊതുശല്യമായി മാറുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്ന തരത്തിലേക്ക് ഇത്തരം അവിവേകികളുടെ ഇടപെടൽ ഉണ്ടെന്നത് ഗൗരവതരമായി സമൂഹം ചർച്ച ചെയ്യേണ്ടതാണ്. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും, എന്തിന് മരണവീട്ടിൽ പോലും സ്വസ്ഥമായി പോകാൻ പറ്റാത്ത വിധം ക്യാമറക്കണ്ണുകൾ നമ്മുടെയൊക്കെ ജീവിതത്തെ വലിയതോതിൽ അലോസരപ്പെടുത്തുന്നു. വ്യക്തി എന്ന നിലയിൽ ഏതൊരാൾക്കും അയാളുടെ സ്വകാര്യതയെയും വ്യക്തിത്വത്തെയും കാത്ത് സൂക്ഷിക്കാൻ അനുവദിക്കുക എന്നത് മിനിമം മര്യാദയാണ്. പലതരത്തിലുള്ള സാഹചര്യങ്ങളും പ്രതിസന്ധികളും മാനസികാവസ്ഥകളും ഉള്ളവരായിരിക്കും ആളുകൾ. മാതാവും പിതാവും തമ്മിൽ വേർപിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലുള്ള ഒരു കുട്ടി പിതാവ് അറിയാതെ മാതാവിനെ കാണാൻ വരികയും അവർ സ്‌നേഹം പങ്കുവെക്കുകയും സംസാരിച്ചിരിക്കുകയും ചെയ്യുന്ന ഇടത്തേക്കായിരിക്കും ചിലപ്പോൾ ഈ ക്യാമറക്കണ്ണുകൾ ശല്യമായി കടന്നുവരുന്നത്. അങ്ങനെ അനവധി സാഹചര്യങ്ങളിലെ സ്വകാര്യ ഇടങ്ങളിലേക്ക് ഇത്തരം ആളുകൾ ക്യാമറയുമായി വന്ന് പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്.

എങ്ങനെയും പണം സമ്പാദിക്കാനും റീച്ച് കൂട്ടാനുമായി മനുഷ്യത്വത്തിന്റെയും മാന്യതയുടെയും സകല സീമകളും ലംഘിച്ച് മുന്നോട്ട് പോകുന്നവർക്ക് തിരിച്ചറിവ് നൽകുന്ന നിരവധി സംഭവങ്ങൾ പലപ്പോഴും നമ്മൾ കണ്ടതാണ്. അതിൽ ഒടുവിലത്തെ ഉദാഹരമാണ് കോഴിക്കോട് സ്വദേശിയുടെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഒരു വ്യക്തിക്കും അവന്റെ/അവളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്നത് താങ്ങാൻ കഴിയില്ല. അതിന് കാരണക്കാരാകാതിരിക്കാനുള്ള വിവേകം ‘ക്യാമറ ജീവിതങ്ങൾ’ കാണിക്കണം.

പൊതു സ്ഥലങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പല രാജ്യങ്ങളുമുണ്ട്. നമ്മുടെ നാട്ടിൽ തന്നെ ആരാധനാലയങ്ങളിൽ അടക്കം അത്തരം നിയന്ത്രണങ്ങൾ നിലവിലുണ്ട്. അത് പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ജനപ്രതിനിധികളും ഭരണകൂടവും നിയമപാലകരും മുൻകൈ എടുക്കണം. കോടതികൾ പല സന്ദർഭങ്ങളിൽ ഈ വിഷയത്തിന്റെ ഗൗരവം ഉണർത്തിയിട്ടുണ്ടെങ്കിലും ശക്തമായ നിയമവും നടപടികളും അനിവാര്യമാണ്. മറ്റുള്ളവരുടെ ജീവിതം തകർത്തല്ല പണം സമ്പാദിക്കേണ്ടത്; അതിന് മാന്യമായ വഴികൾ തേടുകയെന്നതാണ് വിവേകമതികൾ ചെയ്യേണ്ടത്.

സാമൂഹ്യമാധ്യമങ്ങളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവരുടെ അക്കൗണ്ടുകൾ ഒരു സുപ്രഭാതത്തിൽ നഷ്ടമാവുന്ന സാഹചര്യങ്ങളുമുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതോ സർവീസ് പ്രൊവൈഡേഴ്സ് തന്നെ നീക്കം ചെയ്യുന്നതോ ഒക്കെയാവാം. ഒരു സുപ്രഭാതത്തിൽ വരുമാനം നഷ്ടപ്പെടുന്ന സാഹചര്യം പലരുടെയും ജീവിതം പ്രാർതിസന്ധിയിലുമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പഠനവും ജോലിയും ഉപേക്ഷിച്ച് ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നവർ വലിയ ദുരന്തങ്ങളെയാണ് വിളിച്ചു വരുത്തുന്നത്. പണമുണ്ടാക്കാൻ മാന്യമായ ധാരാളം വഴികളുണ്ടെന്നിരിക്കെ ഇത്തരം വഴികളിലേക്ക് എത്തിപ്പെടുന്നവർ പുനർവിചിന്തനം നടത്തണം എന്ന് ഓർമപ്പെടുത്തുന്നു.